
ഡോ. ജോര്‍ജ് മരങ്ങോലി
കത്തോലിക്ക സഭയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏതാണ്ട് പതിനാലിലധികം കറുത്ത വര്‍ഗക്കാരായ പുണ്യവാളന്‍മാരും പുണ്യവതികളും ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അവരെല്ലാവരുംതന്നെ ലോകത്തിന്റെ പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ വിശുദ്ധഗണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം പ്രശസ്തി ആര്‍ജിച്ച ഒരു പുണ്യവാളന്‍ എന്നതിന് പുറമെ, വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ വിശുദ്ധനും കൂടിയായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസ്.
ഇന്ത്യയില്‍ത്തന്നെ ഈ വിശുദ്ധന്റെ നാമധേയത്തില്‍ പതിനാലോളം ദേവാലയങ്ങള്‍ ഉള്ളതില്‍ പതിനൊന്നെണ്ണം കേരളത്തില്‍ തന്നെയാണ് (തേവക്കല്‍, പാലാരിവട്ടം, അങ്കമാലി സൗത്ത്, മരട്, ഉളവയ്പ്പ്, പൊന്നാംവെളി, ചേര്‍ത്തല മാര്‍ട്ടിന്‍ നഗര്‍, മണ്ണമല, കാളകെട്ടി, അഞ്ചിരി, എന്‍ ആര്‍ സിറ്റി).
ക്രിസ്തുവര്‍ഷം 1579 ഡിസംബര്‍ മാസം 9-ാം തീയതി പെറു എന്ന തെക്കന്‍ അമേരിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമായ ലീമ പട്ടണത്തില്‍ ഡോണ്‍ ജുവാന്‍ ഡി പോറെസ് എന്ന് പേരുള്ള കുലീന കുലജാതനായ സ്പാനിഷ് കാരന്റെയും പനാമയില്‍ നിന്ന് അടിമയായി വന്നു പിന്നീട് സ്വതന്ത്രയായ കറുത്ത വര്‍ഗക്കാരി ആന വില്‍സെക്യൂസ്‌ന്റെയും മകനായിട്ടാണ് മാര്‍ട്ടിന്‍ ഡി പോറെസ് ഭൂജാതനായത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന് ജുവാന എന്ന ഒരു സഹോദരികൂടി ഉണ്ടായി. മാര്‍ട്ടിന്റെ മാതാപിതാക്കള്‍ വിവാഹിതരായിരുന്നില്ല എന്നതിനുപരി മാര്‍ട്ടിന് അമ്മയെപ്പോലെ കറുത്തനിറം ആയിപ്പോയി എന്ന കാരണത്താല്‍ സ്വന്തം പിതാവിനാല്‍ ആ കുടുംബം പരിത്യജിക്കപ്പെട്ടു! പട്ടിണിയുടെ കാഠിന്യവും അതിനേക്കാളേറെ സമൂഹം അംഗീകരിക്കാത്ത പിതൃത്വവുംമൂലം ഒരു ജാരസന്തതി എന്ന അപമാനംകൂടി ഏറ്റുവാങ്ങിയാണ് മാര്‍ട്ടിന്‍ വളര്‍ന്നത്!
തുണി അലക്കുന്ന ജോലി ചെയ്താണ് മാര്‍ട്ടിന്റെ അമ്മ തന്റെ കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ അതിനു സാധിക്കാതെ വന്ന സാഹചര്യത്തില്‍ പന്ത്രണ്ടു വയസ്സായപ്പോള്‍ ഒരു ബാര്‍ബര്‍ ഡോക്ടറുടെ കൂടെ ട്രെയിനി ആയി മാര്‍ട്ടിനെ ജോലിക്കു ചേര്‍ത്തു. അവിടെ വച്ച് തലമുടി വെട്ടാനും, ടെസ്റ്റ് ചെയ്യാന്‍ വേണ്ടി രക്തം എടുക്കാനും, രക്തം കട്ടപിടിക്കാതെ സ്രവിപ്പിക്കാനും, മുറിവുകള്‍ വച്ചുകെട്ടാനും, സാധാരണ ചികിത്സാരീതികള്‍ നടത്താനും, മരുന്നുകള്‍ നല്‍കാനുമൊക്കെ മാര്‍ട്ടിന്‍ പരിശീലിച്ചു. രണ്ടുകൊല്ലം മരുന്നും ചികിത്സയുമായിട്ടുള്ള പരിശീലനത്തിനുശേഷം ആതുരസേവനം നടത്താനുള്ള അതിയായ ആഗ്രഹവും, അതുവഴി സമൂഹത്തെ സഹായിക്കാനുള്ള ആത്മാര്‍ത്ഥമായ താല്‍പ്പര്യവും മൂലം ഡൊമിനിക്കന്‍ ആശ്രമത്തിലെ ഒരു സ്വയം സേവകനായ ആശ്രമവാസിയായി മാര്‍ട്ടിന്‍ ചേര്‍ന്നു. അക്കാലത്തു പെറുവിലെ നിയമമനുസരിച്ചു കറുത്തവര്‍ഗക്കാര്‍ക്കും സങ്കര വര്‍ഗക്കാര്‍ക്കും ഒരു ബ്രദര്‍ ആയി സഭയില്‍ ചേരാന്‍ അനുവാദമുണ്ടായിരുന്നില്ല! എങ്കിലും ദിവസത്തിന്റെ നല്ലൊരു ഭാഗവും സുഖമില്ലാത്തവരെ പരിചരിക്കുന്നതിലും പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്യുന്നതിലും മാര്‍ട്ടിന്‍ വ്യാപൃതനായിരുന്നു. അതിനുപുറമെ ആശ്രമത്തിലെ അടുക്കള ജോലിയും, തുണി അലക്കലും, ആശ്രമം വൃത്തിയാക്കലുമെല്ലാം മാര്‍ട്ടിന്‍ സ്വയം ഏറ്റെടുത്തു. മാര്‍ട്ടിന്റെ അതിതീവ്രമായ പ്രാര്‍ത്ഥനയും, എളിമയും, തപശ്ചര്യകളും, അശരണരോടുള്ള അനുകമ്പയുമെല്ലാം കണക്കിലെടുത്തു മാര്‍ട്ടിനെ ഒരു ഡൊമിനിക്കന്‍ അല്മായ സഹോദരനായി സഭാധികാരികള്‍ സ്വീകരിച്ചു. ജാതി മത സ്ഥാന ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും വേണ്ടി സേവനം ചെയ്യുവാന്‍ മാര്‍ട്ടിന്‍ മുന്നിട്ടിറങ്ങി. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന അടിമകള്‍ക്ക് അഭയമായി ഒരു ആതുരാലയം തുടങ്ങാന്‍ മാര്‍ട്ടിന് സാധിച്ചു എന്നുള്ളത് ആരോരുമില്ലാത്ത ആ അടിമകള്‍ക്ക് വലിയൊരു സഹായമായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള മാര്‍ട്ടിന്റെ അതി തീവ്രമായ ഉപാസനയും, നിരന്തരമായ പ്രാര്‍ത്ഥനയും, എല്ലാറ്റിനുമുപരി സന്യാസത്തിന്റെ യും വിരക്തിയുടെയും ഭാഗമായിട്ടുള്ള മാംസ വര്‍ജനവും എടുത്തുപറയേണ്ടിയിരിക്കുന്നു. ആതുരാലയത്തിലെയും ആശ്രമത്തിലെയും കഠിനാദ്ധ്വാനത്തിനുപുറമെ ലീമയിലുള്ള ദരിദ്രര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ഭക്ഷണവും അവശ്യസാധനകളും എത്തിച്ചുകൊടുക്കുന്നതിലും മാര്‍ട്ടിന്‍ പ്രത്യേക ശ്രദ്ധ പതിച്ചിരുന്നു. അടിമകളായി വന്നെത്തുന്ന പുതിയ ആളുകളുടെ ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ, പാവപ്പെട്ട അടിമ പെണ്‍കുട്ടികളുടെ വിവാഹത്തിന് ആവശ്യമായ സ്ത്രീധനപ്പണം നല്‍കാനായി ആയിരക്കണക്കിന് ഡോളറുകള്‍ സമാഹരിക്കുന്നതിലും പ്രബലനായ ഒരു പണപ്പിരിവുകാരന്റെ സാമര്‍ഥ്യത്തോടെ മാര്‍ട്ടിന്‍ മുന്‍കൈ എടുത്തിരുന്നു. അന്ന് ഡൊമിനിക്കന്‍ സഭയുടെ അംഗമായിരുന്ന വിശുദ്ധ 'റോസു'മൊരുമിച്ച് ലീമയിലെ യുവാക്കള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ തുടങ്ങിയതും മാര്‍ട്ടിന്റെ ലിഖിതരേഖയില്‍ പരാമര്‍ശിച്ചിട്ടുണ്ട്! ഒരു കമ്പിളിപ്പുതപ്പോ, ഉടുപ്പോ, മിഠായിയോ, മെഴുകുതിരിയോ, എന്ത് തന്നെയായാലും അത് വളരെ മഹാമനസ്‌കതയോടും, പ്രായോഗികമായും എത്തേണ്ടിടത്ത് എത്തിച്ചുകൊടുക്കുന്നതിലും, അത്ഭുതങ്ങളും പ്രാര്‍ത്ഥനാനിയോഗങ്ങങ്ങളും കൃത്യനിഷ്ഠയോടെ നിര്‍വഹിക്കുന്നതിലും മാര്‍ട്ടിനുള്ള പ്രത്യേക കഴിവിനെ പരിഗണിച്ച് ആശ്രമത്തിന്റെ മാത്രമല്ല ലീമ പട്ടണത്തിന്റെയും ഭരണാധികാരി ആയിത്തീരാന്‍ മാര്‍ട്ടിന് ഭാഗ്യമുണ്ടായി!
