സ്ഥൈര്യലേപനം: ബലപ്പെടുത്തുന്ന കൂദാശ [ഭാഗം 3]

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 'കൂദാശകള്‍' : ഒരു പുനര്‍വായന
സ്ഥൈര്യലേപനം: ബലപ്പെടുത്തുന്ന കൂദാശ [ഭാഗം 3]
ക്രിസ്തീയവിശ്വാസത്തെ ആഴപ്പെടുത്തുന്നതും ക്രിസ്തുബോധത്തെ ബലപ്പെടുത്തുന്നതും സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നതുമായ ആത്മീയപോഷണമാണ് സ്ഥൈര്യലേപനം. ക്രിസ്തുനാഥന്‍ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവാണ് സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുന്നത് (യോഹ. 16:13). മാമ്മോദീസായിലൂടെ ലഭിച്ച കൃപാവരത്തിന്റെ പൂര്‍ത്തീകരണത്തിനും പരിശുദ്ധാത്മാവിന്റെ സവിശേഷ ശക്തിയാല്‍ സമ്പന്നരാക്കപ്പെടുന്നതിനുമാണ് സ്ഥൈര്യലേപനം എന്ന കൂദാശ നാം സ്വീകരിക്കുന്നത് (CCC. 1285).

സ്ഥൈര്യലേപനം രക്ഷാകര പദ്ധതിയില്‍

യഹൂദ മതചിന്തയില്‍ പിതാവ് - പുത്രന്‍ - പരിശുദ്ധാത്മാവ് എന്ന സംജ്ഞയ്ക്ക് സ്ഥാനമില്ല. ഒരു ദൈവത്തില്‍ മൂന്ന് ആളുകള്‍ എന്ന തത്വം അന്നും ഇന്നും യഹൂദര്‍ക്ക് സ്വീകാര്യമല്ല. എങ്കിലും പ്രവാചകഗ്രന്ഥങ്ങളില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് ചില സൂചനകള്‍ നല്കുന്നതായി കാണാം (ഏശ. 2:61, 1). ദൈവത്തിനുവേണ്ടി സംസാരിച്ചിരുന്നവരും ക്രിസ്തുവിന്റെ മുന്നോടികളുമായിരുന്നു പ്രവാചകന്മാര്‍. ക്രിസ്തുവിന്റെ കുരിശിനോട് താദാത്മ്യപ്പെട്ടവര്‍. യഹൂദ ജനം ഒരു രാജാവായ മിശിഹായെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവന്‍ സഹന ദാസനായിരിക്കും എന്ന് പ്രഖ്യാപിച്ചവരാണവര്‍ (ഏശ. 53:1-12). ദൈവിക വെളിപാടിന്റെ പൂര്‍ണ്ണതയായ ക്രിസ്തുവിലൂടെ നമുക്ക് വെളിപ്പെടുത്തി കിട്ടിയതാണ് പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്ന ത്രിയേക സത്യം. പഴയ നിയമത്തില്‍ പ്രവാചകന്മാര്‍ പറഞ്ഞുവച്ച യേശുവിലൂടെ വെളിവാക്കപ്പെട്ട പരിശുദ്ധാത്മാവ് യേശുവിന്റെ ജനനത്തിലും (മത്താ. 1:18) ജ്ഞാനസ്‌നാന വേളിയിലും (മത്താ. 3:16-17) പിതാവ് ഏല്പിച്ച ദൗത്യനിര്‍വഹണത്തില്‍ അളവറ്റ വിധത്തിലും (യോഹ. 3:3-4) പൂര്‍ണ്ണമായും പ്രവര്‍ത്തനനിരതമായിരുന്നു.

