റീഫത്ത്, തോഗര്‍മാ

സിപ്പോറിം 21
റീഫത്ത്, തോഗര്‍മാ
നോഹയുടെ പുത്രനായ ഗോമറിന്റെ രണ്ടാമത്തേയും മൂന്നാമത്തെയും പുത്രന്മാരാണ് റീഫത്തും തോഗര്‍മ്മയും.

റീഫത്ത് എന്ന പേരിനര്‍ത്ഥം 'സംസാരിച്ചു, പറയപ്പെട്ടത്' എന്നാണ്. രണ്ടിടങ്ങളിലെ വംശാവലിയില്‍ മാത്രമാണ് ഈ കഥാപാത്രത്തിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ആകയാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും റീഫത്തിനെപ്പറ്റി വ്യക്തമല്ല. മിക്ക ഹീബ്രു കയ്യെഴുത്തുപ്രതികളിലും, 1 ദിനവൃത്താന്തത്തില്‍ (1:6) 'ദീഫത്ത്' എന്നാണ് എഴുതിക്കാണുന്നത്. ഹീബ്രു പാരമ്പര്യം അനുഗമിക്കുന്നതിനാല്‍ പി ഒ സി ബൈബിളിലും ദീഫത്ത് എന്ന് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് അക്ഷരപ്പിശകാണെന്നും (scribal error) ശരിയായ പേര് റീഫത്ത് ആണെന്നുമാണ് ബൈബിള്‍ പണ്ഡിതമതം. എന്തെന്നാല്‍ പ്രധാനപ്പെട്ട ആധികാരിക പഴയ ബൈബിള്‍ പരിഭാഷകളായ LXX, Vulgate എന്നിവയുടെ 1 ദിനവൃത്താന്തപ്പുസ്തകത്തില്‍, ഉല്‍പ്പത്തിയിലേതുപോലെ 'റീഫത്ത്' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. റീഫത്തിന്റെ തലമുറ കരിങ്കടലോരത്തുള്ള പഫ്‌ലഗോണിയ എന്ന സ്ഥലത്താണ് ജീവിച്ചിരുന്നതെന്നാണ് ചരിത്രകാരനായ ജൊസേഫൂസ് പറയുന്നത്; എങ്കിലും അതിനുവേണ്ടത്ര ആധികാരികമായ തെളിവുകള്‍ ലഭ്യമല്ല.

തോഗര്‍മാ എന്ന പേരിനര്‍ത്ഥം 'നീ അവളെ തകര്‍ക്കും' എന്നാണ്. എങ്കിലും ഈ കഥാപാത്രത്തിന്റെ ജീവിതവുമായി ഈ അര്‍ത്ഥത്തിനുള്ള ബന്ധം വ്യക്തമല്ല. ഗ്രീസ്, മെഷെക്ക്, താര്‍ഷിഷ്, തൂബല്‍ തുടങ്ങിയ പ്രദേശങ്ങളുടെ അടുത്തായിട്ടാണ് തോഗര്‍മായുടെ വംശം ജീവിച്ചിരുന്നത്. അപ്പര്‍ ഹാലിസിനും യൂഫ്രട്ടീസ് നദിക്കും ഇടയിലുള്ള ഗുരുണ്‍ എന്ന സ്ഥലത്തായിരുന്നു തോഗര്‍മാരുടെ വാസമെന്ന് ഹിത്യഅസീറിയന്‍ രേഖകള്‍ സൂചിപ്പിക്കുന്നു. ബി സി 14-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഹിത്യരുടെ രാജാവായ സുപ്പിലുലിയുമാസ് തോഗര്‍മാരുടെ നഗരത്തിനെതിരെ യുദ്ധം നടത്തിയതായി ഹിത്യരുടെ രേഖകളില്‍ കാണുന്നു. അസ്സീറിയന്‍ രേഖകളില്‍, ബി സി 695-ല്‍ അസ്സീറിയന്‍ രാജാവായ സെന്നാക്കെരീബ് തോഗര്‍മാരുടെ നഗരത്തിനെതിരെ യുദ്ധം നടത്തിയതായി കാണുന്നു.

ടയറിന് യുദ്ധക്കുതിരകളേയും കോവര്‍ക്കഴുതകളേയും വില്‍ക്കുന്നവരായി തോഗര്‍മ്മ വംശജരെ എസക്കിയേല്‍ വിവരിക്കുന്നു; ഒപ്പം ദൂരത്തുനിന്നു വന്ന് ഗോഗിനോട് സഖ്യപ്പെട്ട് ഇസ്രായേലിനെതിരെ യുദ്ധംചെയ്യുന്നതായും പറയുന്നു (Eze 27:14; 36:8). എന്നാല്‍ ഗോഗിനോടൊപ്പം അവസാനം തോഗര്‍മ്മയുടെ വംശവും നശിപ്പിക്കപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org