1639 നവംബര്‍ മാസം മൂന്നാം തീയതി 59-ാമത്തെ വയസ്സില്‍ മാര്‍ട്ടിന്‍ ഡി പോറെസ് ഇഹലോകവാസം വെടിഞ്ഞു. മാര്‍ട്ടിന്റെ ഭൗതീകശരീരം ആശ്രമത്തിന്റെ മണ്ണില്‍ത്തന്നെയാണ് സംസ്‌കരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഒട്ടേറെ അത്ഭുതങ്ങള്‍ സംഭവിച്ചതിന്റെ വെളിച്ചത്തില്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഭൗതീകശരീരം കല്ലറയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ശരീരത്തിന് യാതൊരു കേടുപാടും സംഭവിക്കാത്ത നിലയിലായിരുന്നു എന്നു മാത്രമല്ല ഒരു സൗരഭ്യം വമിക്കുന്നതുകൂടിയായിരുന്നു!
1897 ഒക്‌ടോബര്‍ 29 നു അന്നത്തെ മാര്‍പാപ്പ ഗ്രിഗറി പതിനാറാമന്‍ മാര്‍ട്ടിന്‍ ഡി പോറെസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, തുടര്‍ന്ന് 1962 മെയ് മാസം ആറാം തീയതി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
മാര്‍ട്ടിന്‍ ഡി പോറെസിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങള്‍ പോലും ദൈവത്തിന്റെ അസാധാരണമായ കൈവെപ്പുള്ളതായിരുന്നു; പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഉണ്ടാകാറുള്ള ഒരു പ്രത്യേകതരം പ്രകാശം, ഒരേ സമയത്ത് രണ്ടു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള മാര്‍ട്ടിന്റെ കഴിവ്, ഏതൊരു വിഷയത്തിലും അദ്ദേഹത്തിന്റെ അത്ഭുതകരമായ പരിജ്ഞാനം, തല്‍ക്ഷണമുള്ള രോഗശാന്തി വരം, ഇവയ്‌ക്കെല്ലാം പുറമെ മൃഗങ്ങളുമായിട്ടുള്ള അദ്ദേഹത്തിന്റെ ആശയ വിനിമയം, ഇവയെല്ലാം തന്നെ ദൈവം മാര്‍ട്ടിന് നല്‍കിയ പ്രത്യേക അനുഗ്രഹങ്ങളായിരുന്നു. മാര്‍ട്ടിന്റെ സഹ ആശ്രമവാസികളെല്ലാം അദ്ദേഹത്തെ ഒരു ആധ്യാത്മിക പിതാവായി സ്വീകരിച്ചെങ്കിലും 'ഒരു പാവപ്പെട്ട അടിമ' എന്ന പേരില്‍ പരിഗണിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ആഫ്രിക്കന്‍ സംസ്‌കാരം അനുകരിക്കുന്ന കൊളംബിയ, വെനെസുവേല, പോര്‍ട്ടോ റിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ക്യൂബ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, പെറു തുടങ്ങിയ സ്ഥലങ്ങളിലുള്ള ചില ആഫ്രോ കരീബിയന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസിനെ 'പാപ്പാ ക്യാന്‍ഡെലോ' എന്ന പേരിലാണ് വിളിച്ചിരുന്നത്. സങ്കര വര്‍ഗ്ഗക്കാരുടെയും, ബാര്‍ബര്‍മാരുടെയും, സത്രം സൂക്ഷിപ്പുകാരുടെയും, പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെയും പാലക പുണ്യവാളനായി വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസിനെ ഇന്ന് ലോകം മുഴുവന്‍ വണങ്ങുന്നു.
എല്ലാ വര്‍ഷവും നവംബര്‍ മാസം മൂന്നാം തീയതിയാണ് വിശുദ്ധന്റെ തിരുനാള്‍.