ആത്മാവിന്റെ ഈ പൂര്‍ണ്ണത മിശിഹായില്‍ മാത്രം നിലനില്‍ക്കാനുള്ളതായിരുന്നില്ല. പിന്നെയോ മെസ്സയാനിക് ജനത്തിന് മുഴുവന്‍ കൈമാറാനുള്ളതായിരുന്നു. ആദ്യമായി ഉയിര്‍പ്പു ദിനത്തിലും പിന്നീട് പെന്തക്കുസ്താ ദിനത്തിലും അവിടുന്ന് ഈ വാഗ്ദാനം നിറവേറ്റി. പരിശുദ്ധാത്മാവിന്റെ ഈ വര്‍ഷിക്കല്‍ മെസ്സയാനിക് യുഗത്തിന്റെ അടയാളമാണെന്ന് പത്രോസും പ്രഖ്യാപിച്ചു. അപ്പസ്‌തോലന്മാരുടെ പ്രസംഗത്തില്‍ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചവര്‍ പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുകയും ചെയ്തു (CCC. 1287). മാമ്മോദീസായിലൂടെ ലഭിച്ച കൃപാവരത്തെ പൂര്‍ണ്ണമാക്കുന്ന ഈ ദാനം സ്ഥൈര്യലേപനത്തിലൂടെ അപ്പസ്‌തോലിക കൈവപ്പ് വഴി ദൈവജനത്തിന് ലഭിക്കുന്നു.

സ്ഥൈര്യലേപനം എന്നത് മാമ്മോദീസായുടെ സ്ഥിരീകരണം, മാമ്മോദീസായിലൂടെ ലഭിച്ച കൃപാവരത്തിന്റെ ശക്തിപ്പെടുത്തല്‍ എന്നിവയെ ഒരേ സമയം സൂചിപ്പിക്കുന്നു.

സ്ഥൈര്യലേപനത്തിന്റെ ഫലങ്ങള്‍

  • 1) പരിശുദ്ധാത്മാവിനാല്‍ സ്ഥിരീകരിക്കപ്പെടുന്നു.

  • 2) ദൈവപുത്രസ്ഥാനത്തേക്കുള്ള വളര്‍ച്ച നടക്കുന്നു.

  • 3) പ്രസാദവരത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കപ്പെടുന്നു.

  • 4) പ്രേഷിതദൗത്യവും ദര്‍ശനവും നല്കുന്നു.

  • 5) സഭയുടെ കൂട്ടായ്മയില്‍ ഉറപ്പിക്കുന്നു.

  • 6) സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നു.

  • 7) ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു.

ആര്‍ക്കൊക്കെ സ്വീകരിക്കാം

മാമ്മോദീസാ സ്വീകരിച്ച ഏതൊരു വിശ്വാസിക്കും സ്ഥൈര്യലേപനം സ്വീകരിക്കാം. സ്ഥൈര്യലേപനത്തെ ക്രൈസ്തവപക്വതയുടെ കൂദാശ എന്ന് വിളിക്കാറുണ്ട്. വിശ്വാസ പക്വതയെ സ്വാഭാവിക വളര്‍ച്ചയുടെ പക്വതയുമായി കൂട്ടിക്കുഴയ്ക്കരുത്. ബാല്യത്തില്‍ പോലും മനുഷ്യര്‍ക്ക് ആധ്യാത്മിക പക്വത നേടാന്‍ കഴിയും. മാമ്മോദീസാ സ്വീകരിച്ച് സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തീയ ജീവിതത്തിന്റെ പ്രാരംഭവും കേന്ദ്രവും ഉച്ചസ്ഥായിയുമായ വിശുദ്ധ കുര്‍ബാനയിലേക്ക് വിശ്വാസി എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന, എന്നിവ പ്രാരംഭ കൂദാശകളായി സഭ കണക്കാക്കുന്നു.

