
മാവിന്‍കൊമ്പില്‍ക്കേറി നടക്കും
അണ്ണാറക്കണ്ണാ,
തത്തിത്തത്തിച്ചാടി രസിക്കും
അണ്ണാറക്കണ്ണാ,
വാലുകുലുക്കിക്കോലം തുള്ളും
അണ്ണാറക്കണ്ണാ,
മുതുകത്തിങ്ങനെ ആരു വരച്ചൂ
ചേലില്‍ മൂന്നുവര?
ആറാംക്ലാസില്‍ പഠിക്കുന്ന കാലത്ത് ജീവിതത്തില്‍ ആദ്യമായി എഴുതിയ കവിത. ലോകവും കാലവും ഒത്തിരി മാറിയിട്ടും പല തലമുറകള്‍ക്കായി കവിതയും കഥയുമൊക്കെ നിരന്തരമെഴുതുന്നതില്‍ നിഷ്ഠവച്ച സിപ്പി പള്ളിപ്പുറമെന്ന അക്ഷരമുത്തശ്ശന്റെ പ്രഥമരചന. കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ അദ്ദേഹം മലയാളബാലകര്‍ക്ക് അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും മധുരം വിളമ്പുകയാണ്. ആ വിരുന്നുണ്ണാനെത്തുന്നത് കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍കൂടിയാണ്. കുട്ടികള്‍ക്കായി എഴുതുന്നത് കുട്ടികള്‍ മാത്രമല്ല വായിക്കുന്നത്, മുതിര്‍ന്നവരും വായിക്കും. പേരക്കിടാങ്ങളെ പരിപാലിക്കുന്ന വയോജനങ്ങളും ബാലസാഹിത്യത്തിന്റെ ആസ്വാദകരാണല്ലോ. അതുകൊണ്ടാണ് സിപ്പിസാറിന്റെ സാഹിത്യസൃഷ്ടികള്‍ വായിച്ചുപോന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടികള്‍ ഇന്ന് മുതിര്‍ന്ന പൗരന്മാരായിട്ടും അദ്ദേഹത്തിന്റെ രചനകളില്‍ അഭിരമിക്കുന്നത്. അധ്യാപനത്തിലും ബാലസാഹിത്യത്തിലും ഔന്നത്യത്തിന്റെ പടവുകള്‍ താണ്ടിയ ആ ധന്യജീവിതം മെയ് 18-ന് എണ്‍പതിലെത്തുകയാണ്.
ബാലസാഹിത്യത്തിന്റെ എല്ലാ ശാഖകളിലും മികവുതെളിയിച്ച എഴുത്തുകാരന്‍ എന്ന ഖ്യാതി സിപ്പിസാറിനുമാത്രമുള്ളതാണ് എന്നു പറയാതെ വയ്യ. കഥകള്‍, കവിതകള്‍, നോവലുകള്‍, നേഴ്‌സറിപ്പാട്ടുകള്‍, കഥാപ്രസംഗങ്ങള്‍, കഥാകവിതകള്‍, ജീവചരിത്രങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ബാലലേഖനങ്ങള്‍ എന്നിങ്ങനെ ബാലസാഹിത്യത്തിന്റെ സമസ്തമേഖലകളിലും ആ പ്രതിഭ ഒഴുകിപ്പരന്നു. ഒന്നോ രണ്ടോ സാഹിത്യ രൂപങ്ങളില്‍ പ്രാവീണ്യം തെളിയിച്ച പലരുണ്ടെങ്കിലും ഇപ്പറഞ്ഞ വൈവിധ്യം അ ന്യാദൃശ്യമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ സര്‍ഗവ്യാപാരങ്ങളെ വിശകലനം ചെയ്യുമ്പോള്‍ രണ്ടു കൈവഴികള്‍ കണ്ടെടുക്കാനാവും. അതിലൊന്ന് അധ്യാപകനായ കവിയുടെ സാന്നിധ്യവും മറ്റൊന്ന് കഥപറയുന്ന ഒരു മാമന്റെ വാത്സല്യവുമാണ്.
