അച്ഛൻ ഒരുതരം അമ്മ മറുതരം

അച്ഛൻ ഒരുതരം അമ്മ മറുതരം

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍,
സ്മാര്‍ട്ടാക്കാന്‍ ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

"അച്ഛന്‍ സ്ട്രിക്ട് ആണ്. അമ്മ പാവവും. അച്ഛനോട് ചോദിച്ചിട്ട് നടക്കാത്ത കാര്യങ്ങള്‍ അമ്മയോട് ചോദിച്ചാല്‍ നടക്കും. അതുകൊണ്ട് അച്ഛന്‍ കണ്ണുരുട്ടിയാലും എനിക്ക് പേടിയില്ലായിരുന്നു. കാരണം അമ്മയുണ്ടല്ലോ എന്തും നടത്തി തരാനായിട്ട്. പക്ഷേ ഇപ്പോ ആലോചിക്കുമ്പോള്‍ ഞാന്‍ അമ്മയെ മുതലാക്കുവായിരുന്നു എന്‍റെ കാര്യങ്ങള്‍ നടക്കാനായിട്ട്. അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ല. ഞാന്‍ വല്ലാണ്ട് വഷളാവുകയും ചെയ്തു."

"അമ്മ തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്ക് പറയും. പുറകെ നടന്നു ഉപദേശിച്ചു മനുഷ്യനെ വെറുപ്പിക്കും. അച്ഛന്‍ പക്ഷെ സോഫ്റ്റ് ആണ്. അതുകൊണ്ട് അമ്മ സമ്മതിക്കാത്ത കാര്യങ്ങള്‍ പോലും അച്ഛനെ സോപ്പിട്ടു ഞാന്‍ നടത്തും. ഒരു ഘട്ടത്തില്‍ ഞാന്‍ കൈവിട്ടു പോകുന്നതുപോലെ തോന്നിയത് കൊണ്ടാകാം അച്ഛനും അല്പം സ്ട്രിക്ട് ആയിത്തുടങ്ങി. അപ്പോള്‍ ഞാന്‍ അച്ഛനേം അനുസരിക്കാതായി. ഇപ്പോഴത്തെ എന്‍റെ സ്ഥിതി മോശമായിപ്പോയതില്‍ എനിക്കാണ് ഉത്തരവാദിത്തമെങ്കിലും എന്‍റെ പാരന്‍റ്സിന്‍റെ രീതികളാണ് എന്നെ ഇങ്ങനാക്കിയത്."

"ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ സ്ട്രിക്ട് ആണ്. പക്ഷെ ഞങ്ങളുടെ അച്ഛനും അമ്മേം അവരെ കണ്ടമാനം പുന്നാരിപ്പിക്കും. ഞങ്ങള്‍ക്ക് വഴക്ക് പറയാന്‍ പോലും പറ്റില്ല. അവര്‍ ഇടയ്ക്കു കയറും. ഇപ്പോള്‍ മക്കള്‍ക്ക് അവരെ മതി. ഞങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കില്ല. അച്ഛനുമമ്മയോടും ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ പരിഹസിക്കുന്നു, പിള്ളേരെ വളര്‍ത്താന്‍ പഠിക്കണം എന്ന് പറഞ്ഞു. മക്കള്‍ കൈവിട്ടു പോകുവാ. സങ്കടപ്പെട്ടു നോക്കി നില്‍ക്കാന്‍ മാത്രമേ പറ്റുന്നുള്ളൂ."

കൊച്ചിയിലുള്ള എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ പലവട്ടം മുഴങ്ങിക്കേട്ട വാക്കുകളാണിത്. വഴിതെറ്റിത്തുടങ്ങിയ മക്കളെ നേര്‍വഴിക്കു നയിക്കാന്‍ വേണ്ട മനഃശാസ്ത്ര പിന്തുണ കിട്ടാനും സ്വഭാവ രൂപവല്‍ക്കരണത്തിനുമായി മാതാപിതാക്കള്‍ മക്കളുമൊത്തും, മക്കളെക്കൂടാതെയുമൊക്കെ വരുമ്പോള്‍ ഉയര്‍ത്തുന്ന പരിവേദനങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് മാതാപിതാക്കളുടെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡും ഡബിള്‍ സ്റ്റൈലും ഡബിള്‍ പേരെന്‍റിങ്ങും ഉയര്‍ത്തുന്ന പ്രശ്നങ്ങളിലേക്കാണ്.

ചൂഷണകല: വീട്ടില്‍ തുടക്കം
കുട്ടി മിടുക്കനാവണമെന്ന് അച്ഛനുമമ്മയ്ക്കും ആഗ്രഹമുണ്ട്. മക്കള്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍ മാതാപിതാക്കള്‍ റെഡിയുമാണ്, അവരുടെ സാമ്പത്തികം അതിന് അനുവദിക്കുമെങ്കില്‍. മക്കളുടെ ഏതൊരാഗ്രഹവും നിര്‍ബന്ധബുദ്ധിയും നടപ്പിലാക്കാന്‍ കടംമേടിച്ചും പട്ടിണി കിടന്നും നടുവൊടിക്കുന്നവരും ഉണ്ട്.

