നെവിന്‍ കളത്തിവീട്ടില്‍
[ബാലനോവല്‍ അവസാനിക്കുന്നു]
ഒരു കുഞ്ഞു വിശുദ്ധ. സ്വന്തമായിട്ട് ആകെ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഉടുപ്പ്, സ്വയം തടിക്കഷണങ്ങള്‍ കെട്ടിയുണ്ടാക്കിയ ഒരു കുരിശ്, നീണ്ട ഒരു ഇടയ വടിയും, പിന്നെ മാറാ രോഗങ്ങളും കഷ്ടപ്പാടും. എന്നിട്ടും അവള്‍ സന്തുഷ്ടയായിരുന്നു. ആരോടും അവള്‍ പരാതിപ്പെട്ടില്ല, അവള്‍ നിരന്തരം വിളിച്ചു പ്രാര്‍ത്ഥിച്ച കര്‍ത്താവിനോടു പോലും. എന്നാല്‍, നമ്മള്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ സങ്കടങ്ങളും പരാതികളും പ്രശ്‌നങ്ങളും പറയാനാണ്. ഗ്രിഗറി XVI പാപ്പ ശരിയായി തന്നെ പറഞ്ഞു, 'ജെര്‍മെയിനെ പോലുള്ള പുണ്യവതികളെയാണ് നമ്മുക്കിന്ന് ആവശ്യം.' വേദനകളില്ലാതെ ഉറങ്ങിയ ഒരു ദിവസം പോലുമില്ല. ഓരോ ദിവസത്തിന്റെയും അധ്വാനത്തിന്റെയും, രണ്ടാനമ്മയുടെ പക്കല്‍ നിന്ന് കിട്ടുന്ന അടിയുടെയും, നിരന്തരമായ രോഗങ്ങളുടെയും വേദനകള്‍ അവള്‍ സഹിച്ചു.
സ്‌നേഹിക്കാന്‍ സമൂഹവും കുടുംബവും ഇല്ലാതെ വന്നാല്‍ കുറ്റവാളികള്‍ ഉണ്ടാവുന്നു എന്ന് നമ്മള്‍ പറഞ്ഞാല്‍, ജെര്‍മെയിന്റെ ജീവിതം വേറിട്ട് നില്ക്കുന്നു. സ്‌നേഹവതിയായ അമ്മയെ അവള്‍ കണ്ടിട്ടില്ല. പിതാവ് ഒരിക്കലും തന്റെ സ്‌നേഹം പ്രദര്‍ശിപ്പിച്ചിട്ടില്ല. സഹോദരങ്ങള്‍ അവളെ സമീപിക്കാന്‍ ഭയന്നു. ഇവയൊന്നും അവളുടെ ഉള്ളില്‍ വെറുപ്പുളവാക്കിയില്ല. മറിച്ച് അവള്‍ എല്ലാവരെയും സ്‌നേഹിച്ചു. നമ്മള്‍ എല്ലാം ഭയക്കുന്ന മരണത്തെ പോലും വളരെ മനോഹരമായി അവള്‍ സ്വീകരിച്ചു. മരിക്കുമ്പോള്‍ അവളുടെ കഴുത്തിന് ചുറ്റും ഉണ്ടായിരുന്ന വ്രണങ്ങള്‍ എല്ലാം അപ്രത്യക്ഷമായി, ശോഷിച്ചു വളഞ്ഞിരുന്ന കൈ സാധാരണ പോലെ ബലമുള്ളതായി.
ശരീരത്തിലെ ചതവുകളും, മുറിപ്പാടുകളും, രോഗക്ഷീണവും കാണാതെയായി. ചുരുക്കി പറഞ്ഞാല്‍ ഭൂമിയിലെ മരണം അവളെ സുന്ദരിയാക്കി. വെറും 22 വയസുവരെ മാത്രമാണ് ഈ ഭൂമിയില്‍ അവള്‍ ജീവിച്ചത്. ഒടുവില്‍ മരിക്കുമ്പോള്‍ അവള്‍ ഇനി തനിച്ചലെന്ന് ലോകത്തെ കാണിക്കാന്‍ ദൈവം രണ്ടു മാലാഖമാരെ ജെര്‍മെയിന്റെ അടുക്കലേക്ക് അയച്ചു. ഒരു മാലാഖയെപ്പോലെ അവള്‍ ചിറകടിച്ചുയര്‍ന്നു.
അതെ, അവള്‍ ഒരു മാലായായിരുന്നു. ക്രിസ്തുവിനെപ്പോലെ അവള്‍ തന്റെ ആടുകളെ സ്‌നേഹിച്ചു, മോശയെപ്പോലെ അവള്‍ കുത്തിയൊലിക്കുന്ന നദിയെ രണ്ടായി വിഭജിച്ചു, അസ്സീസി പുണ്യാളനെപ്പോലെ ചെന്നായ്ക്കളെ ശാന്തരാക്കി, വിശന്നു തന്റെ പക്കല്‍ വരുന്നവര്‍ക്കെല്ലാം അവള്‍ കൈയിലുണ്ടായിരുന്ന ആഹാരം മുഴുവന്‍ നല്‍കി. ആരെയും അവള്‍ വേദനിപ്പിച്ചില്ല. തന്നെ വെറുത്തിരുന്ന തന്റെ രണ്ടാനമ്മയ്ക്കുവേണ്ടി പോലും അവള്‍ എന്നും പ്രാര്‍ത്ഥിച്ചു.
ആ കൊച്ചു വിശുദ്ധയുടെ കൊച്ചു പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു, 'ഈശോയെ, എനിക്ക് ഒത്തിരി വിശപ്പോ ദാഹമോ ഉണ്ടാകാന്‍ ഇടവരുത്തല്ലേ, എന്റെ അമ്മയെ സന്തോഷിപ്പിക്കുവാന്‍ എന്നെ സഹായിക്കണമേ, നിന്നെയും നിരന്തരം സന്തോഷിപ്പിക്കുവാന്‍ എന്നെ സഹായിക്കണമേ.' നമ്മുടെ പ്രാര്‍ത്ഥനകളും ഇത്ര നിസ്സാരമായിരുന്നെങ്കില്‍.
ഇന്ന് ലോകത്തില്‍ പീഡിപ്പിക്കപ്പെടുന്നവരുടെയും ഉപേക്ഷിക്കപ്പെടുന്നവരുടെയും സ്വര്‍ഗീയ മധ്യസ്ഥയാണ് വി. ജെര്‍മെയിന്‍. ഒപ്പം ജെര്‍മെയിന് ഉണ്ടായിരുന്നതുപോലെ ശാരീരികമായ പരിമിതികള്‍ ഉള്ളവരുടെയും ആശ്രയമാണവള്‍.
(അവസാനിച്ചു)