‘പ്രഫ. ഡോ. ജീസസ് ആബാ’

‘പ്രഫ. ഡോ. ജീസസ് ആബാ’
Published on

സജീവ് പാറേക്കാട്ടില്‍

"ശരിക്കും യേശുവിന് നല്കാവുന്ന ഫുള്‍ നെയിം 'പ്രഫ. ഡോ. ജീസസ് ആബാ' എന്നാണല്ലേ?"

വീട്ടില്‍ കുട്ടിക്ക് കാറ്റെക്കിസം ക്ലാസ്സ് എടുക്കുകയാണ് മാഷ്. മലയിലും കടല്‍ത്തീരത്തുമെല്ലാമായി യേശു ദൈവരാജ്യത്തിന്റെ സുവിശേഷം പഠിപ്പിക്കുന്നതും എല്ലായിടത്തും ചുറ്റിസഞ്ചരിച്ച് രോഗികളെ സുഖപ്പെടുത്തുന്നതുമായ സുവിശേഷഭാഗങ്ങള്‍ മിഴിവോടെ നിറഞ്ഞു നില്‍ക്കുന്ന പാഠമാണ്. പുസ്തകമടച്ചയുടന്‍ കുട്ടി ചോദിച്ചതാണ് മുകളിലെ ചോദ്യം. ഒരുവേള മാഷ് നമ്രശിരസ്‌കനായി. കേസറിയാ ഫിലിപ്പിയില്‍ നിന്നുള്ള ഒരു വിഷ്വല്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തി. ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? എന്നൊരു ചോദ്യവും, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് എന്ന മറുപടിയും, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത് എന്നൊരു വാഴ്ത്തുമെല്ലാം ഉള്ളില്‍ ഇരമ്പിയാര്‍ത്തു. 'കുഞ്ഞേ, മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ ആബാ തന്നെയാണ് നിനക്കിതു വെളിപ്പെടുത്തിയത്' എന്നാവര്‍ത്തിക്കാന്‍ പ്രലോഭിതനാെയങ്കിലും പറഞ്ഞില്ല.

"നല്ല ചോദ്യമാണല്ലോ. കുട്ടികളുടെ ഉള്ളിലും ഇത്തരം തെളിമയുള്ള ചോദ്യങ്ങളും ചിന്തകളും നല്കുന്നത് പരിശുദ്ധാത്മാവാണ്. യേശുവിനെ കേള്‍ക്കാന്‍ നമ്മെ ആകര്‍ഷിക്കുന്നതും കേട്ടതു ഗ്രഹിക്കാന്‍ സഹായിക്കുന്നതും ഗ്രഹിച്ചത് ജീവിക്കാന്‍ പഠിപ്പിക്കുന്നതും ജീവിക്കുന്നത് പ്രഘോഷിക്കാന്‍ ശക്തിെപ്പടുത്തുന്നതും നമ്മിലൂടെ മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുന്നതും പരിശുദ്ധാത്മാവാണ്. അന്ന് അപ്പസ്‌തോലന്മാരെ നയിച്ചതുപോലെ ഇന്ന് നമ്മെ നയിക്കുന്നതും യുഗാന്തം വരെ തുടരേണ്ട യേശുവിന്റെ സുവിശേഷപ്രഘോഷണം നിലയ്ക്കാതെ തുടരുന്നതും പരിശുദ്ധാത്മാവാണ്. ഓരോ ക്രിസ്ത്യാനിയും സ്വഭാവേന പ്രേഷിതരായതിനാല്‍, പ്രേഷിതചൈതന്യത്താല്‍ നമ്മെ നിറയ്ക്കാന്‍ പരിശുദ്ധാത്മാവിനോട് നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ആട്ടെ, ചോദ്യത്തിന്റെ പൊരുള്‍ ഒന്ന് വിശദീകരിക്കാമോ?"

"അതോ! യേശു നല്ലൊരു ഗുരുവാണല്ലോ – അതുകൊണ്ട് പ്രഫസര്‍. യേശു ഒട്ടേറെ രോഗികളെ സുഖപ്പെടുത്തിയില്ലേ – അതുകൊണ്ട് ഡോക്ടര്‍. പിന്നെ, ഞങ്ങളൊക്കെ അപ്പച്ചന്മാരുടെ പേരുകളല്ലേ ഞങ്ങളുടെ പേരിന്റെ കൂടെ എഴുതുന്നത്? യേശു സ്വന്തം അപ്പനെ ആബാ എന്നു വിളിച്ചു; അതുകൊണ്ട് ജീസസ് ആബാ!"

