
ഏതൊരു വ്യക്തിയും എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് 'ആനന്ദം.' ആനന്ദത്തിന്റെ ശക്തിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഉള്ളില്‍ ആനന്ദവും സം തൃപ്തിയും അനുഭവിക്കുന്ന വ്യക്തികള്‍ക്ക് എന്തിനെയും നേരിടാനുള്ള കരുത്തുണ്ട്. ഈ ആനന്ദമനുഭവിച്ച വ്യക്തിയാണ് സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്ന പരിശുദ്ധ മറിയം. 'എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു' എന്നാണ് മറിയം ആലപിച്ചത്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും ഈ ആനന്ദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു സംഭവം പറഞ്ഞു വയ്ക്കുന്നുണ്ട്. കാരാഗൃഹത്തിലായിരുന്ന പൗലോസും സീലാസും അര്‍ധരാത്രിയില്‍ ദൈവത്തെ കീര്‍ത്തനം പാടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ വലിയ ഭൂകമ്പം ഉണ്ടാവുകയും കാരാഗൃഹ വാതിലുകള്‍ തുറക്കപ്പെടുകയും എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞു വീഴുകയും ചെയ്തു. കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ കാരാഗൃഹവാതിലുകള്‍ തുറന്നു കിടക്കുന്നതുകണ്ട് തടവുകാരെല്ലാം രക്ഷപ്പെട്ടെന്നു കരുതി അവന്‍ വാളൂരി ആത്മഹത്യയ്‌ക്കൊരുങ്ങി. അതു കണ്ട് പൗലോസ് 'ഞങ്ങളെല്ലാവരും ഇവിടെ തന്നെയുണ്ട്' എന്ന് വിളിച്ചു പറഞ്ഞു. നടന്ന സംഭവങ്ങള്‍ അറിഞ്ഞ കാവല്‍ക്കാരന്‍ അവരെ രക്ഷപ്പെടുത്തുകയും ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്തു. 'ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു' (അപ്പ. 16:34). ഈ ആനന്ദം ദൈവികമാണ്. ജ്ഞാനത്തോടും വിവേകത്തോടും കൂടി വര്‍ത്തിച്ചാല്‍ ഇത് നേടിയെടുക്കാനും ജീവിതത്തിലും കുടുംബത്തിലും നില നിര്‍ത്താനും നമുക്ക് സാധിക്കും.
നമ്മുടെ കുടുംബങ്ങളില്‍ ഈ ആനന്ദം ശക്തിപ്പെടാന്‍ പരസ്പരം പങ്കുവയ്ക്കുകയും തുറവിയോടെ സംസാരിക്കുകയും വേണം. കുടുംബങ്ങളില്‍ പരസ്പരമുള്ള ആശയ വിനിമയത്തിന്റെ സ്ഥാനം മാധ്യമങ്ങള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഫോണിന് അടിമകളായ കുട്ടികളോടും സംസാരിക്കുമ്പോഴും തെറ്റായ സ്‌നേഹബന്ധങ്ങളില്‍പ്പെട്ട യുവജനങ്ങളോടും നിരാശയില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവരോടും സംസാരിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ള ഒരേയൊരു കാരണം തങ്ങളെ കേള്‍ക്കാന്‍ ആരുമില്ല എന്നതാണ്. തിരക്കിട്ട ജീവിതത്തില്‍ കുടുംബങ്ങള്‍ക്ക് വേണ്ടി കുറച്ചുസമയം മാറ്റിവച്ചാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കുടുംബജീവിതം ആനന്ദകരമാക്കാനും സാധിക്കും.
ഈ അടുത്ത നാളുകളില്‍ ക്ഷീണവും തലകറക്കവുമായി ഒരു കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനാ ഫലത്തില്‍ ബി പി വളരെ കുറവാണെന്ന് കണ്ടു. കൂടുതല്‍ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവന്‍ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല എന്നാണ്. സ്‌കൂള്‍ അവധിയായതുകൊണ്ട് അവന്‍ തന്നെയാണ് ഭക്ഷണം കഴിക്കാന്‍ ഉണ്ടാകൂ. മാതാപിതാക്കള്‍ രാവിലെത്തന്നെ ഭക്ഷണമെല്ലാം തയ്യാറാക്കി ജോലിക്കു പോകും. എന്നാല്‍, അവന്‍ ആ രണ്ടു ദിവസവും മുഴുവന്‍ കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയിലായിരുന്നു. അവന്‍ വിശപ്പ് അറിഞ്ഞതേയില്ല. മകന്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന കാര്യം തിരിച്ചറിയാന്‍ ആ തിരക്കുപിടിച്ച മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല. തിരക്കുകളില്‍ ക്രമം തെറ്റുന്ന കാലമാണ് ഇന്നത്തേത്. അസമാധാനവും അസംതൃപ്തിയും മാത്രം ബാക്കിയാക്കുന്ന തിരക്കുപിടിച്ച ലോകം! ഇവിടെയൊക്കെ ചെറിയ കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ വലിയ ആനന്ദം നമുക്ക് സ്വന്തമാക്കാം. കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണവും പരസ്പര സ്‌നേഹവും തുറവിയും വളര്‍ത്തുന്നവയാണ്. അന്നത്തെ അനുഭവങ്ങള്‍ പങ്കുവച്ചും പഠനമേഖലയിലും ജോലി സ്ഥലത്തും നേരിട്ട പ്രശ്‌നങ്ങള്‍ പങ്കുവച്ചും കുടുംബത്തോടൊപ്പം ആയിരിക്കുമ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ കുടുംബത്തില്‍ കൂട്ടായ്മയുടെ ആനന്ദം നിറയുന്നുണ്ട് എന്ന് മറക്കാതിരി ക്കാം. പരസ്പരബന്ധമുള്ള കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌നേഹപൂര്‍വ്വം തിരുത്താനും അവര്‍ക്ക് അരുതുകള്‍ വയ്ക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. തന്നോടൊപ്പം മാതാപിതാക്കളും കൂടെപ്പിറപ്പുകളും ഉണ്ടെന്ന ബോധ്യം കുട്ടികളെ തെറ്റായ സ്‌നേഹബന്ധങ്ങളില്‍ നിന്നും ചീത്ത കൂട്ടുക്കെട്ടുകളില്‍ നിന്നും വിമുക്തരാക്കും. പരസ്പരം സ്‌നേഹിച്ചും പങ്കുവച്ചും കുടുംബജീവിതം ആനന്ദകരമാക്കാം.