സൗഖ്യത്തിന്റെ കൂദാശയാണ് കുമ്പസാരവും രോഗീലേപനവും. മനുഷ്യജീവിതത്തെ സ്പര്‍ശിക്കുന്ന, അവനെ അലട്ടുന്ന ഗൗരവമായ പ്രശ്‌നങ്ങളില്‍ രോഗവും സഹനവും എക്കാലത്തും ഉണ്ടായിരുന്നു, ഉണ്ടാവുകയും ചെയ്യും. സ്വന്തം ശരീരത്തില്‍ അവയവങ്ങള്‍ തമ്മിലും തന്നോടുതന്നെയമുള്ള ക്രമവും ബന്ധവും നഷ്ടപ്പെടുന്ന അവസ്ഥയാണ് രോഗാവസ്ഥ. ശരീരം-മനസ്സ്-ബുദ്ധി എന്നിവയുടെ ക്രമമായ പ്രവര്‍ത്തനമാണ് ഒരുവനെ ആരോഗ്യവാനാക്കുന്നത്. ശരീരത്തിലും ബുദ്ധിയിലും മനസ്സിലും അവ തമ്മില്‍ത്തമ്മിലുമുള്ള ഐക്യം തകരുന്നതിലൂടെ മനുഷ്യന്റെ സമഗ്രതയ്ക്ക് കോട്ടം സംഭവിക്കുന്നു. രോഗാവസ്ഥയില്‍ മനുഷ്യന്‍ തന്റെ ബലഹീനതയും പരിമിതികളും നിസാരത്വവും നൈമിഷികതയും അനുഭവിച്ചറിയുന്നു. അത് അവനെ പലപ്പോഴും നിരാശയിലേക്കും നിസഹായാവസ്ഥയിലേക്കും ഒറ്റപ്പെടലിലേക്കും മരണത്തിലേക്കുപോലും നയിക്കുന്നു.
സൗഖ്യദായകനായ ദൈവം
പഴയ നിയമത്തിലുടനീളം സൗഖ്യദായകനായ ദൈവത്തിന്റെ ചിത്രം തെളിഞ്ഞു വരുന്നുണ്ട്. ഉല്പത്തി പുസ്തകത്തില്‍ സ്വന്തം പ്രവര്‍ത്തി വഴി മുറിവേറ്റ ആദത്തിനും ഹവ്വയ്ക്കും ഒരു രക്ഷകനെ വാഗ്ദാനം ചെയ്തുകൊണ്ട് മനുഷ്യകുലത്തെ സൗഖ്യത്തിലേക്ക് നയിക്കുന്ന ദൈവത്തെയാണ് നാം കണ്ടുമുട്ടുക.
'എവിടെ നിന്റെ സഹോദരന്‍?' എന്ന ദൈവത്തിന്റെ ചോദ്യത്തിന് 'ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ?' എന്ന മറുചോദ്യം ഉന്നയിക്കുന്നു കായേന്‍. സ്വാര്‍ത്ഥത തലയ്ക്കു പിടിച്ച് സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കായേന്‍ ഒറ്റപ്പെടലിന്റേയും ഭയത്തിന്റേയും മൂര്‍ധന്യത്തില്‍ സ്വന്തം പാപത്തിന്റെ ഭാരം പേറി മാനസിക നില തകര്‍ന്ന് ''കാണുന്നവരൊക്കെ എന്നെ കൊല്ലാന്‍ നോക്കുന്നു'' എന്ന് ദൈവത്തോട് വിലപിക്കുമ്പോള്‍ അവനെ ചേര്‍ത്തുനിര്‍ത്തി ആരും അവനെ കൊല്ലാതിരിക്കാന്‍ അവന്റെ മേല്‍ സ്വന്തം മുദ്ര പതിപ്പിക്കുന്ന ദൈവം സൗഖ്യത്തിന്റെ ദൈവമാണ്. ''ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്'' (പുറ. 15:26) എന്ന് ഇസ്രായേലിനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു ദൈവം. സങ്കീര്‍ത്തനത്തില്‍ ഉടനീളം സൗഖ്യദായകനായ ദൈവത്തെ പ്രഘോഷിക്കുമ്പോള്‍ ഏശയ്യാ പ്രവാചകന്‍ യഹോവയാം ദൈവത്തെ ഇസ്രായേലിനെ സുഖപ്പെടുത്തുന്ന കര്‍ത്താവായി എടുത്തുകാട്ടുന്നു (ഏശ. 26:19, 29:18, 61:1-11).
