വിശുദ്ധ കുര്‍ബാന: ബലിയും വിരുന്നും [ഭാഗം 5]

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 'കൂദാശകള്‍' : ഒരു പുനര്‍വായന
വിശുദ്ധ കുര്‍ബാന: ബലിയും വിരുന്നും [ഭാഗം 5]
Published on

സഭയിലെ എല്ലാ കൂദാശകളും വി. കര്‍ബാനയിലേക്ക് നയിക്കുന്നതും വി. കുര്‍ബാന കേന്ദ്രീകൃതവുമാകയാല്‍ വി. കര്‍ബാനയെ കൂദാശകളുടെ കൂദാശ എന്ന് വിളിക്കുന്നു എന്നും ക്രിസ്തുനാഥന്റെ രക്ഷാകര ദൗത്യത്തിന്റേയും പീഡാനുഭവത്തിന്റേയും മരണത്തിന്റേയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മ യായ വി. കുര്‍ബാനയുടെ കൗദാശികമാനവും പ്രാധാന്യവും കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞുവയ്ക്കുകയുണ്ടായി. യേശുവിനെ വി. കുര്‍ബാനയിലേക്ക് നയിച്ച ചരിത്രപരവും ദൈവശാസ്ത്രപരവുമായ പശ്ചാത്തലവും യഹൂദ പാരമ്പര്യത്തിലെ വിവിധ ബലിയര്‍പ്പണങ്ങളെക്കുറിച്ചും കഴിഞ്ഞലക്കത്തില്‍ വിവരിക്കുകയുണ്ടായല്ലൊ.

കുര്‍ബാന-ദിവ്യബലി

വി. കുര്‍ബാന അടിസ്ഥാനപരമായി ഒരു ബലിയും വിരുന്നുമാണ്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി പരമപിതാവായ ദൈവത്തിന് ഈശോ തന്നെത്തന്നെ അര്‍പ്പിച്ച യാഗമാണത്. അതുവഴി നഷ്ടപ്പെട്ട ബന്ധങ്ങളെ പുനസ്ഥാപിച്ച് സാര്‍വത്രിക രക്ഷ സാധിതമാക്കി. തന്നോട് തന്നെയും മറ്റുള്ളവരോടും ഈ പ്രകൃതിയോടും പ്രപഞ്ചത്തോടും അതുവഴി ദൈവത്തോടുമുള്ള ബന്ധമാണ് പുനസ്ഥാപിക്കപ്പെട്ടത്.

  • അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി കാല്‍വരിയിലെ യേശുവിന്റെ ബലിയുടെ ആവര്‍ത്തനമല്ല. കൗദാശികമായ പുനരവതരണമാണ്. യേശുവിന്റെ ബലി ആവര്‍ ത്തിക്കുക സാധ്യമല്ല. ആവര്‍ത്തിക്കേണ്ട ആവശ്യവുമില്ല. ആ ബലി എന്നന്നേക്കുമായി ഒരിക്കല്‍ അര്‍ പ്പിക്കപ്പെട്ടു കഴിഞ്ഞു. അത് മനുഷ്യന് പൂര്‍ണ്ണമായ രക്ഷ പ്രദാനം ചെയ്യാന്‍ പോരുന്നതായിരുന്നു. യേശുവിന്റെ ആ ഏകബലിയുടെ രക്ഷാകരമായ അനുഭവത്തില്‍ കൗദാശികമായി നാം പങ്കുചേരുകയാണ് ഓരോ അള്‍ത്താരയിലെ ബലിയിലൂടെയും.