സ്ഥൈര്യലേപനത്തിന്റെ കാര്‍മ്മികന്‍

സ്ഥൈര്യലേപനത്തിന്റെ യഥാര്‍ത്ഥ കാര്‍മ്മികന്‍ മെത്രാനാണ് (LG 26). ആദിമസഭയില്‍ അപ്പസ്‌തോലന്മാരാണ് അത് നിര്‍വഹിച്ചിരുന്നത് എന്നതാണ് അതിന്റെ മൂലകാരണം (അരെേ 8:14-17). ലത്തീന്‍ സഭയില്‍ ഇന്നും സ്ഥൈര്യലേപനം നല്കുന്നത് മെത്രാന്മാര്‍ മാത്രമാണ്. തിരുപ്പട്ട ശുശ്രൂഷയുടെ പൂര്‍ണ്ണത സ്വീകരിച്ചവരാണ് മെത്രാന്മാര്‍ എന്നതുകൊണ്ടാണത്. എന്നാല്‍ ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ വൈദികരെ അനുവദിക്കാറുണ്ട്. പൗരസ്ത്യ സഭകളില്‍ മെത്രാന്റെ പ്രതിനിധി എന്ന നിലയില്‍ മെത്രാന്‍ ആശീര്‍വദിച്ച് മൂറോന്‍ ചെയ്ത വിശുദ്ധ തൈലം കൊണ്ട് വൈദികര്‍ തന്നെയാണ് ഇത് പരികര്‍മ്മം ചെയ്യുന്നത്.

എപ്പോള്‍ നല്കണം

സ്ഥൈര്യലേപനം എപ്പോള്‍ നല്കണം എന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ദൈവശാസ്ത്ര ചിന്തയും സഭയിലുണ്ട്. സ്ഥൈര്യലേപനം ഒരു കൂദാശ എന്ന നിലയില്‍ നിയതമായ ക്രമത്തോടെ സാര്‍വത്രിക സഭയില്‍ സ്വീകരിക്കപ്പെടുന്നത് 9, 10 നൂറ്റാണ്ടുകളോടെയാണ്. എന്നാല്‍ ആദിമ നൂറ്റാണ്ടു മുതല്‍ പരിശുദ്ധാത്മാവിനുവേണ്ടിയുള്ള പ്രത്യേക കൈവയ്പ് പ്രാര്‍ത്ഥന സഭയിലുണ്ടായിരുന്നു. കൂദാശകള്‍ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടു എന്നതും അത് ഏഴ് എണ്ണമാണ് എന്നതുമെല്ലാം സഭ വിവേചിച്ച് മനസ്സലാക്കിയെടുത്തത് നൂറ്റാണ്ടുകളിലൂടെയാണ് എന്നത് വിസ്മരിക്കരുത്. എ ഡി 1431-ലെ ഫ്‌ളോറന്‍സ് സൂനഹദോസിലും 1545 ലെ തെന്ത്രോസ് സൂനഹദോസിലുമാണ് കൂദാശകളെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങള്‍ സഭയില്‍ രൂപപ്പെട്ടത്.

ആത്മാവിന് പോഷണം നല്കുന്ന കൂദാശകള്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവേ പൗരസ്ത്യസഭകളില്‍ മാമ്മോദീസായോടൊപ്പം തന്നെ സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബാനയും നല്കുന്നു. എന്തുകൊണ്ട് മാമ്മോദീസ ശിശുക്കള്‍ക്ക് നല്കുന്നു എന്ന അതേ കാരണം കൊണ്ടുതന്നെയാണിത്.