സുഖപ്പെടുത്തുന്ന ഈശോ
കാലത്തിന്റെ തികവില്‍ ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ യേശു സൗഖ്യദായകനായി അവതരിക്കുന്നു. മനുഷ്യകുലത്തെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് തന്റെ ദൗത്യം എന്ന് പ്രഖ്യാപിക്കുന്നു (ലൂക്കാ 4:16-20).
സുവിശേഷങ്ങളിലുടനീളം രോഗികളെ സുഖപ്പെടുത്തുന്ന യേശുവിനെയാണ് നാം കണ്ടുമുട്ടുന്നത്. 'എന്നെ സുഖപ്പെടുത്തണമേ' എന്ന യാചനയുമായി നിരാലംബരും നിസ്സഹായരുമായ മനുഷ്യര്‍ യേശുവിന്റെ അരികിലെത്തുമ്പോള്‍ ഉപാധികളില്ലാതെ അവര്‍ക്ക് സൗഖ്യം നല്കിക്കൊണ്ട് മനുഷ്യരെ സൗഖ്യത്തിലേക്ക് നയിക്കുക എന്നത് തന്റെ രക്ഷാകര പദ്ധതിയുടെ അനിവാര്യമായ ഘടകമാണ് എന്ന് അവന്‍ പ്രഖ്യാപിക്കുകയാണ്.
അന്ധതയും ബധിരതയും കുഷ്ഠരോഗവുമെല്ലാം ദൈവശാപത്തിന്റെ ഫലമാണ് എന്ന് അടിവരയിട്ട് പഠിപ്പിച്ച ഒരു മതചിന്തയെ കീഴ്‌മേല്‍ മറിച്ച് അവര്‍ക്ക് സൗഖ്യം നല്കിക്കൊണ്ട് ദൈവശാപത്തെ മറികടക്കുന്ന ദൈവിക കരുണയെ യേശു പുനഃപ്രതിഷ്ഠിച്ചു. ഒരുവന്‍ അന്ധനായിരിക്കുന്നത് അവന്റെയോ അവന്റെ മാതാപിതാക്കളുടെയോ കുറ്റം കൊണ്ടല്ലെന്നും പ്രത്യുത ദൈവത്തിന്റെ പ്രവര്‍ത്തി അവനില്‍ നിറവേറാനാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൂര്‍വിക ശാപത്തെ മറികടക്കുന്ന ദൈവസ്‌നേഹത്തിന്റെ പ്രവര്‍ത്തിയായ കാഴ്ചയുടെ സൗഖ്യം അവന് നല്കിക്കൊണ്ട് അവന്റെ തന്നെ അന്ധതയും ഒപ്പം അവനെ ദൈവസ്‌നേഹത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം നിറുത്തിയ ആത്മീയ അന്ധതയേയും യേശു നീക്കിക്കളയുന്നു.
സമ്പൂര്‍ണ്ണ മനുഷ്യന്റെ ആത്മാവിനേയും ശരീരത്തേയും സുഖപ്പെടുത്താനാണ് അവിടന്ന് വന്നത്. 'ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെകൊണ്ട് ആവശ്യം' എന്ന പ്രസ്താവനയിലൂടെ സൗഖ്യദായകനായ ഒരു വൈദ്യനായി യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നു.
സഭയുടെ ദൗത്യം
യേശുനാഥന്‍ രോഗീലേപനം എന്ന കൂദാശ സ്ഥാപിച്ച് സഭയെ ഭരമേല്പിച്ചത് തന്റെ സൗഖ്യശുശ്രൂഷ തന്റെ പുനരാഗമനംവരെ തുടരാനാണ് (മര്‍ക്കോ. 16:17-18, ലൂക്കാ 10:9). സഭ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഇത് സാധിതമാക്കുന്നു. ആദിമ സഭയില്‍ അപ്പസ്‌തോലന്മാരുടെ നേതൃത്വത്തില്‍ രോഗീലേപനശുശ്രൂഷ നടന്നിരുന്നതായി യാക്കോബ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. ''നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടു കൂടിയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന് മാപ്പ് നല്കും'' (യാക്കോബ് 5:14-15).