നമുക്കുവേണ്ടി ജീവിച്ചു മരിച്ച് ഉത്ഥാനം ചെയ്ത യേശുവിന്റെ രക്ഷാകര രഹസ്യം വി. കുര്‍ബാനയിലൂടെ പുനരവതരിക്കപ്പെടുന്നു. അപ്പത്തി ന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളില്‍ യേശുവിന്റെ തിരുശരീരരക്തങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് തന്റെ ഏക ബലിയിലൂടെ യേശു സാധിച്ച രക്ഷ നാം അനുഭവിക്കുന്നു. കാല്‍വരിയിലെ ബലി രക്തം ചിന്തിയുള്ളതായിരുന്നു എങ്കില്‍ അള്‍ത്താരയിലെ ബലി രക്തരഹിതമാണ്. സാരാംശത്തിലും ഫലത്തിലും രണ്ടും ഒന്നും തന്നെയാണ്. അര്‍പ്പണരീതിയിലാണ് വ്യത്യാസം. അള്‍ത്താരയിലെ ബലി അടയാളങ്ങളിലൂടെയുള്ള പുനരവതരണം എന്ന നിലയില്‍ മാത്രം യേശുവിന്റെ ബലിയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ മാത്രം അര്‍പ്പിക്കപ്പെട്ട യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അടയാളങ്ങളിലൂടെയുള്ള പുനരവതരണം എന്ന നിലയില്‍ അള്‍ത്താരയിലെ ബലി ഒരു കൂദാശയാണ്. കൂദാശകളുടെ കൂദാശയാണ്.

യേശുനാഥന്റെ യഥാര്‍ത്ഥ സാന്നിധ്യം

ദിവ്യബലിയില്‍ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും യേശു പൂര്‍ണ്ണമായും സന്നിഹിതനാണ്. കൗദാശിക സാന്നിധ്യം എന്നാണ് സഭ ഇതിനെ വിശേഷിപ്പിക്കുന്നത്. അപ്പം യേശുവിന്റെ ശരീരത്തിന്റേയും വീഞ്ഞ് രക്തത്തിന്റേയും സാന്നിധ്യമാണ്. ബലി അര്‍പ്പണത്തില്‍ അപ്പത്തിനും വീഞ്ഞിനും വരുന്ന ഈ മാറ്റത്തെ സാരാംശമാറ്റം അഥവാ വസ്തുഭേദം എന്ന് വീക്ഷിക്കുന്നു (transubstantiation). കൂദാശ കര്‍മ്മത്തിലൂടെ അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യം മാറി അവ യേശുവിന്റെ ശരീരരക്തങ്ങളായിത്തീരുന്നു. അതേസമയം അപ്പത്തിന്റേയും വീഞ്ഞിന്റേയും നിറം, രുചി മുതലായ ഗുണങ്ങള്‍ നിലനില്‍ക്കുന്നു. വി. കുര്‍ബാനയില്‍ മുറിയപ്പെടുന്നത് യേശുവിന്റെ മാംസളമായ ഭൗതിക ശരീരമല്ല. മറിച്ച് കൗദാശികമായ മൗതിക ശരീരമാണ്. ഈയൊരു വ്യത്യാസത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ വായില്‍ മാംസവും രക്തവും വരുന്ന അത്ഭുതങ്ങളുടെ അന്ധവിശ്വാസത്തിലേക്ക് വിശ്വാസി വഴുതി വീഴാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെയാണ് സഭ അതിനെ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കാത്തതും.

യേശുനാഥന്‍ തന്നെയാണ് വി. കുര്‍ബനയ്ക്ക് ഈ കൗദാശികമാനം നല്കിയത്. ''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകും ചെയ്യുന്നവന്‍ എന്നില്‍ വസിക്കുന്നു. ഞാന്‍ അവനിലും'' (യോഹ. 6:56) എന്ന യേശു വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അവിടുന്ന് പെസഹാ വ്യാഴാഴ്ച വി. കുര്‍ബാന സ്ഥാപിച്ചു. സെഹിയോന്‍ ശാലയില്‍ അന്ത്യഅത്താഴ സമയത്ത് അവിടുന്ന് അപ്പവും വീഞ്ഞുമെടുത്ത് വാഴ്ത്തി തന്റെ ശരീര രക്തങ്ങളായി മാറ്റി അപ്പസ്‌തോലന്മാര്‍ക്ക് ഭക്ഷിക്കുവാനും പാനം ചെയ്യുവാനുമായി നല്കി. അവര്‍ സ്വീകരിച്ചത് യേശുവിന്റെ മാംസളമായ ശരീരമോ ചുടുചോരയോ ആയിരുന്നില്ല. മറിച്ച് യേശുവിനെ തന്നെയായിരുന്നു.

