'ചരടുപൊട്ടുന്ന പട്ടങ്ങള്‍?!'

'ചരടുപൊട്ടുന്ന പട്ടങ്ങള്‍?!'
'സമ്പത്തു മുടക്കി സമ്പത്തു നേടാനുള്ള' ഉപകരണങ്ങളായി മക്കളെ തരം താഴ്ത്തരുത്. മക്കളുടെ 'കുട്ടിത്തം' നശിപ്പിക്കരുത്; അവരുടെ ശുദ്ധ മനസ്സില്‍ ടെന്‍ഷന്‍ കുത്തിനിറയ്ക്കരുത്.

ലഹരിയുടെ 'കഴുകന്‍' നമ്മുടെ മക്കള്‍ക്കു ചുറ്റം വട്ടമിട്ടു പറക്കുകയാണ്. പ്രായലിംഗഭേദമെന്യേ പലരേയും ഇതിനകം കൊത്തിവലിച്ചുകഴിഞ്ഞു. നാളെയുടെ ലോകത്തിന്റെ നിലനില്പിന്റെ ആണിക്കല്ല് ഇളക്കുകയാണ്. മക്കളിലാണ് നമ്മുടെയൊക്കെ സ്വപ്ന ലോകം പച്ചപിടിക്കുന്നത്. മക്കള്‍ മുഖ്യധാരയുടെ സല്‍വഴികളില്‍ നിന്നും മാറി നടന്നാല്‍ പ്രതീക്ഷകള്‍ ആകെ കീഴ്‌മേല്‍ മറിയും. മക്കളുടെ സ്വാതന്ത്ര്യ ചിന്തകള്‍ക്കു പഴയ കാലത്തേക്കാളും പാഠഭേദം വന്നു കഴിഞ്ഞു. ശിക്ഷണം മഹാപരാധമാണെന്നോ; മക്കളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുമെന്നോ ആരൊക്കെയോ 'പറഞ്ഞു' കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് മക്കളും മുതിര്‍ന്നവരോട് മറുതലിക്കാന്‍ തുടങ്ങിയിരിക്കുന്നു. തൂവെള്ളക്കടലാസ്സുപോല്‍ നമ്മുടെ മുന്നിലേക്ക് എത്തുന്ന മക്കളിലേയ്ക്ക് നമുക്കിഷ്ടമുള്ളത് എഴുതിച്ചേര്‍ക്കാമെന്ന് വെറും വ്യാമോഹം മാത്രം; നാം കാണുന്ന ഈ വെള്ളക്കടലാസ്സുകളില്‍ ദൈവം മുദ്രണം ചെയ്തു വിട്ടിരിക്കുന്ന ദൈവിക ലിഖിതങ്ങളുണ്ട്; ഒറ്റനോട്ടത്തില്‍ തെളിയാത്ത ഈ ലിഖിതങ്ങളെ തെളിച്ചെടുക്കുകയെന്ന ഭാരിച്ച കര്‍ത്തവ്യമാണ് മാതാപിതാക്കളിലും ബന്ധുമിത്രാദികളിലും അദ്ധ്യാപകരിലും സമൂഹത്തിലുമൊക്കെ നിക്ഷിപ്തമായിരിക്കുന്നതെന്ന് അറിയുന്നത് നന്ന്!!

