ദമ്പതികള്‍ ആത്മീയരോ?

ദമ്പതികള്‍ ആത്മീയരോ?
  • ദമ്പതികള്‍ ആത്മീയരോ?

പൊതുവില്‍ ആത്മീയതയുടെ നിര്‍വചനം ദേവാലയവും വിരക്തിയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ സന്യസ്തരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരും ദേവാലയവുമായി ഇടപഴുകി ജീവിക്കുന്നവരും ആത്മീയരുടെ ഗണത്തില്‍പ്പെടുന്നു. ശ്രദ്ധേയമായ കാര്യം വളരെ പ്രധാനപ്പെട്ട ദൈവവിളിയായ വിവാഹത്തെ പലപ്പോഴും ഇക്കാര്യത്തില്‍ അവഗണിക്കുന്നു.

ബ്രഹ്മചര്യ ജീവിതത്തോളം ആത്മീയമാര്‍ഗമായി വിവാഹത്തെ കാണുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ വിവാഹിതരെ സമര്‍പ്പിതജീവിതം നയിക്കുന്നവരുമായി തുലനം ചെയ്താല്‍ ആത്മീയതയുടെ കാര്യത്തില്‍ സമര്‍പ്പിതര്‍ ഉന്നതരും വിവാഹിതര്‍ രണ്ടാം കിടക്കാരുമാണ് (second class). ഈ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. വിവാഹമെന്ന ചട്ടക്കൂടില്‍ വിശ്വാസം പ്രഘോഷിക്കാന്‍ സാധ്യത ഉണ്ടോ? അതുപോലെ രണ്ടു പേര്‍ ചേര്‍ന്ന് നടത്തുന്ന ദാമ്പത്യ യാത്രയായ വിവാഹജീവിതത്തില്‍ മാത്രം സംജാതമാകുന്ന തനിമയുള്ള ഒരു ആത്മീയതയുണ്ടോ?

  • ദാമ്പത്യം ദൈവത്തിന്റെ ആശയം

വൈവാഹിക സ്‌നേഹം ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രകാശനമാണ്. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ ഈ സ്‌നേഹമാണ് വെളിപ്പെടുത്തപ്പെടുന്നത്. ഏറ്റവും ഉദാത്തമായ ബന്ധമായിട്ടാണ് ദാമ്പത്യത്തെ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നത്. പഴയനിയമം യഹോവയും ഇസ്രായേലും തമ്മിലുള്ള സ്‌നേഹ ഉടമ്പടിയായി വിവാഹത്തെ കാണുമ്പോള്‍ പുതിയ നിയമം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധമായി അതിനെ ഉയര്‍ത്തുന്നു. ഇത്തരത്തില്‍ ശ്രേഷ്ഠതയുള്ള, ദൈവത്തിന്റെ ആശയം തന്നെയായ ദാമ്പത്യത്തെ അതിന്റെ തനതായ ആത്മീയതയോടും സമഗ്രതയോടും കൂടി അടയാളപ്പെടുത്തേണ്ടത് കടമയാണ്.

  • എന്തുകൊണ്ട് ദാമ്പത്യ ആത്മീയത?

എന്തുകൊണ്ട് ദമ്പതികള്‍ക്ക് തനതായ ആത്മീയത എന്നതിന് ആദ്യ ഉത്തരം ദാമ്പത്യം ദൈവത്തിന്റെ ആശയമാണ് എന്നുള്ളതാണ്. ഏകനായ മനുഷ്യന് ഇണയെ വേണം എന്നത് ദൈവത്തിന്റെ തീരുമാനമാണ്. ദൈവസാന്നിധ്യത്തില്‍ രണ്ടുപേരും ഒരുമിച്ചായിരിക്കുക എന്നുള്ളതാണ് അടിസ്ഥാന ലക്ഷ്യം.

സൂചനകള്‍ക്കപ്പുറം സന്യാസം അതിനാല്‍ത്തന്നെ ഒരു പദ്ധതിയായി ബൈബിള്‍ അവതരിപ്പിക്കുന്നില്ല. മറിച്ച് സ്ത്രീപുരുഷ ബന്ധമായ ദാമ്പത്യത്തെയാണ് മനുഷ്യനുള്ള അനുഗ്രഹമായി ബൈബിള്‍ കാണുന്നത് (ഉല്പത്തി 1:27-28). ഇതിനര്‍ത്ഥം ദാമ്പത്യ ആത്മീയത വിരക്തിയുടെയോ ഏകാന്തതയുടെയോ അല്ല; ഒരുമിച്ചായിരിക്കുക എന്നുള്ളതാണ്. ഇവിടെയാണ് ദാമ്പത്യ ആത്മീയത സന്യാസ ആത്മീയതയില്‍ നിന്നും വ്യത്യസ്തവും തനിമയുള്ളതുമാകേണ്ടത്.

രണ്ടാമതായി, ദാമ്പത്യത്തിലെ ദൈവസാന്നിധ്യം (കൂദാശ) തനിമയുള്ള ആത്മീയതയെ സൃഷ്ടിക്കുന്നു (മത്താ. 18:19-20). വി. കുര്‍ബാനയിലും മറ്റ് കൂദാശകളിലും തിരുവചനത്തിലും ദൈവസാന്നിധ്യമുള്ളതിനാല്‍ അവ വിശുദ്ധമാകുന്നതുപോലെ വിവാഹവും വിശുദ്ധമാണ്.