  • ''ഇത് എന്റെ ശരീരമാകുന്നു. നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍. ഇത് എന്റെ രക്തമാകുന്നു നിങ്ങള്‍ വാങ്ങി കുടിക്കുവിന്‍'' എന്ന അവന്റെ വചനത്തി ന്റെ ശക്തിയാലും അവനിലുള്ള പരിശുദ്ധത്മാവിന്റെ നിറവിനാലും അപ്പത്തിനേയും വീഞ്ഞിനേയും തന്റെ ശരീര രക്തങ്ങളാക്കി അവന്‍ കൗദാശികമായി രൂപാന്തരപ്പെടുത്തി.

മനുഷ്യകുലത്തിനായി തന്നെത്തന്നെ പകുത്തു നല്കിയ യേശുവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പാരമ്യതയിലാണ് ഓരോ വി. കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നത്. ദിവ്യബലിയി ലെ അനന്യത എന്തെന്നാല്‍ അത് പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമായ ക്രിസ്തുവിന്റെ അര്‍പ്പണം തന്നെയാണ്. കുര്‍ ബാനയില്‍ ബലി അര്‍പ്പകനും ബലി വസ്തുവും യേശു ത ന്നെയാണ്. പുരോഹിതന്‍ യേശുവിന്റെ പ്രതിപുരുഷനാണ്. യഥാര്‍ത്ഥത്തില്‍ ബലി അര്‍പ്പിക്കുന്നത് യേശു തന്നെയാണ്. ഓരോ വി. കുര്‍ബാനയിലും കൂദാശ വചനങ്ങള്‍ വഴിയും റൂഹാക്ഷണ പ്രാര്‍ ത്ഥന വഴിയും അപ്പവും വീ ഞ്ഞും ക്രിസ്തുവിന്റെ ശരീര രക്തങ്ങളായിത്തീരുന്നു (C.CC 1333).

ദിവ്യവിരുന്ന്

വി. കുര്‍ബാന ബലിയെന്നതുപോലെ ദിവ്യമായ ഒരു വിരുന്നും കൂടിയാണ്. ''കുര്‍ബാനയുടെ ആഘോഷത്തില്‍ സഭ അള്‍ത്താരയ്ക്ക് ചുറ്റും സമ്മേളിക്കുന്നു. അള്‍ത്താര ഒരേ രഹസ്യത്തിന്റെ രണ്ട് വശങ്ങളെ പ്രതിനിധീകരിക്കുന്നു. ബലിയുടെ അള്‍ത്താരയും കുര്‍ത്താവിന്റെ വിരുന്നു മേശയും (C.CC 1383).

കാല്‍വരിയില്‍ താന്‍ അര്‍പ്പിക്കാനിരിക്കുന്ന കുരിശിലെ ബലിയുടെ മുന്നാസ്വാദനമായി തലേന്നാള്‍ സെഹിയോന്‍ ശാലയില്‍ കൗദാശികമായി അവന്‍ കുര്‍ബാന സ്ഥാപിച്ചത് പെസഹാവിരുന്നിന്റെ പശ്ചാത്തലത്തിലാണ്. യേശുവിന്റെ വിരുന്നിന്റെ മഹത്വവും മാഹാത്മ്യവും മനസ്സിലാക്കണമെങ്കില്‍ അക്കാലത്തെ യഹൂദ മതത്തിലെ വിരുന്നുകളെക്കുറിച്ച് ഒരു ഏകദേശ ധാരണ നമുക്കുണ്ടാകണം.

യഹൂദവിരുന്ന്

യഹൂദരെ സംബന്ധിച്ചിടത്തോളം അവരുടെ വിരുന്ന് മേശകള്‍ അവര്‍ക്ക് കേവലം ഒരു സാമൂഹിക ആചാരം മാത്രമായിരുന്നില്ല മറിച്ച് അതിന് മതപരമായ ഒരു മാനവും ഉണ്ടായിരുന്നു. യഹോവയുടെ സ്വര്‍ഗീയ മഹത്വത്തില്‍ പൂര്‍വപിതാക്കന്മാരായ അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ഒപ്പം വിരുന്നിനിരിക്കുന്നതിന്റെ മുന്നാസ്വാദനമായിരുന്നു അവര്‍ക്ക് ഭൂമിയിലെ ഓരോ വിരുന്നും. ഈ സ്വര്‍ഗീയവിരുന്നിന് ക്ഷണിക്കപ്പെടുന്നത് ദൈവജനത്തിന്റെ സംശുദ്ധി നഷ്ടപ്പെടുത്താത്ത യഹൂദര്‍ മാത്രമാണ് എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുപറ്റുന്നവര്‍ എന്ന നിലയില്‍ ശുദ്ധത കാത്തുസൂക്ഷിക്കാന്‍ അവര്‍ നാല് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

  1. രക്തശുദ്ധി : തങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിന്റെ ശുദ്ധ രക്തമാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഏഴു തലമുറകളായിട്ട് ഈ ശുദ്ധത നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിച്ചാല്‍ മാത്രമേ ശുദ്ധ യഹൂദരായി അംഗീകരിച്ചിരുന്നുള്ളൂ.

