തീരാസ്

സിപ്പോറിം 18
തീരാസ്

ബൈബിളിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് തീരാസ്. രണ്ടിടങ്ങളില്‍ മാത്രമേ തീരാസിനെക്കുറിച്ച് പരാമര്‍ശമുള്ളൂ. ഉല്‍പ്പത്തിപ്പുസ്തകം പത്താം അധ്യായത്തിലെ ജനതകളുടെ ഉത്ഭവ വിവരണത്തിലും, ഒന്ന് ദിനവൃത്താന്തത്തിലെ ആദ്യ അധ്യായത്തിലെ വംശാവലിയിലും. ഇവിടെ രണ്ടിടത്തുമല്ലാതെ മറ്റൊരിടത്തും തീരാസിനെക്കുറിച്ചോ അയാളുടെ പിന്‍തലമുറയെക്കുറിച്ചോ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇല്ല. യാഫെത്തിന്റെ ഏഴുമക്കളില്‍ അവസാനത്തെ മകനാണ് തീരാസ്. ബൈബിളേതര ഗ്രന്ഥങ്ങളിലും വേണ്ടത്ര വിവരണങ്ങള്‍ ഇല്ലാത്തതിനാല്‍ തീരാസിന്റെ പിന്തലമുറക്കാരുടെ വാസസ്ഥലത്തെപ്പറ്റി അത്രകണ്ട് കൃത്യതയോടെ പറയാന്‍ സാധിക്കില്ല; അനുമാനങ്ങളും, സാധ്യതകളും മാത്രമാണ് ആശ്രയം.

നോഹയുടെ പിന്‍തലമുറയില്‍ സെമറ്റിക്ക് അല്ലാത്ത മിക്കവാറും വംശങ്ങളൊക്കെയും വാഗ്ദത്ത ഭൂമിയില്‍ നിന്നും അകലങ്ങളിലാണ് വസിച്ചിരുന്നത്. ദൈവത്തില്‍ നിന്നും അകന്നവരെന്നും ഇസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെന്നുമാണ് ഈ അകലംകൊണ്ട് ബൈബിള്‍ അര്‍ത്ഥമാക്കുന്നത്. തന്റെ മറ്റ് സഹോദരങ്ങളെപ്പോലെ തീരാസും വാഗ്ദത്ത ദേശത്തില്‍നിന്നും അകലെയാണ് ജീവിച്ചിരുന്നത്. ഒരു പക്ഷെ യാഫെത്തിന്റെ മക്കളില്‍ തീരാസിന്റെ പിന്‍തലമുറയായിരിക്കും വാഗ്ദത്തദേശത്തു നിന്നും ഏറ്റവും അകലെ ജീവിച്ചിരുന്നത്.

ആരംഭകാലത്ത് തീരാസിന്റെ പിന്‍തലമുറക്കാര്‍ വസിച്ചിരുന്നത് ഏഷ്യാമൈനറില്‍ ആയിരുന്നെന്നാണ് അനുമാനം. പില്‍ക്കാലത്ത് അവര്‍ ഇറ്റലിയിലേക്കും, ഫ്രാന്‍സിലേക്കും അതിനടുത്തുള്ള പ്രദേശങ്ങളിലേക്കും പോയി അവിടെ വാസമാരംഭിച്ചു. ഇത്രമേല്‍ അകലെ വസിച്ചിരുന്നതിനാല്‍ ബൈബിളിന്റെ ചരിത്രത്തില്‍ ഇവര്‍ തങ്ങളുടെ സഹോദരങ്ങളോട് ചേര്‍ന്ന് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുന്നതായി കാണപ്പെടുന്നില്ല.

കരിങ്കടലിന്റെ ഓരങ്ങള്‍ ചേര്‍ന്ന് വസിച്ചിരുന്ന ജനവിഭാഗങ്ങള്‍ തീരാസിന്റെ വംശജരാണെന്നാണ് യഹൂദ ചരിത്രകാരനായ ജോസേഫുസ് ഫ്‌ളാവിയൂസ് പറയുന്നത്. ടൈര്‍സേനിയന്‍, ത്രാഷിയന്‍, ഗോത്, ഡാഷിയന്‍ തുടങ്ങിയ വംശജര്‍ തീരാസിന്റെ പിന്‍തലമുറക്കാര്‍ ആണെന്ന് കരുതപ്പെടുന്നു. ബിത്തിനിയന്‍, മരിയന്‍ഡിനിയന്‍, പാഫ്‌ലാഗോണിയന്‍, മൈസിയന്‍ തുടങ്ങിയ മേല്‍പ്പറഞ്ഞ വംശജരുടെ ഉപവിഭാഗങ്ങളുമാണ്.

ബൈബിളിന്റെ ഭാഷ്യത്തില്‍ യാഫെത്തിന്റെ കുലങ്ങളെല്ലാംതന്നെ ഇസ്രായേല്യരുടെ ശത്രുക്കളായിരുന്നു. ഗോഗിന്റെ നേതൃത്വത്തില്‍ (മാഗോഗ് വംശജര്‍) മറ്റ് സഹോദര വംശജരും ഇസ്രയേലിനെതിരെ നടത്തുന്ന യുദ്ധങ്ങളെപ്പറ്റി എസക്കിയേലിന്റെ പുസ്തകത്തില്‍ വിവരിക്കപ്പെട്ടതിനെപ്പറ്റി നമ്മള്‍ കണ്ടതാണ് (38:26). പില്‍ക്കാലത്തു ഗ്രീക്കുകാരും (യാവാന്‍ വംശജര്‍) ഇസ്രയേലിനെതിരെ യുദ്ധത്തിന് വരുന്നത് നമ്മള്‍ മക്കബായരുടെ പുസ്തകങ്ങളില്‍ കാണുന്നുണ്ട്. തീരാസിന്റെ വംശജര്‍ മേല്പറഞ്ഞതുപോലെ ഈ രണ്ട് പ്രാവശ്യവും ബൈബിളില്‍ പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ ഇവരും പാരമ്പര്യം തെറ്റിക്കുന്നില്ല. മുന്‍പേ പറഞ്ഞതുപോലെ തീരാസിന്റെ പിന്‍തലമുറയാണ് ഇറ്റലിയില്‍ വാസമുറപ്പിച്ചതെങ്കില്‍ പഴയനിയമ കാലഘട്ടത്തിനുശേഷം റോമാക്കാര്‍ പാലസ്തീന കീഴടക്കുന്നതിലൂടെ അതും പൂര്‍ത്തിയാവുന്നു. ചുരുക്കത്തില്‍ നോഹയുടെ മൂന്നാമത്തെ പുത്രനായ യാഫെത്തിന്റെ എല്ലാ മക്കളും തന്നെ ഇസ്രായേലിന് എതിരേ നില്ക്കുന്നവരാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദൈവത്തിനോട് ചേര്‍ന്നുനില്‍ക്കാത്തവന്‍ ദൈവത്തിന് എതിരാണ്. 'എന്നോട് കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു' (ലൂക്കാ 11:22).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org