മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച സിസ്റ്റര്‍

മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച സിസ്റ്റര്‍

ടൈസന്‍ തോമസ്, പാലാരിവട്ടം ഇടവക

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ ബാല്യകാലം ഞാന്‍ ഏറെ ചിലവഴിച്ചത് പള്ളിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരുന്നു. ഞങ്ങളുടെ നാടിന്റെ ആത്മീയവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് ഞങ്ങളുടെ ഇടവകയിലെ ആരാധനാമഠം നല്കിയ പങ്ക് നിസ്സാരമല്ല.

എന്റെ ബാല്യകാലത്തിന്റെ ഊഷ്മളമായ ഓര്‍മ്മകളിലൊന്ന് എന്റെ വേദപാഠ അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ റെജിയേക്കുറിച്ചുള്ളതാണ്. ഇന് സിസ്റ്റര്‍ ഇടുക്കി പ്രൊവിന്‍ഷ്യാളായി സേവനമനുഷ്ഠിക്കുകയാണ്.

ഞാന്‍ ആറാം ക്ലാസ്സില്‍ വേദപാഠം പഠിക്കുന്ന കാലം ആ വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തിന് ഒരു പ്രസംഗം പറയാന്‍ എന്റെ വേദപാഠ അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ റെജി എന്നെ തിരഞ്ഞെടുത്തു. കലാരംഗങ്ങളിലൊന്നും യാതൊരു കഴിവുകളുമില്ലാതിരുന്ന എന്നോട് സിസ്റ്റര്‍ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ എനിക്ക് ധൈര്യം പകര്‍ന്നു. എന്നോട് അന്നു വൈകിട്ട് മഠത്തില്‍ വരെ ഒന്നു വരണമെന്ന് സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഞാനന്നു വൈകീട്ട് മഠത്തിലെത്തി. രണ്ടു ഷീറ്റു നിറയെ എഴുതിയ രണ്ടു പേപ്പറുകള്‍ എന്റെ കൈയ്യില്‍ത്തന്നിട്ട് സിസ്റ്റര്‍ പറഞ്ഞു, ''ഇത് ഞാന്‍ എഴുതി തയ്യാറാക്കിയ പ്രസംഗമാണ്. മോന്‍ ഇതു കാണാതെ പഠിച്ചു പറഞ്ഞാല്‍ മാത്രം മതി. ഒട്ടും പേടിക്കേണ്ട കേട്ടോ പ്രസംഗത്തിനിടെ മറന്നുപോയാലും സാരമില്ല, കര്‍ട്ടണ്‍ന്റെ സൈഡില്‍ ഞാനുണ്ടാകും.''

പ്രസംഗം എഴുതിയ ആ രണ്ടു ഷീറ്റുകള്‍ വാങ്ങുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും ''മറന്നു പോയാലും സാരമില്ല; കര്‍ട്ടണ്‍ന്റെ സൈഡില്‍ ഞാനുണ്ടാകും.'' സിസ്റ്ററിന്റെ വാക്കുകള്‍ ആത്മവിശ്വാസത്തിന്റെ കൈത്താങ്ങായി.

ഞാന്‍ ആ പ്രസംഗവുമായി വീട്ടിലെത്തി. വിശാലമായ ഞങ്ങളുടെ പുരയിടത്തിന്റെ കുന്നില്‍ മുകളിലുള്ള ആളൊഴിഞ്ഞ പാറപ്പുറത്തുകയറി ഉറക്കെ വായിച്ചു തുടങ്ങി. ''അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോനരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം.''

ഇതായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഒന്നും മനസ്സിലാവാത്ത ഞാന്‍ പല പ്രാവശ്യം അത് ആവര്‍ത്തിച്ചു പഠിക്കാനാരംഭിച്ചു. പിറ്റേന്ന് വി. കുര്‍ബാന കഴിഞ്ഞ് സിസ്റ്ററിനെ മാറ്റി നിര്‍ത്തി ഞാന്‍ രഹസ്യമായി ചോദിച്ചു, ''ആ പ്രസംഗത്തിലെ ആദ്യവരികള്‍ ഒന്നൊഴിവാക്കിത്തരാമോ? അതെന്താണെന്ന് മനസ്സിലാവുന്നില്ല, പറഞ്ഞൊപ്പിക്കാനും ബുദ്ധിമുട്ടാണ്.'' സ്വതസിദ്ധമായ ചെറുചിരിയോടെ സിസ്റ്റര്‍ പറഞ്ഞു, ''മോനേ ആ വരികളാണ് ഈ പ്രസംഗത്തിന്റെ കാതല്‍. നമ്മുടെ ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ഏറ്റവും വലിയ ജീവിതമൂല്യത്തേക്കുറിച്ചാണ് ആ വരികള്‍ പറയുന്നത്. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ല; ഇതാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്.'' എനിക്ക് അതികഠിനമായി തോന്നിയ കവി വാക്കുകളെ ഈശോയുടെ വചനത്തിലൂടെ വളരെ ലളിതമായി പറഞ്ഞു തന്നപ്പോള്‍ സിസ്റ്റര്‍ ജീവിതത്തില്‍ വലിയൊരു മൂല്യമാണ് എന്നില്‍ നിക്ഷേപിച്ചത്.

കാലചക്രം തിരിഞ്ഞ പ്പോള്‍ ഗ്രാമീണതയുടെ നൈര്‍മല്യതയില്‍ നിന്നും നഗരത്തിന്റെ തിരക്കുകളിലേക്കെത്തപ്പെട്ടപ്പോഴും മനസ്സിലിന്നും മായാതെ നില്‍ക്കുകയാണ് സിസ്റ്റര്‍ എന്നെ പഠിപ്പിച്ച ആദ്യ പ്രസംഗത്തിന്റെ ആദ്യവരികള്‍. പിന്നീട് ബൈബിളിലെ നല്ല സമരിയാക്കാരനിലൂടെ ആ വരികളുടെ ആഴം ഞാനറിഞ്ഞു. ഒരു വേദപാഠ അദ്ധ്യാപികയായിരുന്ന സിസ്റ്ററിന്റെ ജീവിതം എന്നില്‍ ചെലുത്തിയ സ്വാധീനം പിന്നീട് എന്നേയും ഒരു വേദപാഠ അദ്ധ്യാപകനാക്കി മാറ്റി. ഈ അദ്ധ്യാപികയിലൂടെ എനിക്കു ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും ധാര്‍മ്മിക മൂല്യങ്ങളും ഇന്ന് ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു കൊടുക്കുവാന്‍ ശ്രമിക്കുന്നു.

ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കാനായി ഒരു മിഷനറിയായി പലദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴും, പ്രസംഗപീഠങ്ങളുടെ മുമ്പില്‍ നില്‍ക്കുമ്പോഴും പുഞ്ചിരിക്കുന്ന സിസ്റ്ററിന്റെ മുഖവും പ്രോത്സാഹനവും എന്നെ ഇന്നും നയിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org