
പേരിന്റെ സാമ്യതകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ബൈബിളിലുണ്ട്. നമുക്ക് സുപരിചിതനായ ഒരു കഥാപാത്രമാണ് നോഹ. എന്നാല്‍ യഥാര്‍ത്ഥ നോഹ നമുക്ക് അത്ര സുപരിചിതനല്ല എന്നതാണ് സത്യം. ബൈബിള്‍ വിവര്‍ത്തനത്തില്‍ സംഭവിച്ച ചില പിശകുകളാണ് കാരണം. ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ഒരു പിശകാണ് നോഹ എന്ന പേര്.
ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ പല ഹെബ്രായ പേരുകളും അതാത് ഭാഷയ്ക്ക് ഇണങ്ങുംവിധം അല്പം പോളിഷ് ചെയ്യപ്പെടാറുണ്ട്. അങ്ങനെയാണ് നമുക്ക് സുപരിചിതനായ, പ്രളയത്തെ അതിജീവിച്ച, വിശ്വാസത്തിന്റെ പ്രതീകമായ നൊആഹ് എന്നയാളുടെ പേര് മലയാളത്തില്‍ നോഹ എന്നാക്കി മാറ്റിയിരിക്കുന്നത് (ഉല്‍പ്പ. 5:29). സ്വരശബ്ദത്തിനു ശേഷം 'ഹ്' ശബ്ദത്തില്‍ ചില വാക്കുകള്‍ അവസാനിക്കുന്ന ഒരു നിയമത്തെ കണക്കിലെടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ ഇംഗ്ലീഷില്‍ അത് കൃത്യം Noah എന്നുതന്നെയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പക്ഷേ ഇംഗ്ലീഷില്‍ Noah എന്ന് തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട്. നോഹയുമായി പേരിന് സാമ്യമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് അത്: നൊആ. സംഖ്യ, ജോഷ്വാ എന്നീ പുസ്തകങ്ങളില്‍ അവള്‍ പരാമര്‍ശിക്കപ്പെടുന്നു (Num 26:33; 27:1; 36:11; Josh 17:3). ദീര്‍ഘ സ്വരാക്ഷരത്തെ വ്യഞ്ജനാക്ഷരമായി തെറ്റിദ്ധരിച്ചതിനാലാണ് ഈ പിശക് സംഭവിച്ചത്. അങ്ങനെ ഒരേ പേരുള്ള രണ്ട് കഥാപാത്രങ്ങളെ നമ്മള്‍ ഇംഗ്ലീഷ് ബൈബിളില്‍ കണ്ടുമുട്ടുന്നു: Noah. മലയാളത്തിലാകട്ടെ, പറയാനുള്ള എളുപ്പത്തിനാകാം നൊആ എന്ന കഥാ പാത്രത്തെ പി.ഒ.സി. ബൈബിളില്‍ നോവാ എന്നാക്കി മാറ്റിയിരിക്കുന്നത്. എന്നാല്‍ 1 ദിനവൃത്താന്തത്തില്‍ കാണുന്ന, ബഞ്ചമിന്റെ പുത്രനായ നോഹാ മാത്രമാണ് ഹീബ്രു ബൈബിളില്‍ കൃത്യം നോഹാ എന്ന് വായിക്കപ്പെടുന്ന പേര് ഉള്ളയാള്‍ (8:2). അയാളാകട്ടെ ഒരുവട്ടം മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. അതിനാലാണ് യഥാര്‍ത്ഥത്തില്‍ നോഹാ എന്ന് പേരുള്ള അയാള്‍ നമുക്ക് സുപരിചിതന്‍ അല്ലാത്തത്.
മനാസ്സേയുടെ ഗോത്രത്തിലെ സെലോഫഹാദിന്റെ അഞ്ച് പെണ്‍മക്കളില്‍ ഒരാളാണ് നൊആ. നൊആയും സഹോദരിമാരും, തങ്ങളുടെ പിതാവിന് ആണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ ആ അവകാശം തങ്ങള്‍ക്ക് നല്‍കണമെന്ന് മോശയോട് ആവശ്യപ്പെട്ടു. മോശ അതേക്കുറിച്ചുള്ള ദൈവഹിതം കര്‍ത്താവിനോട് ആരായുന്നു. അവരുടെ പിതാവിന്റെ ഗോത്രത്തില്‍നിന്നും മാത്രം വിവാഹം ചെയ്യണമെന്ന വ്യവസ്ഥയോടെ അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ദൈവം നല്‍കിയ വ്യവസ്ഥ അവര്‍ സ്വീകരിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ബൈബിളില്‍ ആദ്യം കേട്ട സ്ത്രീശബ്ദമാണ് നൊആയുടേത്. ആദ്യ ഫെമിനിസ്റ്റ് എന്നൊക്കെ കരുതാം. ചരിത്രത്തില്‍ സ്ത്രീശാക്തീകരണം സംഭവിച്ചത് എങ്ങനെയാണെന്ന് അറിയാന്‍ നോആ ഉള്‍പ്പെടുന്ന സെലോഫഹാദിന്റെ പെണ്മക്കളെക്കുറിച്ച് ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞരും പഠിക്കാറുണ്ട്.
ഒരു പട്ടണത്തിന് അവളുടെ പേര് നല്‍കപ്പെട്ടു എന്ന് സമരിയായിലെ ഒരു ശിലാലിഖിതത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന കാലത്ത് സ്ത്രീകളുടെ സാമൂഹികപദവികള്‍ക്കുവേണ്ടി പോരാടിയ ഒരു ധീര വനിതയായിരിക്കാം നൊആ. സമൂഹം അവളെ അംഗീകരിച്ചു എന്നതിന്റെ തെളിവാകാം അവളുടെ പേര് ഒരു പട്ടണത്തിന് നല്‍കിയത്. നൊആയുടെ ഈ ധീരത ബൈബിളിലെ സംഖ്യാ പുസ്തകത്തിലെ ദൈവശാസ്ത്രത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ട് എന്ന് പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു. അതിനാലാണ് പുത്രിമാരുടെ അവകാശമെന്ന തലക്കെട്ടോടു കൂടി സംഖ്യയുടെ 27-ാം അദ്ധ്യായം ആരംഭിക്കുന്നത്.