ലത്തീന്‍ സഭയില്‍ 10-12 വയസ്സിനുശേഷമാണ് സ്ഥൈര്യലേപനം നല്കുന്നത്. മാമ്മോദീസായിലൂടെ ലഭിച്ച വരദാനങ്ങള്‍ കൂടുതല്‍ ഉജ്ജ്വലിപ്പിച്ച് പ്രേഷിതദൗത്യത്തിനായി പരിശുദ്ധാത്മാവിനാല്‍ സ്ഥിരപ്പെടുത്തുന്ന കൂദാശ ആയതിനാല്‍ തിരിച്ചറിവോടുകൂടി അത് സ്വീകരിക്കുന്നു. സ്ഥൈര്യലേപനം മാമ്മോദീസായില്‍ നിന്ന് വേറിട്ട് ആഘോഷിക്കുമ്പോള്‍ അതിന്റെ അനുഷ്ഠാനകര്‍മ്മം തുടങ്ങുന്നത് സ്ഥൈര്യലേപനം സ്വീകരിക്കുന്നവര്‍ നടത്തുന്ന ജ്ഞാനസ്‌നാന വാഗ്ദാനങ്ങളുടെ നവീകരണം, വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ എന്നിവയോടുകൂടിയാണ്. മാമ്മോദീസാ വേളയില്‍ നമ്മുടെ തലതൊട്ടപ്പനും തലതൊട്ടമ്മയും നമുക്കുവേണ്ടി പ്രഖ്യാപിച്ച വിശ്വാസത്തെ ബോധപൂര്‍വം ഏറ്റുപറയുന്നതു വഴി മാമ്മോദീസായിലൂടെ സ്വീകരിച്ച കൃപാവരത്തിന്റെ പൂര്‍ത്തീകരണവും സ്ഥിരീകരണവും സംഭവിച്ച് ദിവ്യകാരുണ്യത്തിന്റെ ഭാഗമാകുന്നതിലൂടെ പ്രാരംഭ കൂദാശകളുടെ പൂര്‍ത്തീകരണം നടക്കുന്നു.

ആദിമ കാലങ്ങളില്‍ പ്രേഷിത പ്രവര്‍ത്തന ഫലമായി മുതിര്‍ന്ന വര്‍ക്ക് മാമ്മോദീസാ നല്കു മ്പോള്‍ ആത്മാവിന്റെ പോഷണമായ പ്രാരംഭ കൂദാശകള്‍ ഒന്നിച്ചാണ് നല്കിയിരുന്നത്. കാലക്രമത്തില്‍ ശിശുക്കള്‍ക്ക് മാമ്മോദീ സാ നല്കി തുടങ്ങിയപ്പോള്‍ സ്ഥൈര്യലേപനം തിരിച്ചറിവിന്റെ പ്രായത്തില്‍ നല്കാന്‍ ആരംഭിച്ചു. മെത്രാന്മാര്‍ തന്നെ അത് നല്കു ന്നു എന്നതും അജപാലനപരമായ ഒരു കാരണമായി ഭവിച്ചു.

പൗരസ്ത്യസഭകളില്‍ ശിശു മാമ്മോദീസായോടൊപ്പം തന്നെ സ്ഥൈര്യലേപനവും വി. കുര്‍ബാനയും നല്കിയിരുന്നു എങ്കിലും സീറോ-മലബാര്‍ സഭയില്‍ അടുത്തകാലം വരെ ലത്തീന്‍ സഭയിലേതുപോലെ വ്യത്യസ്ത സമയത്താണ് നല്കി വന്നിരുന്നത്. പൗരസ്ത്യവല്‍ക്കരണത്തിന്റെ ഭാഗമായി 2005 മുതല്‍ സീറോ-മലബാര്‍ സഭയിലും പ്രാരംഭ കൂദാശകള്‍ ഒന്നിച്ചു നല്കാന്‍ ആരംഭിച്ചെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോഴും പഴയ രീതി തുടരുന്നു. പാരമ്പര്യത്തേക്കാള്‍ പ്രായോഗികതയ്ക്ക് ഊ ന്നല്‍ നല്കുന്നതുകൊണ്ടാണിത്. ചരിത്രഗതിയില്‍ നമുക്ക് ലഭിച്ച പൗരസ്ത്യ പാരമ്പര്യത്തില്‍ നി ന്നും പാശ്ചാത്യ പാരമ്പര്യത്തില്‍ നിന്നും നല്ലതിനെ സ്വീകരിച്ച് ഒരു തദ്ദേശീയ വ്യക്തിസഭയായി സീറോ മലബാര്‍ സഭ ആയിത്തീരണം എന്ന അഭിവന്ദ്യ കര്‍ദിനാള്‍ പാറേക്കാട്ടില്‍ പിതാവിനെപ്പോലെയുള്ളവരുടെ ആശയത്തിന് അടിവരയിടുന്നതാണിത്.