ആദിമ നൂറ്റാണ്ടുമുതല്‍ ഈ സൗഖ്യശുശ്രൂഷ ഉണ്ടായിരുന്നെങ്കിലും മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ് രോഗീലേപനം ഒരു കൂദാശയായി സഭയില്‍ അംഗീകരിക്കപ്പെട്ടത്. 1545-ലെ തെന്ത്രോസ് സൂനഹദോസില്‍ രോഗീലേപനം ഉള്‍പ്പെടെ കൂദാശകള്‍ 7 എന്ന് ക്ലിപ്തപ്പെടുത്തി അവയ്ക്ക് ദൈവശാസ്ത്ര വിശദീകരണം നല്കി. സഭ രോഗികളെ ക്രിസ്തുവിന് ഭരമേല്പിച്ചുകൊണ്ട് അവരെ സുഖപ്പെടുത്താനും രക്ഷിക്കാനുമുള്ള ശുശ്രൂഷയുടെ കൂദാശയാണ് രോഗീലേപനം (LG 11).
ആര്‍ക്കെല്ലാം സ്വീകരിക്കാം
ആശീര്‍വദിക്കപ്പെട്ട തൈലം കൊണ്ട് രോഗികള്‍ക്ക് ലേപനം നല്കുന്ന പതിവ് പുരാതനകാലം മുതലേ ഉണ്ട് എന്നത് പാശ്ചാത്യ-പൗരസ്ത്യ ആരാധനക്രമ പാരമ്പര്യങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നൂറ്റാണ്ടുകളുടെ ഗതിയില്‍ രോഗീലേപനം മരണത്തിന്റെ നിമിഷത്തിലെത്തിയവര്‍ക്ക് മാത്രം നല്കുന്ന രീതി പ്രബലപ്പെട്ടു. അതുകൊണ്ട് ഇതിനെ ഒടുവിലത്തെ ഒപ്രീശ്മ, അന്ത്യകൂദാശ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.
വാസ്തവത്തില്‍ ഈ കൂദാശയുടെ ആത്യന്തിക ലക്ഷ്യം രോഗിയുടെ നിത്യരക്ഷയാണ്. നിത്യരക്ഷയ്ക്ക് ഉതകുമെങ്കില്‍ രോഗിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഈ കൂദാശ വഴി കൃപാവരം ലഭിക്കും. അതുകൊണ്ടുതന്നെ രോഗാവസ്ഥയിലുള്ള ആര്‍ക്കും പ്രായഭേദമെന്യേ ഈ കൂദാശ സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന് ഗൗരവമായ ഒരു ശസ്ത്രക്രിയയ്ക്കു മുമ്പ് രോഗി, രോഗീലേപനം സ്വീകരിക്കുന്നത് സമുചിതവും രക്ഷാകരവുമാണ്.
തൈലംകൊണ്ട് മുദ്രണം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മെത്രാന്മാരും വൈദീകരും മാത്രമാണ് രോഗീലേപനത്തിന്റെ കാര്‍മ്മികര്‍. ഈ കൂദാശയുടെ രക്ഷാകരമായ പ്രയോജനങ്ങളെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കുക എന്നത് അജപാലകന്മാരുടെ കടമയാണ്. അതുപോലെ തന്നെ നല്ല മനോഭാവത്തോടെ ഈ കൂദാശ സ്വീകരിക്കാന്‍ രോഗികളായ വിശ്വാസികള്‍ തയ്യാറാവുകയും വേണം.
