ബോവാസ്

ബോവാസ്
യേശുവിന്റെ വംശാവലിയില്‍ പേരെഴുതപ്പെട്ട ഗണികയായ റാഹാബിന്റെ മകനായിരുന്നു ബോവാസ്. സല്‍മോന്റെയും റാഹാബിന്റെയും മകന്‍.
'സല്‍മോന്‍-റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്‌സെയുടെയും ജസ്‌സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു' (മത്താ. 1:56).

യൂദയായിലെ ബെത്‌ലെഹെമിലെ വളരെ ധനികനായ ഭൂവുടമയായിരുന്നു ബോവാസ്. നവോമിയുടെ ഭര്‍ത്താവായിരുന്ന എലിമെലെക്കിന്റെ കുടുംബക്കാരനുമായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും സുസമ്മതനായ ഒരു വ്യക്തിയായിരുന്നു. നഗരവാതില്ക്കല്‍ സമ്മേളിച്ച് കാര്യങ്ങള്‍

തീര്‍പ്പുകല്പ്പിക്കുന്ന ശ്രേഷ്ഠന്മാരില്‍ പ്രധാനിയായിരുന്നു ബോവാസ്. കാര്യങ്ങള്‍ക്ക് സത്യസന്ധമായി തീര്‍പ്പു കല്പ്പിച്ചിരുന്ന ബോവാസിനെ ജനങ്ങള്‍ ബഹുമാനിച്ചിരുന്നു. കണക്കറ്റ സ്വത്തുക്കള്‍ ഉണ്ടായിരുന്നിട്ടും വളരെ സത്യസന്ധതയും കൃത്യതയും വിശ്വസ്തതയും ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ബോവാസ്.

അങ്ങനെയിരിക്കെ ഒരു ബാര്‍ലിക്കൊയ്ത്തിന്റെ കാലത്ത് നവോമിയും മരുമകള്‍ റൂത്തും ബെത്‌ലെഹെമിലെത്തി. രണ്ടുപേരും വിധവകളായിരുന്നു. നവോമിയുടെ ഭര്‍ത്താവ് എലിമെലെക്കും രണ്ട് ആണ്‍മക്കളും (മഹ്‌ലോനും, കിലിയോനും) മരിച്ചു പോയിരുന്നു. അവരുടെ മരണശേഷം നവോമി തന്റെ ജന്മനാടായ ബെത്‌ലെഹെമിലേക്ക് തിരിച്ചുപോന്നപ്പോള്‍ മരുമകളായ റൂത്ത് അമ്മയുടെ കൂടെ തന്നെ പോന്നു. നവോമിയെയും റൂത്തിനെയും ബത്‌ലെഹെമിലെ സ്ത്രീകള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. റൂത്ത് ബോവാസിന്റെ വയലില്‍ കാലാപെറുക്കാന്‍ പോയിത്തുടങ്ങി. കൊയ്ത്തുകാരെ അഭിവാദനം ചെയ്യാന്‍ ബോവാസ് വയലിലേക്ക് വന്നപ്പോള്‍ പുതിയൊരു യുവതി കാലാപെറുക്കുന്നതു കണ്ട്, കൊയ്ത്തുകാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന ഭൃത്യനോട് ആരാണ് ഈ യുവതി എന്ന് ചോദിച്ചു? നവോമിയോടൊപ്പം മൊവാബില്‍ നിന്നു വന്ന മൊവാബ്യ സ്ത്രീയാണ് എന്നു ഭൃത്യന്‍ മറുപടി നല്‍കി. വയലില്‍ കാലാ പെറുക്കാന്‍ അനുവദിക്കണമേയെന്ന് റൂത്ത് ബോവാസിനോടപേക്ഷിച്ചു. അദ്ദേഹം അനുവാദം കൊടുത്തു. മാത്രമല്ല, സ്ഥിരമായി അദ്ദേഹത്തിന്റെ വയലുകളില്‍ തന്നെ കാലാ പെറുക്കാന്‍ അനുവദിച്ചു. അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞ് അവള്‍ക്കു പ്രത്യേക പരിഗണന കൊടുത്തു.

റൂത്ത് പ്രണമിച്ചുകൊണ്ട് ബോവാസിനോട് പറഞ്ഞു: 'അന്യനാട്ടുകാരിയായ എന്നോട് ഇത്ര കരുണ തോന്നാന്‍ ഞാന്‍ അങ്ങേക്ക്എ ന്തു നന്മ ചെയ്തു?'

ബോവാസ് പറഞ്ഞു: ഭര്‍ത്താവിന്റെ മരണത്തിനുശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തതും, മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് അപരിചിതമായ ജനത്തിന്റെ ഇടയില്‍ വന്നതുമെല്ലാം എനിക്കറിയാം.

നിന്റെ പ്രവര്‍ത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും! തന്റെ ഭൃത്യന്മാരോടു കൂടെ അവളെയും അവന്‍ ഭക്ഷണത്തിന് ക്ഷണിച്ചു.

അവള്‍ക്ക് വീഞ്ഞില്‍ മുക്കിയ അപ്പവും ധാരാളം മലരും കൊടുത്തു. അവള്‍ ഭക്ഷിച്ചു തൃപ്തയായി. ബാക്കി വന്ന ആഹാരം തന്റെ അമ്മായിയമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.

പിന്നീട് നവോമി പറഞ്ഞത നുസരിച്ച് റൂത്ത് ബോവാസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ബോവാസ് നഗരവാതില്‍ക്കല്‍ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി ഇക്കാര്യം അവതരിപ്പിച്ചു. എല്ലാവരുടെയും അനുവാദത്തോടെ ബോവാസ് റൂത്തിനെ സ്വീകരിച്ചു. അവള്‍ അവന്റെ ഭാര്യയായി. കര്‍ത്താവ് അവരെ അനുഗ്രഹിച്ചു. റൂത്ത് ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അയല്‍ക്കാരായ സ്ത്രീകള്‍ നവോമിക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്നു പറഞ്ഞ് അവന് ഓബദ് എന്നു പേരിട്ടു. അവന്‍ ദാവീദിന്റെ പിതാവായ ജെസ്സയുടെ പിതാവാണ്.

ബോവാസ് തന്റെ സല്‍ക്കര്‍മ്മങ്ങളിലൂടെ ദൈവത്തിനു പ്രിയങ്കരനായവനാണ്. ബോവാസ് എന്ന പേരിന് ശക്തന്‍, ദയയുള്ളവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. നിരാലംബയായ ഒരു സ്ത്രീയോട് കരുണ കാണിച്ചതിന്റെ ഫലമായി ദൈവം അദ്ദേഹത്തെ ഉയര്‍ത്തി. യേശുവിന്റെ വംശാവലിയില്‍ ബോവാസിന്റെ പേരും എഴുതപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org