കിടങ്ങൂര്‍ ഇന്‍ഫെന്റ് ജീസസ് ഇടവകയില്‍ മതബോധനത്തിന്റെ അധ്യയന വര്‍ഷാരംഭത്തോടനു ബന്ധിച്ചുള്ള സ്റ്റാഫ് മീറ്റിംഗില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നു മാതാപിതാക്കളും മക്കളോടൊപ്പം ഒരു ഞായറാഴ്ച ക്ലാസ് അടിസ്ഥാനത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കുക എന്നത്. തുടര്‍ന്നുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അതതു ദിവസം മാതാപിതാക്കള്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം ക്ലാസ് പി ടി എ ചേരുകയും വേണമെന്ന് തീരുമാനിച്ചു.
വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ അടുത്തറിയുവാനും തങ്ങളുടെ കുട്ടികളെക്കുറിച്ച് വ്യക്തിപരമായ അറിവുകള്‍ ശേഖരിക്കുവാനും ഈ പരിപാടി ഉപകരിക്കുന്നു എന്നതില്‍ മാതാപിതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഒരു പോരായ്മ സമയനിഷ്ഠയുടെ കാര്യത്തില്‍ കുട്ടികള്‍ കാര്യമായി വീഴ്ച വരുത്തുന്നു എന്നതാണ്. അതു പരിഹരിക്കുവാന്‍ ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ വിധത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നു.
രാവിലെ 8:45 നു മുന്‍പ് അധ്യാപകരുടെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയശേഷം പള്ളി അകത്തുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ മിഠായിയും ടോക്കണും നല്‍കുന്നു. നൂറില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ നറുക്കെടുപ്പിലൂടെ പ്രത്യേക സമ്മാനം നല്‍കിവരുന്നു. കൃത്യസമയത്ത് എത്തുന്നവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു എന്നത് സന്തോഷജനകമാണ്.
ആണ്ടു വട്ടത്തില്‍ എല്ലാ ദിവസവും പള്ളിയില്‍ വരുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനമായി ഫ്‌ളൈറ്റില്‍ ബാംഗ്ലൂര്‍ ട്രിപ്പ് വാഗ്ദാനം ആകര്‍ഷകമായി. 62 കുട്ടികള്‍ ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
പഠനപ്രക്രിയയിലുള്ള മുതിര്‍ന്ന കുട്ടികളുടെ താല്പര്യക്കുറവ് പരിഹരിക്കുവാന്‍ ഇടയ്‌ക്കൊക്കെ പ്രത്യേക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് ജൂലൈ 28 ന് വികാരിയച്ചന്റെയും കൊച്ചച്ചന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ക്ലാസ്സ് ഏറെ സ്വീകാര്യത ഉളവാക്കി. അവരുടെ സംശയങ്ങള്‍ക്ക് മറുപടി എന്ന വിധത്തില്‍ ആദ്യമേ തന്നെ ചോദ്യങ്ങള്‍ എഴുതി വാങ്ങി തുടങ്ങിയതുകൊണ്ട് അതീവ ശ്രദ്ധയോടെ കേള്‍ക്കുവാന്‍ താല്‍പര്യം കാണിച്ചു.