
ഡോ. ജോര്‍ജ് തയ്യില്‍
കൊവിഡ്-19 വൈറസിനെ തുരത്താന്‍ ലോകമെങ്ങും ഇന്നു ഏഴു വാക്‌സിനുകള്‍ ജൈത്ര യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. 70 മുതല്‍ 95 ശതമാനം വരെ പ്രതിരോധശക്തി ഇവ നല്‍കുമെന്ന് അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 നു തുടങ്ങി രണ്ടു മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതീക്ഷിച്ചതു പോലെ വേഗത്തിലല്ല ഈ യജ്ഞം മുന്നോട്ടു പോകുന്നത്. ഒരു ഘട്ടത്തില്‍ മൂന്നു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടെങ്കിലും സ്വീകരിച്ചവര്‍ 1.45 കോടി മാത്രം. കേരളത്തില്‍ ഇതിനകം ഏതാണ്ട് ആറുലക്ഷം പേരാണ് വാക്‌സിനെടുത്തത്. രാജ്യത്തെ പതിനാറു സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
2020 ജനുവരിയില്‍ വൈറസിന്റെ ജനിതക കോഡ് വെളിപ്പെട്ടതോടെയാണ് വാക്‌സിന്‍ വികസി പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സാധാരണഗതിയില്‍ വര്‍ഷങ്ങളെടുത്താണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. എന്നാല്‍ കൊവിഡ്-19 മഹാമാരിയുടെ ആപത്കരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ലോക മെമ്പാടും വാക്‌സിന്‍ നിര്‍മ്മാണം ധൃതഗതിയില്‍ നടന്നു.
കോവിഷീല്‍ഡ് അഥവാ ചാഡോക്‌സ് – 1
ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര സെനിക്ക എന്ന മെഡിക്കല്‍ കമ്പനിയും ചേര്‍ന്നു വികസിപ്പിച്ചെടുത്ത വാക്‌സിന് ചാഡോക്‌സ്-1 എന്നാണു പേരിട്ടത്. ഇതിന്റെ ഇന്ത്യയിലെ പേരാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഇതു നിര്‍മ്മിക്കുന്നത് പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ചിമ്പാന്‍സികളിലെ അഡിനോ വൈറസില്‍ കൊറോണ വൈറസിന്റെ പുറംതോടിലെ സ്‌പെക്ക് പ്രോട്ടീന്‍ സന്നിവേശിപ്പിച്ച് ശരീരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് വൈറസിനെതിരായ ആന്റിബോഡികള്‍ ഉണ്ടാകുന്നു. നിരുപദ്രവകാരികളായ അഡ്‌നോ വൈറസുകളെ വാഹനമായി ഉപ യോഗിച്ചാണ് കൊവിഡിന്റെ പ്രോട്ടീന്‍ ഘടകം മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനു ശേഷം 84 ശതമാനവും പ്രതിരോധശക്തിയുണ്ടാക്കുന്നു. കുത്തിവയ്പ്പുകള്‍ക്ക് ഇടയിലുള്ള സമയം രണ്ടു മുതല്‍ മൂന്നു മാസങ്ങള്‍ വരെ നീട്ടിയാല്‍ പ്രതിരോധ ശക്തി ഏറ്റവും കൂടുതലാകുന്നു. ഇന്ത്യയില്‍ വാക്‌സിനേഷന് കോവിഷീല്‍ഡാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.
