ചില ചോദ്യങ്ങളോടെ ആരംഭിക്കാം
വിവാഹ ബന്ധത്തില്‍ അതിരുകള്‍ നിശ്ചയിക്കണമോ? ആരോടെല്ലാമാണ് അതിരുകള്‍ സൂക്ഷിക്കേണ്ടത്?
വിവാഹത്തോടെ വ്യക്തിയെന്ന രീതിയിലുള്ള നിങ്ങളുടെ സ്വാതന്ത്ര്യം കുറയുമോ?
വിവാഹം വഴി നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധം വളരുമോ തളരുമോ?
മക്കള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ബന്ധത്തെ എപ്രകാരം ശക്തിപ്പെടുത്തും? അതിന് ഏതെങ്കിലും അതിര്‍വരമ്പുകള്‍ പാലിക്കപ്പെടേണ്ടതുണ്ടോ?
ബന്ധങ്ങള്‍ വളരാന്‍ സൂക്ഷിക്കേണ്ട അതിരുകളെപ്പറ്റിയാണ് ഈ ചോദ്യങ്ങളെല്ലാം. ഒരുപക്ഷെ എവിടെയൊക്കെ അതിരുകള്‍ ധരിക്കപ്പെടുന്നുവോ അവിടെ ബന്ധങ്ങള്‍ക്ക് വളര്‍ച്ചയുണ്ട്.
അതിരുകള്‍ നിര്‍വചനം
ആരോഗ്യകരമായ ദാമ്പത്യ ബന്ധത്തിന്റെ പ്രധാന ഘടകമാണ് നന്നായി നിശ്ചയിക്കുന്ന അതിരുകള്‍. അതിരുകള്‍ നമ്മെ നിര്‍വചിക്കുന്നു എന്താണ് ഞാന്‍/എന്റേത്, എന്താണ് എന്റേതല്ല.
അതിരുകള്‍ ഇടങ്ങളെ (space) സൃഷ്ടിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ മൂന്ന് തരം ഇടങ്ങള്‍ ഉണ്ടാകണം. വ്യക്തിപരമായ ഇടം (Individual space), ദമ്പതി ഇടം (Couple Space), പൊതുഇടം (Common Space).
വ്യക്തിപരമായ ഇടം (Individual space)
വ്യക്തിപരമായ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം, അഭിരുചികളെ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഇതെല്ലാം വ്യക്തിപരമായ ഇടത്തെ സൂചിപ്പിക്കുന്നു.
വ്യക്തിയിടത്തിനു ഭീഷണിയാകുന്നവയാണ് മറ്റുള്ളവരുടെ കടന്നുകയറ്റങ്ങളും (transgression/Trespassing), മക്കള്‍ മാതാപിതാക്കള്‍ സുഹൃത്തുക്കള്‍ എന്നിവരോടുള്ള വൈകാരികമായ ഒട്ടിപ്പും (Fusion). വ്യക്തിപരമായ ഇടം നഷ്ടപ്പെടാതിരിക്കാന്‍ ആറ് തരം അതിരുകളാണ് ഈ ഇടത്തില്‍ ശ്രദ്ധിക്കേണ്ടത്.
വൈകാരിക അതിരുകള്‍: സ്വന്തം വികാരങ്ങളുടെ ഉടമസ്ഥാവ കാശം ഏറ്റെടുക്കുന്നതും മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് ഉത്തരവാദികളാകാതിരിക്കുന്നതും ഉള്‍പ്പെടുന്നു.
ശാരീരിക അതിരുകള്‍: നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുന്നു. ശാരീരിക ആവശ്യങ്ങള്‍, വിശ്രമവും സ്വകാര്യതയും പോലുള്ള കാര്യങ്ങള്‍, നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.
