സിനഗോഗ്

സിനഗോഗ്
Published on

യഹൂദമതവിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചു കൂടുന്ന സ്ഥലം സിനഗോഗ് (ജപാലയം) എന്നറിയപ്പെടുന്നു. 'സമ്മേളനം' എന്നാണ് ഈ ഗ്രീക്കുവാക്കിന്‍റെ അര്‍ത്ഥം. ജെറൂസലേം ദേവാലയം വിദൂരമായതിനാലും അവിടേയ്ക്ക് തിരുനാള്‍ ദിനങ്ങളില്‍ മാത്രം പോയാല്‍ മതിയായിരുന്നതിനാലും ഓരോരോ സ്ഥലത്തുമുള്ള യഹൂദരുടെ മതജീവിതം നിയന്ത്രിച്ചിരുന്നത് സിനഗോഗുകള്‍ ആയിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ സിനഗോഗുകള്‍ നിലവിലുണ്ടായിരുന്നതായി പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വിപ്രവാസ കാലത്ത് ബാബിലോണിലാണത്രെ സിനഗോഗിന്‍റെ ആരംഭം. ഒന്നാം നൂറ്റാണ്ടില്‍ യഹൂദ കേന്ദ്രങ്ങളില്‍ സിനഗോഗുകളും ഉണ്ടായിരുന്നു എന്നു കരുതാം. സിനഗോഗിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തു വിശുദ്ധ ഗ്രന്ഥ ചുരുളുകള്‍ സൂക്ഷിച്ചിരിക്കുന്ന തോറാപേടകമാണ് (Torah Shrine). സിനഗോഗിലെ പ്രാര്‍ത്ഥനയുടെ ഘടകങ്ങള്‍ 'ഷ്മാ ഇസ്രയേല്‍' വായന, 18 യാചനാ പ്രാര്‍ത്ഥനകള്‍, പുരോഹിതന്‍റെ അനുഗ്രഹാശംസ, മോശ-നബി വായന എന്നിവയാണ്. ഈശോ പതിവായി സിനഗോഗിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. നസ്രത്തിലെ സിനഗോഗിലാണ് ഈശോ പരസ്യജീവിതം തുടങ്ങുന്നത് (ലൂക്കാ 4:16-21). കഫര്‍ണാമിലെ സിനഗോഗില്‍ ഈശോ പ്രവേശിക്കുകയും രോഗശാന്തി നല്‍കുകയും ചെയ്തു (മര്‍ക്കോ 1:21). സെന്‍റ് പോള്‍ ആദ്യം സുവിശേഷ പ്രസംഗം നടത്തിയത് വിവിധ സ്ഥലങ്ങളിലെ സിനഗോഗുകളിലാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org