റെഡ് വുഡ് നല്കുന്ന ഗുണപാഠം: പരസ്പരം കരുതലോടെ കാവലാകാം

ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ (ഡയറക്ടര്‍, കാറ്റിക്കിസം & മോറല്‍ എഡ്യുക്കേഷന്‍)
റെഡ് വുഡ് നല്കുന്ന ഗുണപാഠം: പരസ്പരം കരുതലോടെ കാവലാകാം

റെഡ് വുഡിനെക്കുറിച്ച് (ചുവന്ന മരം) നിങ്ങള്‍ക്കറിയാമല്ലൊ! അമേരിക്കയിലെ കാലിഫോര്‍ണിയായിലുള്ള സാന്താക്രൂസ് മൗണ്ടന്‍സിലെ പ്രകൃതിരമണീയമായ വനമാണ് റെഡ് വുഡ് വൃക്ഷങ്ങളുടേത്. ഈ വൃക്ഷങ്ങള്‍ ഇവിടെ പ്രത്യേകം സംരക്ഷിക്കപ്പെടുന്നു. ഈ വനം അനേകം സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. കാരണം, റെഡ് വുഡിന്റെ സവിശേഷതകള്‍ തന്നെ. ദിനോസര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ റെഡ് വുഡും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഈ വൃക്ഷത്തിനു രണ്ടായിരത്തിലധികം വര്‍ഷംവരെ ആയുസ്സുണ്ട്. ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണിത്. മുന്നൂറും അതില്‍ കൂടുതലും അടി ഉയരത്തില്‍ വളരാന്‍ കഴിവുള്ള പടുകൂറ്റന്‍ വൃക്ഷം. എന്നാല്‍ ഈ വൃക്ഷത്തിന്റെ വേര്, പ്രത്യേകിച്ച് തായ്‌വേര് ഭൂമിക്കടിയില്‍ ആറുമുതല്‍ പന്ത്രണ്ടടി താഴ്ചവരെ മാത്രമെ പോകുന്നുള്ളൂ. വൃക്ഷത്തിന്റെ ഉയരം നോക്കുമ്പോള്‍ ഇത് വളരെ പരിമിതമാണ്. എന്നാല്‍ ഓരോ വൃക്ഷവും വളരുന്തോറും അതിന്റെ വേരുകള്‍ ചുറ്റുപാടേക്കും പടര്‍ന്നു പന്തലിക്കും. ഏകദേശം നൂറടി വിസ്താരത്തില്‍വരെ പോകുവാനും കഴിയും. ഈ വേരുകള്‍ പരിസരത്തുള്ള മറ്റു റെഡ് വുഡിന്റെ വേരുകളുമായി ഇഴ പിരിയും. വലിയ വൃക്ഷങ്ങളുടെ വേരില്‍ നിന്നാണ് ചെറിയ വൃക്ഷങ്ങള്‍ക്കാവശ്യമായ വെള്ളവും പോഷകങ്ങളും ലഭിക്കുന്നത്. പലപ്പോഴും ഒരേ കുടുംബത്തില്‍പ്പെട്ട മരങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്നു, പരസ്പരം സഹായിക്കുന്നു. ഒരു കുടുംബ വൃത്തത്തിലാണ് (Family Circle) അവ വളരുന്നത്. അതാണ് അവയുടെ ബലവും. ഒരേ കുടുംബത്തില്‍ പെടാത്തവരെയും ഈ വൃക്ഷങ്ങള്‍ കൂട്ടുപിടിക്കുകയും പോഷകങ്ങളും മറ്റും പങ്കുവച്ചു വളര്‍ത്തുകയും ചെയ്യുന്നു. ഭൂമിക്കടിയിലുള്ള ഈ പരസ്പരബന്ധവും സംരക്ഷണവും സഹായവും ചാരുതയാര്‍ന്നതാണ്. ഇത്രയും ഉയര്‍ന്ന മരങ്ങള്‍ വലിയ കാറ്റിലും മഴയത്തും വീണുപോകാത്തതിനും അനേകായിരം വര്‍ഷങ്ങള്‍ തലയെടുപ്പോടെ അംബരചുംബികളായി നിലനില്‍ക്കുന്നതിനും കാരണം ഭൂമിക്കടിയിലുള്ള വേരുകളുടെ പരസ്പരമുള്ള ബന്ധവും സഹായവും ആണ്.