കോവാക്‌സിന്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഭാരത് ബയോടെക്ക് കമ്പനിയും സംയുക്തമായി വികസിപ്പിച്ചടുത്തതാണ് കോവാക്‌സിന്‍. നിഷ്‌ക്രിയമായ കൊറോണ വൈറസ് തന്നെയാണ് കോ വാക്‌സിന്‍. ഇതു ശരീരത്തിലെ ഇമ്യൂണ്‍ വ്യവസ്ഥയെ സജീവമാക്കി പ്രതിരോധം സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ കോവിഷീല്‍ഡിനൊപ്പം കൊടുക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കോവാക്‌സിന്‍. പൂര്‍ണ്ണമായും ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന വാക്‌സിനെന്ന നിലയില്‍ ഇതിന്റെ പ്രാധാന്യമേറുന്നു. ഇതിന്റെ ഫേസ് – മൂന്ന് ട്രയല്‍ അവസാനിപ്പിക്കാതെ വാക്‌സിന്‍ കൊടുക്കേണ്ടി വന്നതു കൊണ്ട് പലരും കോവാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നുപിന്‍ വാങ്ങി. അവസാനത്തെ പരീക്ഷണ കടമ്പയായ ഫേസ്-3 ട്രയലിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമാകാത്തതു കാരണം ഇതിന്റെ പ്രതി രോധശക്തിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഫൈസര്‍ വാക്‌സിന്‍
ഫൈസര്‍ എന്ന അമേരിക്കന്‍ മരുന്നുകമ്പനിയും ബയോണ്‍ ടെക് എന്ന ജര്‍മ്മന്‍ കമ്പനിയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഏറെ മേന്മകളുള്ള വാക്‌സിനാണിത്. രോഗതീവ്രതയെ തുരത്തുവാന്‍ 94 ശതമാനത്തോളം പ്രാപ്തമാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പ്രിയപ്പെട്ട വാക്‌സിനാണിത്. ഈ വാക്‌സിന്‍ മൈനസ് എഴുപതു ഡിഗ്രി സെല്‍ഷ്യസില്‍ വേണം സൂക്ഷിക്കാന്‍ എന്നതു കൊണ്ട് അതിനുള്ള ഫ്രീസര്‍ സൗകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. ചൂടുകൂടിയ രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ വാങ്ങിക്കുന്നില്ല. വിലയും കൂടുതലാണ്. ഇവ കൂടാതെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന മൊഡേന വാക്‌സിന്‍, റഷ്യ നിര്‍മ്മിക്കുന്ന സ്പുട്‌നിക്ക്, ചൈനയുടെ സിനോവാക് തുടങ്ങിയ വാക്‌സിനുകളും പ്രചുരപ്രചാരം നേടുന്നുണ്ട്.
ജനുവരി 16 മുതല്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ കൊടുത്തു തുടങ്ങി. അതോടെ വാക്‌സിനെപ്പറ്റി ഏറെ സംശയങ്ങളും ദുരൂഹതകളും ചര്‍ച്ചാവിഷയമാകുകയും ചെയ്തു. വാക്‌സിന്‍ പ്രയോജനരഹിതമാണെന്നും അതെടുത്താല്‍ കൊവിഡ് രോഗം തന്നെ വരുമെന്നും വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ അപകടകരമാമെന്നും മറ്റുമുള്ള ഒട്ടേറെ സംശയങ്ങള്‍ പ്രചരിച്ചു. ആദ്യത്തെ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞ 5,396 പേരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം നടത്തിയ പഠനത്തില്‍ കുത്തിവയ്പ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടു. പാര്‍ശ്വഫലങ്ങളുടെ കാര്യത്തിലാണ് പലരും ഭയപ്പെട്ടത്. പ്രായമായവരെ അപേക്ഷിച്ചു ചെറുപ്പക്കാരിലാണ് കുത്തിവയ്പ്പിനു ശേഷമുള്ള അസ്വസ്ഥതകള്‍ കൂടുതലായുണ്ടായത്. 30 വയസ്സില്‍ താഴെയുള്ള 81 ശതമാനം പേരില്‍ അസ്വസ്ഥതയുണ്ടായപ്പോള്‍ എഴുപതു വയസ്സുകഴിഞ്ഞ 31 ശതമാനം പേര്‍ക്കു മാത്രമേ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായുള്ളൂ. ആരിലും അപകടകരമായ ഒരസ്വസ്ഥതയും ഉണ്ടായില്ല. വാക്‌സിനെടുത്ത ശേഷം 80 ശതമാനം പേരിലും ക്ഷീണം, നേരീയ പനി, ശരീര വേദന, വാക്‌സിനെടുത്ത ഭാഗത്തു നേരീയ നീര് എന്നിവ ഉണ്ടായി. ഈ ലക്ഷണങ്ങളെല്ലാം തന്നെ സഹിക്കാവുന്നവ മാത്രം, പ്രത്യേകിച്ചൊരു ചികിത്സയും വേണ്ടി വന്നില്ല. ഈ പഠനത്തില്‍ പങ്കെടുത്ത 5,396 പേരില്‍ 947 പേര്‍ അറുപതുവയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ആര്‍ക്കും കാര്യമായ ഒരു പാര്‍ശ്വ ഫലവും ഉണ്ടായില്ല. മാത്രമല്ല പ്രായമേറിയവരിലാണ് വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ ലഘുവായി കണ്ടത്.
