ഇടയന്‍

ഇടയന്‍

'കര്‍ത്താവാണ് എന്റെ ഇടയന്‍...' (Ps 23). ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പ്രിയമുള്ള സങ്കീര്‍ത്തനങ്ങളില്‍ ഒന്നാണ് ഇത്; എന്നാല്‍ യഹൂദര്‍ക്ക് അത്ര ഇഷ്ടപ്പെടാത്തതും! കര്‍ത്താവ്, താന്‍ ഒരു ഇടയാനാണെന്ന് പലപ്പോഴും പറയുന്നുണ്ട് (Is 40:11; Ez 34:12; Amos 3:12). 'കര്‍ത്താവിന് എങ്ങനെയാണ് സ്വയം, നികൃഷ്ടരായ ഇടയന്മാരുമായി സാമ്യപ്പെടുത്താന്‍ സാധിക്കുക' എന്നതായിരുന്നു യഹൂദ പ്രമാണിമാരുടെ സംശയവും പരിഭവവും. കാരണം, ഇടയന്മാര്‍ സംസ്‌ക്കാര ശൂന്യരും, നികൃഷ്ടരും, വൃത്തിഹീനരും, വിശ്വസിക്കാന്‍ കൊള്ളാത്തവരും... അങ്ങനെ നീണ്ടു പോകുന്നു ഇടയന്മാരെക്കുറിച്ചുള്ള യഹൂദ പ്രമാണിമാരുടെ ചിന്തകള്‍. അതിനാല്‍ പൊതുസ്ഥലങ്ങളിലോ, പട്ടണങ്ങളിലോ അവര്‍ക്ക് സ്വീകാര്യതയോ ഇടങ്ങളോ ഇല്ലായിരുന്നു. ഇടയകൂടാരങ്ങള്‍ പട്ടണത്തിനു പുറത്തായിരുന്നു, സത്രങ്ങളൊക്കെയും പട്ടണത്തിന് അകത്തും. ഈശോ ബേത്‌ലെഹെം പട്ടണത്തിന് വെളിയില്‍ പിറന്നതുപോലും അക്കാരണത്താലാണ് ജനതകളുടെ ഇടയനായി പിറക്കുന്നവന്‍ മറ്റ് ഇടയരെക്കണക്കെ പട്ടണത്തിനു വെളിയില്‍ പിറക്കുകയെന്നതായിരുന്നു ദൈവനിശ്ചയം.

യഹൂദ സമൂഹത്തില്‍ ഇടയന്മാര്‍ തിരസ്‌കൃതര്‍ ആയിരുന്നെങ്കിലും രക്ഷാകര ചരിത്രത്തില്‍ അവരുടെ സ്ഥാനം അത്ഭുതാവഹമാണ്. യഹൂദ പിതാക്കന്മാരെല്ലാം ഇടയന്മാരായിരുന്നു. ഇടയനായ അബ്രഹാമില്‍ തുടങ്ങുന്നു ആ ചരിത്രം. ഈജിപ്റ്റില്‍നിന്നുമുള്ള യഹൂദരുടെ പുറപ്പാട് നയിച്ചത് ഇടയനായ മോശയാണ്. ഇസ്രയേലിന്റെ സുപ്രധാനിയായ രാജാവ് ദാവീദ് ഇടയനായിരുന്നു. പ്രവാചകന്മാരില്‍ പലരും ഇടയന്മാരായിരുന്നു. ഒടുവില്‍ ക്രിസ്തുവില്‍ വെളിവാക്കപ്പെടുന്ന രക്ഷയുടെ സന്ദേശം ആദ്യം ലഭിച്ചതും ഇടയന്മാര്‍ക്കായിരുന്നു. തുടര്‍ന്ന് സഭയെ നയിക്കാനുള്ളവര്‍ ഇടയരെക്കണക്കെ ജീവത്യാഗം ചെയ്യുന്നവരാകണമെന്ന് ഈശോയും പഠിപ്പിച്ചു. (Gen 13:12; 30:29; 37:12; 46:32-34; 1Sam 16:11; Ps 80:1; Amo 7:14; Ez 34:23; Lk 2:11; Mt 25:32; Jn 10:14; Heb 13:20; 1 Per 5:2-4).

രക്ഷാകര ചരിത്രത്തില്‍ ഇടപെടുന്ന കര്‍ത്താവിന് ഒരു ഇടയന്റെ സ്വഭാവമായിരുന്നു. ആടുകളെ ഇടയന്‍ പുല്‍മേടുകളിലേക്കും, നീര്‍ച്ചാലിലേയ്ക്കും നയിക്കുന്നതുപോലെ, കര്‍ത്താവ് തേനുംപാലും ഒഴുകുന്ന വാഗ്ദത്ത ദേശത്തേയ്ക്ക് ഇസ്രായേലിനെ നയിക്കുന്നു (Lev 20:24).

രാത്രിയില്‍ ആടുകളെ ഗുഹകളില്‍ പ്രവേശിപ്പിക്കും. ഗുഹാമുഖത്താണ് ഇടയന്‍ ഉണ്ടാവുക. ഇടയനെ കൊന്നിട്ടല്ലാതെ ക്രൂരമൃഗങ്ങള്‍ക്ക് ഗുഹയ്ക്കകത്തുള്ള ആടുകളിലേക്ക് എത്തിപ്പെടാനാകില്ല. ഇതാണ് ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്‍കുന്ന ഇടയനെപ്പറ്റി ക്രിസ്തു പറഞ്ഞതിന്റെ പൊരുള്‍. ഇടയന്‍ ആടുകളെ സംരക്ഷിക്കുന്നതുപോലെ മേഘത്തൂണായും അഗ്‌നിസ്തംഭമായും കര്‍ത്താവ് അവരെ കാത്തു. പിന്നീടുള്ള ഇസ്രായേല്യരുടെ സംരക്ഷണത്തിനായി കര്‍ത്താവ് 'ഞാന്‍ അവര്‍ക്ക് എന്റെ ഹൃദയമുള്ള ഇടയന്മാരെ നല്‍കും' എന്നാണ് പറയുന്നത് (Jer 3:15).

കര്‍ത്താവിന്റെ മറ്റൊരു ഇടയസ്വഭാവം ശിക്ഷണമാണ്. പൊതുവെ യഹൂദര്‍ ചെമ്മരിയാടുകളെയാണ് വളര്‍ത്തുന്നത്. ചെമ്മരിയാടുകള്‍ക്ക് ദൂരക്കാഴ്ച കുറവാണ്. ചില കുഞ്ഞാടുകള്‍ കുസൃതികളാണ്. അവ പലപ്പോഴും കൂട്ടംതെറ്റിപ്പോകും. ദൂരക്കാഴ്ച കുറവായതിനാല്‍ മടങ്ങിവരാന്‍ പറ്റില്ല. സ്ഥിരം ഇങ്ങനെ നഷ്ടപ്പെട്ടുപോകുന്ന കുഞ്ഞാടുകളുടെ മുന്‍കാലുകള്‍ ഇടയന്‍ ഒടിക്കും. എന്നിട്ട് വച്ചുകെട്ടും. കാലുകള്‍ വീണ്ടും ശരിയാകുന്നതുവരെ അതിനെ തോളില്‍ വഹിക്കും. അത്രയും നാള്‍ ഇടയന്റെ ചൂടും ചൂരുമറിഞ്ഞ ആ ആട് പിന്നീട് ഒരിക്കലും വഴിതെറ്റിപ്പോകില്ല. 'നല്ല ഇടയന്റെ' ചിത്രത്തില്‍ നാം കാണുന്നത് ഇപ്രകാരം കാലൊടിക്കുന്ന ഇടയനെക്കൂടിയാണ്.

ഈ പശ്ചാത്തലത്തിലാണ് കര്‍ത്താവ് പറയുന്നത് 'മുറിവേല്‍പ്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ' (Deut 32:39). ഇസ്രായേല്യരുടെ നീണ്ടകാല മരുഭൂയാത്രകളും പല പരാജയങ്ങളുംവിപ്രവാസങ്ങളും, ഇപ്രകാരം കുസൃതിയായ ഇസ്രായേല്‍ എന്ന ആട്ടിന്‍കുട്ടിയെ കര്‍ത്താവെന്ന ഇടയന്‍ കാലൊടിച്ചു തോളിലേറ്റി ശിക്ഷണം നല്‍കുന്നതായിരുന്നു (Is 40:11).

ഇടയന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ രക്ഷാകര ചരിത്രംതന്നെ വ്യത്യസ്തമായേനേ! എന്തെന്നാല്‍ തിരുവചനത്തിലെ ഏറ്റവും പ്രധാനിയായ ഇടയന്‍ ദൈവംതന്നെയാണ്: കര്‍ത്താവ് 'ഇസ്രയേലിന്റെ ഇടയന്‍' (Gen 49:24); ഈശോ 'ഞാന്‍ നല്ലിടയനാകുന്നു' (Jn 10:11).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org