ഭൂമിക്കടിയില്‍ പരസ്പരം കരംപിടിച്ച പോലെ ഒന്നിച്ച്, ഒരുമിച്ചു നില്‍ക്കുന്ന റെഡ് വുഡ് നമുക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും, സമൂഹത്തിനും പല ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്.

കുട്ടികള്‍ സ്വയംകാക്കുക, കാവലാകുക

'റെഡ് വുഡ്' നല്‍കുന്ന ആദ്യഗുണപാഠം കുട്ടികള്‍ക്കുളളതാണ്. പൊട്ടിമുളയ്ക്കുന്ന റെഡ് വുഡ് ഭൂമിക്കടിയില്‍ വേരോടുന്നത് തന്റെ കുടുംബത്തിലെ മുതിര്‍ന്നമരങ്ങളുടെ വേരുകളെ തേടാനും അവരോടുചേര്‍ന്ന് വളരാനുമാണ്. അവരാണ് അവയെ തീറ്റിപ്പോറ്റുന്നത്. അവരോടൊപ്പം നിന്നാലെ വളരാന്‍ സാധിക്കൂ; ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാനാകൂ. ഭൂമിയില്‍ അധികനാള്‍ തലയെടുപ്പോടെ കഴിയാനാകൂ.

കുട്ടികള്‍ മാതാപിതാക്കളോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം ചേര്‍ന്ന് ജീവിക്കണം. അവര്‍ നമ്മെ തീറ്റിപ്പോറ്റുന്നുണ്ട്; വളര്‍ത്തുന്നുണ്ട്, വലുതാക്കുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. അവരോടൊപ്പം ഇഴയടുപ്പത്തോടെ സ്‌നേഹബന്ധം നൂലിഴപാകി ജീവിക്കണം. അപ്പോഴാണ് മറ്റുള്ളവരുടെ തട്ടിപ്പിലും കെണിയിലും പെടാതെ ജീവിതം വിജയിപ്പിക്കാനാകൂ.

കുട്ടികളുടെ ഇടയിലേക്കാണ് മാജിക് ട്രെന്റായി (Magic Trend) ഇന്ന് മദ്യപാനവും പുകവലിയും മയക്കുമരുന്ന് ഉപയോഗവും കടന്നുവന്നിട്ടുള്ളത്. ഒരുപക്ഷേ, നിങ്ങളുടെ തന്നെ ഏറ്റവും അടുത്ത സുഹൃത്തോ, ബന്ധത്തില്‍പ്പെട്ടവരോ, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവരോ ഒക്കെ ആകാം സൗഹൃദത്തോടെ നിങ്ങളെ Wonder അടിപ്പിക്കുന്നതിനുവേണ്ടി ഡ്രഗ്‌സ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലനിറത്തില്‍, ആ കര്‍ഷകമായ ചിത്രങ്ങളോടെ, രുചികളോടെ പ്രലോഭിപ്പിക്കുന്ന തരത്തിലാണ് അവരെല്ലാം അത് വച്ചുനീട്ടുന്നത്. അങ്ങനെ നിങ്ങള്‍ ഒന്നു വീണാല്‍ മതി പിന്നെ പിന്നെ നിങ്ങള്‍ ആ മയക്കു മരുന്നിനുവേണ്ടി അവരുടെ പിന്നാലെ ഇഴയാന്‍ തുടങ്ങും. ഫലമോ നിങ്ങള്‍ വീട്ടുകാരില്‍നിന്നു ഓടിയൊളിക്കും. കള്ളത്തരങ്ങള്‍ കൂടെപ്പിറപ്പാകും. പലതും മറയ്ക്കും മറക്കും. 'സാധനം' വാങ്ങാന്‍ കാശുവേണം. കാശില്ലെങ്കില്‍ പിന്നെ എന്തുചെയ്യും? പെട്ടെന്ന് പണമുണ്ടാക്കാന്‍ വീട്ടുകാരറിയാതെ ഇതിന്റെ വില്പനക്കാരാകും. പിന്നെയാണ് സമൂഹത്തില്‍, കുടുംബത്തില്‍ തല ഉയര്‍ത്തി നില്‍ക്കേണ്ട നിങ്ങളുടെ വിലപ്പെട്ട ജീവിതം കൂപ്പുകുത്താന്‍ തുടങ്ങുന്നത്. ആരൊക്കെയോ ആയി തീര്‍ന്ന് വിജയിപ്പിക്കേണ്ട നിങ്ങളുടെ ജീവിതം ആടിയുലയുന്നത്.