"ഗംഭീരമായിരിക്കുന്നു. പ്രൊഫസര്‍, ഡോക്ടര്‍, ആബാ – യേശുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗുരു, വൈദ്യന്‍, പിതാവ്. കഴിഞ്ഞ ദിവസം നമ്മള്‍ അധ്യാപകദിനം ആഘോഷിച്ചില്ലേ? ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണല്ലോ നമ്മള്‍ അധ്യാപകരുടെ ദിനമായി ആചരിക്കുന്നത്. മഹാനായ ഒരു മനുഷ്യന്റെ ജന്മദിനം എത്ര വിപുലവും മനോഹരവുമായാണ് ഗുരുസ്മൃതികള്‍ക്കുള്ള നല്ല ദിനമായി നാം കൊണ്ടാടുന്നത്. അങ്ങനെയെങ്കില്‍ മനുഷ്യവംശത്തിന്റെ മുഴുവന്‍ ഗുരുവായ യേശുക്രിസ്തുവിന്റെ സ്മൃതിയും സന്ദേശവും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും എത്ര മിഴിവോടെ നിറഞ്ഞു നില്‍ക്കേണ്ടതാണ്. 'ഗുശബ്ദമന്ധകാരം താന്‍ രുശബ്ദം തന്നിരോധകം' എന്നാണ് ഗുരു എന്നതിനര്‍ത്ഥം. കുട്ടികളുടെ മനസ്സിലുള്ള അന്ധകാരം നീക്കുന്നവനാണ് ഗുരു അഥവാ ആചാര്യന്‍. അങ്ങനെയെങ്കില്‍ സര്‍വ്വമനുഷ്യരുടെയും ആത്മാവിലെ അന്ധകാരം നീക്കി ജീവന്റെ പ്രകാശം നല്കുന്ന യേശുവല്ലേ വിശ്വഗുരു? "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും" എന്ന് യേശു പറയുന്നുണ്ടല്ലോ (യോഹ. 8:12). ഈ വചനത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാക്ക് ജീവന്റെ എന്നതാണ്. നമുക്കാവശ്യം തെരുവുവിളക്കിന്റെ വെളിച്ചമല്ല. സാങ്കേതികമായി ഒരുക്കുന്ന വര്‍ണ്ണ വിസ്മയങ്ങളുമല്ല. നമുക്കാവശ്യം ജീവന്റെ പ്രകാശമാണ്. നിറം, ചായം, ജാതി, വര്‍ഗ്ഗം, ആകൃതി, ഗുണം, അഴക്, കീര്‍ത്തി എന്നൊക്കെയാണ് വര്‍ണ്ണം എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍. ഇതെല്ലാം ഉല്പത്തിയിലെ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വചനത്തിലെ ദൈവഛായ എന്ന ദര്‍ശനത്തോടു ചേര്‍ന്നു പോകുന്നതാണ്. 'ദൈവം വീണ്ടും അരുളിച്ചെയ്തു.' നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം' (1:26) എന്നാണല്ലോ നാം വായിക്കുന്നത്. ചുരുക്കത്തില്‍ ഈ ലോകത്തിലെ ഒരു വര്‍ണ്ണങ്ങള്‍ക്കും നമ്മുടെ ആത്മാവിലും സത്തയിലും ചാലിച്ചു ചേര്‍ത്തിരിക്കുന്ന ദൈവവര്‍ണ്ണത്തിന് പകരമാകാനാവില്ല. ആ ദൈവവര്‍ണ്ണത്തെ ഉജ്ജ്വലിപ്പിക്കാനുള്ള അഗ്നിയും പ്രകാശവുമാണ് നമുക്കാവശ്യം. സത്യാസത്യങ്ങളെയും ധര്‍മ്മാധര്‍മ്മങ്ങളെയും വിവേചിക്കാനാകാതെ ആത്മാവിന്റെ ഇരുണ്ട രാത്രികളില്‍ നാം നിസ്സഹായരായി നില്‍ക്കുമ്പോള്‍ യാത്ര തുടരാനുള്ള