
മെറിന്‍ ജോയ്
മതാധ്യാപിക, സെന്റ് ജൂഡ് ഇടവക, ചിറ്റനാട്
എല്ലാ ഞായറാഴ്ചയും പതിവുള്ള കാര്യമാണ് അസംബ്ലിക്കുശേഷം കുട്ടികള്‍ക്കുവേണ്ടി ഒരു കൊച്ചു ആക്ടിവിറ്റി അല്ലെങ്കില്‍ വിശുദ്ധരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്‌കിറ്റ്. വിശ്വാസപരിശീലനത്തിന്റെ ആത്യന്തികമായ ലക്ഷ്യം കുട്ടികളുടെ ഉള്ളില്‍ ഈശോ രൂപപ്പെടണം എന്നുള്ളതാണല്ലോ. അത് ക്രിയാത്മകമായ രീതിയില്‍ നടപ്പിലാക്കാന്‍ പഠനത്തോടൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളും ഇവരെ സഹായിക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വികാരിയച്ചന്‍ അധ്യാപകരോട് ഒരു ചോദ്യമുന്നയിച്ചു; വയനാടിനുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും? മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ ജീവനും ജീവിതവും ഒഴുക്കില്‍പ്പെട്ടുപോയ ഒരുപാടു മനുഷ്യരും അവരുടെ ദുരിതങ്ങളും വയനാടിനെ ചേര്‍ത്തുപിടിക്കുന്ന സുമനസ്സുകളുമെല്ലാം മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ചിറ്റനാട് സെന്റ് ജൂഡ് ഇടവകയിലെ വിശ്വാസപരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എപ്രകാരം ഇത്തരമൊരു വിഷയത്തെ സമീപിക്കാം എന്ന ചിന്തയിലൂടെയാണ് അഗസ്റ്റ് 4, ഞായറാഴ്ച ഞങ്ങള്‍ ഒത്തുകൂടിയത്.
പ്രകൃതിയോടും ജീവജാലങ്ങളോടും മനുഷ്യരോടുമുള്ള പരസ്പര സ്‌നേഹവും ഐക്യവും ഉത്തരവാദിത്വവും ഈശോ കാണിച്ചുതന്ന മാതൃകയിലൂടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കുവാന്‍ ആദ്യം വേണ്ടത് മറ്റുള്ളവരോട് ആത്മീയമായി അടുക്കുവാനുള്ള മാനസിക പരിശീലനമാണ്.
അസംബ്ലിക്കുശേഷം വികാരിയച്ചന്‍ ദിവ്യകാരുണ്യം കുട്ടികളുടെ മധ്യേ എഴുന്നള്ളിച്ചു വച്ച് ആരാധന നടത്തുകയും വയനാട് ദുരന്തത്തില്‍ മരിച്ചുപോയവര്‍ക്കും വേദനിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും പ്രത്യേകിച്ച് അനാഥരാക്കപ്പെട്ട കുഞ്ഞുമക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശേഷം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികള്‍, തങ്ങള്‍ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച് കൊളാഷ് നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തയ്യാറാക്കിയ കൊളാഷുകളും കത്തിച്ച മെഴുകുതിരികളും പൂക്കളുമായി കുട്ടികളും അധ്യാപകരും വികാരിയച്ചനും പള്ളിക്കു പുറത്ത് സ്ഥാപിച്ച വയനാട് ദുരന്തത്തിന്റെ ചിത്രത്തിനു മുന്നില്‍ പ്രതീകാത്മകമായി നിര്‍മ്മിച്ച മഞ്ചത്തിനടുത്തേക്ക് പ്രാര്‍ത്ഥനാപൂര്‍വം അണിനിരക്കുകയും തിരികളും പൂക്കളം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നാം ചെയ്യേണ്ട നന്മകളെപ്പറ്റിയും ചെറിയ ചിന്തയും പങ്കുവച്ചു. ചിറ്റനാട് ഇടവകയുടെ വിശ്വാസ പരിശീലന സമൂഹം ഒന്നിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തതിലൂടെ ഞങ്ങള്‍ പരസ്യമായി സുവിശേഷത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.