അത് മനസ്സിലാക്കി വളരുന്ന മക്കളുണ്ട്. മനസ്സിലാക്കാതെ വളരുന്ന മക്കളുമുണ്ട്. രണ്ടാമത്തെ കൂട്ടരാണ് കൂടുതല്‍. വീട്ടിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കി പെരുമാറാനും വരുമാനത്തിനനുസരിച്ചു ജീവിക്കാനും മക്കളെ പ്രാപ്തരാക്കുന്നത് മാതാപിതാക്കള്‍ തമ്മിലുള്ള കൂട്ടായ്മയും ഐക്യവുമാണ്. ടീം വര്‍ക്കിലും പരസ്പര വിശ്വാസത്തിലും ധാരണയിലുമുള്ള ഏറ്റക്കുറച്ചിലുകളാണ് ഡബിള്‍ പേരെന്‍റിങ്ങിനു കാരണം. പരസ്പരം കലഹിച്ചു നില്‍ക്കുന്ന മാതാപിതാക്കളെ ഒരുമിപ്പിക്കുന്നതിനേക്കാള്‍ 'ലാഭം' അവരെ സ്മൂത്ത് ആയി ഉപയോഗിക്കുന്നതാണെന്നു തിരിച്ചറിയുന്ന മക്കള്‍ ചൂഷണ കലയും തലതെറിച്ചു നടക്കല്‍ കലയും നിര്‍ബാധം തുടരുമ്പോള്‍ വീട് സംഘര്‍ഷഭരിതമാകും.

വഴിതെറ്റിക്കുന്ന 'ഗൂഗിള്‍ മാപ്പ്'
ഒരു വാഹനത്തിന് ഒരേ സമയം രണ്ടു ദിശയില്‍ സഞ്ചരിക്കാനാവില്ല. ഗൂഗിള്‍ മാപ്പ് നോക്കി കുറച്ചു നേരം ഒരു ദിശയില്‍ പോയിട്ട് അല്പം കഴിയുന്നതേ നേരെ എതിര്‍ദിശയിലേക്കാണ് പോകാന്‍ നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നതെങ്കില്‍ ആ വാഹനം വന്ന വഴിയേ തിരിഞ്ഞോടേണ്ടി വരും. വീണ്ടും ആദ്യത്തെ റൂട്ടില്‍ തന്നെ സഞ്ചരിക്കാന്‍ പറഞ്ഞാല്‍ വണ്ടി വീണ്ടും തിരിഞ്ഞോടണം. അല്പം കഴിഞ്ഞു വീണ്ടും എതിര്‍ദിശയിലേക്കു പോകാന്‍ പറഞ്ഞാല്‍ നമ്മുടെ ടെംപെര്‍ ലൂസ് ആകും. നമ്മള്‍ ഗൂഗിള്‍ മാപ്പ് വേണ്ടാന്ന് വെക്കും. നമ്മുടേതായ ഒരു പോക്കങ്ങു പോകും. അത്ര തന്നെ. കേരളത്തില്‍ വണ്ടി ഓടിച്ചു പരിചയമുള്ളവര്‍ക്ക് ചോദിച്ചു ചോദിച്ചു പോകാം. ചിലര്‍ കറക്റ്റ് വഴി പറഞ്ഞുതരും. ചിലര്‍ വഴി തെറ്റിക്കും. ഇതേ പോലെ തന്നെയാണ് പരസ്പരം യോജിക്കാത്ത നിര്‍ദ്ദേശങ്ങളും ശൈലികളും പരത്തുന്ന മാതാപിതാക്കളും ഡബിള്‍ പാരന്‍റിംഗിലൂടെ ചെയ്യുന്ന ഡാമേജ്.