കുട്ടികളുടെ കവി മാഷാകുമ്പോള്‍
എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളി ലെ മൂന്നു പതിറ്റാണ്ടുകാലത്തെ അധ്യാപകജീവിതം സിപ്പിസാറിന്റെ സാഹിത്യജീവിതത്തിന് ദിശാബോധം നല്‍കി. ആറാംക്ലാസില്‍ ആരംഭിച്ച കവിതാരചന പലമട്ടില്‍ വളര്‍ന്നുവന്നു. എന്നാല്‍ കുട്ടികള്‍ക്കുവേ ണ്ടി മാത്രം എഴുതാനുള്ള പ്രചോദനങ്ങളില്‍ പ്രധാനം ക്ലാസ്സ്മുറികള്‍ തന്നെയായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ ക്കു പുറമേ അധ്യാപനം ആഹ്ലാദകരമാക്കുന്നതിനു സ്വയം കണ്ടെത്തിയ മാര്‍ഗമായിരുന്നു ബാലകവിതകളുടെ നിര്‍മ്മാണം. അ ക്ഷരാഭ്യാസമില്ലാത്ത അമ്മൂമ്മയില്‍ നിന്ന് ചെറുപ്പത്തില്‍കേട്ട നാടന്‍പാട്ടുകളും വായ് ത്താരികളുമൊക്കെ ഇവിടെ കൂട്ടിനെത്തി. അതേക്കുറിച്ച് അദ്ദേഹമിങ്ങനെ പറയും: ''അമ്മൂമ്മയുടെ ചുണ്ടില്‍ അനേകം നാടന്‍ പാട്ടുകളും വായ്ത്താരികളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും സൂക്ഷിച്ചുവച്ചിരുന്നു. ഞങ്ങളുടെ മുന്നിലെത്തിയാല്‍ അമ്മൂമ്മ നാടോടിസാഹിത്യത്തിന്റെ ആ കിലുക്കാംചെപ്പ് തുറന്നു നല്ലവണ്ണം രസിപ്പിക്കും. അമ്മൂമ്മയുടെ ഈണത്തിലുള്ള പാട്ടുകള്‍ ഞങ്ങള്‍ വായുംപിളര്‍ന്ന് കേട്ടി രിക്കും. ഇത്തരം വായ്ത്താരികളും നാടന്‍ പാട്ടുകളും എന്നെ കൂടുതലായി ആകര്‍ ഷിച്ചു. അവയുടെ വ്യത്യസ്തമായ ഈണവും താളവും അറിയാതെ തന്നെ എന്നില്‍ കവിതയുണര്‍ത്തി.''
കൃത്യമായ താളവും ഹൃദ്യമായ ഈണവും ഒത്തിണങ്ങിയ ആശയസമ്പുഷ്ടങ്ങളായ ആയിരക്കണക്കിന് കവിതകള്‍ ആ തൂലികയില്‍ നിന്ന് വാര്‍ന്നുവീണു. അവയുടെ ആദ്യത്തെ ആസ്വാദകര്‍ സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ തന്നെയായിരുന്നു. അതേസമയം മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളെല്ലാം വലിയ താല്പര്യത്തോടെ ആ കവിതകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാര്‍ അവ മിഠായിപോലെ ആസ്വദിച്ചു. പ്രമുഖപ്രസാധകര്‍ അവ പുസ്തകങ്ങളായി പുറത്തിറക്കി. വലിയ വില്പനവിജയം നേടിയ കൃതികളായി പല പതിപ്പുകളിറങ്ങി. അതുകൊണ്ടാവാം ബാലസാഹിത്യം പ്രസിദ്ധീകരിക്കുന്ന ഏതു പ്രസാധകരും ആദ്യപുസ്തകത്തിനായി സമീപിക്കുന്നത് സിപ്പി പള്ളിപ്പുറത്തെയാകുന്നത്.
