തൂബല്‍

സിപ്പോറിം 16
തൂബല്‍

തൂബല്‍ എന്ന് പേരുള്ള രണ്ട് കഥാപാത്രങ്ങളെ നമുക്ക് ബൈബിളില്‍ കാണാം. ആദ്യത്തേത് ലാമെക്കിന്റെ പുത്രനായ തൂബല്‍ക്കയിന്‍ (ഏലി 4:22). ലാമെക്കിനു രണ്ടാം ഭാര്യ സില്ലായിലാണ് അയാള്‍ ജനിച്ചത്. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവെന്നാണ് ബൈബിള്‍ അയാളെ വിശേഷിപ്പിക്കുന്നത്. ബൈബിള്‍ ചരിത്ര പഠനത്തിന് ഈ വിശേഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്; ഒപ്പം ബൈബിള്‍ ചരിത്രപഠനത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ തൂബല്‍ക്കയിന്‍ രണ്ടു യുഗങ്ങളുടെ പ്രതിനിധിയാണ്: ചെമ്പു യുഗത്തിന്റെയും ഇരുമ്പു യുഗത്തിന്റെയും. ഇരുമ്പുയുഗം ആരംഭിച്ചത് ബി സി 1200 കളിലാണ്. എന്നാല്‍ നോഹയുടെ കാലഘട്ടം കണക്കാക്കപ്പെടുന്നത് ഏകദേശം ബി സി 5000 നും 3000 നും ഇടയിലാണ്. അതിനും മുന്നേ ജീവിച്ചിരുന്നയാളാണ് തൂബല്‍ക്കയിന്‍. അങ്ങനെയെങ്കില്‍ തൂബല്‍ക്കയിനെ ഇരുമ്പുപണിക്കാരുടെ പിതാവെന്ന് വിളിക്കാനാവില്ല. തന്നെയുമല്ല നോഹയുടെ കാലത്തെ ജലപ്രളയത്തില്‍ ഇയാളുടെ വംശം നശിച്ചുപോയതിനാല്‍ അതിനുശേഷമുള്ള ചെമ്പ് ഇരുമ്പുപണിക്കാരുമായി ഇയാള്‍ക്ക് ബന്ധവുമില്ല.

ഉല്പത്തി പുസ്തകത്തിലെ ഒരു പരാമര്‍ശം മാത്രമേ തൂബല്‍ക്കയിനെപ്പറ്റി ഉള്ളൂ. എങ്കിലും ബൈബിള്‍ സാഹിത്യശൈലീ പഠനത്തില്‍ ഈ പേര് വളരെ പ്രാധാന്യമുള്ളതാണ്. ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ സംയോജിത നാമമാണിത്. തൂബല്‍, കയിന്‍ എന്നീ രണ്ടുപേരുകളുടെ സംയോജനം. കയീന്റെ തൂബല്‍ എന്നാണ് ഹീബ്രുഭാഷയില്‍ ഇതിനര്‍ത്ഥം (genitive contsruct).

തൂബല്‍ എന്ന രണ്ടാമത്തെ കഥാപാത്രം നോഹയുടെ പുത്രനായ യാഫെത്തിന്റെ ഏഴു പുത്രന്മാരില്‍ അഞ്ചാമനാണ് (ഏലി 10:2; 1 Chr. 1:5). തൂബല്‍ എന്നും തുബല്‍ എന്നും ഈ പേര് കണ്ടുവരുന്നുണ്ട്. തൂബാല്‍ എന്ന POC വിവര്‍ത്തനം തെറ്റാകാനാണ് സാധ്യത. എട്ടുപ്രാവശ്യം ഈ കഥാപാത്രം സൂചിപ്പിക്കപ്പെടുന്നുണ്ട്. തന്റെ സഹോദരങ്ങളോടൊപ്പം ഇസ്രായേലിന്റെ വടക്കന്‍ഭാഗത്ത് തൂബലിന്റെ വംശവും ജീവിച്ചുവെന്ന് പണ്ഡിതന്മാര്‍ അനുമാനിക്കുന്നു. ഹെറോഡോട്ടസിന്റെയും ജൊസേഫൂസിന്റെയും അക്കാഡിയന്‍ രേഖകളുടെയും വിവരണങ്ങളില്‍ തൂബല്‍ വംശജര്‍ ജീവിച്ചിരുന്നത് കിഴക്കന്‍ ഏഷ്യാമൈനറില്‍ ഹാലിസ് നദിയുടെ തെക്ക് തുര്‍ക്കി, അര്‍മേനിയന്‍ ഭാഗങ്ങളിലാണ്. ബൈബിളില്‍ വംശാവലിക്കപ്പുറം ഏശയ്യായും എസക്കിയേലുമാണ് തൂബലിനെപ്പറ്റി പറയുന്നത്; അതാകട്ടെ വിമര്‍ശനാത്മകമായിട്ടും. കര്‍ത്താവിനെപ്പറ്റി കേള്‍ക്കുകയോ അവിടുത്തെ മഹത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്തവരില്‍ തൂബലിന്റെ വംശവും ഉള്‍പ്പെടുന്നു (Is 66:19). അടിമവ്യാപാരം നടത്തുന്ന അക്രമികളായ അപരിച്ഛേദിതരെന്നാണ് എസെക്കിയേല്‍ ഇവരെ വിളിക്കുന്നത്. ഇസ്രായേലിനെതിരെ പടയൊരുക്കം നടത്തുന്നവരില്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പം തൂബല്‍ വംശജരുമുണ്ട്. ഇവരെല്ലാവരും കര്‍ത്താവിനാല്‍ ശപിക്കപ്പെടുന്നു (Ezek 27:13; 32:26; 38:2,3; 39:1).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org