രണ്ടാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട രക്തസാക്ഷികള്‍

ചരിത്രത്തിലെ സഭ രണ്ടാം നൂറ്റാണ്ടില്‍
രണ്ടാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട രക്തസാക്ഷികള്‍
Published on
രണ്ടാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട രക്തസാക്ഷികളാണ് വി. പൊലിക്കാര്‍പ്പ്, വി. ജസ്റ്റിന്‍, വി. പെര്‍പ്പത്വവ, വി. ഫെലിച്ചിത്ത തുടങ്ങിയവര്‍. നമുക്ക് ഈ രക്തസാക്ഷികളെ പരിചയപ്പെടാം.

വിശുദ്ധ പൊലിക്കാര്‍പ്പ്

അപ്പസ്‌തോലന്‍മാര്‍ക്കുശേഷം മതമര്‍ദനത്തില്‍ രക്തസാക്ഷിയായ പ്രധാനിയാണ് വി. പൊലിക്കാര്‍പ്പ്. ഏഷ്യാ മൈനറിലെ സ്മിര്‍ണയിലെ മെത്രാനായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസത്തിനെതിരായ പാഷണ്ഡതകളില്‍ നിന്ന് ആ കാലഘട്ടത്തിലെ ജനങ്ങളെ രക്ഷിക്കുവാന്‍ വി. പൊലിക്കാര്‍പ്പിന് സാധിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട സഭാപിതാവും അപ്പോളജിസ്റ്റുമാണ് വി. പൊലിക്കാര്‍പ്പ്. ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനമാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനയായി കണക്കാക്കപ്പെടുന്നത്.

AD 155 ല്‍ പൊലിക്കാര്‍പ്പ് റോമന്‍ സൈന്യത്താല്‍ പിടിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ജീവനോടെ ഇദ്ദേഹത്തെ അഗ്‌നിയില്‍ ദഹിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സ്മിര്‍ണയിലെ സഭ ഫിലോമേലിയും എന്ന മറ്റൊരു സഭയ്ക്ക് എഴുതിയ 'പൊലിക്കാര്‍പ്പിന്റ രക്തസാക്ഷിത്വം' എന്ന പുരാതന രേഖ ആദ്യകാല സഭയെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചും ആധികാരികമായ അറിവ് നല്‍കുന്നു.

രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ (St. Justin Martyr)

ആദിമസഭയിലെ പ്രധാനിയായ തത്വചിന്തകനും അപ്പോളജിസ്റ്റുമാണ് സഭാപിതാവായ വി. ജസ്റ്റിന്‍. ക്രൈസ്തവ ദൈവശാസ്ത്രത്തിന് അടിസ്ഥാനമായി ഗ്രീക്ക് തത്വശാസ്ത്ര സമീപനങ്ങളെ സ്വീകരിച്ചു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന.

'അപ്പോളജി (2)' 'ഡയലോഗ് വിത്ത് ട്രൈഫോ' എന്നിവയാണ് പ്രധാന രചനകള്‍. ജസ്റ്റിന്‍ രചിച്ച രണ്ടാമത്തെ അപ്പോളജിയില്‍ റോമില്‍ ക്രിസ്ത്യാനികള്‍ അനീതിപരമായി അനുഭവിക്കുന്ന മതമര്‍ദ്ദനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. AD 165 ല്‍ റോമില്‍വച്ച് വി. ജസ്റ്റിന്‍ ശിരഛേദം ചെയ്യപ്പെട്ടു.

വിശുദ്ധ പെര്‍പെത്വവയും വിശുദ്ധ ഫെലിച്ചിത്തയും

റോമാ ചക്രവര്‍ത്തി സെപ്തിമുസ് സെവേരൂസിന്റെ കാലത്ത് ക്രൂരമായ മത മര്‍ദ്ദനങ്ങള്‍ക്ക് ശേഷം രക്തസാക്ഷികളായ രണ്ട് അമ്മമാരാണ് ഇവര്‍. ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിയാകുമ്പോള്‍ പെര്‍പെത്വവക്ക് ഇരുപത്തിരണ്ട് വയസായിരുന്നു.

വിജാതീയനായ പിതാവും ക്രിസ്ത്യാനിയായ അമ്മയുമാണ് അവള്‍ക്ക് ഉണ്ടായിരുന്നത്. നോര്‍ത്ത് ആഫ്രിക്കയിലെ കാര്‍ത്തേജാണ് പെര്‍പെത്വവയുടെ സ്ഥലം. വി. ഫെലിച്ചിത്ത ഒരു അടിമ സ്ത്രീയായിരുന്നു. ഇവളും പെര്‍പെത്വവയെപോലെ ശിരച്ഛേദം ചെയ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org