ആര്‍ക്കും എളുപ്പത്തില്‍ ചൊല്ലാ നും അര്‍ത്ഥം ഗ്രഹിക്കാനും കഴിയുന്ന വയാണ് സിപ്പിക്കവിതകള്‍. നേഴ്‌സറിപ്പാട്ടുകള്‍ മുതല്‍ കഥാകവിതകള്‍ വരെ വൈവിധ്യമാര്‍ന്നതാണ് ആ കാവ്യലോകം. 1985-ല്‍ ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചെണ്ട, 1988-ല്‍ പ്രഥമ ഭീമാബാലസാഹിത്യഅവാര്‍ഡും 1995-ല്‍ എന്‍ സി ഇ ആര്‍ ടിയുടെ ദേശീയപുരസ്‌കാരവും നേടിയ പൂരം, പപ്പടം പഴം പായസം എന്നീ കൃതികള്‍ ഏറെ പ്രശസ്തങ്ങളാണ്. നൂറ് നേഴ്‌സറിപ്പാട്ടുകള്‍, നൂറ് അക്ഷരപ്പാട്ടുകള്‍, നൂറ് ഗണിതഗാനങ്ങള്‍ എന്നിവയൊക്കെ ഒരധ്യാപകന്റെ തൂലികയിലെ മധുരഫലങ്ങള്‍തന്നെയാണ്. വേറെയും നിരവധി കൃതികള്‍ ഈ ഗണത്തിലുണ്ട്. അവയൊക്കെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ ഏറ്റെടുക്കുന്നു. കാവ്യവഴികളെ ഉപയോഗപ്പെടുത്തി ഗുരുചര്യയില്‍ അദ്ദേഹമനുഷ്ഠിച്ച സേവനങ്ങളെ മാനിച്ച് 1992-ല്‍ ദേശീയ അധ്യാപകഅവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കുകയുണ്ടായി.
വരമൊഴിയിലെന്നപോലെ വാമൊഴിയിലും തിളങ്ങിനില്‍ക്കുന്ന കവിയാണ് സിപ്പി പള്ളിപ്പുറം. കവിയരങ്ങുകളിലെ നിറസാന്നിധ്യമാണ് അദ്ദേഹം. സാഹിത്യക്യാമ്പുകള്‍, പഠനക്കളരികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഉദ്ഘാടകനായും വിശിഷ്ടാതിഥിയായും എത്തുന്ന സിപ്പിസാര്‍ നാടന്‍ പാട്ടുകളും വായ്ത്താരികളും കാവ്യശകലങ്ങളും ഇണക്കിച്ചേര്‍ത്ത് ആരംഭിക്കുന്ന പ്രഭാഷണങ്ങള്‍ കൊണ്ട് സദസ്സിനെ വശീകരിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നതില്‍ നിപുണനാണ്. താളത്തില്‍ ഒഴുകിവരുന്ന ഈരടികള്‍ മതിയാകും സദസ്സിനെ പിടിച്ചിരുത്താന്‍. വേദിയില്‍നിന്നിറങ്ങുന്ന അദ്ദേഹത്തെ കാണാനും കുശലം പറയാനും കുട്ടികള്‍ക്ക് അനുഗ്രഹം വാങ്ങാനും ഒന്നിച്ചൊരു ഫോട്ടോയെടുക്കാനുമൊ ക്കെ തിക്കിത്തിരക്കിയെത്തുന്നവരുടെ മനസ്സിലും നിറയുന്നത് ഈ ഹൃദയതാളം തന്നെയാണ്.