  2. ശാരീരിക ശുദ്ധി : ഊനമാറ്റ ശരീരമായിരുന്നു ശുദ്ധതയുടെ ഒരു മാനദണ്ഡം. അന്ധര്‍, ബധിരര്‍, അംഗവൈകല്യമുള്ളവര്‍, മന്ദബുദ്ധികള്‍, മനോവൈകല്യമുള്ളവര്‍ തുടങ്ങിയവരൊക്കെ ശുദ്ധതയ്ക്ക് പുറത്തായിരുന്നു. അത്തരം രോഗങ്ങളുള്ളവരുടെ കുടുംബം തന്നെ അശുദ്ധരായി കണക്കാക്കപ്പെട്ടു.

  3. തൊഴില്‍ ശുദ്ധി: ആട്ടിടയര്‍, ഒട്ടകത്തെ നോക്കുന്നവര്‍, അലക്കുകാര്‍, തേട്ടി പണിക്കാര്‍ തുടങ്ങിയ പല ജോലികളും യഹൂദര്‍ക്ക് നിഷിദ്ധമായിരുന്നു. റോമാക്കാര്‍ക്കായി ചുങ്കം പിരിക്കുന്നവരും ഇക്കൂട്ടത്തില്‍ പെട്ടിരുന്നു. നാറ്റമുള്ള സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവരും നിഷിദ്ധമായ ജോലി ചെയ്യുന്നവരെയും അശുദ്ധരായി കണക്കാക്കി.

  4. ആചാര ശുദ്ധി : യഹൂദ മത നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതില്‍ നിഷ്ഠ ഉള്ളവരായിരുന്നു അവര്‍. പരസ്യമായി ഇത് നിഷേധിക്കുന്നവരെ അശുദ്ധരുടെ ഗണത്തില്‍ പെടുത്തിയിരുന്നു.

യഹൂദ വിരുന്നുകളിലേക്ക് ശുദ്ധ യഹൂദര്‍ മാത്രമേ ക്ഷണിക്കപ്പെട്ടിരുന്നുള്ളൂ. ഒരു വിരുന്നിന് ക്ഷണിക്കുമ്പോള്‍ ക്ഷണക്കത്തിനോടൊപ്പം ആ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് കൂടി നല്‍കണം. ആ ലിസ്റ്റ് പരിശോധിച്ച് ശുദ്ധ യഹൂദര്‍ മാത്രമേ വിരുന്നിന് ക്ഷണിക്കപ്പെട്ടിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടാലേ ശുദ്ധ യഹൂദര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നുള്ളൂ.

ഈ ഒരു പശ്ചാത്തലത്തില്‍ വേണം യേശുവിന്റെ വിരുന്നുമേശകളെ കാണാന്‍. സുവിശേഷങ്ങളിലുടനീളം അവന്റെ വിരുന്നു സംസ്‌കാരത്തെ വിളിച്ചോതുന്നു. അവന്‍ വിരുന്നിനിരുന്നത് ആരുടെ കൂടെയായിരുന്നു. യഹൂദ മത ജീവിതത്തില്‍ നിന്നും ദൈവസങ്കല്‍പത്തില്‍ നിന്നും വിരുന്ന് സംസ്‌കാരത്തില്‍ നിന്നും അവന്‍ വഴി മാറി നടന്നു. വഴിമാറി നടന്നവരെ വഴിപിഴച്ചവര്‍ എന്ന് എക്കാലവും മുദ്രകുത്തിയിട്ടുണ്ട്. പക്ഷേ വഴിമാറി നടന്നവരാണ് പലപ്പോഴും ചരിത്രത്തില്‍ പുതിയ വഴികള്‍ വെട്ടി തുറന്നത്.

ക്രിസ്തു വഴിമാറി നടന്നവനാണ്. ശുദ്ധതയുടെ മാനദണ്ഡങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പക്ഷപാതിയായ ഒരു ദൈവത്തെ അവതരിപ്പിച്ച് തന്റെ പിതാവിന്റെ മുഖം വികൃതമാക്കിയ ഒരു മത നേതൃത്വത്തെ വെല്ലുവിളിച്ച് അവന്‍ പുതിയൊരു വിരുന്ന് സംസ്‌കാരത്തിന് രൂപം നല്‍കി. യഹൂദ മത നേതൃത്വം പടിയടച്ച് പിണ്ഡം വച്ചവരെ ചേര്‍ത്തുപിടിച്ച് അവരുടെ കൂടെ അവന്‍ വിരുന്നിനിരുന്നു. സുവിശേഷത്തിലുടനീളം അവന് ചാര്‍ത്തി കിട്ടിയ സവിശേഷതയാണ് ''ഇവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷണത്തിനിരിക്കുന്നു'' എന്നത്. ദൈവം തങ്ങളുടെ മാത്രം എന്ന് ചിന്തിച്ചിരുന്ന മൗലികവാദത്തെ മറികടന്ന് ദൈവം എല്ലാവരുടെയും പിതാവാണെന്നും എല്ലാവരും രക്ഷയിലേക്ക് വിളിക്കപ്പെട്ടവരാണ് എന്നും ഇതുവഴി അവന്‍ പ്രഖ്യാപിച്ചു. സകല മനുഷ്യര്‍ക്കും അവന്റെ പെസഹാ രഹസ്യവുമായി സംയോജിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു അവന്റെ വിരുന്ന് സംസ്‌കാരം. മതനേതൃത്വം അശുദ്ധരെന്ന് കരുതിയവരുടെ കൂടെ ഭക്ഷണത്തിനിരുന്ന് അവരുടെ ദൈവസങ്കല്‍പത്തെ അവന്‍ തകിടം മറിച്ചു. തന്റെ പിതാവിനോടൊത്തുള്ള സ്വര്‍ഗീയ വിരുന്നില്‍ ഇവര്‍ പങ്കുചേരുകയും നിങ്ങള്‍ പുറത്തു പോകുകയും ചെയ്യും എന്ന് ഇടിമുഴക്കം പോലെ അവന്‍ പ്രഖ്യാപിച്ചത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകുമായിരുന്നില്ല (മത്തായി 8:11). ക്ഷണിക്കപ്പെട്ടവരെ മറികടന്ന് വഴിയില്‍ കണ്ടവരെയെല്ലാം വിരുന്നിന് ക്ഷണിച്ചവന്‍ വിളിച്ചുപറഞ്ഞത് ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരാണ് എന്നാണ് (മത്തായി 22:1-10)

ശുദ്ധാ ശുദ്ധതയുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് വിരുന്നിന് ക്ഷണിക്കേണ്ടത് ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ തുടങ്ങിയവരെയാണ്. കാരണം അവര്‍ക്ക് പകരം നല്‍കാന്‍ ഒന്നുമില്ല (ലൂക്കാ 14:13-14). ചുങ്കക്കാരനായ ലേവിയുടെയും സക്കേ വൂസിന്റേയും ഭവനത്തില്‍ അധ സ്ഥിതരുടെ കൂടെ വിരുന്നിനിരുന്നതിലൂടെ യേശു അവരെ ഒരു പുതിയ മനുഷ്യരാക്കി. യേശുവിന്റെ വിശാല കുടുംബത്തില്‍ അതിര്‍വരമ്പുകളില്‍ ഇല്ലായിരുന്നു. വരമ്പുകളില്ലാത്ത ഒരു നവ സമൂഹത്തി ന്റെ വിരുന്ന് സംസ്‌കാരമാണ് അവിടുന്ന് വിളംബരം ചെയ്തത്. തന്റെ പരസ്യജീവിതകാലത്ത് അവന്‍ നടത്തിയ വിരുന്നുകളുടെ പൂര്‍ണ്ണതയും പരിസമാപ്തിയുമാണ് പെസഹാദിനത്തില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് യേശു വിളമ്പിയ വിരുന്ന്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org