ലൈംഗിക അതിരുകള്‍: സമ്മതം, ലൈംഗിക മുന്‍ഗണനകള്‍, ആഗ്രഹങ്ങള്‍, സ്വകാര്യത എന്നിവയ്ക്കുള്ള നിങ്ങളുടെ അവകാശം ലൈംഗിക അതിരുകളില്‍ ഉള്‍പ്പെടുന്നു.
ബൗദ്ധിക അതിരുകള്‍: മാനസിക അതിരുകള്‍ എന്നും അറിയപ്പെടുന്ന ബൗദ്ധിക അതിരുകള്‍ ചിന്തകള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയെ ബഹുമാനിക്കുന്ന അതിരാണ്.
ഭൗതിക അതിരുകള്‍: ഒരാളുടെ സ്വത്തുക്കളുമായും സാമ്പത്തികമായും ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും അവരുടെ സാമ്പത്തികം, സ്വത്തുക്കള്‍, വിവരങ്ങള്‍ എന്നിവ പങ്കിടുന്നതിന് അതിരുകള്‍ നിശ്ചയിക്കാനുള്ള അവകാശമുണ്ട്.
സമയ അതിരുകള്‍: നിങ്ങള്‍ ജോലി ചെയ്യുന്ന സമയം, മറ്റുള്ളവരുമായി ഇടപഴകുക, തനിച്ചായിരിക്കുക എന്നിവയെ ചുറ്റിപ്പറ്റിയുള്ള സമയ അതിരുകള്‍ നിശ്ചയിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. ദമ്പതി ഇടം (Couple Space)
മക്കള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരില്ലാതെ ദമ്പതികള്‍ മാത്രമായുള്ള ഇടമാണ് ദമ്പതി ഇടം.
ദാമ്പത്യവും കുടുംബവും ഒന്നായി കാണാതെ രണ്ടിനെയും വേര്‍തിരിച്ചു കാണുകയാണ് ഇവിടെ ഏറ്റവും പ്രസക്തമായത്. മക്കളെ ചുറ്റിപറ്റി ജീവിക്കുക, ഭര്‍ത്താവ്/അപ്പന്‍, ഭാര്യ/അമ്മ എന്നീ ഇരട്ട ഉത്തരവാദിത്തങ്ങള്‍ (twin identtiy) ബാലന്‍സ് ചെയ്യാന്‍ കഴിവില്ലായ്മ, ജോലിയും ദാമ്പത്യവും ഏകോപിപ്പിക്കാനുള്ള സിദ്ധിയില്ലായ്മ, നല്ല ആശയവിനിമയത്തിന്റെ അഭാവം, ദമ്പതികളുടെ ഇടയിലെ വൈകാരിക സ്‌നേഹപ്രകടനമില്ലായ്മ എന്നിവയാണ് ദമ്പതിയിടം രൂപപ്പെടുത്തുന്നതിന് പ്രധാന വെല്ലുവിളികള്‍.
3. പൊതുഇടം (Common Space)
മക്കള്‍, കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് പൊതുഇടം. ഉള്‍ക്കൊള്ളുക പരസ്പരം ആലോചന ചോദിക്കുക, ഉത്തരവാദിത്തങ്ങളില്‍ സഹകരിക്കുക, ഒരുമിച്ച് ഭക്ഷിക്കുക, ഒരുമിച്ച് പ്രാര്‍ത്ഥിക്കുക എന്നിവയെല്ലാം പൊതു ഇടത്തെ ഗുണമേന്മയുള്ളതാക്കും.
എപ്പോഴും പൊതുഇടത്തില്‍ ആയിരിക്കുന്നത് നല്ലതല്ല. മൂന്ന് ഇടങ്ങളെയും ആദരിക്കുകയും വികസിപ്പിക്കുകയും ചെയ്യണം. ഒരുപക്ഷെ കുടുംബദാമ്പത്യ തകര്‍ച്ചയുടെ അടിസ്ഥാന കാരണം ഇടങ്ങളെ അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കാതിരിക്കുന്നത് തന്നെയാണ്.