ആദം

ആദം

തന്റെ സകല സൃഷ്ടികള്‍ക്കും മകുടമായി, അവയ്‌ക്കെല്ലാം അധിപനായി ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചു. അവനെ മണ്ണു കൊണ്ട് മെനഞ്ഞ്, തന്റെ ജീവശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിച്ച് അവനെ ജീവനുള്ളവനാക്കി. അങ്ങനെ ആദിമനുഷ്യന്‍ ആദം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു. അവന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നു കണ്ട പിതാവായ ദൈവം മനുഷ്യനെ ഗാഢ നിദ്രയിലാഴ്ത്തി. ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസം കൊണ്ടു മൂടി, അവനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു; ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും, മാംസത്തില്‍ നിന്നുള്ള മാംസവും. ആദം ഭാര്യയെ ഹവ്വാ എന്ന് വിളിച്ചു. ഏദന്‍ തോട്ടത്തില്‍ സര്‍വ സൗഭാഗ്യങ്ങളോടെ ദൈവത്തോടൊത്തു വസിച്ച അവര്‍ പിശാചിന്റെ പ്രലോഭനത്തില്‍ കുടുങ്ങി ദൈവത്തിനെതിരെ പാപം ചെയ്തതും, പാപത്തിനു ശിക്ഷയായി ഏദന്‍ തോട്ടത്തില്‍നിന്നും പുറത്താക്കപ്പെട്ടതും നമുക്കറിയാം. ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം അവര്‍ക്ക് കുടുംബജീവിതത്തിന്റെ ഉത്തര വാദിത്വങ്ങളിലേക്കും, ക്ലേശപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലേക്കും പ്രവേശിക്കേണ്ടിവന്നു. ദൈവത്തോടൊപ്പമായിരുന്നപ്പോള്‍ അവര്‍ ശിശുക്കളെപ്പോലെ കളിച്ചുല്ലസിച്ചു നടന്നിരുന്നു. വസ്ത്രത്തിന്റെ ഭാരം പോലുമില്ലാതെ പിറന്നുവീണ ശിശുവിന്റെ വിശുദ്ധിയില്‍ അവര്‍ നഗ്‌നരായി നടന്നു.തങ്ങള്‍ നഗ്‌നരാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ എപ്പോള്‍ ദൈവത്തിനെതിരെ പ്രവര്‍ത്തിച്ചോ, അപ്പോള്‍ തങ്ങളുടെ നഗ്‌നത അവര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ ലജ്ജിതരായി. തോട്ടത്തിലെ മരങ്ങള്‍ക്കിടയില്‍ ഒളിച്ച അവരെ ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ധരിപ്പിച്ചു. ഏദന്‍ തോട്ടം നഷ്ടപ്പെട്ട ആദവും ഹവ്വയും മണ്ണിനോട് മല്ലിട്ട് ജീവിക്കാന്‍ ആരംഭിച്ചു. ഹവ്വാ രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. മൂത്തവന്‍ കായേന്‍, രണ്ടാമന്‍ ആബേല്‍. കായേന്‍ കൃഷിക്കാരനും ആബേല്‍ ആട്ടിടയനും ആയിരുന്നു.

ഒരിക്കല്‍ കായേനും ആബേലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ പോയി. കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ കര്‍ത്താവിനു സമര്‍പ്പിച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും ദൈവം പ്രസാദിച്ചു. എന്നാല്‍ കായേന്റെ ബലി അവിടുത്തേക്ക് സ്വീകാര്യമായില്ല. അവനൊരു അത്യാഗ്രഹിയായിരുന്നു. ദൈവത്തിനു ബലിയര്‍പ്പിച്ചപ്പോള്‍ പോലും നല്ലതു കൊടുക്കാന്‍ അവന്‍ മടിച്ചു. അതുകൊണ്ടാണ് അവന്റെ ബലി അവിടുന്ന് സ്വീകരിക്കാതിരുന്നത്. ദൈവത്തിന്റെ അപ്രീതിയില്‍ കായേന്‍ കോപാകുലനായി. അവന് ആബേലിനോട് വൈരാഗ്യം തോന്നി. ആബേലിനെ ഇല്ലാതാക്കാന്‍ കായേന്‍ അവസരം പാര്‍ത്തിരുന്നു. ഒരു ദിവസം കായേന്‍ ആബേലിനെ വയലിലേക്ക് വിളിച്ചു വരുത്തി. അവിടെവച്ച് അവന്‍ ആബേലിനോട് കയര്‍ത്തു, അവനെ കൊന്നു. കര്‍ത്താവ് കായേനോട് ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു; എനിക്കറിഞ്ഞുകൂടാ. എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? ഇതായിരുന്നു ആദ്യത്തെ കൊലപാതകം. ദൈവത്തിന്റെ ശാപം ഏറ്റുവാങ്ങിയ കായേന്‍ കര്‍ത്താവിന്റെ സന്നിധി വിട്ട് ഏദനു കിഴക്ക് നോദു ദേശത്ത് പോയി താമസിച്ചു.

ഹവ്വാ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു. കായേന്‍ കൊന്ന ആബേലിനു പകരം എനിക്ക് ദൈവം തന്നതാണിവനെ എന്നു പറഞ്ഞുകൊണ്ട് അവള്‍ അവന് സേത്ത് എന്ന പേരിട്ടു. ആദത്തിന്റെ നൂറ്റിമുപ്പതാം വയസ്സിലാണ് സേത്ത് ജനിച്ചത്. സേത്തിന്റ ജനനത്തിനുശേഷം ആദം എണ്ണൂറ് വര്‍ഷം കൂടി ജീവിച്ചു എന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. അവനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. അവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് ബൈബിളില്‍ വ്യക്തമാക്കുന്നില്ല. ആദത്തിന്റെ ജീവിതകാലംതൊള്ളായിരത്തി മുപ്പത് വര്‍ഷമായിരുന്നു. അതിനുശേഷം അവന്‍ മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org