
വിശുദ്ധ ബൈബിളിലെ 21-ഓളം പുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു ജീവിയാണ് സര്‍പ്പം. ബൈബിളിലെ ആദ്യത്തേയും അവസാനത്തേയും പുസ്തകങ്ങളില്‍ ഒരു വില്ലന്‍ കഥാപാത്രമായിട്ടാണ് സര്‍പ്പത്തെ നാം കാണുക. സാത്താന്റെ പ്രതിരൂപമായാണ് സര്‍പ്പമെന്ന കഥാപാത്രം പ്രത്യക്ഷപ്പെടുക (വെളി. 12:9). അതിനാലാണ് സര്‍പ്പമെന്നത് വെറുക്കപ്പെടുന്ന ഒരു കഥാപാത്രമായിപ്പോയത്.
'എല്ലാ ജീവികളിലും വച്ച് കൗശലമേറിയവന്‍' എന്നാണ് തിരുവചനം സര്‍പ്പത്തിനു നല്കുന്ന ആദ്യവിശേഷണം (ഉല്പ്പ. 3:1). ഈ കഥാപാത്ര വിശേഷണം നമുക്ക് ഒരു മുന്നറിയിപ്പാണ്. എത്ര കൂര്‍മ്മ ബുദ്ധി ഉള്ളവനായാലും നീ നിന്നെത്തന്നെ സൂക്ഷിക്കണം. സര്‍പ്പം കൂര്‍മ്മബുദ്ധി ഉള്ളവനായിരുന്നെങ്കിലും അവന്‍ സാത്താന്റെ അടിമയും ഉപകരണവുമാക്കപ്പെട്ടു; അങ്ങനെ അവന്‍ മനുഷ്യനെ വഞ്ചിക്കുന്നവനായി. നിന്റെ ബുദ്ധിയും വിവേകവും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടില്ലെങ്കില്‍ സര്‍പ്പത്തെക്കണക്കെ നിനക്കും വീഴ്ചയുണ്ടാവും. അത് നിനക്കും മറ്റുള്ളവര്‍ക്കും വിപത്തായിത്തീരുമെന്നും ഈ കഥാപാത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു വില്ലന്‍ കഥാപാത്രമായിട്ടാ ണ് നമ്മള്‍ സര്‍പ്പത്തെ ഓര്‍ത്തെടുക്കുന്നതെങ്കിലും ആദിമ ക്രൈസ്തവ സമൂഹത്തിന് വളരെ പോസിറ്റീവായ ഒരു അടയാളമായിരുന്നു സര്‍പ്പം. ആദിമ സഭ ക്രിസ്തുവിനുവേണ്ടി ഉപയോഗിച്ച ആദ്യകാല അടയാളങ്ങളില്‍ ഒന്നായിരുന്നു സര്‍പ്പമെന്നതിന് നിരവധി തെളിവുകളുണ്ട്. അതിനും പിന്നേയും ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് കുരിശുപോലും ക്രൈസ്തവരുടെ ചിഹ്നമായതെന്ന് ആര്‍ക്കിയോളജിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നു.
സംഖ്യയുടെ പുസ്തകത്തിലെ പിച്ചള സര്‍പ്പമാണ് തിരുവചനത്തിലെ ആദ്യത്തെ പോസിറ്റീവ് സര്‍പ്പചിത്രം. മോശ മരുഭൂമിയിലുയര്‍ ത്തിയ പിച്ചള സര്‍പ്പം രക്ഷയുടെ അടയാളമായതുപോലെ കുരിശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തു (യോഹ. 3:14). രക്ഷയുടെ അടയാളമാണെന്ന് പ്രഖ്യാപിക്കാന്‍ സഭ ഉപയോഗിച്ച ആദ്യ അടയാളമാണ് സര്‍പ്പം. ആദിമസഭയുടെ ഏറ്റവും പ്രധാനപ്പെട്ട സുവിശേഷം 'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു' എന്നതാണ്. പടംപൊഴിച്ച് പുതുമയിലേയ്ക്ക് വരുന്ന സര്‍പ്പം പുതുജീവന്റെ അടയാളമായിരുന്നു. രോഗത്തില്‍ നിന്നും ആരോഗ്യത്തിലേയ്ക്ക് നയിക്കുന്നവനാണ് വൈദ്യന്‍. അതിനാല്‍ രോഗമെന്ന പടം പൊഴിച്ച് ആ രോഗ്യത്തിന്റെ പുതുമയിലേയ്ക്ക് നയിക്കപ്പെടുന്നു എന്നു കാണിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ അടയാളമായിട്ടാണ് ഗ്രീക്കുകാര്‍ സര്‍പ്പത്തെ ഉപയോഗിച്ചിരുന്നത്. മരണമെന്ന പടംപൊഴിച്ച് ജീവനിലേയ്ക്ക് കടന്നുവരുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുന്ന അടയാളമായി സര്‍പ്പം സ്വീകരിക്കപ്പെട്ടു.
കാലത്തിന്റെ ഒഴുക്കില്‍ ഈ സ്വീകാര്യത കുറയുകയും കുരിശ് ശക്തമായ അടയാളമായി തീരുകയും ചെയ്തതോടെ, സര്‍പ്പം വീണ്ടും പഴയ വില്ലന്‍ കഥാപാത്രമായി ഒതുങ്ങിപ്പോയി. ഈ കഥാപാത്രം നമുക്കു നല്കുന്ന മുന്നറിയിപ്പ് നമ്മള്‍ അവഗണിക്കരുത്. ഒപ്പം ക്രിസ്തുവിന്റെ വാക്കുകളും ഓര്‍ക്കാം: ''നിങ്ങള്‍ സര്‍പ്പത്തെപ്പോലെ വിവേകമതികള്‍ ആയിരിക്കുവിന്‍.''