രോഗീലേപനത്തിന്റെ സാമൂഹ്യമാനം
മറ്റെല്ലാ കൂദാശകള്‍ പോലെ തന്നെ രോഗീലേപനവും ആരാധനക്രമപരവും സാമൂഹികവുമായ ഒരു ആഘോഷമാണ്. ക്രിസ്തുവിന്റെ മൗതികശീരം എന്ന നിലയില്‍ ഒരു അവയവത്തിന്റെ വേദന ശരീരം ഒന്നാകെ അനുഭവിക്കുന്നു. രോഗാവസ്ഥയില്‍ നിന്ന് രോഗിയെ സുഖപ്പെടുത്താനാണെങ്കിലും മറിച്ച് നിത്യജീവിതത്തിലേക്ക് കടന്നുപോകുന്ന കാരണമാണെങ്കിലും ഈ ശുശ്രൂഷ സഭ മുഴുവന്റേയും പ്രതീകവും പ്രത്യാശയുമായി ഭവിക്കുന്നു. അത് വീട്ടില്‍ വച്ചോ ആശുപത്രിയില്‍ വച്ചോ ദേവാലയത്തില്‍ വച്ചോ നടത്തിയാലും ഒരു രോഗിക്കുവേണ്ടിയോ രോഗികളുടെ ഒരു ഗണത്തിനുവേണ്ടിയോ നടത്തിയാലും സഭ മുഴുവനും പങ്കുചേരുന്ന ഒരു സാമൂഹിക ആഘോഷമായി ഇത് നടത്തണം. ഈ കൂദാശ സ്വീകരിക്കുന്നതിനുമുമ്പ് അനുതാപ കൂദാശയും അതിനുശേഷം ദിവ്യകാരുണ്യ സ്വീകരണവും നടത്താം. കര്‍ത്താവിന്റെ പെസഹായുടെ സ്മാരകമായ വി. കുര്‍ബാനയുടെ ആഘോഷത്തിനിടയില്‍ രോഗീലേപനം നല്കുന്നത് വളരെ ഉചിതമാണെന്നും സഭ പഠിപ്പിക്കുന്നു (CCC.1517).
യേശുനാഥന്‍ രോഗീലേപനം എന്ന കൂദാശ സ്ഥാപിച്ച് സഭയെ ഭരമേല്പിച്ചത് തന്റെ സൗഖ്യശുശ്രൂഷ തന്റെ പുനരാഗമനം വരെ തുടരാനാണ് (മര്‍ക്കോ. 16:17-18, ലൂക്കാ 10:9). സഭ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഇത് സാധി തമാക്കുന്നു.
രോഗീലേപനത്തിന്റെ ഫലങ്ങള്‍
1) പരിശുദ്ധാത്മാവിന്റെ ദാനം: പുരോഹിതന്‍ രോഗിയുടെ മേല്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെയും തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നതിലൂടെയും പ്രത്യേകമായ റൂഹാക്ഷണം രോഗിയുടെ മേല്‍ ഉണ്ടാകുന്നു. ഇത് രോഗിയെ ആത്മീയവും ശാരീരികവുമായ സൗഖ്യത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെല്ലാം ഈ കൂദാശ സ്വീരിക്കുന്നത് അഭികാമ്യവുമാണ്.
2) ക്രിസ്തുവിന്റെ പീഡാസഹനത്തോടുള്ള ഐക്യം: രോഗാവസ്ഥയിലുള്ള ഏതൊരു വ്യക്തിയും സഹനത്തിന്റെ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സഹനം ഒരുപക്ഷേ, അയാളെ നിരാശയിലേക്കും ദുഃഖത്തിലേക്കും ഒറ്റപ്പെടലിലേക്കും നയിച്ചേക്കാം. എന്നാല്‍ രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുന്നതു വഴി ഈ സഹനത്തെ ക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് താദാത്മ്യപ്പെട്ട് ക്രിസ്തുവുമായി ഐക്യപ്പെടാനുള്ള സവിശേഷ കൃപ ലഭിക്കുന്നു. ഈ സഹനത്തെ രക്ഷാകര മാക്കിത്തീര്‍ത്ത് ഫലം പുറപ്പെടുവിക്കുവാന്‍ അയാള്‍ അഭിഷിക്തനാകുന്നു. അതുവഴി തന്റെ തന്നെ വിശുദ്ധീകരണത്തിനും സഭയുടെ വിശുദ്ധീകരണത്തിനുമായി തന്റെ സഹനങ്ങളെ സമര്‍പ്പിക്കുവാന്‍ ആ വ്യക്തിയെ പ്രാപ്തനാക്കുന്നു.