സ്‌കൂള്‍ കുട്ടികളില്‍ പോലും മയക്കുമരുന്ന് കടന്നു കയറിയിരിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നു. മക്കളുടെ മാറ്റം ഒരു 'ന്യൂ ജെന്‍' വഴിയെന്നു പറഞ്ഞ് നാം മക്കളുടെ ചെയ്തികള്‍ക്കു 'കുടപിടിക്കരുത്'?! 'ന്യൂജെന്‍' എന്ന പദം ഏതു കാലത്തും ഉണ്ടായിരുന്നുവെന്ന് നാമറിയണം. ഇന്നു നാം തള്ളിക്കളയുന്നതോ വിലകുറഞ്ഞതെന്ന് വിവക്ഷിക്കുന്നതോ ആയ പഴയ കാല സിനിമകള്‍ തിയേറ്ററുകളില്‍ ഇടിച്ചുകയറി കണ്ടിരുന്നത് അന്നത്തെ 'ന്യൂജെന്‍' ആയിരുന്നില്ലെ? പഴയ കാല സംഗീതത്തിന്റെ ആലാപകരും ശ്രോതാക്കളും ന്യൂ ജെന്‍ ആയിരുന്നില്ലെ? പഴയ പാട്ടുകള്‍ ഇന്നും ചുണ്ടില്‍ തത്തിക്കളിക്കുന്നില്ലെ? പലതും മനസ്സിനെ മഥിക്കുന്നില്ലെ? സിനിമാക്കഥകള്‍ ജീവിതഗന്ധിയായിരുന്നില്ലെ? സനിമ കണ്ട് തിയേറ്റര്‍ വിട്ട് പുറത്തേയ്ക്ക് വരുന്നവര്‍ തങ്ങളെ സ്വാധീനിച്ച സല്‍ചിന്തകള്‍ പങ്കിട്ട് വാചാലരായിരുന്നില്ലെ? ഇപ്പറഞ്ഞതിലെയെല്ലാം സാരാംശം ഇന്നത്തെ 'ന്യൂ ജെന്‍' ട്രാക്കിലോട്ട് പകര്‍ത്തി നോക്കൂ... നമ്മുടെ സമൂഹത്തിനു വന്ന 'മാറ്റം' ഞെട്ടിക്കുന്നതാണെന്നു കാണാം. ഈ മാറ്റങ്ങള്‍ നമ്മുടെയിന്നത്തെ മക്കളില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നില്ല. മറിച്ച് നെഗറ്റീവ് ചിന്തകളുടെ ഭാണ്ഡമാണ് മുന്നിലേയ്‌ക്കെത്തുക. ചടുലതാളങ്ങളും ചാപല്യങ്ങളും കൊല്ലും കൊലയും കൊള്ളയും മദ്യപാനവും ലഹരി ഉപയോഗങ്ങളും അവയുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമ്പത്തിക നേട്ടങ്ങളും ഒരുപക്ഷേ, പല സീനുകളില്‍ ലഹരി ഒരു പ്രശ്‌നപരിഹാര 'ഔഷധം' പോലെയുമാണ് അവതരിപ്പിക്കുന്നത്. 'ആരോഗ്യത്തിനു ഹാനികരമാണ്, കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്''... നിയമാനുസൃതമുള്ള മുന്നറിയിപ്പുകള്‍ എഴുതിക്കാണിച്ചുകൊണ്ടുതന്നെ കുറ്റകരമായ സീനുകള്‍ തുടര്‍ച്ചയായി ദൃശ്യമാധ്യമങ്ങളില്‍ തെളിയുന്നു. ഒരു 'വീരപരിവേഷം' ഈ ചിത്രീകരണങ്ങളില്‍ കാണുന്നു.

പണ്ഡിതരും പണക്കാരുമാക്കുവാന്‍ മാത്രമാണോ നമ്മുടെ മക്കളെ ഉടുത്തൊരുക്കി വിദ്യാലയങ്ങളിലേയ്ക്കയയ്ക്കുന്നത്? മയക്കുമരുന്നു മാഫിയകളില്‍ നിരക്ഷരരും ദരിദ്രരുമൊക്കെയാണോ ഇന്നത്തെ കണ്ണികള്‍? പഠനത്തിന്റെ അതിസമ്മര്‍ദ്ദം ഇന്നത്തെ മക്കളില്‍ ഹൃദയഭാരം വര്‍ദ്ധിപ്പിക്കുന്നു. ഒന്നു ഷെയര്‍ ചെയ്യുവാന്‍ കുടുംബത്തില്‍ ആളില്ല. കൂട്ടുകാര്‍ക്ക് നേരമില്ല അഥവാ ഹൃദയമുള്ള കൂട്ടുകാരുമിന്നില്ല. സൗഹൃദങ്ങളൊന്നും ബലമുള്ളതല്ല... ആര്‍ക്കും ആരെയും ശ്രവിക്കാന്‍ നേരവുമില്ല! ഇങ്ങനെ പിരിമുറുക്കവുമായി 'മുങ്ങിത്താഴുന്ന'വര്‍ക്ക് ഒരു 'കച്ചിത്തുരുമ്പായി' ലഹരി മാഫിയകള്‍ അടുത്തെത്തുന്നു. എല്ലാ ഭാരവും അവരുടെ 'ഔഷധം' ഏറ്റെടുക്കുന്നു... തുടര്‍ന്ന് 'ഔഷധ'ത്തിനടിപ്പെട്ട് നശിക്കുന്നു. തിരികെയുള്ള യാത്ര അപ്രാപ്യവുമാകുന്നു. വിരല്‍ത്തുമ്പ് വിടുവിച്ച് മക്കള്‍ അകലുന്നത് എങ്ങോട്ടെന്ന് ശ്രദ്ധിക്കണേ! അവരുടെ മനസ്സു വായിക്കാനും നമുക്ക് ക്ഷമയും സമയവും ഉണ്ടാകണേ? രാപകലില്ലാതെ പുസ്തകം പഠിച്ച് മത്സരപ്പരീക്ഷകളുമെഴുതി; ഒരുപക്ഷേ, നാനാഭാഷകളില്‍ അത്ഭുതപ്പെടുത്തുന്ന 'സ്‌ക്കോറും' നേടി ഒരു പ്രവാസിയാകുവാനുള്ള ത്വരയും മാത്രമാണോ ജീവിതം? കറന്‍സികളുടെ കുമിഞ്ഞുകൂടല്‍ കൊണ്ട് മക്കളുടെ നാശത്തിന് പരിഹാരമാകുമോ?! ചോദ്യങ്ങള്‍ക്ക് ചടുലമായ മറുപടിയും ഇന്റര്‍വ്യൂവില്‍ കിടയറ്റ പെര്‍ഫോമന്‍സും കൊണ്ട് ജീവിതമാകുമോ? നന്മ നശിച്ചിച്ചിട്ട് നേട്ടമെന്നതിന് അര്‍ത്ഥമുണ്ടോ? മക്കളെ പുസ്തകപ്പുഴുവോ പണ്ഡിതരോ പണക്കാരോ ആക്കാനുള്ള ശ്രമംവിട്ട് മക്കളെ നല്ലവരാക്കാന്‍ സന്മാര്‍ഗ്ഗത്തില്‍ നടത്തണം. തികഞ്ഞ കാര്‍ക്കശ്യത്തോടെ കുഞ്ഞുനാളു മുതല്‍ അച്ചടക്കവും അനുസരണയും ജീവിതഗന്ധിയാക്കി മാറ്റണം. ''മനസ്സിന്റെ ചാപല്യങ്ങളേയും ബുദ്ധിയുടെ വിവേകക്കുറവിനേയും, ശരീരത്തിന്റെ ദൗര്‍ബല്യത്തേയും നീക്കി നിറുത്തിയും നിയന്ത്രിച്ചും മനുഷ്യരെ വളരുവാന്‍ സഹായിക്കുന്നതാണ് വിദ്യാഭ്യാസ''മെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു തരുന്നുണ്ട്!! ഇത്തരത്തില്‍ നമ്മുടെ മക്കളുടെ പഠനപാത ക്രമീകരിക്കാതെ 'സമ്പത്തു മുടക്കി സമ്പത്തു നേടാനുള്ള' ഉപകരണങ്ങളായി മക്കളെ തരം താഴ്ത്തരുത്. മക്കളുടെ 'കുട്ടിത്തം' നശിപ്പിക്കരുത്; അവരുടെ ശുദ്ധ മനസ്സില്‍ ടെന്‍ഷന്‍ കുത്തിനിറയ്ക്കരുത്. കളിച്ചും ചിരിച്ചും ബൗല്യകൗമാരങ്ങള്‍ മുന്നോട്ടു പോകട്ടെ; യൗവനം കരുത്തുള്ള മനസ്സിന്റെ പാതയിലാകട്ടെ. ശിശുവിനെ മാന്യനാക്കാനല്ല മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം നല്‌കേണ്ടതെന്ന മഹത്‌വചനം മയക്കുമരുന്നു മാഫിയാകളുടെ തള്ളിക്കയറ്റത്തില്‍ നാം മറക്കരുത്. നാളെയുടെ സമൂഹം ഇന്നിന്റെ മക്കളില്‍ സുരക്ഷിതമാകണമെങ്കില്‍ മക്കളെ അച്ചടക്കത്തിലും അനുസരണത്തിലും സത്യധര്‍മ്മാദികളിലും സന്മാര്‍ഗ്ഗബോധത്തിലും വളര്‍ത്തണം; ബന്ധങ്ങള്‍ ബലപ്പെടണം; സൗഹൃദങ്ങള്‍ക്ക് ആക്കം വര്‍ദ്ധിക്കണം. സെല്‍ഫോണുകളുടെ 'അടിമത്ത'ത്തില്‍ നിന്നും വിടുതല്‍ നേടി 'മുഖാമുഖ' സംഭാഷണത്തിനും സൗഹൃദരൂപീകരണത്തിനും സമയം കണ്ടെത്തണം. സമൂഹത്തിന്റെ അനുദിന ചലനങ്ങള്‍ മക്കള്‍ വായിച്ചും നിരീക്ഷിച്ചും വളരുവാന്‍ തക്കരീതിയില്‍ വായനയെ പ്രോത്സാഹിപ്പിക്കണം. മഹാത്മാക്കളുടെ ജീവിതവും ചരിത്രവഴികളും മക്കളില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ പഠനങ്ങള്‍ ബലപ്പെടണം. മത്സരപ്പരീക്ഷകളും, വിജ്ഞാനകോശങ്ങളുമൊക്കെ കീഴടക്കി 'സര്‍വ്വജ്ഞാനി' എന്നഹങ്കരിക്കുമ്പോഴും ലഹരിയുടെ അടിമത്തം നമ്മുടെ വ്യക്തിത്വത്തെ അടിമുടി വിഴുങ്ങുകയാണെങ്കില്‍ സകലതും നിരര്‍ത്ഥകമാകില്ലെ? ജീവിതത്തിലെ 'തൃപ്തി' ആത്മശുദ്ധിയില്‍ വളരുന്നതിലാകേണ്ടേ? നല്ലവരായി ജീവിക്കുന്നതില്‍ ശ്രദ്ധയും പ്രോത്സാഹനവും സ്വപ്രയത്‌നവും ഉണ്ടാകേണ്ടേ?

നമ്മുടെ ആഘോഷയിടങ്ങളിലെല്ലാം 'കുപ്പികള്‍' മേളക്കൊഴുപ്പ് സൃഷ്ടിക്കുന്നതില്‍ മുന്നിലല്ലെ? ഒരു സ്റ്റാറ്റസ് സിംബല്‍ പോലെയായി സമൂഹത്തിന്റെ മുഖ്യധാരയിലൂടെ 'കുപ്പിസംസ്‌ക്കാരം' നിറയുമ്പോള്‍ നമ്മുടെ മക്കള്‍ക്ക് എന്തു മാതൃകയാണ് നാം നല്കുന്നത്? വേഷത്തിലും എടുപ്പിലും നടപ്പിലും പെരുമാറ്റക്രമത്തിലും 'ന്യൂ ജെന്‍' എന്തിന്റെയോ 'ലേബല്‍' പോലെയായി മാറിയിരിക്കുന്നു. എന്തു 'തരികിട'യും കാണിക്കുന്നതില്‍ മടിയില്ലാത്തവിധം മക്കളെ മാറ്റരുത്. ഒരു പകര്‍ച്ച വ്യാധിപോലെ ആധുനികരെന്നു തോന്നുന്ന 'പെര്‍ഫോമെന്‍സ്' അപകടത്തിന്റെ നാന്ദിയാണ്. 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന' പഴമൊഴിയില്‍ പതിരില്ല കേട്ടോ! ജാഗ്രതയുണ്ടാകണം ചങ്ങാത്തത്തിന്റെ പാതയില്‍ കരുതലുണ്ടാകണം. പാഠം പറഞ്ഞു കൊടുക്കുന്ന വെറും 'തൊഴിലാളി'യല്ലാതെ അദ്ധ്യാപകരെന്ന ബോധ്യം വീണ്ടെടുക്കണം. പഠിക്കാന്‍ പിന്നോട്ടാകുമ്പോഴും മക്കളിലെ നന്മയുടെ മുന്നേറ്റം ശ്രദ്ധിക്കണം?! നല്ലവരാകുവാനും, നിലവിലെ നിലപാടുകളോട് സന്ധി ചെയ്യാതെ ജീവിക്കാനും നന്മയില്‍ 'ഒറ്റപ്പെടു'വാനും മക്കള്‍ക്കു ധീരത പകരണം.

