കടലോളം സ്‌നേഹം കരള്‍ നിറയെ പ്രണവം

ആഗസ്റ്റ് 11 - വി. ക്ലാരയുടെ തിരുനാള്‍
കടലോളം സ്‌നേഹം കരള്‍ നിറയെ പ്രണവം
ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ഫ്രാന്‍സിസ് ക്ലാരയോട് പറഞ്ഞു: 'നീ മരിക്കേണ്ടി വരും.' 'എന്താ പറഞ്ഞത്?' ക്ലാര മനസ്സിലാവാതെ ചോദിച്ചു. 'കുരിശില്‍, ക്രിസ്തുവിനോടൊത്ത്' ഫ്രാന്‍സിസ് കൂട്ടിച്ചര്‍ത്തു. അതിനവള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ഫ്രാന്‍സിസ് ക്ലാര സൗഹൃദത്തിന്റെ നേര്‍ചിത്രം തെളിയുന്നു. മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്, കൊടുക്കല്‍ വാങ്ങലുകളില്ലാതെ, ലാഭനഷ്ടങ്ങളില്ലാതെ, ഹൃദയം ഹൃദയത്തെയറിയുന്ന നേര്...

ഇവരുടെ സ്‌നേഹം ആത്മാവിന്റെ ഭാഷയായിരുന്നു. ക്രിസ്തുസ്‌നേഹിച്ചവരുടെയും ക്രിസ്തുവിനെ സ്‌നേഹിച്ചവരുടെയും ആത്മീയത ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന വിശുദ്ധിയുടെ നിറവായിരുന്നു ഈ സൗഹൃദത്തിന്റെ കയ്യൊപ്പ്.

ഫേവറീനോ പ്രഭുവിന്റെ കുലീനയായ മകള്‍ ക്ലാരയെ തങ്ങളുടെ സഭയിലേക്ക് സ്വീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ഫ്രാന്‍സിസിന് ക്ലാര നല്‍കിയത് യഥാര്‍ത്ഥ സൗഹൃദത്തിന്റെ ഒരു ആത്മീയദര്‍ശനമായിരുന്നു. 'നിങ്ങള്‍ മോശക്കാരിയായി എന്നെ നോക്കുകയാണെങ്കില്‍ ഫാദര്‍ ഫ്രാന്‍സിസ് നിങ്ങള്‍ ഭയപ്പെടും. എന്നാല്‍ നിങ്ങള്‍ക്കെന്റെ ആത്മാവിനെ കാണാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ആഹഌദിക്കും.' ഉടന്‍ ദേവാലയത്തിലെ ചൈതന്യ പ്രതിഷ്ഠയായ ആത്മാവിലേക്ക് ക്ലാര ഫ്രാന്‍സിസിനെ കൂട്ടിക്കൊണ്ടു പോകുന്നു. പിന്തിരിയാതെ പിന്തുടരാന്‍ ചങ്കൂറ്റം കാണിച്ച ക്രിസ്തു സൗഹൃദത്തിന്റെ മഹത്വം ക്ലാരയിലൂടെ അനാവൃതമാകുന്നു. സൗഹൃദത്തെ അനുഭാവമില്ലാതെ കാണുന്ന ഈ കെട്ട കാലത്തിന്റെ ഇരകളായി സൗമ്യയും ലിജിയുമെല്ലാം നിലകൊള്ളുമ്പോള്‍ ഇന്ദ്രിയങ്ങളുടെ തൊട്ടിയോ ചരടോ ഇല്ലാതെ സൗഹൃദ തീരങ്ങളെ പുഷ്‌ക്കലമാക്കുന്നു ഫ്രാന്‍സിസും ക്ലാരയും. ഒ. ഹെന്റിയുടെ 'ഒടുവിലത്തെ ഇല' പോലെ അവസാനിക്കാത്ത ആത്മീയ ജീവന്റെ ഉള്‍ത്തുടിപ്പുകള്‍ പരസ്പരം കൈമാറുന്ന പച്ചപ്പിന്റെ ദൈവശാസ്ത്രം ഇവര്‍ വിരചിക്കുകയായിരുന്നു.