ആരോഗ്യം തകരും; തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാകും. അതു വിഷലിപ്തമാകും, തലച്ചോറിന്റെ കെമിസ്ട്രി നഷ്ടപ്പെടും. വിഷാംശമുള്ള കെമിക്കലുകള്‍ തലച്ചോറിന്റെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തെ നശിപ്പിക്കും. മനസ്സിന്റെ പ്രവര്‍ത്തനശൈലി അവതാളത്തിലാകും.

സ്‌നേഹമുള്ള കുട്ടികളേ, ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് വളരെയധികം ഊര്‍ജം ഉണ്ട്. അതു കൊണ്ട് എന്തും ചെയ്യുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷേ, നിങ്ങള്‍ക്കുള്ള എനര്‍ജി പോസിറ്റീവായ കാര്യങ്ങള്‍ക്കുവേണ്ടി ഫോക്കസ് ചെയ്താല്‍ അതിലുള്ള സംതൃപ്തി നിങ്ങളെ മറ്റു നെഗറ്റീവ് സന്തോഷത്തില്‍ നിന്ന് പിന്തിരിക്കും. നിങ്ങളുടേതായ വിഷമങ്ങളും പ്രശ്‌നങ്ങളും തുറന്നുപറയുവാന്‍ പറ്റുന്ന മെന്റര്‍മാരെ (Mentor) കണ്ടെത്തണം. നിങ്ങളെ ശരിയായ രീതിയില്‍ സഹായിക്കാന്‍ കഴിവുള്ളവര്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ടാകണം. ചിലപ്പോഴൊക്കെ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള (Peer groups) പിയര്‍ ഗ്രൂപ്പിന്റെ സ്വാധീനം വളരെ ശക്തമായിരിക്കാം. ഊരിപ്പോരാന്‍ പറ്റാത്തവിധം പ്രശ്‌നങ്ങളില്‍പ്പെടാന്‍ സാധ്യതയുണ്ടാകാം. അതുകൊണ്ട് കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. കൂടെയുള്ള കൂട്ടുകാരന്‍, കൂട്ടുകാരി നിങ്ങളുടെ ജീവിതവിജയത്തിനും കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്നതിനും ദൈവികകാര്യങ്ങളില്‍ താത്പര്യത്തോടെ പങ്കെടുക്കുന്നതിനും തടസ്സമാകുന്നുണ്ടെങ്കില്‍ വഴിമാറി നടക്കുവാനും ശീലിക്കുക.

അതിനാല്‍, കുട്ടികളേ, ഓര്‍ത്തിരിക്കുക: Save me from myself. ചിലപ്പോള്‍ വീഴ്ചകളുണ്ടായെന്നു വരാം, ആരോടെങ്കിലും പറയാന്‍ മടിച്ചെന്നും വരാം. പക്ഷേ, നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്കു മാത്രമെ കഴിയൂ. അതുകൊണ്ട് പരിഹരിക്കാന്‍ സ്വയം മുന്നോട്ടുവരണം. പാപികള്‍ക്കുപോലും പുണ്യവാന്മാരാകാമെങ്കില്‍ നമുക്കും ആകാം. പുതുജീവിതത്തിനു തുടക്കമിടാം. ഒളിച്ചോട്ടമല്ല വേണ്ടത്. ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കരുത്. ജീവിതത്തെ ഫൈറ്റ് ചെയ്ത് തോല്പിക്കലാണ് യഥാര്‍ത്ഥ ലഹരി എന്നു മനസ്സിലാക്കുക. നിങ്ങളുടെ സന്തോഷം കുടുംബത്തോടൊപ്പം. നിങ്ങളുടെ ലഹരി നിങ്ങളുടെ ജീവിതമാണ്. ലഹരിക്കെണിയില്‍ പെടാതിരിക്കാന്‍ ജാഗ്രതയാണ് വേണ്ടത്.

മാതാപിതാക്കള്‍ മക്കളുടെ സ്വന്തം കാവല്‍ക്കാര്‍

'റെഡ് വുഡ്' നല്‍കുന്ന രണ്ടാമത്തെ ഗുണ പാഠം മാതാപിതാക്കള്‍ക്കുള്ളതാണ്.