3) നിത്യമായ യാത്രയ്ക്കുള്ള ഒരുക്കം: രോഗീലേപനം എന്ന കൂദാശയുടെ ആത്യന്തിക ലക്ഷ്യം രോഗിയുടെ നിത്യരക്ഷയാണ്. പല അവസരങ്ങളിലും ഈ കൂദാശ സ്വീകരിക്കുന്നതിലൂടെ രോഗിക്ക് പൂര്‍ണ്ണമായോ ഭാഗികമായോ സൗഖ്യം ലഭിക്കുകയും അയാള്‍ സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. ഈ മടങ്ങിവരവ് അയാളെ മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു പുതിയ മനുഷ്യനാക്കി തീര്‍ത്തേക്കാം. എന്നാല്‍ ചില അവസരങ്ങളില്‍ രോഗം ഈ ലോകം വിട്ട് സ്വര്‍ഗീയ പിതാവിന്റെ പക്കലേക്കുള്ള നിത്യയാത്രയ്ക്കുള്ള ഒരുക്കമായി ഭവിച്ചേക്കാം. ഈ ലോകജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും പാപാവസ്ഥയില്‍ നിന്നും മോചിതനായി സ്വര്‍ഗീയ പിതാവിനെ മുഖാമുഖം ദര്‍ശിക്കുവാന്‍ അയാളെ ഒരുക്കുന്നതിലൂടെ നിരാശകളെല്ലാം വിട്ട് നിത്യമായ പ്രത്യാശയിലേക്ക് അയാള്‍ പ്രവേശിക്കുന്നു. ഈ ലോകത്തിലെ തന്റെ ജീവിതത്തില്‍ വന്നുപോയ വീഴ്ചകളെക്കുറിച്ച് അനുതപിച്ച് മാനസാന്തരത്തിന്റെ ഫലങ്ങള്‍ സ്വീകരിച്ച് തന്റെ ജീവിതത്തെ രക്ഷാകരമാക്കി പരമപിതാവിന് സമര്‍പ്പിക്കുവാന്‍ അയാള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്കുന്നു. അങ്ങനെ ആന്തരീകമായ സമാധാനത്തോടെ ആനന്ദത്തോടെ ഈ ലോക ജീവിതം ഉപേക്ഷിക്കുവാന്‍ അയാളെ പ്രാപ്തനാക്കുന്നു.
4) തിരുപ്പാഥേയം സ്വീകരിക്കുന്നു: ഈ ലോകജീവിതം വിട്ടുപോകാന്‍ തുടങ്ങുന്നര്‍ക്ക് സഭ രോഗീലേപനത്തിന് പുറമേ 'തിരുപ്പാഥേയം' എന്ന നിലയില്‍ ദിവ്യകാരുണ്യം നല്കുന്നു. മരണത്തിലൂടെ കടന്ന് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഭക്ഷണമാണത്. പിതാവിന്റെ പക്കലേക്കുള്ള ഈ 'കടന്നുപോകലിന്റെ' നിമിഷത്തില്‍ ക്രിസ്തുവിന്റെ ശരീര-രക്തങ്ങള്‍ സ്വീകരിക്കുന്നതിന് പ്രത്യേകമായ അര്‍ത്ഥവും പ്രാധാന്യവും ഉണ്ട്. കര്‍ത്താവിന്റെ വാക്ക് അനുസരിച്ച് അത് നിത്യജീവന്റെ വിത്തും ഉത്ഥാനത്തിന്റെ ശക്തിയുമാണ്.
''എന്റെ ശരീരം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും'' (യോഹ. 6:54). 'തിരുപ്പാധേയം' സ്വീകരിക്കുന്നവന് നിത്യജീവന്‍ ഉറപ്പു നല്കുന്നു.
മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ കൂദാശകള്‍ ക്രൈസ്തവ ജീവിതത്തിന്റെ പ്രാരംഭ കൂദാശകള്‍ എന്ന പേരില്‍ ഐക്യപ്പെട്ടിരിക്കുന്നതുപോലെ കുമ്പസാരം, രോഗീലേപനം, തിരുപ്പാഥേയമായ ദിവ്യകാരുണ്യം എന്നിവ സുഖപ്പെടുത്തലിന്റെ കൂദാശകള്‍ എന്ന നിലയില്‍ ഐക്യപ്പെട്ടിരിക്കുന്നു.
(തുടരും)