സാധാരണഗതിയില്‍ 18 വയസ്സിനു താഴെയുള്ളവരും ഗര്‍ഭിണികളും
മുലയൂട്ടുന്നവരും വാക്‌സിനെടുക്കാന്‍ പാടില്ല.
കടുത്ത അലര്‍ജിയുള്ളവര്‍ വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം
വാക്‌സിനെടുക്കാം. ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, രക്താതി മര്‍ദ്ദം,
വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് സാധാരണ ഗതിയില്‍
വാക്‌സിനെടുക്കാന്‍ ഒരു തടസ്സവുമില്ല. രോഗം തീവ്രമാണെങ്കില്‍
മാത്രം വൈദ്യസഹായം തേടുക.
ആകെ 20 ശതമാനം പേര്‍ക്ക് മാത്രമാണ് കുത്തിവയ്പ്പിന്റെ പിറ്റെ ദിവസം ജോലി ബുദ്ധിമുട്ടായി തോന്നിയത്. കൂടുതലും സ്ത്രീകള്‍ക്ക് ഈ അനുഭവമുണ്ടായി. എന്നാല്‍ ഇതു താത്ക്കാലികം മാത്രമായിരുന്നു. അതു പോലെ നേരത്തേ കൊവിഡ് ബാധിച്ചവരിലും പറയത്തക്ക യാതൊരു പരാധീനതകളും ഉണ്ടായില്ല. ഒരിക്കല്‍ കൊവിഡ് പൊസിറ്റീവായാല്‍ മൂന്നുമാസം വരെ ശരീരത്തിനു വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകും. അതു കഴിഞ്ഞാല്‍ വാക്‌സിനെടുക്കുക തന്നെവേണം. വാക്‌സിനെടുത്ത വരില്‍ രോഗം വീണ്ടും വരാന്‍ സാധ്യതയുണ്ടോ? 85 ശതമാനം വരെ സാധ്യതയില്ലെന്നു പറയാം. എന്നാല്‍ വൈറസ് ലോഡ് കൂടുതലുള്ള ആള്‍ക്കൂട്ടങ്ങളില്‍ ചെന്നുപെട്ടാല്‍ രോഗസംക്രമണം ഉണ്ടാകാം, പക്ഷെ തീവ്രത കുറഞ്ഞിരിക്കും. അതുകൊണ്ടാണ് മുഖാവരണവും സാമൂഹിക അകലവും കൈകഴുകലുമൊക്കെ തുടരണമെന്നു നിഷ്‌കര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ 18 വയസ്സിനു താഴെയുള്ളവരും ഗര്‍ഭിണികളും മുലയൂട്ടുന്നവരും വാക്‌സിനെടുക്കാന്‍ പാടില്ല. കടുത്ത അലര്‍ജിയുള്ളവര്‍ വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം വാക്‌സിനെടുക്കാം. ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, രക്താതി മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് സാധാരണ ഗതിയില്‍ വാക്‌സിനെടുക്കാന്‍ ഒരു തടസ്സവുമില്ല. രോഗം തീവ്രമാണെങ്കില്‍ മാത്രം വൈദ്യസഹായം തേടുക. നേരീയ പനിയും തലവേദനയും പേശീവേദനയുമൊക്കെ 'വാക്‌സിന്‍ എഫക്ട്' ആണ്. വെറുതെ ആശങ്കപ്പെടേണ്ട. വാക്‌സിന്‍ എടുത്തശേഷം ധാരാളം വെള്ളം കുടിക്കുക, ദീര്‍ഘനേരം ഉറങ്ങുക. ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ വീണ്ടും വ്യാപിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രതിരോധ നടപടികള്‍ പാലിക്കുക.
(ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)