പൗരോഹിത്യത്തിന്‍റെ പൊരുള്‍

പൗരോഹിത്യത്തിന്‍റെ പൊരുള്‍

"ഔദ്യോഗിക സഭാധികാരിയാല്‍ തിരഞ്ഞെടുക്കപ്പെട്ട്, ഇടയനായ മിശിഹായുടെ ദൗത്യത്തിലും അധികാരത്തിലും പങ്കുചേരുന്ന സഭാശുശ്രൂഷകരായിത്തീരുന്നതിന് തിരുപ്പട്ടത്തില്‍ ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദാനത്താല്‍ നിയുക്തരായ ക്രിസ്തീയ വിശ്വാസികളാണ് വിശുദ്ധ ശുശ്രൂഷകര്‍ എന്നുകൂടി വിളിക്കപ്പെടുന്ന പുരോഹിതശുശ്രൂഷികള്‍" (കാനന്‍ നിയമം- 323). ഇവിടെ വ്യക്തമാക്കപ്പെടുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്.

– അടിസ്ഥാനപരമായി ക്രിസ്തീയവിശ്വാസ സമൂഹത്തിന്‍റെ ഭാഗമാണ് പുരോഹിതര്‍

– ഔദ്യോഗിക തിരുസ്സഭാധികാരികളാണ് അവരെ തിരഞ്ഞെടുക്കുക.

– പരിശുദ്ധാത്മാവിന്‍റെ ദാനത്താലാണ് അവര്‍ നിയുക്തരാക്കപ്പെടുക.

– സഭാശുശ്രൂഷയ്ക്കായിട്ടാണ് അവര്‍ നിയോഗിക്കപ്പെടുക.

– ഈ ശുശ്രൂഷ ഇടയനായ മിശിഹായുടെ അധികാരത്തിലും ദൗത്യത്തിലുമുള്ള പങ്കുചേരലാണ്.

– പുരോഹിതര്‍ വിശുദ്ധ ശുശ്രൂഷകര്‍ എന്നും അറിയപ്പെടുന്നു.

പുരോഹിതന്‍
ലത്തീന്‍ ഭാഷയിലെ prae, esse എന്നീ ധാതുക്കളില്‍ നിന്നാണ് ഇംഗ്ലീഷിലെ priest എന്ന പദം രൂപംകൊണ്ടത്. prae = before (മുമ്പില്‍), esse = to be (ആയിരിക്കുക). മുമ്പില്‍ ആയിരിക്കുക എന്നര്‍ത്ഥം.

സംസ്കൃതത്തില്‍ പുരസ്+ ഹിത എന്നീ പദങ്ങളില്‍ നിന്നും പുരോഹിത എന്ന പദം രൂപമെടുത്തു. ഇവിടെ മുമ്പില്‍ നിര്‍ത്തപ്പെട്ടവന്‍, നേതൃത്വം നല്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ പുരോഹിതന്‍ എന്ന വാക്ക് ഉപയോഗിക്കുന്നു.

ദൈവജനത്തിന്‍റെ മുമ്പില്‍ നിന്നുകൊണ്ട്, അവരെ ദൈവസന്നിധിയിലേക്ക് നയിക്കുകയും അതിനായി ദൈവത്തിന്‍റെ ഹിതമറിഞ്ഞ് അത് അവരോട് പ്രഘോഷിക്കുകയും ചെയ്യുന്നവരാണ് പുരോഹിതന്മാര്‍. ദൈവവുമായുള്ള ബന്ധത്തില്‍ അവര്‍ ദൈവജനത്തിന് മാര്‍ഗ്ഗദര്‍ശികളാണ്.

പഴയനിയമത്തില്‍ "കോഹന്‍" എന്ന ഹീബ്രുപദത്തില്‍നിന്നാണ് പുരോഹിതന്‍ എന്ന പദം രൂപമെടുത്തത്. കുനിയുക അല്ലെങ്കില്‍ ആദരവുകാട്ടുക എന്നും, നേരെ നില്ക്കുക എന്നും, രണ്ടര്‍ത്ഥങ്ങള്‍ ഇതിനുണ്ട്. കുനിയുക എന്നാല്‍ ദൈവതിരുമുമ്പില്‍ ആദരവോടെ നിന്ന് ദൈവജനത്തിനായി മാധ്യ സ്ഥ്യം വഹിക്കുക എന്നും നേരെ നില്ക്കുക എന്നാല്‍ "ദൈവജനത്തിനുവേണ്ടി തിരുമുമ്പില്‍ ആരാധനയര്‍പ്പിക്കുക" എന്നും വിവക്ഷിക്കുന്നു.