സ്‌നേഹം വിതറുന്ന കഥമാമന്‍
''പറക്കുംകുതിരയുടെ പുറത്തുകേറി മന്ത്രക്കോട്ടയിലെ ത്തി മാണിക്യക്കല്ല് കൈക്കലാക്കുന്ന രാജകുമാരന്റെ കഥ യും അപ്പം നട്ടുമുളപ്പിച്ച് അപ്പമരമുണ്ടാക്കിയ ഉണ്ണിച്ചന്തു വിന്റെ കഥയും ഏഴാങ്ങളമാരും കുഞ്ഞിപ്പെങ്ങളും ചേര്‍ന്നു രാക്ഷസനെ ഭരണിയിലടച്ച കഥയുമൊക്കെ അമ്മൂമ്മ പറ ഞ്ഞുതന്നത് ഇന്നും നന്നായി ഓര്‍മ്മയുണ്ട്. ഈ നാടോടി സാഹിത്യത്തിന്റെ സ്വാധീനമാണ് എന്നില്‍ ബാലസാഹിത്യ ത്തിന്റെ വിത്തുകള്‍ മുളപ്പിച്ചത്.'' ദശവത്സരങ്ങളിലൂടെ കുട്ടികള്‍ക്കായി നാനാതരം കഥകളെഴുതിപ്പോരുന്ന സിപ്പിസാറിന്റെ സാക്ഷ്യമാണിത്. കഥ പറഞ്ഞുകൊടുക്കാന്‍ അമ്മൂമ്മമാര്‍ക്കും അമ്മമാര്‍ക്കും കഴിയാതെപോകുന്ന കാലവും അദ്ദേഹം കണ്ടറിഞ്ഞു. അപ്പോഴും കുട്ടികള്‍ക്ക് കഥകള്‍ അന്യമാകരുതെന്ന് ആഗ്രഹിച്ചതില്‍ നിന്നാണ് പുതുമയേറിയ കഥാകഥനരീതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചത്. ഉറങ്ങാന്‍ പോകുന്ന കുട്ടികള്‍ കഥകേള്‍ക്കാന്‍ ആഗ്രഹിക്കാറുണ്ട്. അത്തരം കഥകളില്‍ താളംനിറഞ്ഞ വായ്ത്താരികളും കവിതാശകലങ്ങളും കൂടിയുണ്ടായാലോ? അങ്ങനെയാണ് വായിച്ചുകേള്‍പ്പിക്കാന്‍ കഥകളും പറഞ്ഞുകൊടുക്കാന്‍ കഥകളും എഴുതിത്തുടങ്ങിയത്. പൂമ്പാറ്റ ദ്വൈവാരികയിലെ എഡിറ്റര്‍ എന്‍ എം മോഹനന്‍ അതിനു പ്രോത്സാഹനവുമേകി. മുപ്പത്തഞ്ചുകൊല്ലത്തോളം പൂമ്പാറ്റയിലും ബാലരമയിലും സിപ്പിസാര്‍ ഇത്തരം കഥകളെഴുതി. അവ സമാഹ രിച്ച് വിവിധ പുസ്തകങ്ങള്‍ പുറത്തിറങ്ങി. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കെ സി ബി സി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗയാത്ര, തൃശ്ശൂര്‍ സഹൃദയവേദി അവാര്‍ഡ് (1988), കൈരളി ചില്‍ഡ്രണ്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ് എന്നിവയ്ക്കര്‍ഹമായ തത്തകളുടെ ഗ്രാമം, നെയ്യപ്പത്തിന്റെ ലോകസഞ്ചാരം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
ലോകമെങ്ങുമുള്ള നാടോടിക്കഥകളെ മലയാളികള്‍ക്കു പരിചയപ്പെടുത്തുവാന്‍ ചെയ്ത പരിശ്രമങ്ങള്‍ വലുതാണ്. പുനരാഖ്യാനമായാല്‍ക്കൂടി അവയിലെല്ലാം തനതായ മുദ്ര കാണാം. സിപ്പിസാറെഴുതിയ ഐതിഹ്യമാല അതിനൊരു മികച്ച ഉദാഹരണമാണ്. കരുണയും ധീരതയും സ്‌നേഹവും തെളിഞ്ഞുനില്‍ക്കു ന്ന ബാലനോവലുകളും ആ തൂലിക സംഭാവന ചെയ്തിട്ടുണ്ട്. ആദ്യനോവലായ മിന്നാമിനുങ്ങ്, സംഗീതവീട്ടിലെ രാജകുമാരന്‍, ചെന്നായ് വളര്‍ത്തിയ പെണ്‍കുട്ടി തുടങ്ങി പല കൃതികള്‍.