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഒരു ശിശുവിന് മാമ്മോദീസാ നല്കുമ്പോള്‍ ജന്മപാപത്തില്‍ നിന്നും കര്‍മ്മപാപത്തില്‍ നിന്നും മോചിപ്പിച്ച് ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാക്കി ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിച്ച് സഭയില്‍ അംഗമാക്കുന്നു. ഇങ്ങനെ ആത്മാവില്‍ നിറഞ്ഞ് പൂര്‍ണ്ണ വി ശുദ്ധയായി തീര്‍ന്ന ഒരു കുഞ്ഞിന് അപ്പോള്‍ തന്നെ വീണ്ടും പരിശുദ്ധാത്മാവിനാല്‍ നിറയുന്ന മറ്റൊരു കൂദാശ നല്കുന്നതിനേക്കാള്‍ യുക്തിഭദ്രമല്ലെ മാമ്മോദീസയിലെ വ്രതങ്ങള്‍ സ്വയം ഏറ്റുപറഞ്ഞ് ബോധപൂര്‍വം ആത്മാവില്‍ സ്ഥൈര്യപ്പെടുന്നത്.

പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ മാര്‍പാപ്പയെ അംഗീകരിച്ച് ഒരേ വിശ്വാസവും ഒരേ കൂദാശകളും ഏറ്റുപറയുന്നവര്‍ സ്ഥൈ ര്യലേപനം വ്യത്യസ്ത സമയങ്ങളില്‍ ആഘോഷിക്കുമ്പോഴുള്ള അജപാലനപരമായ പ്രതിസന്ധി യും ഇവിടെയുണ്ട്. 5 ലത്തീന്‍ രൂപതകളിലെ വിശ്വാസികള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ ഇടകലര്‍ന്ന് വസിക്കുന്നു. കൈമാറ്റ പ്രക്രിയയിലൂടെ ഒരേ വിശ്വാസത്തില്‍ വളരുമ്പോള്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നിനേക്കാള്‍ നന്മയെ സ്വീകരിക്കാനുള്ള തുറവിയും അജപാലനപരമായ വിവേകവുമാണ് നാം കാണിക്കേണ്ടത്.

തൈലംകൊണ്ട് അഭിഷേ കം ചെയ്യുന്നതിനാല്‍ ഈ കൂ ദാശയെ 'തൈലാഭിഷേകം' എ ന്നാണ് സീറോ-മലബാര്‍ സഭ വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യുന്നതിന്റെ അടയാളമാണ് വിശുദ്ധ തൈലം എന്നത് ശരിതന്നെയാണ്. എന്നാല്‍ സ്ഥൈ ര്യലേപനത്തില്‍ മാത്രമല്ല മറ്റ് മൂന്നു കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോഴും വി. തൈലം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നുണ്ടെങ്കിലും ആത്മാവില്‍ ബലപ്പെടുത്തുന്ന കൂദാശ എന്ന നിലയില്‍ 'സ്ഥൈര്യലേപനം' എന്ന പദമാണ് ഈ കൂദാശയുടെ അര്‍ഥത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത്. സ്ഥൈര്യലേപനം എന്നത് മാമ്മോദീസായുടെ സ്ഥിരീകരണം, മാമ്മോദീസായിലെ കൃ പാവരത്തിന്റെ ശക്തിപ്പെടുത്തല്‍ എന്നിവയെ ഒരേ സമയം സൂചിപ്പിക്കുന്നു (CCC. 1289).

ക്രിസ്തുവിന്റെ പ്രവാചക ദൗത്യത്തില്‍ പങ്കുചേര്‍ന്ന് സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മെ ശക്തരാക്കുന്ന, ആത്മാവില്‍ നമ്മെ ബലപ്പെടുത്തുന നിറവിന്റെ കൂദാശയാണ് സ്ഥൈര്യലേപനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org