വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ (1542-1621) മെത്രാന്‍, വേദപാരംഗതന്‍

വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ (1542-1621) മെത്രാന്‍, വേദപാരംഗതന്‍

സെയിന്‍റ്സ് കോര്‍ണര്‍

1542-ല്‍ ടസ്കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീനകുടുംബത്തില്‍ റോബര്‍ട്ടു ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവു സ്ഥലത്തെ ജെസ്യൂട്ടു കോളേജില്‍ പ്രാഥമികവിദ്യ അഭ്യസിച്ച ശേഷം റോമയില്‍ ഈശോസഭാ നൊവീഷ്യറ്റില്‍ ചേര്‍ന്നു. ആരോഗ്യം മോശമായിരുന്നു. തത്ത്വശാസ്ത്ര പഠനം കഴിഞ്ഞ് അദ്ദേഹം ഫ്ളോറെന്‍സിലും മോണ്‍റെയാലിലും പാദുവായിലും അവസാനം ലുവെയിനിലും പഠിച്ചു. ലുവെയിനില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പാഷണ്ഡതകള്‍ക്കെതിരായി പ്രസംഗിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. വി. തോമസ് അക്വിനാസ്സിന്‍റെ തത്ത്വങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിച്ച് പ്രസാദവരം, സ്വതന്ത്ര മനസ്സ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡതകളെല്ലാം അദ്ദേഹം സമര്‍ത്ഥമായി നേരിട്ടു. ഈ വാദപ്രതിവാദങ്ങളിലുണ്ടായ വിജയം പരിഗണിച്ചു 13-ാം ഗ്രിഗൊറിയോസു മാര്‍പാപ്പ അദ്ദേഹത്തെ റോമയില്‍ ദൈവശാസ്ത്ര വിവാദ മണ്ഡലത്തില്‍ നിയമിച്ചു. പിന്നീട് അദ്ദേഹം അവിടെ റെക്ടറായി. അക്കാലത്താണ് അലോഷ്യസ് ഗൊണ്‍സാഗോയുടെ ആത്മപരിപാലനം ഏറ്റെടുത്തത്.

റോമന്‍ കോളേജില്‍ താമസിച്ച 11 കൊല്ലങ്ങള്‍ക്കിടയ്ക്കാണ് അദ്ദേഹം തര്‍ക്കങ്ങള്‍ (Disputations) എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും അത് ഇറ്റലിയില്‍ പാഠപുസ്തകമാണ്. 1599-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. പ്രസ്തുത സന്ദര്‍ഭത്തില്‍ എട്ടാം ക്ലെമന്‍റു മാര്‍പാപ്പ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിനു തുല്യനായി വേറൊരു ദൈവശാസ്ത്രജ്ഞനില്ലെന്നാണ്. അതേ മാര്‍പാപ്പ അദ്ദേഹത്തെ കാപ്പുവായിലെ ആര്‍ച്ചുബിഷപ്പായി അഭിഷേചിച്ചു.

കാര്‍ഡിനല്‍ ബെല്ലാര്‍മിന്‍ തന്‍റെ തപോജീവിതം റോമയില്‍ തുടര്‍ന്നു. ദരിദ്രരെ ആവും വിധം സഹായിച്ചുകൊണ്ടിരുന്നു. അവസാനകാലത്ത് അദ്ദേഹം വത്തിക്കാന്‍ വായനശാലയുടെ ലൈബ്രേറിയനും മാര്‍പാപ്പയുടെ ഉപദേഷ്ടാവുമായി. മരണകല (The Art of Dying) എന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥം വിശദമാക്കുന്നതുപോലെ അദ്ദേഹം സദാ മരിക്കാന്‍ തയ്യാറായിരുന്നു. 80-ാമത്തെ വയസ്സില്‍ വിശുദ്ധിയുടെ പ്രസരണത്തോടെ കര്‍ത്താവില്‍ അദ്ദേഹം നിദ്ര പ്രാപിച്ചു. 1930-ല്‍ ബെല്ലര്‍മിനെ വിശുദ്ധനെന്നും പിറ്റേവര്‍ഷം, വേദപാരംഗതനെന്നും 11-ാം പീയൂസു മാര്‍പാപ്പ പ്രഖ്യാപിച്ചു.

വിചിന്തനം: വിശുദ്ധന്മാരുടെ ഗ്രന്ഥങ്ങളില്‍ ഉപവിയും എളിമയും വിശുദ്ധിയും വിരക്തിയും നിറഞ്ഞുനില്‍ക്കുകയാണ്; അവ വായിച്ചാല്‍ അവരുടെ വിശുദ്ധിയും സുകൃതജീവിതവും നാം അനുകരിക്കാതിരിക്കയില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org