കുട്ടികള്‍ക്കായി വിശുദ്ധരുടെയും മഹാത്മാക്കളുടെയും മികച്ച ജീവചരിത്രങ്ങള്‍ എഴുതിയിട്ടുള്ള സിപ്പിസാര്‍ കഥാരൂപത്തില്‍ ജീവിതമവതരിപ്പിക്കുന്ന രചനാസരണിയും തുടങ്ങിവച്ചു. ജീവചരിത്രം വായിക്കാന്‍ ഉത്സാഹമില്ലാത്ത കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തില്‍ കഥാശൃംഖലയിലൂടെ ജീവിതം പറയുന്ന തന്ത്രം. ഏറെ പ്രശസ്തമായ നൂറു ബാപ്പുജിക്കഥകള്‍, നൂറു ചാച്ചാജിക്കഥകള്‍ എന്നിവ അത്തരത്തില്‍പ്പെടുന്നവയാണ്. ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി എന്ന പുസ്തകം കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയതാണ്. ഈ കൃതിക്കാണ് കേന്ദ്രസാഹിത്യഅക്കാഡമിയുടെ പ്രഥമ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്. ഗുരുഭക്തിയുടെ കഥകള്‍, കാട്ടിലെ കഥകള്‍, ആനക്കഥകള്‍, കുറുക്കന്‍കഥകള്‍ എന്നിവയൊക്കെ ഏറെ വായിക്കപ്പെടുന്ന പുസ്തകങ്ങളാണ്. സിപ്പി പള്ളിപ്പുറത്തിന്റെ പല കൃതികളും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ടിവി ചാനലുകള്‍ പ്രചാരത്തിലായ കാലം മുതല്‍ കഥപറച്ചിലിന്റെ സൗന്ദര്യം പ്രേക്ഷകര്‍ അദ്ദേഹത്തിലൂടെ അനുഭവിച്ചാസ്വദിക്കുന്നു. കാലത്തിനു ചേരുന്നവിധം പ്രമേയങ്ങള്‍ കണ്ടെടുക്കാനും അവതരണവൈവിധ്യം നിലനിര്‍ത്താനും കഴിയുന്നിടത്താണ് സിപ്പിസാര്‍ വേറിട്ടുനില്‍ക്കുന്നത്. കോവിഡ്കാലവുമായി ബന്ധപ്പെട്ട് അദ്ദേഹമെഴുതിയ രചനകള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. 2020-ലെ ഏറ്റവും മനോഹരമായ ഒരു ഓണക്കഥയാണ് അദ്ദേഹത്തിന്റെ മാവേലിമുത്തച്ഛനും കൊറോണഭൂതവും.
സത്യദീപവുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന സിപ്പി പള്ളിപ്പുറത്തിന്റെ കുഞ്ഞുകവിതകളും കഥകളും നോവലുകളും വായനക്കാര്‍ കാലങ്ങളായി ആസ്വദിച്ചുപോരുന്നതാണ്. മാനവികമൂല്യങ്ങള്‍ പകരുന്ന രചനകളും ക്രൈസ്തവപ്രമേയങ്ങളിലുള്ള സൃഷ്ടികളും ആവശ്യാനുസരണം നല്‍കുന്നതില്‍ എത്ര തിരക്കിനിടയിലും അദ്ദേഹം മറക്കാറില്ല. മലയാളബാലകരുടെ മഹാഭാഗ്യമായ സിപ്പി പള്ളിപ്പുറത്തിനു ആശംസകള്‍ നേരുമ്പോള്‍ ഒരു കുഞ്ഞുകവിത ഉദ്ധരിക്കട്ടെ:
മേലേ വലിയൊരു നീലപ്പൂങ്കുട
വിടര്‍ന്നു നില്‍ക്കുന്നൂ.
താഴേയുള്ളൊരു പൂഴിവിരിപ്പില്‍
നമ്മളുറങ്ങുന്നൂ.
നമ്മളെ വീശിയുറക്കിത്തരുവാന്‍
കുളിര്‍കാറ്റുണ്ടല്ലോ.
നമ്മളെ നിത്യം വിളിച്ചുണര്‍ത്താന്‍
പുലരിയുമുണ്ടല്ലോ!
നന്മയിലേക്ക് നമ്മെ വിളിച്ചുണര്‍ത്താന്‍ ഇനിയുമേറെക്കാലം സിപ്പിസാറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന!