ഷേം

ഷേം

നോഹയുടെ ആദ്യത്തെ പുത്രനാണ് ഷേം. ഈ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ ധാരണകളില്ല. ഷേം എന്ന ഹീബ്രു വാക്കിന് 'പേര്' എന്നാണ് അര്‍ഥം. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ആത്മീയ അര്‍ത്ഥമായിരിക്കാം ഈ പേരിന്റെ ആധാരം. പുത്രന്‍ എന്നര്‍ത്ഥം വരുന്ന ഒരു സെമിറ്റിക് വാക്കിന്റെ ചുരുക്കമാണിതെന്നും ഒരു അഭിപ്രായമുണ്ട്. ചില തെക്കന്‍ സെമറ്റിക് ഭാഷകളില്‍ ഈ പേരിന് 'നിയമിക്കപ്പെട്ടവന്‍, ബഹുമാനിക്കപ്പെട്ടവന്‍, വിശുദ്ധന്‍, ഉന്നതന്‍' എന്നൊക്കെയും അര്‍ത്ഥങ്ങളുണ്ട്.

ഷേം, പിതാവായ നോഹയോട് ചേര്‍ന്ന് ജലപ്രളയത്തെ അതിജീവിക്കുകയും, ദൈവവുമായുള്ള ആദ്യ ഉടമ്പടിയില്‍ പങ്കാളിയാവുകയും ചെയ്തു. തന്റെ പിതാവിന്റെ നഗ്‌നത അവന് നാണക്കേടാക്കാതെ മറച്ചതുകൊണ്ട് ഷേം അനുഗ്രഹീതനായി. സെമറ്റിക് ഗോത്രങ്ങള്‍ ഷേമില്‍നിന്നുമാണ് ഉണ്ടായിരിക്കുന്നത്; പ്രത്യേകിച്ച് യഹൂദരും അറബികളും യെമനികളും എത്യോപ്പ്യരും തങ്ങളുടെ പിതാവായി ഷേമിനെ കരുതുന്നു. മധ്യ പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും വസിക്കുന്ന ജനത ഷേമിന്റെ പിന്‍തലമുറയാണെന്നാണ് ബൈബിള്‍ നല്‍കുന്ന സൂചന.

ബൈബിളാന്തര പാരമ്പര്യങ്ങളില്‍ നിരവധി കാര്യങ്ങള്‍ ഷേമിനെക്കുറിച്ച് കാണാനാവും. അവയില്‍ ചിലതാണ് ഇനി പറയുന്നത്. അമോര്യരുടെ പാരമ്പര്യ പ്രകാരം, ഷേം നോഹയുടെ മൂത്തതല്ല, ഇളയപുത്രനാണ്. എന്നാല്‍ ഏറ്റവും പ്രാധാന്യമുള്ള മകനാകയാലും ഏറ്റവും ബുദ്ധിമാനും ജ്ഞാനിയും ആയതിനാലുമാണ് അവന്റെ പേര് നോഹയുടെ മക്കളില്‍ ആദ്യത്തേതായി നല്‍കിയിരിക്കുന്നത്.

യഹൂദ പാരമ്പര്യമനുസരിച്ച് ഷേം ജനിച്ചതേ പരിച്ഛേദിതനായിട്ടാണ്. 400 വര്‍ഷങ്ങള്‍ അവന്‍ പ്ര വാചകനും പുരോഹിതനും ആയിരുന്നു. ജലപ്രളയത്തിനു ശേഷം, ആദത്തിന്റെ പുരോഹിത വസ്ത്രം നോഹ ഷേമിന് കൈമാറുകയും, ഷേം നോഹയ്ക്കുവേണ്ടി കര്‍ത്താവിന് ബലിയര്‍പ്പിക്കുകയും ചെയ്തു.

ശലേമിന്റെ (Jerusalem) രാജാവായ മെല്‍ക്കിസെദേക്ക്, ഷേം ആണെന്ന് ഒരു പാരമ്പര്യമുണ്ട്. യുദ്ധത്തില്‍ വിജയിച്ച് എത്തുന്ന അബ്രഹാം തന്റെ പത്താം തലമുറ മുത്തച്ഛനായ ഷേമിന് യുദ്ധത്തില്‍ നേടിയവയുടെ ഓഹരി നല്കിയത്രെ. യുദ്ധത്തില്‍ വധിക്കപ്പെട്ടവരും തന്റെ മക്കളാകയാല്‍ ഷേം തന്നെ ശപിക്കും എന്ന് ഭയന്നാണ് അബ്രഹാം അങ്ങനെ ചെയ്തതത്രേ! എന്നാല്‍ യുദ്ധത്തില്‍ വിജയിച്ചവനും തോറ്റവനും തന്റെതന്നെ ചെറുമക്കള്‍ ആയിരുന്നെങ്കിലും അബ്രഹാത്തെ കര്‍ത്താവ് പ്രത്യേകം തിരഞ്ഞെടുത്തതിനാല്‍ അബ്രഹാത്തെ ഷേം അനുഗ്രഹിക്കുകയാണ് ഉണ്ടായത്.

തന്റെ പട്ടണത്തിന് ഷേം നല്‍കിയ പേര് ശലേം എന്നായിരുന്നു. ഇതേ ഇടത്തിന് യഹ്‌വെയിരെ എന്ന് അബ്രഹാമും പേരിട്ടു. ഈ രണ്ട് പേരുകളും സംയോജിച്ചാണ് യെറുശലേം (Jerusalem) എന്ന പേര് ഉണ്ടായതെന്നാണ് യഹൂദ പാരമ്പര്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org