മക്കളെ വളര്‍ത്തുമ്പോള്‍
മക്കളെ വളര്‍ത്തേണ്ടതെങ്ങനെയാണെന്ന് ഒരു സ്കൂളും യൂണിവേഴ്സിറ്റിയും നമ്മളെ പഠിപ്പിക്കുന്നില്ല. നമ്മള്‍ വളര്‍ന്ന രീതികളും നമുക്ക് കിട്ടിയതും കിട്ടാത്തതും എല്ലാം ചേര്‍ത്ത് വച്ച് ഒരൊന്നൊന്നര പ്രയോഗമാണ് പല മാതാപിതാക്കളും ചെയ്തു വിടുന്നത്. വഴക്കു പറയേണ്ടിടത്തു പറയില്ല വേണ്ടാത്തിടത്തു പറയും, അടിക്കേണ്ടിടത്ത് അടിക്കില്ല തിരുത്തേണ്ടിടത്തു തിരുത്തില്ല പകരം അടിക്കേണ്ടാത്തിടത്ത് അടിയോടടി. ഉപദേശം വേണ്ടാത്തിടത്ത് ഉപദേശ പൂരം. അനുവദിക്കേണ്ടത് അനുവദിക്കേണ്ട പ്രായത്തില്‍ അനുവദിക്കില്ല; പകരം അനുവദിക്കേണ്ടാത്തത് അനുവദിക്കാന്‍ പാടില്ലാത്ത പ്രായത്തില്‍ അനുവദിക്കും മക്കളോടുള്ള സ്നേഹം, വാത്സല്യം, കരുതല്‍ എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ 'അച്ഛന്‍ എതിര്‍ത്തിട്ടും' അമ്മ അനുകൂലിച്ചു വാങ്ങി കൊടുത്ത ആളെക്കൊല്ലി ബൈക്ക് സ്വപുത്രന്‍റെ ജീവിതവും വഴിയേ നടന്നുപോയ ആളുടെ ജീവിതവുമില്ലാണ്ടാക്കിയപ്പോള്‍ ജയിച്ചത് ആര്, തോറ്റതാര്?

നിയന്ത്രണമില്ലാതിരുന്നാല്‍
ചെറു പ്രായത്തില്‍ മൊബൈല്‍ വാങ്ങിച്ചു കൊടുക്കുന്നതും യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കുന്നതും മക്കള്‍ ചാറ്റിങ്ങിനും ചീറ്റിങ്ങിനും ലൈംഗിക പരീക്ഷണങ്ങള്‍ക്കും ഇന്‍റര്‍നെറ്റിലെ നീല സംസ്കാരത്തിനും അടിമകളാകാന്‍ കാരണമാകുന്നുവെങ്കില്‍ ജയിച്ചത് സ്നേഹമാണോ വാത്സല്യമാണോ അതോ മറ്റു വല്ലതുമാണോ. മക്കളുടെ കൂട്ടുകെട്ടുകള്‍ മോശമാണെന്നു വിശ്വസ്തരില്‍നിന്ന് അറിയിപ്പ് കിട്ടിയിട്ടും 'എന്‍റെ മോനാണ്. എന്‍റെ മോളാണ് അവനെ/അവളെ എനിക്കറിയാം. ഒരിക്കലും വഴിതെറ്റില്ല' എന്ന് പറഞ്ഞ് അച്ഛന്‍ കണ്ണടച്ചപ്പോള്‍, അമ്മയുടെ ആശങ്കള്‍ക്കു വില കല്‍പ്പിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കാലം മക്കളെ ഇരുണ്ട ജീവിത വഴികളിലേക്ക് ആവാഹിച്ചപ്പോള്‍ കണ്ണീരുമായി സ്വയം ശപിക്കാനേ മാതാപിതാക്കള്‍ക്കായുള്ളൂ.

വേണ്ടത് കൂട്ടായ്മ
മക്കളുണ്ടായിക്കഴിഞ്ഞാല്‍ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളായതു പോലെ തന്നെ കൂട്ടുത്തരവാദിത്ത്വമാണ് മാതാ പിതാക്കള്‍ക്ക് വേണ്ടത്. എന്തും അനുവദിച്ചു കൊടുക്കുന്ന permissive parenting അല്ല നമ്മുടെ മക്കള്‍ക്ക് വേണ്ടത്. ചെറുപ്പം മുതലേ സ്നേഹത്തിലും ശാസനയിലും ശിക്ഷയിലും ശിക്ഷണത്തിലും മക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ അച്ഛനുമമ്മയും കൈകോര്‍ക്കണം. മുത്തച്ഛനും മുത്തശ്ശിയും തങ്ങളുടെ മക്കളോട് കാണിക്കാത്ത വാത്സല്യവും സ്നേഹവു മൊക്കെ കൊച്ചുമക്കളോടു കാണിച്ചോളു, പക്ഷെ മക്കള്‍ അവരുടെ മാതാപിതാക്കളെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും അനുസരണ ശീലത്തില്‍ കൊച്ചു മക്കള്‍ വളര്‍ന്നുവരാന്‍ പരിശീലനം നല്‍കുകയും വേണം. പരിശീലകര്‍ പല വഴി പറഞ്ഞു കൊടുത്ത ടീമുകളെല്ലാം പെരുവഴിയായ ചരിത്രമേ ഉള്ളൂ. മാതാപിതാക്കള്‍ക്കിടയിലുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും മക്കള്‍ മുതലെടുക്കും അല്ലെങ്കില്‍ അവരെ ബാധിക്കും. അത് മനസ്സിലാക്കി തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ആവശ്യമെങ്കില്‍ മനഃശാസ്ത്ര സഹായമടക്കം സ്വീകരിച്ചു പരിഹരിച്ച് ഒരേ മനസ്സോടെ മക്കളെ വളര്‍ത്തിയാല്‍ അവര്‍ മികച്ച വ്യക്തികളായി മാറും.

Mob: 9744075722
www.roldantz.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org