
'ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക് സംവഹിച്ചു.' - (ലൂക്കാ 16:22)
നമ്മുടെ വിശ്വാസത്തില്‍ മരണാനന്തരം നാമെല്ലാവരും പൂര്‍വപിതാവായ അബ്രാഹത്തിന്റെ മടിയിലേക്കാണ് ആനയിക്കപ്പെടുന്നത്. ലാറ്റിന്‍ ആരാധനക്രമത്തില്‍ മരിച്ചവരുടെ ഒപ്പീസില്‍ ഈ വചനം ഏറ്റു പാടുന്നുണ്ട്.
'പൂര്‍വപിതാവാം അബ്രാമിന്നുടെ മടിയില്‍ നിന്നെയണയ്ക്കാന്‍ മാലാഖമാര്‍ നിരനിരയായി ആഗതരായിരട്ടെ...'
അബ്രാഹം വിശ്വാസികളുടെ പിതാവാണ്. ഉല്പത്തി പുസ്തകം 11:26- 25:11-ാം വാക്യം വരെ പൂര്‍വപിതാവായ അബ്രാഹമിന്റെ ജീവിതത്തെക്കുറിച്ചുള്ള നീണ്ട വിവരണമാണുള്ളത്.
അബ്രാം തേരാഹിന്റെ പുത്രനായിരുന്നു. നാഹോറും ഹാരാനും അവന്റെ സഹോദരന്മാരും. അബ്രാമിന്റെ ഭാര്യ സാറായി. അബ്രാമിനും സാറായിക്കും മക്കളുണ്ടായിരുന്നില്ല. കാരണം സാറായി വന്ധ്യയായിരുന്നു. അബ്രാം തന്റെ പിതാവായ തേരാഹിനും സഹോദര പുത്രന്‍ ലോത്തിനുമൊപ്പം കാനാന്‍ ദേശത്ത് താമസിച്ചുവരികെ പിതാവായ തേരാഹ് അവിടെവച്ച് മൃതിയടഞ്ഞു.
പിതാവിന്റെ മരണശേഷം കര്‍ത്താവ് അബ്രാമിനെ വിളിക്കുന്നത് നാം കാണുന്നു. (ഉല്പത്തി 12:1)
കര്‍ത്താവ് അബ്രാമിനോട് അരുളി ചെയ്തു: 'നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചു തരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും. 'കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാം പ്രവര്‍ത്തിച്ചു. പല സ്ഥലങ്ങളിലും മാറിമാറി താമസിച്ച് അവസാനം അവന്‍ ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരത്തിനു സമീപം താമസമാക്കി. അബ്രാമിനെയും സാറായിയെയും അനപത്യ ദുഃഖം വേട്ടയാടി. അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അവിടുന്ന് അവനെ വീടിനു പുറത്തേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു. ആകാശത്തിലേക്ക് നോക്കുക, ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിനക്കു സന്താന പരമ്പര ഉണ്ടാകും.' അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു, അത് അവന് നീതിയായി പരിണമിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സാറായി അബ്രാമിനോട് പറഞ്ഞു: മക്കളുണ്ടാകാന്‍ ദൈവം എനിക്ക് വരം തന്നിട്ടില്ല, നിങ്ങള്‍ എന്റെ ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ പ്രാപിക്കുക, ചിലപ്പോള്‍ അവള്‍ മൂലം എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. അവന്‍ ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. അവള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. അബ്രാം അവന് ഇസ്മായേല്‍ എന്നു പേരിട്ടു. ഇസ്മായേല്‍ ജനിച്ചപ്പോള്‍ അബ്രാമിന് 86 വയസ്സായിരുന്നു. അബ്രാഹമിന് 99 വയസ്സായപ്പോള്‍ കര്‍ത്താവ് വീണ്ടും അവന് പ്രത്യക്ഷപ്പെട്ട് ഉടമ്പടി ചെയ്യുന്നുണ്ട്. അവിടുന്ന് അവനോട് അരുളിചെയ്തു: 'ഇതാ നീയുമായുള്ള എന്റെ ഉടമ്പടി; നീ അനവധി ജനങ്ങള്‍ക്ക് പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്ന് വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹം എന്നായിരിക്കും. അതുപോലെ അവന്റെ ഭാര്യയെ ഇനിമേല്‍ സാറായി എന്നല്ല സാറാ എന്നാണ് വിളിക്കേണ്ടതെന്നും അവിടുന്ന് കല്‍പ്പിച്ചു. അവളെ അനുഗ്രഹിച്ച് അവളില്‍ നിന്ന് ഞാന്‍ നിനക്കൊരു പുത്രനെ തരും എന്ന് ദൈവം അരുളിചെയ്തു. സാറായില്‍ നിന്നും ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടായിരിക്കും തന്റെ ഉടമ്പടി എന്നും അവിടന്ന് അരുളിചെയ്തു.
കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് അബ്രാഹത്തെയും സാറായെയും അനുഗ്രഹിച്ചു, അബ്രാഹത്തിന്റെ നൂറാമത്തെ വയസ്സില്‍ ഇസഹാക്ക് ജനിച്ചു. കാലം കടന്നുപോകവേ ഇസഹാക്ക് ബാലനായി. തന്റെ പുത്രനായ ഇസഹാക്കിന്റ കൂടെ ദാസി പുത്രന്‍ ഇസ്മായേല്‍ കളിക്കുന്നത് കണ്ട സാറാ അസ്വസ്ഥയായി. ദാസിയെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തെ നിര്‍ബന്ധിച്ചു. അബ്രാഹം ദുഃഖിതനായി. എന്നാല്‍ ദൈവം അവനോട് അരുളിചെയ്തു: 'സാറാ പറയുന്നതുപോലെ ചെയ്യുക. നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും, കുട്ടിയെക്കുറിച്ചും നീ ക്ലേശിക്കേണ്ട. കാരണം ഇസഹാക്കിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.'
പിറ്റേദിവസം അതിരാവിലെ അബ്രാഹം എഴുന്നേറ്റ് കുറേ അപ്പവും, ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെ ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. ആ സമയം വൃദ്ധനായ അബ്രാഹം അനുഭവിച്ച മാനസിക വ്യഥ നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്..
പിന്നീട് ദൈവം അബ്രാഹത്തെ പരീക്ഷിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കഥയാണ്. പുത്രനായ ഇസഹാക്കിനെ മോറിയാ മലയില്‍ കൊണ്ടുപോയി ദൈവത്തിന് ദഹനബലി അര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന അബ്രാഹം ഒട്ടും ശങ്കിച്ചില്ല. ദൈവത്തിന്റെ പരീക്ഷണത്തില്‍ അബ്രാഹം നൂറു ശതമാനം വിജയിച്ചു. അവിടുന്ന് അവനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: 'നീ നിന്റെ ഏക പുത്രനെപ്പോലും എനിക്ക് തരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു. ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.'
സാറായുടെ മരണശേഷം അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവളിലും അവന് മക്കളുണ്ടായി. എന്നാല്‍ അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ അവകാശം ഇസഹാക്കിനു കൊടുത്തു. തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അവന്‍ ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം ഇസഹാക്കില്‍ നിന്നു ദൂരെ കിഴക്കന്‍ ദേശത്തേക്കയച്ചു. തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വാര്‍ധക്യത്തിന്റെ തികവില്‍ അബ്രാഹം മരിച്ച് തന്റെ ജനത്തോട് ചേര്‍ന്നു. മക്കളായ ഇസഹാക്കും, ഇസ്മായേലും ചേര്‍ന്ന് അവനെ സംസ്‌കരിച്ചു. അബ്രാഹത്തിന്റെ ആയുഷ്‌കാലം നൂറ്റിയെഴുപത്തഞ്ചു വര്‍ഷമായിരുന്നു.
പുതിയ നിയമത്തില്‍ പലയിടത്തും പിതാവായ അബ്രാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവന്‍ വിശ്വാസികളുടെ പിതാവാണ്. ഈശോ തന്നെയും അബ്രാഹത്തെ 'നമ്മുടെ പിതാവായ അബ്രാഹം' എന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തെ ഹൃദയപൂര്‍വം സ്‌നേഹിച്ച, കണ്ണടച്ചു വിശ്വസിച്ച, ദൈവത്തെ ഭയപ്പെട്ടു ജീവിച്ച പിതാവായിരുന്നു അബ്രാഹം. എത്രയോ വര്‍ഷങ്ങളാണ് ദൈവത്തിന്റെ വാഗ്ദാനമായ ഒരു സന്തതിക്കു വേണ്ടി അവന്‍ കാത്തിരുന്നത്. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.