സജീവ് പാറേക്കാട്ടില്‍
"മരിച്ചവര്‍ പോകുന്നു എന്ന് ആരാണ് പറഞ്ഞത്?"
"മരിച്ചുപോയി എന്നല്ലേ പറയാറ്. മരിച്ചവര്‍ ഭൂമിയില്‍നിന്ന് പോകുകയല്ലേ?"
"അതെ. പക്ഷേ, സ്വര്‍ഗ്ഗത്തിലേക്ക് – ദൈവസന്നിധിയിലേയ്ക്ക് വരികയല്ലേ?"
"അത് സ്വര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോഴല്ലേ? ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ പോകുകയല്ലേ?"
"ഭൂമിയിലായിരിക്കുമ്പോഴും സ്വര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്ന് നോക്കണ്ടേ? സ്വര്‍ഗ്ഗത്തെ നോക്കി യും സ്വര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്നു നോക്കിയും നമ്മള്‍ ഭൂമിയില്‍ ജീവിക്കാനല്ലേ സ്വര്‍ഗ്ഗത്തെ മറന്ന് ദൈവം മനുഷ്യനായി ഭൂമിയിയില്‍ അവതരിച്ചത്? സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗത്തിലെ സന്തോഷങ്ങളും വിസ്മരിച്ചല്ലേ ദൈവം ക്രിസ്തുവില്‍ മനുഷ്യനായത്? ദൈവത്തിന്റെ മനുഷ്യാവതാരം കൊണ്ട് ദൈവത്തിനല്ലല്ലോ നേട്ടം ഉണ്ടായത്; മനുഷ്യരായ നമുക്കല്ലേ? നമുക്ക് സ്വര്‍ഗ്ഗത്തെ നോക്കാന്‍ കഴിഞ്ഞു എന്നതാണ് നേട്ടം. 'കാലുകൊണ്ടു ഭൂമിയില്‍ നടക്കുക, ഹൃദയം കൊണ്ടു സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുക' എന്ന് യുവാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബോസ്‌കോ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തെ നോ ക്കാന്‍ കഴിവും അനുവാദവുമുള്ള ഏകജീവി മനുഷ്യനാണ്. അതിനാല്‍ നിരന്തരം സ്വര്‍ഗ്ഗത്തെ നോക്കി ജീവിക്കേണ്ടത് നമ്മുടെ കടമയാണ്."
"എങ്കിലും മണ്‍മറഞ്ഞു, മണ്ണോടു ചേര്‍ന്നു എന്നൊക്കെയല്ലേ പറയാറുള്ളത്?"
"ശരിയാണ്. മണ്ണോടു ചേരുന്നതും ചുടലയില്‍ ദഹിച്ച് ചാരമാകുന്നതും നമ്മുടെ ശരീരമാണ്. പക്ഷേ, ശരീരം മാത്രമല്ലല്ലോ നാം. ഒരിക്കലും നശിക്കാത്ത- അക്ഷരവും അക്ഷയവുമായ ഒരാത്മാവ് നമുക്കുണ്ട്. നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു' എന്ന് (4:5) യാക്കോബ് ശ്ലീഹ ഓര്‍മ്മിപ്പിക്കുന്നില്ലേ?"
"ശരി! അങ്ങനെയെങ്കില്‍ ആത്മാവ് പോകുന്നത് എങ്ങോട്ടാണ്?"
"ആത്മാവ് പോകുന്നത് അനശ്വരതയിലേക്കാണ്. 'ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു' എന്ന് വചനമുണ്ട് (ജ്ഞാനം 2:23). ദൈവത്തിന്റെ ഛായയില്‍ എന്നതിനര്‍ത്ഥം ദൈവത്തിന്റെ അനന്തതയുടെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ്. സത്യത്തില്‍ മരണംപോലും ദൈവം സൃഷ്ടിച്ചതല്ല. 'ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല' (ജ്ഞാനം 1:13) എന്ന് വേദപുസ്തകം സ്പഷ്ടമാക്കുന്നുണ്ട്. 'ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു' എന്ന് (റോമാ 5:12) പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നുണ്ടല്ലോ. ചുരുക്കത്തില്‍ അനശ്വരമായ ജീവനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. ആദിപാപത്തിലൂടെ അതില്ലാതായി. അതിനാല്‍ മരണത്തെ തടയാനാവില്ല. എന്നാല്‍ ആത്മാവിന്റെ നിത്യനാശം തടയാനാകും. അതിനാണ് ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്. നാം യേശുവില്‍ വിശ്വസിക്കുകയും അതുവഴി രക്ഷ പ്രാപിക്കുകയും ചെയ്യണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത്. മരിച്ചാലും നിത്യമായി ജീവിക്കാന്‍ ഒറ്റവഴിയേ ഉള്ളൂ; പുനരുത്ഥാനവും ജീവനുമായ യേശുവില്‍ വിശ്വസിക്കുക (യോഹ. 11:25)."
"ശരിക്കും മരിക്കുമ്പോള്‍ നമുക്ക് എന്ത് സംഭവിക്കുന്നു?"
"കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ 'യൂകാറ്റ്' ഇതിനു കൃത്യമായി ഉത്തരം നല്കുന്നുണ്ട്. 'മരണത്തില്‍ ശരീരവും ആത്മാവും വേര്‍പിരിയുന്നു. ശരീരം ജീര്‍ണ്ണിച്ചു പോകുന്നു. ആത്മാവ് ദൈവത്തെ കാണാന്‍ പോകുന്നു. അവസാന ദിവസം, ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാന്‍ കാത്തിരിക്കുകയും ചെയ്യുന്നു' (നമ്പര്‍ 154)."
"എന്നാലും മരിച്ചുപോകുന്നത് സങ്കടകരമല്ലേ?"
"പ്രിയപ്പെട്ടവര്‍ മരണത്തിലൂടെ വേര്‍പിരിയുമ്പോള്‍ സങ്കടമുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ എവിടേക്ക് പോകുന്നു എന്നതോര്‍ത്താല്‍ സങ്കടപ്പെടേണ്ട കാര്യമില്ല. നിത്യാനന്ദത്തെപ്പറ്റി അവബോധമുണര്‍ന്നാല്‍ സങ്കടം വഴിമാറും. നിത്യതയെ വര്‍ണ്ണിക്കാന്‍ ആര്‍ക്കുമാവില്ല. 'ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല' എന്ന് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നുണ്ടല്ലോ (1 കോറി. 2:9). 'എനിക്കു ദൈവത്തെ കാണണം. അവിടുത്തെ കാണാന്‍ ഞാന്‍ മരിക്കണം' എന്ന് ആവിലായിലെ വിശുദ്ധ തെരേസയും; 'ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്' എന്ന് വിശുദ്ധ കൊച്ചുത്രേസ്യായും പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനെ അറിഞ്ഞവര്‍ക്ക് ജീവിതവും മരണവും ഒരുപോലെയാണ്. 'എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്' (ഫിലി. 1:21) എന്നും 'നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്' (റോമാ 14:8) എന്നുമൊക്കെ അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. ജീവിച്ചിരിക്കുന്നവര്‍, മരിച്ചുപോയവര്‍ എന്നൊക്കെ വേര്‍തിരിക്കുന്നത് നമ്മളാണ്. ദൈവത്തിന് അങ്ങനെയൊരു വ്യത്യാസമില്ല. 'അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ" (ലൂക്കാ 20:38) എന്ന് യേശു വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ മരണം ഒരു കവാടം മാത്രമാണ്. 'ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ സാദൃശ്യവും ധരിക്കാനായി' (1 കോറി. 15:49) ആ കവാടം കടന്നാണ് നാം യാത്ര തിരിക്കുന്നത്. അതൊരു അവസാനമല്ല; പുതിയൊരു ജീവന്റെ ആരംഭമാണ്. അതിലൂടെയാണ് നിത്യമായ ജീവനിലേക്കും ആനന്ദത്തിലേക്കും നാം പ്രവേശിക്കുന്നത്. മരിച്ചവര്‍ പോകുന്നത് മൃതമായ, ദുഃഖപൂര്‍ണ്ണമായ ഒരിടത്തേക്കല്ലെന്ന് സാരം. പിന്നെയോ ജീവനും പ്രകാശവും ദൈവൈക്യത്തിന്റെ ആനന്ദവുമുള്ള ഒരിടത്തേക്കാണ്. അതിനാല്‍ മരണത്തെ ഭയപ്പെടേണ്ടതില്ല. ഒരുക്കമുള്ളവരാകുക. സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ടു ജീവിക്കുക. 'നിത്യതയോടു തുലനും ചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം' (പ്രഭാ. 18:10) എന്ന സത്യം മറക്കാതിരിക്കുക."