ഫാ. ജോര്‍ജ് തേലേക്കാട്ട്
ഒരു വാഗ്മിയായി ഈശോയെ ചിത്രീകരിക്കുന്നില്ലെങ്കിലും പ്രഭാഷണകലയിലെ നിരവധി സങ്കേതങ്ങള്‍ ഈശോയുടെ പഠനങ്ങളില്‍ കാണാനാകും. വളരെ സ്വാഭാവികമായി തന്നെ ഈശോ അത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
സംഭാഷണ രീതി ഉപയോഗിച്ചും തന്റെ കേള്‍വിക്കാരോട് ചോദ്യങ്ങള്‍ ചോദിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും ഈശോ തന്റെ പഠനങ്ങളെ മികച്ചതാക്കി മാറ്റി.
നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? (ലൂക്കാ 20:24), നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? (ലൂക്കാ 11:11) എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നല്ല സമരിയാക്കാരന്റെ ഉപമ (ലൂക്കാ 10:25-37) പോലും ഒരു നിയമജ്ഞന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
ഈശോയുടെ അധികാരത്തെപ്പറ്റി ചോദ്യമുയരുമ്പോള്‍ ഒരു മറുചോദ്യം കൊണ്ടാണ് ഈശോ അതിനെ നേരിടുന്നത്. യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? (മത്തായി 21:25) എന്നുള്ള ഈശോയുടെ ചോദ്യം ചോദ്യകര്‍ത്താക്കളെ ആശയകുഴപ്പത്തിലാക്കുകയും ചോദ്യത്തില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈശോ ഉപയോഗിച്ചിരുന്ന ഇത്തരം പ്രഭാഷണരീതികള്‍ അധ്യാപനത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ഉപകരിക്കുന്നവയാണ്.