ക്ലാസ്സു മുറികളിലും സാമൂഹ്യ മാധ്യമങ്ങളിലും മയക്കുമരുന്നകളെക്കുറിച്ചുള്ള കടുത്ത ബോധവല്‍ക്കരണങ്ങള്‍ ആവശ്യമാണ്. ദുരന്തങ്ങളുടെ പെരുമഴക്കാലത്തേക്കുറിച്ച് പാഠപുസ്തകങ്ങളില്‍ തന്നെ ചിന്തകളുണ്ടാകണം. ദൃശ്യമാധ്യമങ്ങളില്‍ ശക്തമായ ടെലിഫിലുമുകള്‍ മയക്കുമരുന്നിനെതിരെ ഉണ്ടാകണം. പത്രമാധ്യമങ്ങളില്‍ ലഹരിക്കെതിരെ ലേഖനങ്ങളുണ്ടാകണം; ചിത്രീകരണങ്ങളുണ്ടാകണം, കടുത്ത ചിന്തകളുണ്ടാകണം. മക്കളെ നന്മയിലേക്ക് തിരികെയെത്തിക്കണം. ജീവിക്കാന്‍ പഠിപ്പിക്കണം. ജീവിതമാണ് ലഹരിയെന്ന് ഉദ്‌ബോധിപ്പിക്കണം, ഒന്നിന്റേയും അടിമകളായി മക്കള്‍ മാറാതിരിക്കണം. മക്കളെ മാറോടണച്ച് ശ്രവിക്കാന്‍ മനസ്സുണ്ടാകണം. എല്ലാം നല്കും മുമ്പ് വേണ്ടതുമാത്രം നല്കുവാന്‍ ശ്രദ്ധയുണ്ടാകണം, കരുതലുണ്ടാകണം, കാര്‍ക്കശ്യമുണ്ടാകണം. ചരടുപൊട്ടിയ പട്ടംപോലെ നമ്മുടെ മക്കള്‍ പറക്കാതിരിക്കണം. മയക്കുമരുന്നുകളുടെ കടന്നുകയറ്റം ജീവിതത്തെ കൊത്തിവലിച്ച് ഇല്ലാതാക്കുമെന്ന് മക്കളറിയണം. മാതാപിതാക്കളുടെ സ്വപ്നത്തിനൊത്തല്ല മറിച്ച് ദൈവേഷ്ടത്തിലേയ്ക്ക് മക്കളെ വളര്‍ത്തി വലുതാക്കണം.