കസാന്‍ദ്‌സാക്കിസിന്റെ ഫ്രാന്‍സിസ് ആദ്യനാളുകളില്‍ തന്റെ മനസ്സ് ക്ലാരയുടെ മുന്നില്‍ തുറന്നു വയ്ക്കുന്നതിപ്രകാരമാണ്. 'അതേ, ഞാന്‍ പ്രണയത്തിലാണ്. തീവ്രാനുരാഗത്തിലാണ്. എന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന എന്റെ ദൈവത്തോട്. നിന്റെ പ്രണയം എന്റെ ഇരുള്‍ വീണ നടവഴികളില്‍ ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ എന്റെ ദൈവം ഒരു സൂര്യനെപ്പോലെ എന്റെ മുന്‍പില്‍ ഉദിച്ചു നില്‍ക്കുമ്പോള്‍ ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീര്‍ത്തും പ്രസക്തിയില്ലാതായിപ്പോകുന്നു.' ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാരയെ സംബന്ധിച്ച് ഫ്രാന്‍സിസിന്റെ മേല്‍പ്പറഞ്ഞ വാക്കുകള്‍ കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് കടന്നു വരാന്‍, ജീവനുള്ളിടത്തേക്ക്, ദൈവപുത്രനുമായുള്ള സൗഹൃദത്തിലേക്ക്, തനിക്ക് ജീവന്‍ നല്‍കുന്നവനിലേക്ക്, അത് സമൃദ്ധമായി നല്‍കുന്നവനിലേക്ക് നടന്നടുക്കാന്‍ പര്യാപ്തമായിരുന്നു. രാജന്‍ കിണറ്റിങ്കരയുടെ കവിതാ ശകലങ്ങളില്‍ മിന്നി മറയുന്ന

'എന്തെന്നും എങ്ങനെയെന്നും പറയാതെയറിയുന്ന മനസ്സിന്റെവായനയായി ഇവരുടെ സൗഹൃദം നിറയുന്നു.

അവര്‍ തമ്മിലുള്ള മറ്റൊരു സൗഹൃദത്തിന്റെ ചിന്ത ഇതാണ്. ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില ഗോസിപ്പുകള്‍ ഉയര്‍ന്നു. അതില്‍ ചിലത് ഫ്രാന്‍സിസിന്റെ ചെവിയിലും എത്തി. 'സിസ്റ്റര്‍, അവര്‍ നമ്മെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കേട്ടുവോ?' ക്ലാരയ്ക്ക് മറുപടി പറയാനായില്ല. തന്റെ ഹൃദയം നിലച്ചതു പോലെ അവള്‍ക്കു തോന്നി. ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. 'സിസ്റ്റര്‍ പൊയ്‌ക്കോളൂ. ഇരുട്ടു വീഴും മുമ്പ് മഠത്തിലെത്താം. ഞാനും പുറകെ ഉണ്ടാകും. തനിച്ച്. ദൈവം എനിക്ക് നല്‍കിയ നിര്‍ദേശം അതാണ്. ക്ലാര വഴിമദ്ധ്യേ തളര്‍ന്നു വീണു. അല്പസമയത്തിനുശേഷം എണീറ്റ് മുന്നോട്ടു നടന്നു. തിരിഞ്ഞു നോക്കാതെ. പാത ഒരു വനത്തിലേക്ക് നീണ്ടു. പെട്ടെന്ന് ക്ലാരയ്ക്ക് നിയന്ത്രണം നഷ്ടമായി. അവള്‍ ഏതാനും നിമിഷം കാത്തു നിന്നു.' നാം ഇനി എന്നു കാണും ഫാദര്‍' അവള്‍ ചോദിച്ചു. 'പനിനീര്‍ പൂക്കളെ വിരിയിക്കുന്ന വേനല്‍ക്കാലമെത്തുമ്പോള്‍' അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവിടെ അത്ഭുതം സംഭവിച്ചു. മഞ്ഞു പുതച്ചു കിടന്ന പ്രദേശമാകെ ആയിരക്കണക്കിന് പൂക്കള്‍ വിടര്‍ന്നു.