മാതാപിതാക്കള്‍ മക്കളെ അറിയേണ്ടവരാണ്. അവരുമായി വേര്‍പിരിയാന്‍ പറ്റാത്തവിധത്തിലുള്ള ഹൃദയാടുപ്പമാണ് നിങ്ങള്‍ക്കു വേണ്ടത്. അവരോട് സംസാരിക്കാന്‍, ചേര്‍ത്തുപിടിച്ചു കുശലം പറയാന്‍ സമയം കണ്ടെത്തണം. മക്കളോടു പറയുന്നതിനേക്കാള്‍ കൂടുതല്‍ അവരെ കേള്‍ക്കാനും, അവര്‍ ആയിരിക്കുന്നതുപോലെ അംഗീകരിക്കുവാനും കഴിയണം. അവരോട് സ്‌നേഹപൂര്‍വ്വം കാര്യങ്ങള്‍ ചോദിച്ചറിയുക. അനിഷ്ടമുള്ള സ്വഭാവരീതികള്‍ ഉണ്ടാകുമ്പോള്‍ No shout but hug. ഒച്ചയല്ല വയ്‌ക്കേണ്ടത് സുരക്ഷിതത്വത്തിന്റെ ഉറപ്പുള്ള കരവലയത്തിലമരാന്‍ അവരെ അനുവദിക്കുക.

അവരുടെ കൂട്ടുകാര്‍ ആരാണ്, അവരോട് അടുത്ത് ഇടപഴകുന്നവര്‍ ആരൊക്കെയാണ്, എവിടെയൊക്കെയാണ് അവര്‍ പോകുന്നത് എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

മക്കളുടെ എല്ലാ ഇഷ്ടങ്ങളും നിറവേറ്റിക്കൊടുക്കുന്നവരല്ല കാര്യഗൗരവമുള്ള മാതാപിതാക്കള്‍. അവരുടെ നന്മയ്ക്കുള്ളത് മാത്രം തിരിച്ചറിഞ്ഞ് നല്‍കുന്നവരാണ് ഉത്തമരായ മാതാപിതാക്കള്‍. വികാരപരമായ ആവശ്യങ്ങള്‍ക്കു മുന്‍ഗണന കൊടുത്ത് എന്തും കിട്ടാന്‍ വേണ്ടിയുള്ള മക്കളുടെ ശാഠ്യങ്ങള്‍ തിരിച്ചറിയുക.

സമൂഹത്തിന്റെ കാവലാളാകുക, സമൂഹം കാവലാകുക

'റെഡ് വുഡ്' നല്‍കുന്ന മൂന്നാമത്തെ ഗുണ പാഠം: സമൂഹത്തിലെ ഓരോ അംഗത്തിന്റെയും കടമയും ഉത്തരവാദിത്വവുമാണ് സമൂഹത്തിന്റെ കാവലാളാകുക എന്നത്. ഫാമിലി സര്‍ക്കിളിലുള്ള മരങ്ങളെ മാത്രമല്ല റെഡ് വുഡ് സംരക്ഷിക്കുന്നത്, ചുറ്റുപാടുമുള്ള മരങ്ങളെകൂടിയും അവ പരിരക്ഷിക്കുന്നതായി കാണാം. അതുപോലെ എല്ലാവരും സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി കാവലാകണം. സമൂഹത്തിലെ ഓരോ അംഗത്തെയും പരസ്പരം ശക്തിപ്പെടുത്തുക. ഒരുമിച്ചു വളരുന്ന സാഹചര്യം ഒരുക്കുക. ബലഹീനര്‍ക്ക് വളരാന്‍ ആവശ്യമായതു നല്‍കുക. ഒരംഗത്തിനുപോലും കോട്ടം തട്ടാതെ സൂക്ഷിക്കുക, നാശം സംഭവിക്കുന്നത് ചെയ്യാതിരിക്കുക. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല, ഞാന്‍ അതില്‍ ഇടപെടില്ല, അവര്‍ക്കെന്തെങ്കിലും സംഭവിച്ചോട്ടെ, ഇങ്ങനെയൊക്കെ ചിന്തിച്ച് സ്വാര്‍ത്ഥമനുഷ്യരായി കഴിയുമ്പോള്‍ മറ്റെല്ലാവരും നമുക്ക് അന്യരാകും. രാജ്യാതിര്‍ത്തി കാക്കുന്ന കാവല്‍ഭടന്മാരെപ്പോലെ നമ്മളാണ് നമ്മുടെ ചുറ്റുപാടും പരിരക്ഷിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org