വെട്ടമാണ് നമുക്കാവശ്യം. ജന്മനാ ദൈവം നമ്മില്‍ സ്ഥാപിച്ച 'റിമോട്ട് കണ്‍ട്രോള്‍' ആയ മനഃസാക്ഷിയുടെ സ്വരം കേള്‍ക്കാനാകാതെ, ജീവിതത്തിന്റെ അതിസങ്കീര്‍ണ്ണവും ഭ്രമിപ്പിക്കുന്നതുമായ വഴിക്കവലകളില്‍ നാം ഗതിമുട്ടി നില്‍ക്കുമ്പോള്‍, നമ്മുടെ അകതാരിനോട് 'എഫ്ഫാത്ത' എന്നുച്ചരിച്ച് അരികിലണയുന്ന സ്‌നേഹസമ്പന്നനായ ഒരു ദൈവത്തെ തിരിച്ചറിയാനുള്ള വെളിച്ചമാണ് നമ്മുടെ ആവശ്യം. ഇതെല്ലാം നല്കാന്‍ കഴിയുന്ന ഒരേയൊരു ഗുരുവേ മനുഷ്യനുള്ളൂ – യേശുക്രിസ്തു. നിങ്ങള്‍ ചോദിക്കുന്ന ഏതു വിവരവും നിമിഷാര്‍ദ്ധത്തില്‍ വിരല്‍ത്തുമ്പിലെത്തി ക്കാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ഗുരുവുണ്ട്. എന്നാല്‍, നിങ്ങളെ രക്ഷിക്കാന്‍ യേശുവല്ലാതെ മറ്റൊരു ഗുരുവില്ല. 'എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം' എന്ന വിശേഷണത്തോടെ (1:9) സുവിശേഷത്തിന്റെ ആരംഭത്തില്‍ത്തന്നെ പരമമായ ഈ സത്യം വിശുദ്ധ യോഹന്നാന്‍ അവതരിപ്പിക്കുന്നുണ്ട്. തെരുവീഥിയില്‍ താന്‍ കണ്ടുമുട്ടിയ റബ്ബീ, മിശിഹാ – ക്രിസ്തുവാണെന്ന് ഒരു മാത്രയില്‍തന്നെ അന്ത്രയോസിന് വെളിപ്പെടുന്നുണ്ട് (യോഹ. 1:41). 'അങ്ങ് ദൈവത്തില്‍ നിന്നു വന്ന ഒരു ഗുരുവാണെന്ന്' നിക്കൊദേമോസ് ഏറ്റു പറയുന്നുണ്ട് (യോഹ. 3:2). ഉത്ഥിതനായ യേശുവിനെ 'റബ്‌ബോനി' എന്ന് വിളിച്ച് മഗ്ദലേന മറിയം ആരാധിക്കുന്നുണ്ട്. "നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതുശരി തന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്" (യോഹ. 13:13) എന്നും "നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ" (മത്താ. 23:8) എന്നും യേശുവും പറയുന്നുണ്ട്. യേശു മാത്രമാണ് ഏകഗുരു. അവന്‍ പഠിപ്പിച്ചതുപോലെ മറ്റാരും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല. അവന്‍ തരുന്നതുപോലെ ജീവന്റെ പ്രകാശം തരാനും അവന്‍ സൗഖ്യമാക്കുന്നതുപോലെ സൗഖ്യമാക്കാനും മറ്റാര്‍ക്കുമാവില്ല. അവന്‍ വെളിപ്പെടുത്തിയതുപോലെ പിതാവിനെ വെളിെപ്പടുത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. യേശുവിന്റെ ഫുള്‍നെയിം പ്രഫ. ഡോ. ജീസസ് ആബാ എന്നു തന്നെയാണ്!"

"മനോഹരമായിരിക്കുന്നു. നന്ദി!"

"സന്തോഷം. പ്രഫസര്‍ മാത്രമേ ഇന്ന് വിശദീകരിച്ചിട്ടുള്ളൂ. ഡോക്ടറും ആബായും അടുത്തക്ലാസ്സില്‍ വിശദീകരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org