ക്ലാര പൂക്കളിറുക്കിയെടുത്ത് ഒരു പൂച്ചെണ്ടുണ്ടാക്കി ഫ്രാന്‍സിസിന് സമ്മാനിച്ചു. അതിനു ശേഷം ഫ്രാന്‍സിസും ക്ലാരയും വേര്‍പിരിഞ്ഞിട്ടില്ല. ഉപാധികളോ ഉടലിന്റെ പ്രിയങ്ങളോ ഇല്ലാതെ വാഴ്‌വില്‍ ഇനിയും ചില അഗാധ ബന്ധങ്ങള്‍ സാധ്യമാണെന്ന അപര്‍ണ്ണാ സെന്‍ സംവിധാനം ചെയ്ത 'ജാപ്പനീസ് വൈഫ്' ഇതിന്റെയൊരു വാങ്മയ ചിത്രമാണ്. അസൂയയുടെയും സംശയത്തിന്റെയും വാള്‍മുന കൊണ്ട് സുതാര്യമായ ആത്മസൗഹൃദങ്ങളെ കുത്തിമുറിവേല്പിക്കുന്ന മനസ്സിന്റെ വൈരൂപ്യത്തിന്റെ ഭീകരതയെ ഉച്ഛാടനം ചെയ്യാനുള്ള കരുത്താണ് മേല്പറഞ്ഞ സൗഹൃദത്തിന്റെ ഓജസ്സ് നമ്മില്‍ സൃഷ്ടിക്കേണ്ടത്.

പ്രണവമായ സ്‌നേഹത്തിന്റെ പ്രതീകാത്മക ഭാഷ നമ്മെ വശീകരിക്കും. പക്ഷെ, അത് വെളിപ്പെടുത്തുന്നത് അവരുടെ സ്‌നേഹത്തിന്റെ, ആഴമായ സൗഹൃദത്തി ന്റെ, ആത്മീയ പ്രണയത്തിന്റെ സ്ഥായീഭാവമാണ്. ഫ്രാന്‍സിസും ക്ലാരയും വേര്‍പിരിഞ്ഞില്ല എന്നതിനര്‍ത്ഥം ഒരേ സുവിശേഷ ദൗത്യത്തില്‍ അവര്‍ ഐക്യപ്പെട്ടിരുന്നു എന്നതാണ്. അവര്‍ക്കുപരിയായും അവരില്‍ക്കവിഞ്ഞും മൂന്നാമതൊരു യാഥാര്‍ത്ഥ്യവുമായി അവര്‍ ഗാഢമായി ബന്ധിക്കപ്പെട്ടിരുന്നു. ക്രിസ്തുവെന്ന യാഥാര്‍ത്ഥ്യം.

ക്ലാരയുടെ ആവൃതിയിലേക്ക് പോകാന്‍ വിമുഖത കാട്ടിയ ഫ്രാന്‍സിസിനെ സ്‌നേഹപൂര്‍വം ശാസിക്കുന്ന സില്‍വസ്റ്റര്‍ അച്ച നോട് ഫ്രാന്‍സിസ് പറയുന്ന മറുപടി ഇപ്രകാരമാണ്: 'പോകാം എന്റെ കുടിലിനും അവളുടെ ഗൃഹത്തിനും ഇടയിലെ ദീര്‍ഘമായ വേദികളില്‍ നിറയെ വെള്ള പൂക്കള്‍ വിരിയുന്ന കാലത്തില്‍.' ആ വാക്കുകളിലെ ദൃഢനിശ്ചയം തൊട്ടറിഞ്ഞ സില്‍വസ്റ്ററച്ചന്‍ തുടര്‍ന്ന് കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. വഴിയിലും ഇരുവശത്തുമുള്ള വേദികളിലും നിറയെ വെള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു.

നിറയെ വെള്ളപ്പൂക്കള്‍ വിരിയിട്ട വീഥിയിലൂടെ വേണം നല്ല ചങ്ങാതിമാര്‍ സഞ്ചരിക്കേണ്ടത് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ഇവിടെയുണ്ട്. തുടര്‍ന്നുണ്ടായ ക്ലാര -ഫ്രാന്‍സിസ് കണ്ടുമുട്ടല്‍ ആളിക്കത്തുന്ന ദൈവസ്‌നേഹത്തിന്റെ തീനാളങ്ങളായി പരിണമിച്ചു. പൗലോ കൊയ്‌ലോയുടെ വാലലയുടെ ആളിക്കത്തുന്ന പന്തത്തി ന്റെ ഉഗ്രത പോലെ അത് ജ്വലിച്ച നേരത്ത് അസ്സീസി നിവാസികളുടെ തിന്മകളെല്ലാം അതില്‍ ഉരുകിപ്പോയി എന്നതാണ്. സ്‌നേഹം സകല തിന്മകളെയും നീക്കികളയുന്നു എന്ന പൗലോശ്ലീഹായുടെ വാക്കുകളും നമുക്കിതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കാം. തിന്മയെ കത്തിച്ചാമ്പലാക്കുന്ന തീപ്പന്തങ്ങളാകട്ടെ നമ്മുടെ സൗഹൃദ തിരിനാളങ്ങളെല്ലാം.

ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നവള്‍. നീയോ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുന്നവനും. അതിനാല്‍ നന്മയുടെ സൗഹൃദ തീരത്തേക്ക് നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. സ്‌നേഹ നിമിഷങ്ങള്‍ പങ്കിടാം. അവിടെ ഞാനും നീയും പിന്നെ ക്രിസ്തുവും. അവിടെ വച്ച് എനിക്ക് നല്‍കാനുള്ളത് നിന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സ്വപ്‌നങ്ങള്‍ പകരം നീ എനിക്ക് നല്‍കേണ്ടത് എന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സ്വപ്‌നങ്ങള്‍.

ഖലില്‍ ജിബ്രാന്റെ 'പ്രവാചക ദര്‍ശനം' കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ ക്രിസ്തുവിന്റെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ഫ്രാന്‍സിസും ക്ലാരയും. സ്‌നേഹപൂര്‍വം വിതച്ച് കൃതജ്ഞതയോടെ കൊയ്ത വയലുകള്‍. ക്ലാരയുടെ ഹൃദയത്തിലെ വേലിയിറക്കങ്ങളെയും പ്രളയത്തെയും എല്ലാം ഫ്രാന്‍സിസ് ഒരുപോലെ അറിഞ്ഞിരുന്നു. പങ്കുവയ്പ്പിലൂടെ തിരിച്ചറിവിലും (recognition) പരിചയത്തിലും (familiarity) കടന്ന് ഐക്യത്തില്‍ എത്തിച്ചേര്‍ന്നതായിരുന്നു അവരുടെ സൗഹൃദം.

കുടുംബ വിവാഹബന്ധങ്ങള്‍ക്കപ്പുറത്ത് സ്ത്രീ പുരുഷ സൗഹൃദം സാമാന്യമായി വിലക്കപ്പെട്ടിരുന്ന കാലത്ത് ഫ്രാന്‍സിസും ക്ലാരയും നിലനിര്‍ത്തിയ ഉദാത്തമായ സൗഹൃദം നമ്മുടെ സൗഹൃദബന്ധങ്ങളിലെ രസതന്ത്രമായി മാറണം. വിദൂരതയിലെ സൂര്യനെ കൈപ്പിടിയിലൊതുക്കാതെ ഒതുക്കുന്ന, നെഞ്ചില്‍ പ്രതിഫലിപ്പിക്കുന്ന സമുദ്രത്തെ പോലെ സ്‌നേഹത്തിന്റെ അനന്തത നമ്മിലേക്കു കൈമാറുന്ന സൗഹൃദങ്ങളാണാവശ്യം. സൗഹൃദം എല്ലാക്കാലവും മറ്റാരെയോ നമുക്കു കാണിച്ചുതരുന്നു. അത് ഒരുപക്ഷെ ദൈവത്തെയാകാം, മാതാപിതാക്കളെയാകാം, സ്‌നേഹിതരെയാകാം, മറ്റാരൊക്കെയോ ആകാം. അനന്തത, അ ദ്വൈതം എന്നിവയൊക്കെ ഹൃദയത്തിന്റെ ഉള്‍ചെരാതുകളായി മാറുന്നിടമാണത്. സൗഹൃദം സെല്‍ഫിക്കുവേണ്ടി മാത്രം ആകാതിരിക്കട്ടെ. തരിശുനിലങ്ങളെ പൂപ്പാടങ്ങള്‍ ആക്കാനുള്ള മാന്ത്രിക വടി ദൈവം സുഹൃത്തുക്കള്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ.

ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നവള്‍. നീയോ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുന്നവനും. അതിനാല്‍ നന്മയുടെ സൗഹൃദ തീരത്തേക്ക് നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. സ്‌നേഹ നിമിഷങ്ങള്‍ പങ്കിടാം. അവിടെ ഞാനും നീയും പിന്നെ ക്രിസ്തുവും. അവിടെ വച്ച് എനിക്ക് നല്‍കാനുള്ളത് നിന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സ്വപ്‌നങ്ങള്‍ പകരം നീ എനിക്ക് നല്‍കേണ്ടത് എന്നെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സ്വപ്‌നങ്ങള്‍. നമ്മുടെ ഹൃദയത്തുടിപ്പുകള്‍ ഇനി അതിനുവേണ്ടിയുള്ളതാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org