നല്ല മാസ് ജീവിതങ്ങള്‍

നല്ല മാസ് ജീവിതങ്ങള്‍

സി. ഗ്രേസ്‌ലിന്‍ ജോസ് സി.എം.സി
പ്രധാനാദ്ധ്യാപിക, എറണാകുളം ബസിലിക്ക

സി. ഗ്രേസ്‌ലിന്‍ ജോസ് സി.എം.സി
സി. ഗ്രേസ്‌ലിന്‍ ജോസ് സി.എം.സി

ബാല്യത്തില്‍ അധ്യാപകരെ പ്രാണനു തുല്യം സ്‌നേഹിച്ച ഓര്‍മ്മകള്‍ ഉണ്ട് മനസ്സില്‍. ആദ്യക്ഷരങ്ങള്‍ക്കൊപ്പം സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്നു തന്ന അധ്യാപകര്‍ക്ക് മാതാപിതാ ഗുരു ദൈവം എന്ന ചൊല്ലിന്റെ യഥാര്‍ത്ഥ ഭാവമായിരുന്നു ഉള്ളിലെന്നും. എന്നാല്‍ യൂണിഫോമിന്റെ കൃത്യതയും പാഠപുസ്തകങ്ങളുടെ ആധിക്യവും ഇല്ലാതെ സുവിശേഷത്തിലെ ധൂര്‍ത്ത പുത്രനെയും നല്ല സമരിയാക്കാരനെയും പരിചയപ്പെട്ട, ദൈവസ്‌നേഹത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും നല്ല പാഠങ്ങള്‍ പഠിച്ച സ്‌നേഹോര്‍മ്മകളാണ് ഓരോ വേദോപദേശ ക്ലാസ്സിനെയും കുറിച്ച് എനിക്കുള്ളത്. കടലോളം സ്‌നേഹവും പാറപോലെ ഉറച്ച വിശ്വാസവും ഉള്ളവരായിരുന്ന എന്റെ മതാദ്ധ്യാപകര്‍. ചെറുപ്പത്തില്‍ ഇവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ആഴമോ കര്‍മ്മതീക്ഷണതയ്ക്ക് നല്‍കുന്ന ത്യാഗത്തിന്റെ വിലയോ അറിയില്ലായിരുന്നുവെങ്കിലും അവര്‍ നല്‍കിയ നന്മയുടെ ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളിയിലെ എന്റെ മതാദ്ധ്യാപകരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ഒരു മുഖം ഞങ്ങളുടെ സ്റ്റീഫന്‍ സാറിന്റേതാണ്. സാര്‍ മഞ്ഞപ്ര സെ. മേരീസ് സ്‌കൂളിലും എന്റെ ടീച്ചറായിരുന്നു. പള്ളിയില്‍ നിന്നും കുറച്ച് അകലെയാണ് ഞങ്ങളുടെ വീട് എന്നുള്ളതിനാല്‍ ഞായറാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് കളിചിരികളോടെ പള്ളിയിലെത്തുമ്പോള്‍ ചില ദിവസങ്ങളില്‍ ഞങ്ങള്‍ വൈകുമായിരുന്നു. കുര്‍ബാന സമയം ഓരോ ക്ലാസിനോടും ഒപ്പം അവരുടെ ടീച്ചേഴ്‌സ് കൂടെ നിന്ന് തുടങ്ങിയപ്പോള്‍ വൈകിയെത്തുന്ന രീതിക്ക് മാറ്റം വന്നു തുടങ്ങി. അതിന് കാരണമായത് ഞങ്ങള്‍ നേരത്തെ വരുമ്പോള്‍ അതിലും നേരത്തെ ഞങ്ങളുടെ സ്റ്റീഫന്‍ സാര്‍ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്നതാണ്. കുര്‍ബ്ബാന സമയം കുര്‍ബാന പുസ്തകം എടുത്ത് ഉച്ചത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി പാട്ടുകള്‍ പാടി ഭക്തിപൂര്‍വ്വം കുര്‍ബാനയില്‍ പങ്കെടുക്കുന്ന സാര്‍ ഒരു മതാദ്ധ്യാപകന്റെ മാതൃകാ പ്രവര്‍ത്തിയുടെ ഓര്‍മ്മയായി എന്നില്‍ നിലനില്‍ക്കുന്നു. ക്ലാസ്സില്‍ എത്തിയാലും വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കരുതലോടെയും ഞങ്ങളോട് ഇടപെട്ടിരുന്ന സാറിനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു.

വിശ്വസ പരിശീലനത്തിന്റെ ഏറ്റവും പ്രധാനമായ ദിവ്യബലിയിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള നൂറ് ക്ലാസ്സ് എന്നതിനേക്കാള്‍ എന്റെ മനസ്സില്‍ പതിഞ്ഞു നില്‍ക്കുന്നത് സാറിന്റെ പ്രവര്‍ത്തിയില്‍ ഊന്നിയ ഈ പ്രഘോഷണം ആയിരുന്നു. ബാല്യകാല ഓര്‍മ്മപുസ്തകത്തിലെ കേവല ഓര്‍മ്മകളായിട്ടല്ല അത് ഇന്ന് എന്റെ മനസ്സില്‍ ഉള്ളത്. മറിച്ച് ഇന്നും തീക്ഷ്ണമായി ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിനുള്ള പ്രചോദനം ആയാണ്. ഇന്ന് ഒരു അധ്യാപികയും വിശ്വാസപരിശീലകയുമായി സേവനം ചെയ്യുമ്പോള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ഒന്നാണ് വാക്കുകളേക്കാള്‍ പ്രസക്തി മാതൃകകള്‍ക്കാണ് എന്നത്

(വാക്കുകളേക്കാള്‍ പ്രധാനം പ്രവര്‍ത്തികള്‍ക്ക് ആണ് എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന സ്റ്റീഫന്‍ സാറിന് പ്രണാമം)

logo
Sathyadeepam Weekly
www.sathyadeepam.org