ഇത് ഒരു ഞായറാഴ്ചയില്‍ ഒതുങ്ങിനില്‍ക്കുന്ന പാഠ്യേതര പ്രവര്‍ത്തനം മാത്രമല്ല, മറിച്ച് കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഇടവക സമൂഹത്തിന്റെ എന്നും പുലര്‍ത്തിക്കൊണ്ടു വരുന്ന ഉത്തരവാദിത്വ മനോഭാവമാണ്. 'തന്റെ അയല്‍ക്കാരനാരാണ്' എന്ന് സമരിയാക്കാരന് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരാതിരുന്നത് അവന്റെ ഉള്ളില്‍ ചെറുപ്പം മുതലേ വളര്‍ന്നുവന്ന നന്മയും ആര്‍ദ്രതയും സാമൂഹിക പ്രതിബദ്ധതയുമാകാം.
നിര്‍മ്മിത ബുദ്ധിയുടെയും ആധുനികതയുടെയും നീര്‍ക്കയത്തില്‍ അവനവന്റെ കാര്യം മാത്രമന്വേഷിച്ചു പോകുന്ന തലമുറയായി മാറാതെ സമൂഹത്തിലെ വേദനിക്കുന്നവരോടും നിരാലംബരോടും അനാഥരോടും ദരിദ്രരോടും ആര്‍ദ്രതയുള്ളവരായി മാറുവാനും സമൂഹത്തെ കാര്‍ന്നു തിന്നുന്ന പാരിസ്ഥിതിക ധാര്‍മ്മിക മൂല്യശോഷണങ്ങളെപ്പറ്റി ജാഗ്രതയുള്ളവരാകുവാനും പ്രതികരിക്കുവാനും വിശ്വാസജീവിതത്തിനു സാക്ഷികളാകുവാനും ഭൂമിയില്‍ സുവിശേഷത്തിന്റെയും സ്വര്‍ഗീയനന്മയുടെയും വിളക്കുകള്‍ തെളിയിക്കുവാനും കുട്ടികളെ പ്രത്യേകം പ്രത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാനുള്ള ഇടവക സമൂഹത്തോടു ചേര്‍ന്നുള്ള വിശ്വാസ പരിശീലന ദൗത്യത്തിന്റെ ഒരേടു മാത്രമാണ് ഈ പ്രവര്‍ത്തനം. ഇത് എന്നും തുടര്‍ന്നു പോകുന്ന ഒരു ഇടവകസമൂഹത്തിന്റെ കൂട്ടായ്മയുടെ തെളിവുമാണ്.
ക്രിസ്തുവിന്റെ മനോഭാവം കുട്ടികളിലുണര്‍ത്താന്‍, വേദനിക്കുന്നവരോട് ആര്‍ദ്രതയുള്ളവരാകാന്‍, ഒരു നല്ല സമൂഹജീവിയാകാന്‍, പ്രാര്‍ത്ഥനയില്‍ തീക്ഷ്ണതയോടെ വളരാന്‍, പ്രചോദനമാകുന്നതോടൊപ്പം ഉള്ളുപൊട്ടിയ ഒരു പറ്റം മനുഷ്യര്‍ക്കുവേണ്ടിയും പ്രകൃതിക്കുവേണ്ടിയും ഉള്ളു നിറഞ്ഞു പ്രാര്‍ത്ഥിക്കുവാനും പരിശ്രമിക്കുവാനും സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും സ്വര്‍ഗത്തിനും ഉത്തമവ്യക്തിത്വങ്ങളായി മാറുവാനും വരുംതലമുറയ്ക്കിടയാകട്ടെ. സ്വര്‍ഗത്തിന്റെ വാല്‍ക്കണ്ണാടികളായി കുട്ടികള്‍ വളരട്ടെ.