ദാമ്പത്യം, കുടുംബം വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍

ദാമ്പത്യം, കുടുംബം വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍
ലക്ഷ്യം വ്യക്തമാണെങ്കില്‍ യാത്ര എളുപ്പവും വിജയകരവുമായിരിക്കും. രണ്ട് വ്യക്തികള്‍ ചേര്‍ന്ന് എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണ് വിവാഹം. വിവാഹവിജയത്തിന് ദമ്പതികളുടെ പൊരുത്തത്തോളം പ്രധാനപ്പെട്ടതാണ് അവരുടെ വിവാഹ ലക്ഷ്യം. അതിനാല്‍ വെറുതെ വിവാഹിതരാകരുത്, ഒരു ലക്ഷ്യം മുന്നില്‍ കണ്ട് വിവാഹം ജീവിക്കുക.

ദമ്പതികള്‍ സ്ഥിരം തങ്ങളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്...

  • എന്തിനാണ് വിവാഹം ചെയ്തത്?

  • വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ എന്തെല്ലാം? അടിസ്ഥാന ലക്ഷ്യത്തിനപ്പുറം വിവാഹത്തിനായി കണ്ടെത്തിയ പ്രത്യേക ലക്ഷ്യങ്ങളുണ്ടോ?

  • സന്താനങ്ങളെ ജനിപ്പിച്ചു തലമുറകളെ സൃഷ്ടിക്കുന്നതിനാണോ വിവാഹം? ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഏതാണ്?

  • ക്രിസ്തീയ വിവാഹം ഏതെങ്കിലും വ്യത്യസ്ത ലക്ഷ്യങ്ങളെ അവതരിപ്പിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ദമ്പതികള്‍ കണ്ടെത്തുന്ന ഉത്തരം അവരുടെ ദാമ്പത്യത്തെ ചലനാത്മകവും ഗുണമേന്മയുള്ളതുമാക്കി മാറ്റും.

ചില ലക്ഷ്യങ്ങള്‍

കൂട്ട്, തലമുറകളുടെ തുടര്‍ച്ച, വൈകാരികാവശ്യങ്ങളുടെ ആവിഷ്‌ക്കാരം, സമൂഹത്തിന്റെ തുടര്‍ച്ച മുതലായവയാണ് സാധാരണയായി ദമ്പതികള്‍ തങ്ങളുടെ വിവാഹലക്ഷ്യമായി പറയുക. ഇവയെല്ലാം തീര്‍ത്തും സ്വഭാവികമാണ്. എന്നാല്‍ ക്രിസ്തീയ വിവാഹം അതിന്റെ സ്വഭാവത്താലും ലക്ഷ്യത്താലും വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.

ക്രിസ്തിയവിവാഹത്തിന്റെ ലക്ഷ്യങ്ങള്‍

ബൈബിളിന്റെയും ക്രിസ്തീയ ആധ്യാത്മികതയുടെയും അടിസ്ഥാനത്തില്‍ വിവാഹം ആത്യന്തികമായി സ്‌നേഹിക്കാനുള്ള വിളിയാണ്. പരസ്പരം വളര്‍ത്താനും വിശുദ്ധീകരിക്കാനുമുള്ള ഉടമ്പടിയുമാണത്. താഴെ പറയുന്ന മൂന്ന് ലക്ഷ്യങ്ങള്‍ പൂര്‍ണ്ണതയില്‍ പൂര്‍ത്തിയാക്കപ്പെടുമ്പോഴാണ് സ്ത്രീയും പുരുഷനും ചേര്‍ന്നെടുക്കുന്ന വിവാഹ ഉടമ്പടി പൂര്‍ണത പ്രാപിക്കുന്നത്.

  1. സ്‌നേഹത്തില്‍ ദമ്പതികള്‍ ഒരുമിച്ചുള്ള വളര്‍ച്ച.

  2. സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തം.

  3. മക്കളെ ക്രിസ്തീയ ശിക്ഷണത്തില്‍ വളര്‍ത്തുക.

ഈ മൂന്ന് ലക്ഷ്യങ്ങളെ രണ്ടായി തിരിക്കാം: ദമ്പതികളുടെ വളര്‍ച്ച അല്ലെങ്കില്‍ ദാമ്പത്യം, കുഞ്ഞുങ്ങളുടെ വളര്‍ത്തല്‍ അല്ലെങ്കില്‍ കുടുംബം. ചുരുക്കത്തില്‍ ക്രിസ്തീയ വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ രണ്ടാണ് ദാമ്പത്യം (ഉല്‍പ. 2:1824), കുടുംബം (ഉല്‍പ. 1:27-28). ദാമ്പത്യം കുടുംബം എന്നീ രണ്ട് ലക്ഷ്യങ്ങളെയും ഒരുപോലെ പരിഗണിക്കുമ്പോഴാണ് വിവാഹം ആസ്വാദ്യകരവും അനുഗ്രഹവുമായി മാറുന്നത്. മക്കളിലൂടെ ദമ്പതികള്‍ ജീവിക്കാന്‍ ശ്രമിക്കുന്നതിന് പകരം തങ്ങളുടെ ദാമ്പത്യത്തിന്റെ ഭാഗമായി മക്കള്‍ മാറുന്നതാണ് ദൈവിക പദ്ധതി.

ദാമ്പത്യം, കുടുംബം എന്നീ ലക്ഷ്യങ്ങളെ എപ്രകാരം ആവിഷ്‌ക്കരിക്കാം

വിവാഹത്തിന്റെ ലക്ഷ്യങ്ങളെ കണ്ടെത്തി വിലയിരുത്തുക, ദമ്പതികള്‍ രണ്ടുപേരുടെയും ലക്ഷ്യങ്ങള്‍ ഒന്നുതന്നെയാണോ എന്ന് പരിശോധിക്കുക.

കേവല ലക്ഷ്യങ്ങള്‍ക്കപ്പുറം (കൂട്ട്, സന്താനോല്പാദനം, മക്കളുടെ പരിപാലനം) നിങ്ങളുടെ വിവാഹത്തെ നയിക്കുന്ന വ്യതിരക്തമായ ഏതെങ്കിലും ലക്ഷ്യങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തുക ഉദാ. ഇപ്പോഴും ഒരുമിച്ചായിരിക്കും.

ദാമ്പത്യം, കുടുംബം എന്നീ രണ്ട് ലക്ഷ്യങ്ങളെയും തുല്യമായി പരിഗണിക്കുക; അവ പൂര്‍ത്തീകരിക്കാനുള്ള ഉപാധികള്‍ കണ്ടെത്തുക അല്ലെങ്കില്‍ പരിശീലനം ഉറപ്പാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org