ഇന്നത്തെ കൗമാരക്കാരുടേയും യുവതയുടേയും ഇടയില്‍ കാണുന്ന ആഘോഷാരവങ്ങള്‍ക്ക് 'ഹൃദയം' ഇല്ലെന്നറിയുന്നത് ഈ കാലയളവില്‍ ഉചിതമാകും! വിനോദസഞ്ചാര മേഖലയിലൊക്കെയുള്ള കൂട്ടും കൂട്ടായ്മയും ഹൃദയാനന്ദത്തിന്റെ ഭാഗമായുള്ളതല്ലെന്നറിയണം. ഇതൊക്കെ ആള്‍ക്കൂട്ട ഇടങ്ങളായും ലഹരിയുടെ 'ചീയേഴ്‌സി'ന്റെ കോലാഹലങ്ങളായും കാണേണ്ടി വരുന്നു. ഒരുവന്റേയും ഉള്ളിന്റെയുള്ളില്‍ സന്തോഷം ഉണ്ടോയെന്ന് നാം പഠിക്കണം. ഔട്ടിംഗ് എന്നു പറഞ്ഞുള്ള യാത്രകള്‍ പലതും ഒരു വേലിക്കെട്ടിനു പുറത്തേക്കുള്ള സഞ്ചാരത്തിന്റെ കാരണങ്ങളൊക്കെയാകാം. എവിടെയും ലഹരി ഒരു പതിവ് സാധ്യത മാത്രമായി കണ്ടുവരുന്നു. ലിംഗഭേദമെന്യേ ഇതു കൂടിയും വരുന്നു. നമുക്കു തിരുത്തണം; നമ്മുടെ പൊതുഇട ആഘോഷങ്ങളിലെ 'മദ്യസല്‍ക്കാരം' ആപത്തിന്റെ സൂചനയാണ്. മക്കള്‍ക്ക് നിരോധനം; മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തുമാകാമെന്നുമുള്ള സാഹചര്യവും തിരുത്തപ്പെടണം.

പണ്ടെന്നതിനേക്കാളും ലഹരിയുടെ സാധ്യതകള്‍ ഏറി വരുന്നു. എവിടെയും മദ്യമില്ലാതെ ആഘോഷമില്ല. മദ്യസല്‍ക്കാരം സാധാരണത്വം കൈവരിക്കുന്നു... ലഹരിയുടെ 'സുഖാനുഭൂതി' മതിയാകാതെ വരുന്നവര്‍ റേഞ്ചിനു പുറത്തേയ്ക്ക് മയക്കുമരുന്നു തേടുന്നു. എല്ലാം മറക്കാനുള്ള കുറുക്കുവഴി മക്കള്‍ തേടുന്നതിലെ 'പിരിമുറുക്കം' എവിടെ തുടങ്ങുന്നുവെന്നു നാം പഠിക്കണം. പരിഹാരം കാണണം. വീട്ടിലും വിദ്യാലയത്തിലും അച്ചടക്കമാണ് പ്രധാനമെന്ന തോന്നല്‍ അനുഭവപ്പെടണം. സ്വഭാവം മോശമായവര്‍ക്കും 'അക്കാഡമിക്ക്' എക്‌സലന്‍സ്' ഉണ്ടായേക്കാം; പക്ഷേ, ലഹരിയുടെ മായികലോകം എല്ലാം മക്കള്‍ക്ക് തിരിച്ചറിയാനാകണം. 'സന്മാര്‍ഗ്ഗപാഠം' പ്രധാനപാഠമാകണം; ആയുസ്സിനും ആരോഗ്യത്തിനും വിലകല്പിക്കുന്നതുമാകണം മക്കള്‍! മരണസംസ്‌കാരം മാറണം; അനുഭവങ്ങള്‍ ഗുരുവാകണം; പാഠങ്ങളില്‍ നിന്ന് പഠിച്ച് ജീവിതം ചിട്ടപ്പെടുത്തണം; കുടുംബവും കുടുംബാംഗങ്ങളും നാടും നാടിന്റെ സമ്പത്തും നാളെയുടെ മക്കള്‍ക്ക് അമൂല്യ മാകണം. നാടുവിട്ടുള്ള സഞ്ചാരത്തിന് മറുനാടിന്റെ 'ഭാവവും' ഉണ്ടായേക്കാം. ജീവിതത്തെ ലാഘവബുദ്ധിയോടെ കാണുന്ന 'ന്യൂജെന്‍' സമീപനം മാറണം; മാറ്റുവാന്‍ തക്ക ഗൗരവം മക്കള്‍ക്കു പകര്‍ന്നു നല്കണം. നാളെയുടെ തലമുറയെ ചാമ്പലാക്കാന്‍ ഇടയാക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org