യാഫെത്ത്

യാഫെത്ത്

നോഹയുടെ മൂന്നാമത്തെ പുത്രനാണ് യാഫെത്ത്. മൂത്തമകനാണെന്നും ഒരു പാരമ്പര്യമുണ്ട്. യാഫെത്തിന്റെ പേര് സഹോദര ങ്ങളുടേതിനേക്കാള്‍ കുറവുപ്രാവശ്യം രേഖപ്പെടുത്തപ്പെട്ടതിനാല്‍ അവസാനം ഉപയോഗിക്കപ്പെട്ടതാണ് എന്നതാണ് ഈ പാരമ്പര്യ ത്തില്‍ പറയുന്നത്. ഹീബ്രുവില്‍ യെഫെത് എന്നാണ് പേര്. ഗ്രീക്ക് മൂലത്തിലെ യാഫെത്ത് എന്ന പേരാണ് മറ്റു തര്‍ജിമകള്‍ സ്വീകരിച്ചിരിക്കുന്നത്. യെഫെത് എന്നാല്‍ 'വെളുത്തവന്‍, സുന്ദരന്‍' എന്നൊക്കെയാണ് മൂലപദത്തില്‍നിന്നും മനസ്സിലാക്കാവുന്ന അര്‍ത്ഥങ്ങള്‍. യാഫെത്തിനു നല്‍കപ്പെട്ട അനുഗ്രഹത്തില്‍നിന്നും (ഏലി 9:27) 'വിശാലമായത്' എന്നൊരു അര്‍ത്ഥവും ഈ പേരിന് കല്പിക്കുന്നുണ്ട്. യാഫെത്തിന്റെ പിന്‍തലമുറ കാനാന്‍ ദേശത്തിന്റെ വടക്കുഭാഗത്തുള്ള വിശാലമായ നാട് സ്വന്ത മാക്കിയതിനാലാണ് ഇപ്രകാരം അര്‍ത്ഥം കല്പിക്കപ്പെടുന്നത്. തന്റെ സഹോദരന്‍ ഷേമുമൊത്തു പിതാവിന്റെ നഗ്‌നത മറച്ചവനാണ് യാഫെത്ത്. തല്‍ഫലമായി, അവന്‍ പിതാവിന്റെ അനുഗ്രഹത്തിന് പാത്രമായി.

നോഹയുടെ മക്കള്‍ക്ക് ഗ്രീക്ക് പേരുകളോട് സാമ്യമുള്ളതുകൊ ണ്ട് ഗ്രീക്ക് മിത്തോളജിയുമായി ബന്ധപ്പെടുത്താറുണ്ട്. ഇയാപെതൂസ് എന്ന ഗ്രീക്ക് ദേവന്റെ പേരാണ് യെഫെത് എന്നായതെന്നാണ് ചില പണ്ഡിതമതം. യാഫെത്തിനെ കുറിച്ച് യഹൂദ ഗ്രന്ഥമായ ജൂബി ലീസ് നല്‍കുന്ന ഒരു വിശദാംശം, ഹാമിനോട് അസൂയ തോന്നിയ അദ്ദേഹം തന്റെ ഭാര്യയുടെ പേരില്‍ അഡാറ്റനീസ് (ഏഥന്‍സ്) എന്ന പേരില്‍ ഒരു നഗരം നിര്‍മ്മിച്ചു എന്നതാണ് (ഏലി 7:15). ഇതില്‍നിന്നും ഇദ്ദേഹം ഗ്രീക്കുകാരുടെ പിതാവാണെന്ന ഒരു പാരമ്പര്യവും ഉണ്ടായിട്ടുണ്ട്.

ഹീബ്രു ബൈബിളിലുടനീളം നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഷെമിന്റെയും ഹാമിന്റെയും പുത്രന്മാരില്‍ നിന്നും പിന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി, യാഫെത്തിന്റെ പുത്രന്മാരും പിന്‍ഗാമികളും മിക്ക ബൈബിള്‍ പുസ്തകങ്ങളില്‍ നിന്നും അവരുടെ അഭാവം കൊണ്ട് ശ്രദ്ധേയമാണ്. ജാഫെത്തിന് 7 ആണ്‍മക്കളുണ്ടായിരുന്നു: ഗോമര്‍, മാഗോഗ്, മാദായി, ജാവാന്‍, തൂബല്‍, മേശെക്ക്, തിരാസ്. ഇതില്‍ ഗോമറും മാഗോഗ്ഗും സാത്താന്റെ സൈന്യമായിത്തീരുമെന്ന് വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു (Rev 20:8). റോമാക്കാരോടൊപ്പം ഗ്രീക്കുകാരും ക്രിസ്തീയ സഭകളുടെ പീഢനത്തില്‍ കൈകോര്‍ക്കും എന്നായിരിക്കാം ഇവിടെ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org