വൈദികന്‍
വേദം എന്ന പദത്തോട് ഇക എന്ന പ്രത്യയം ചേര്‍ന്ന് രൂപപ്പെട്ടതാണ് വൈദികന്‍ എന്ന സംസ്കൃതപദം. വേദം അറിയുന്നവന്‍, വേദ ത്തെ സംബന്ധിച്ചവന്‍ എന്നീ അര്‍ ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. എന്നാല്‍ ക്രൈസ്തവ സംസ്കാരത്തില്‍ വിശുദ്ധ ബൈബിളിനെ വേദം എന്നു വിശേഷിപ്പിച്ചു. വേദം എന്നതിന് മതം, നിയമം എന്നീ അര്‍ത്ഥങ്ങളും കല്പിച്ചിട്ടുണ്ട്. വേദത്തില്‍ ജ്ഞാനിയായിരിക്കുന്നവന്‍ വൈദികന്‍.

കത്തനാര്‍, കശീശ, അച്ചന്‍
മാര്‍ത്തോമ്മ നസ്രാണികള്‍ പുരോഹിതന്മാരെ കഹന, കശീശ എന്നീ സുറിയാനി പേരുകളില്‍ വിളിച്ചിരുന്നു. കത്തനാര്‍ എന്നും ആ കാലഘട്ടത്തില്‍ പുരോഹിതര്‍ അറിയപ്പെട്ടിരുന്നു.

കശീശ എന്ന സുറിയാനി പദത്തിന് മൂപ്പന്‍, പ്രമാണി, സെനറ്റിലെ അംഗം, സന്യാസപട്ടക്കാരന്‍ എന്നെല്ലാമാണ് അര്‍ത്ഥം. ഖ്ശ്ശ് എന്ന സുറിയാനി ധാതുവില്‍ നിന്നാണ് ഖശീശാ എന്ന ശരിയായ പദം രൂപപ്പെട്ടത്. പ്രായമാവുക, പ്രമാണിയാവുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം.

അധികാരി, നാഥന്‍ എന്നെല്ലാം അര്‍ത്ഥമുള്ള കര്‍ത്താ എന്ന സംസ്കൃതരൂപത്തില്‍നിന്നും കത്തന്‍ എന്ന തമിഴ്പദമുണ്ടായി. ബഹുമാനസൂചകമായ "ആര്‍" ചേര്‍ന്ന് "കത്തനാര്‍" രൂപപ്പെട്ടു. പുരോഹിതന്‍ കത്തനാര്‍ എന്നോ, കശീശ എന്നോ തങ്ങളുടെ പേരിനോടു ചേര്‍ത്ത് എഴുതിയിരുന്നു.

ആത്മീയ ജനയിതാവ് എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ എന്നും പുരോഹിതനെ വിളിക്കുന്നു. എന്നാല്‍ ജഡപ്രകാരമുള്ള പിതാക്കന്മാരെ അച്ഛന്‍ എന്നും, ആത്മീയ പിതാക്കന്മാരെ "അച്ചന്‍" എന്നും വേര്‍തിരിച്ച് എഴുതിയിരുന്നു. വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ ദര്‍ശനമാണ് ആത്മീയ പിതൃത്വം. ശ്ലൈഹിക ശുശ്രൂഷയില്‍ അഭിമാനം കൊള്ളുന്ന പൗലോസ് ശ്ലീഹാ എഴുതുന്നു: "നിങ്ങള്‍ക്ക് മിശിഹായില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി ഈശോമിശിഹായില്‍ നിങ്ങള്‍ ക്കു ജന്മം നല്കിയത് ഞാനാണ് (1 കോറി. 4:15).

പട്ടക്കാരന്‍
പട്ടം എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന "ഓര്‍ഡിനേഷന്‍" (ordination) എന്ന ഇംഗ്ലീഷ് പദം 'ഓര്‍ദോ' (ordo) എന്ന ലത്തീന്‍ പദത്തില്‍നിന്നും രൂപമെടുത്തതാണ്. പുരാതനറോമിലെ ഭരണസമിതിയെ സൂചിപ്പിക്കുന്ന ഈ പദത്തില്‍നിന്ന് അംഗങ്ങളെ ചേര്‍ക്കുന്നതിന് "ഓര്‍ഡിനാസിയോ" എന്ന പദവും രൂപമെടുത്തു. റോമില്‍ സഭ പ്രബലമായപ്പോള്‍ ശുശ്രൂഷാപൗരോഹിത്യകൂട്ടായ്മയിലേക്ക് ഒരാളെ ചേര്‍ക്കുന്ന കര്‍മ്മത്തിനും ഇതേ വാക്ക് ഉപയോഗിച്ചുതുടങ്ങി. മലയാളത്തില്‍ പട്ടം എന്നത് 'ഓര്‍ഡിനാസിയോ' എന്നതിനും പട്ടക്കാരന്‍ എന്നത് പട്ടം ലഭിച്ച വ്യക്തി എന്നതിനും ഉപയോഗിക്കാന്‍ തുടങ്ങി (CCC1537).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org