മൂന്നാമതായി, വിവാഹം പൗരോഹിത്യവും സന്യാസവും പോലെ ദൈവവിളിയാണ്. എല്ലാ വിളികളുടെയും ലക്ഷ്യം വിശുദ്ധീകരണവും ദൈവരാജ്യ വ്യാപനവുമാണ്. ഓരോ ജീവിതാവസ്ഥയ്ക്കും അനുയോജ്യമായ ആത്മീയതയിലൂടെയാണ് ഈ ലക്ഷ്യം നേടേണ്ടത്. ദമ്പതികള്‍ സന്യാസ ആത്മീയത ജീവിച്ചാല്‍ അത് എതിര്‍സാക്ഷ്യമാണ്.

  • വൈവാഹിക ആത്മീയത അനുദിനം സ്‌നേഹിക്കുന്നതിന്റെ വിശുദ്ധി

ദാമ്പത്യ ആത്മീയത തനിമയുള്ളതാകുന്നത് വിവാഹത്തിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുമ്പോഴാണ്. ദാമ്പത്യവും കുടുംബവുമാണ് വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍. ഈ രണ്ടു തലങ്ങളെയും വളര്‍ത്തുന്നതാകണം ദാമ്പത്യ ആത്മീയത. ഈ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ ദാമ്പത്യ ആത്മീയതയുടെ അടിസ്ഥാനമായി കണക്കാക്കാം. ഒന്ന് പങ്കാളികള്‍ പരസ്പരം തങ്ങളുടെ വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റിക്കെടുക്കുന്നത്; രണ്ട് തങ്ങളുടെ ദാമ്പത്യ വളര്‍ച്ചയ്ക്കായി അവര്‍ എന്തൊക്കെ ഒരുമിച്ചു ചെയ്യുന്നുവോ അതെല്ലാം ദാമ്പത്യ ആത്മീയതയാണ്.

  • ദാമ്പത്യ ആത്മീയതയുടെ ചില ഉദാഹരണങ്ങള്‍:

പരസ്പരം സ്ഥിരീകരിച്ചും, പ്രോത്സാഹിപ്പിച്ചും, അഭിനന്ദിച്ചും പങ്കാളിയെ വളര്‍ത്തുന്നത്; കുറവുകളേയും ബലഹീനതയെയും ഉള്‍ക്കൊള്ളുന്നതും അംഗീകരിക്കുന്നതും; പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നത്; തുറന്നുള്ള സംസാരം, പൂര്‍ണ്ണമായ ശ്രവിക്കല്‍; ഒരുമിച്ചുള്ള ഗുണമേന്മയുള്ള സമയം, ഉല്ലാസം; ജോലികള്‍ പങ്കിടുന്നതും സഹായിക്കുന്നതും; സമ്മാനം, സേവനം എന്നിവയിലൂടെയുള്ള സ്‌നേഹപ്രകടനം; നല്ല ലൈംഗീകത; ഒരുമിച്ചുള്ള പ്രാര്‍ത്ഥന; ഒരുമിച്ചുള്ള യാത്രകള്‍, തീര്‍ത്ഥാടനം ഇത്തരത്തില്‍ ദമ്പതികള്‍ ആത്മീയതയ്ക്ക് അര്‍ത്ഥം കണ്ടെത്തിയാല്‍ നേട്ടങ്ങള്‍ ഏറെയുണ്ട്.

  1. ആത്മീയത എന്നാല്‍ വിരക്തിയും ഭക്തിയുമാണെന്നുള്ള പരമ്പരാഗത സങ്കല്പത്തിന് മാറ്റം വരും.

  2. വ്യക്തികളുടെ വൈകാരിക ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. ഇത് വ്യക്തികളുടെ ആരോഗ്യമുള്ള മനസ്സിനും ശരിയായ വളര്‍ച്ചയ്ക്കും കാരണമാകും.

  3. അനുദിനസാഹചര്യങ്ങളിലും വ്യക്തികളുടെ ഇടപെടലുകളിലും ഒളിഞ്ഞിരിക്കുന്ന ദൈവസാന്നിധ്യം അനുഭവിക്കാന്‍ സാധിക്കും.

  4. കുടുംബം ഗാര്‍ഹിക സഭയാകുന്ന അനുഭവമുണ്ടാകും.

  • ചില തടസ്സങ്ങള്‍

ദമ്പതി ആത്മീയത എന്ന ചിന്തയ്ക്ക് തടസ്സം നില്‍ക്കുന്നത് ആത്മീയതയെന്നാല്‍ വിരക്തിയും ഭക്തിയുമാണ് എന്ന സങ്കല്പമാണ്. ചില ആത്മീയ മുന്നേറ്റങ്ങള്‍ ഇന്നും ഈ ചിന്തയെ പരിപോഷിപ്പിക്കുന്നുണ്ട്. ഈ ആശയം ഉള്‍ക്കൊള്ളുന്ന ദമ്പതികള്‍ തങ്ങളുടെ പരസ്പരമുള്ള വൈകാരിക ആവശ്യങ്ങളേക്കാള്‍ വിരക്തിക്കും ഭക്തിക്കും പ്രാധാന്യം കൊടുക്കുന്നതായി കാണാം.

ദാമ്പത്യം ജീവിക്കുന്ന ദമ്പതികള്‍ തന്നെയാണ് ദാമ്പത്യ ആത്മീയതയുടെ അര്‍ത്ഥം കണ്ടെത്തി അവതരിപ്പിക്കേണ്ടത്. എന്നാല്‍ ആവശ്യമായ പരിശീലനമോ ഉള്‍ക്കാഴ്ചകളോ അവര്‍ക്ക് നല്‍കാത്തതിനാല്‍ സന്യാസ ആത്മീയത തന്നെ അവരുടെ ആത്മീയതയായി ജീവിക്കുന്നു. ഇതിനു നേതൃത്വം നല്‍കുക എന്നുള്ളത് സഭയുടെ തന്നെ ഉത്തരവാദിത്തമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org