ജപമാലചരിതം

ജപമാലചരിതം

ഈശോ കഴിഞ്ഞാല്‍ സഭയില്‍ നമ്മള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന പരിശുദ്ധ മറിയവുമായി ബന്ധപ്പെട്ടു വളര്‍ന്നു വന്ന ഒന്നാണ് ജപമാല ഭക്തി. യേശുവിന്റെ ജീവിത രഹസ്യങ്ങളെ ധ്യാനിക്കാന്‍ നമ്മെ സഹായിക്കുന്ന ഭക്താനുഷ്ഠാനം. ക്രിസ്തുരഹസ്യമാണ് ജപമാലയുടെ കാതല്‍. അല്മായന്റെ കാനോന നമസ്‌കാര ഗ്രന്ഥവും, നിരക്ഷരന്റെ പ്രാര്‍ത്ഥനാപുസ്തകവും, എളിയവന്റെ ധ്യാനസഹായിയുമായി ജപമാലയെ ഉപമിക്കാറുണ്ട്. ഇന്നു നാം ഉപയോഗിക്കുന്ന വിധത്തിലുള്ള ജപമാലയ്ക്ക് രൂപം കൊടുത്തത് അഞ്ചാം പീയൂസ് മാര്‍ പാപ്പയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ ഡൊമിനിക്കിന്റെ കാലത്താണ് ജപമാലയ്ക്ക് പ്രചുരപ്രചാരം ലഭിച്ചത്. അല്‍ബിജേന്‍സിയന്‍ പാഷണ്ഡത സഭാതനയരെ സാധീനിച്ചിരുന്ന അവസരത്തില്‍ പരിശുദ്ധ മറിയം ഡൊമിനിക്കിനു പ്രത്യക്ഷപ്പെട്ട് ജപമാലഭക്തി പ്രചരിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു. അതുകൊണ്ടുതന്നെയാണ് മാര്‍പാപ്പമാര്‍ ജപമാലയുടെ രക്ഷാകര്‍തൃത്വം ഡൊമിനിക്കന്‍ സഭാംഗങ്ങളെ ഏല്‍പ്പിച്ചുകൊടുത്തിരുന്നത്. 16-ാം നൂറ്റാണ്ടില്‍ ലെപ്പാന്റോയില്‍ വച്ച് തുര്‍ക്കികളുമായുണ്ടായ കുരിശുയുദ്ധത്തില്‍ ക്രൈസ്തവയോദ്ധാക്കള്‍ വിജയം വരിച്ചതിന്റെ വാര്‍ഷികദിനമായ ഒക്‌ടോബര്‍ ഏഴാം തീയതി ജപമാലരാജ്ഞിയുടെ തിരുനാളായി കൊണ്ടാടുന്നു. ജപമാലയുടെ പ്രത്യേക ഭക്തനായ പതിമൂന്നാം ലെയോ മാര്‍പാപ്പയാണ് ഒക്‌ടോബര്‍ മാസം ജപമാല ഭക്തിയുടെ മാസമായി പ്രഖ്യാപിക്കുകയും പരി. ജപമാലയുടെ രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് മാതാവിന്റെ ലുത്തിനിയായില്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തത്. ജപമാലയുടെ പാപ്പാ എന്നാണ് പതിമൂന്നാം ലെയോ മാര്‍പാപ്പ യെ വിശേഷിപ്പിക്കുക. ജപമാലയെ പ്രതിപാദിച്ച് 11 ചാക്രീകലേഖനങ്ങള്‍ പാപ്പാ പുറപ്പെടുവിച്ചിട്ടുണ്ട്. ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ 38-ല്‍ 5 ചാക്രീകലേഖനങ്ങള്‍ ജപമാലയുമായി ബന്ധപ്പെട്ടതായിരുന്നു. 1974-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധപ്പെടുത്തിയ 'മരിയ ഭക്തി' (Marialis Cultus) എന്ന ശ്ലൈഹിക ലേഖനമാണ് മരിയ ഭക്തിയെക്കുറിച്ചുള്ള ബൃഹത്തായ പഠനം നമുക്കു നല്‍കുന്നത്. 'കന്യകാമറിയത്തിന്റെ ജപമാല' (Rosarium Virginis Mariae) എന്നപേരില്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജപമാലയെക്കുറിച്ച് അപ്പസ്‌തോലിക ലേഖനം പുറപ്പെടുവിക്കുകയുണ്ടായി. ജപമാലയില്‍ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ അദ്ധേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org