കൊതി തീരുവോളം സ്‌നേഹിക്കുക: മഗ്ദലേനമറിയം
'എന്റെ കര്‍ത്താവിനെ ആരാണ്? അല്ലാ, എവിടേക്കാണ് എടുത്തുകൊണ്ടുപോയത്? എന്നോടു പറയുക... ഞാന്‍ അവനെ എടുത്തുകൊണ്ടുപോയ്‌ക്കോളാം' എന്ന നിന്റെ വാക്കിലുണ്ട് മറിയമേ, നിനക്ക് ഈശോയോടുള്ള സ്‌നേഹം മുഴുവനും.
യേശുവിന്റെ അനുയായിവൃന്ദത്തിലെ ഏറ്റവും അറിയപ്പെടുന്ന അംഗങ്ങളിലൊരുവളും യേശു നയിച്ച പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ത്രീ സഹചാരികളില്‍ സര്‍വ പ്രധാനിയുമായിരുന്നു മഗ്ദലേനമറിയം. ഗലീലിക്കടലിന്റെ പടിഞ്ഞാറേക്കരയിലെ ഒരു വലിയ പട്ടണമായിരുന്ന 'മഗ്ദല' ആയിരുന്നു അവളുടെ സ്വദേശം എന്നാണ് പേരിലെ സൂചന.
മഗ്ദലേനമറിയത്തോടുള്ള എന്റെ ഒരു പ്രാര്‍ത്ഥന, 'സ്‌നേഹിച്ചാല്‍ കൊതി തീരുമോ...? കൊതി തീര്‍ന്നാല്‍ സ്‌നേഹിക്കുമോ...!' മനസ്സില്‍ ഉരുവിടുന്ന, നൊമ്പരമുള്ള മന്ത്രധ്വനിയാണത്. അപ്പോള്‍, മനസ്സിലേക്കോടി വരുക, ബൈബിളിലെ 'മഗ്ദലേനമറിയം' തന്നെ.
സ്‌നേഹിച്ചു കൊതിതീരും മുമ്പേ, തന്നെ തനിച്ചാക്കിപ്പോയ ഈശോയെ ഓര്‍ത്ത്, ഓരോ നിമിഷവും കണ്ണുനീര്‍വാര്‍ത്ത മഗ്ദലേനമറിയമേ, വിശുദ്ധഗ്രന്ഥത്തില്‍ നിന്നെ കണ്ടുമുട്ടുന്ന ഇടങ്ങളിലൊക്കെ ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്...!
എന്റെ പാപാവസ്ഥകളില്‍ നിന്നുള്ള മാനസാന്തരത്തിനായോ, ഈശോയുടെ കരുണയ്ക്കായോ, എന്റെ പാപമോചനത്തിനായോ, ഒന്നുമല്ല അത്... 'നിന്നെപ്പോലെ, ഈശോയെ സ്‌നേഹിക്കാന്‍ എനിക്കും കഴിയണേ' എന്നായിരുന്നു ആ പ്രാര്‍ത്ഥന.
എപ്പോഴും... വിശുദ്ധിയുള്ളപ്പോള്‍ മാത്രമല്ല, ഞാന്‍ പാപങ്ങളുടെ പിടിയില്‍ ആയിരിക്കുമ്പോഴും, നീ സ്‌നേഹിച്ചപോലെ ഈശോയെ സ്‌നേഹിക്കാന്‍ എനിക്കും കഴിയണേ!
നീ പാപിയാണ് എന്നും പറഞ്ഞ്, എറിയാനുള്ള കല്ലുമായി അവര്‍ പുറകേ വന്നപ്പോള്‍, 'സാരമില്ലടോ സുഹൃത്തേ, ഇനി പാപം ചെയ്യാതിരിക്ക്' എന്ന് നിന്റെ കാതിലോതിയവന്റെ കരുണയും, സ്‌നേഹവും നീ മനസ്സിലാക്കി. കടലോളം കരുണയുള്ള ഈശോ എന്ന ഈ ചെറുപ്പക്കാരനെ 'മരിച്ചാലും, ഞാന്‍ കട്ടയ്ക്ക് സ്‌നേഹിക്കും' എന്നു തീരുമാനിച്ചുറച്ച നിനക്ക്, മൃതദേഹത്തെ പേടിയില്ല...! ഇരുട്ടിനെ പേടിയില്ല...! കല്ലറയുടെ വലിയ കവാടത്തെ പേടിയില്ല...! കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെ പേടിയില്ല...!
ഹോ... എനിക്കിതെല്ലാം ഇപ്പോഴും പേടിയാണ് മറിയമേ....!
ഈശോയുടെ ശിഷ്യന്മാര്‍ പോലും, ഉറക്കത്തിനും ഭയത്തിനും കീഴടങ്ങി, ആ രാത്രി കഴിച്ചുകൂട്ടിയപ്പോള്‍, ഉറക്കമിളച്ചു, സൂര്യനുദിക്കാന്‍പോലും കാക്കാതെ, ശവകല്ലറയിലേക്ക് ഓടിച്ചെന്ന്, ഈശോയുടെ മൃതദേഹത്തോടൊപ്പമായിരിക്കാനായി കൊതിച്ച്, ഓടിക്കിതച്ചെത്തിയ നിന്റെ സ്‌നേഹത്തിന്റെ അടുത്തെത്താന്‍, എനിക്ക് ഇനീം കാത്തിരിക്കണമല്ലോ! 'എന്റെ കര്‍ത്താവിനെ ആരാണ്? അല്ലാ, എവിടേക്കാണ് എടുത്തുകൊണ്ടുപോയത്? എന്നോടു പറയുക... ഞാന്‍ അവനെ എടുത്തുകൊണ്ടുപോയ്‌ക്കോളാം' എന്ന നിന്റെ വാക്കിലുണ്ട് മറിയമേ, നിനക്ക് ഈശോയോടുള്ള സ്‌നേഹം മുഴുവനും.
ഈശോ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ, ജീവിക്കുന്നെന്നോ, വിശ്വസിക്കാനുള്ള അറിവോ, ആത്മബലമോ ഒന്നും നിനക്കില്ലെന്നറിയാം..., എങ്കിലും, ആ നാഥന്റെ മൃതദേഹത്തോടൊപ്പമെങ്കിലും, സ്വല്പനേരം കൂടി ആയിരിക്കാനുള്ള നിന്റെ ആത്മാര്‍ത്ഥ സ്‌നേഹം... ആഗ്രഹം..., അത് അനിര്‍വചനീയമാണ്...!! ഞാന്‍ ഓര്‍ക്കുന്നു: 'എന്തേ... എന്തേ... എന്റെ മനസ്സേ, ഈശോ എന്ന എന്റെ തമ്പുരാന്റെ, ദൈവത്തിന്റെ, കൂടെയാകാന്‍ നീ ഇത്രയും മടിക്കുന്നത്?'! അവനോട് കൂട്ടുകൂടാന്‍, നീ ഇത്ര വൈകിയത്?'
അതെ, ഞാനും എന്റെ പൊന്നു തമ്പുരാനെ കൊതി തീരുവോളം സ്‌നേഹിക്കട്ടെ...
ങും... അല്ല! കൊതി തീര്‍ന്നാലും സ്‌നേഹിക്കട്ടെ.