താപസ-സന്ന്യാസ ജീവിതം

താപസ-സന്ന്യാസ ജീവിതം

ആദ്യ നൂറ്റാണ്ടുമുതല്‍ തന്നെ ക്രൈസ്തവ ആധ്യാത്മികതയില്‍ താപസജീവിതത്തിനു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇപ്രകാരമുള്ള ഒരു ജീവിതത്തിന് അവരെ പ്രേരിപ്പിച്ചത് കര്‍ത്താവിന്‍റെ വാക്കുകള്‍ തന്നെയാണ്: "എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് അനുദിനമുള്ള കുരിശെടുത്ത് എന്‍റെ പിന്നാലെ വരുക" (മാര്‍ക്കോ 8:34). ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ ക്രൈസ്തവ വിശ്വാസികള്‍, സ്ത്രീപുരുഷഭേദമെന്യേ, വിവാഹജീവിതം പരിത്യജിക്കുകയും ഐഹികജീവിതത്തില്‍ നിന്നകന്ന്, എന്നാല്‍ തങ്ങളുടെ തന്നെ ഭവനങ്ങളില്‍ ജീവിച്ചുകൊണ്ട്, ക്രൈസ്തവ സമൂഹത്തെ സേവിച്ചു കഴിഞ്ഞിരുന്നു. റോമിലെ വിശുദ്ധ ക്ലമന്‍റ്, അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് എന്നിവരുടെ രചനകളില്‍ തങ്ങളുടെ സമൂഹങ്ങളില്‍ താപസജീവിതം നയിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് സഭകളില്‍ അതുല്യമായ ആദരവ് ലഭിച്ചിരുന്നു. അലക്സാഡ്രിയായിലെ വിശുദ്ധ ക്ലമന്‍റിന് ഇവര്‍ "തിരഞ്ഞെടുക്കപ്പെട്ടവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍" ആണ്. വിശുദ്ധ സിപ്രിയാന്‍ ഇവരെക്കുറിച്ച് എഴുതുന്നത്: "ക്രിസ്തുവിന്‍റെ ആട്ടിന്‍കൂട്ടത്തിലെ ഏറ്റവും ദീപ്തമായ ഭാഗം, സഭാമാതാവിന്‍റെ പ്രഭുല്ലസുമങ്ങള്‍" എന്നൊക്കെയാണ്. വിശുദ്ധ പൊളിക്കാര്‍പ്പ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്: "ദൈവത്തിന്‍റെ അള്‍ത്താരകള്‍" എന്നാണ്. തെര്‍ത്തുല്യന്‍റെ അഭിപ്രായത്തില്‍, സ്ത്രീപുരുഷഭേദമില്ലാതെ, ഇവരുടെ ആത്മാക്കള്‍ യേശുവുമായി സ്നേഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്. അതുകൊണ്ട് ഇവരെ "കര്‍ത്താവിന്‍റെ മണവാട്ടികള്‍" എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഈ ആദ്യകാല താപസരുടെ പിന്‍തുടര്‍ച്ചക്കാരാണ് പിന്നീട് സന്ന്യാസിനി സന്ന്യാസിമാരുടെ സഭകള്‍ ഉണ്ടാക്കുന്നത്.

ഏതാണ്ട് മൂന്നാം നൂറ്റാണ്ടില്‍ തന്നെ ആശ്രമങ്ങളും മഠങ്ങളും സഭയില്‍ ഉടലെടുക്കാന്‍ തുടങ്ങി. ഏകാന്ത ജീവിതം നയിച്ചിരുന്ന താപസന്മാരാണ് (Anchorites) ആദ്യം സഭയില്‍ പ്രത്യക്ഷപ്പെടുന്നത്. മതപീഡനകാലത്ത് പല വിശ്വാസികളും ഈജിപ്തിലെയും പൗരസ്ത്യസിറിയയിലെയും മരുഭൂമികളില്‍ പോയി താമസിച്ചു. ആത്മത്യാഗത്തിലും ഏകാന്തതയിലും ദൈവാരാധനയിലും മുഴുകി ജീവിതം നയിച്ചിരുന്നു. ഇവരെയാണ് "മരുഭൂമിയിലെ പിതാക്കന്മാര്‍" എന്നു വിളിച്ചിരുന്നത്. ഈ താപസന്മാരുടെ പിതാവായാണ് ഈജിപ്തിലെ മഹാനായ വിശുദ്ധ അന്തോണീസ് അറിയപ്പെടുന്നത്.

നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ വിശുദ്ധ പക്കോമിയൂസിലൂടെ പൗരസ്ത്യസഭയിലും, അഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ ബെനഡിക്ടിലൂടെ പശ്ചാത്യസഭയിലും സമൂഹസന്ന്യാസജീവിതത്തിന് ആരംഭം കുറിച്ചു. ഇവ്വിധ സന്യാസ സമൂഹജീവിത പുരോഗതിയില്‍ വിശുദ്ധ അഗ്യസ്തീനോസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ഗ്രിഗറി നസിയാന്‍സെന്‍, വിശുദ്ധ ഗ്രിഗറി ഓഫ് നീസ്സ എന്നിവരുടെ സംഭാവനകളും വിസ്മരിക്കാനാവില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org