കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

[ഭാഗം 7] ''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

''കത്തോലിക്കരുടെ പ്രണയം ഏഴാം മാസത്തിലേക്ക് കടന്നല്ലോ. എന്തു തോന്നുന്നു?''

''സന്തോഷം തോന്നുന്നു; അഭിമാനവും.''

''അഭിമാനം എന്തിനാണ്?''

''കത്തോലിക്കാ സഭയില്‍ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പണ്ട് വിശ്വാസ പരിശീലന ക്ലാസ്സിന് മുമ്പുള്ള അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിയിരുന്നു. വെറുതെ ചൊല്ലുന്നു എന്നല്ലാതെ അതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. ഇപ്പോഴാണ് അതിന്റെ അര്‍ത്ഥവ്യാപ്തി വ്യക്തമാകുന്നത്.''

''അതു കൊള്ളാമല്ലോ! പ്രണയവിവരണം പാതിവഴിയില്‍ എത്തിയപ്പോഴേക്കും അര്‍ത്ഥം മുഴുവനും പിടികിട്ടിയോ?''

''പാതിവഴിയോ?! ഇത്തവണത്തേത് അവസാന പ്രണയമല്ലേ?''

''അങ്ങനെ ആരു പറഞ്ഞു?''

''നാല് പ്രണയങ്ങള്‍ എന്നാണ് ഒന്നാം ഭാഗത്ത് പറഞ്ഞത്. നാലാം ഭാഗമായപ്പോള്‍ അഞ്ച് എന്ന് തിരുത്തി. അതുതന്നെ പത്രാധിപരുടെ അനുമതിക്ക് വിധേയമാണെന്നും പറഞ്ഞു. ഇപ്പോള്‍ ഏഴാം ഭാഗത്ത് പറയുന്നു പാതിപ്രണയങ്ങളേ പറഞ്ഞിട്ടുള്ളൂ എന്ന്! സത്യത്തില്‍ കത്തോലിക്കര്‍ക്ക് എത്ര പ്രണയങ്ങളുണ്ട്?''

''ഇനിയിപ്പള്‍ എണ്ണം പറയുന്നില്ല! പ്രിയപ്പെട്ട പരിശുദ്ധാരൂപി വെളിപ്പെടുത്തലുകള്‍ തരുന്നത് നിര്‍ത്തുന്നതു വരെയോ, 'മതി നിര്‍ത്താം' എന്ന് പത്രാധിപര്‍ പറയുന്നതുവരെയോ തുടരാം?''

''അത് തകര്‍ത്തു!''

''കത്തോലിക്കരുടെ പ്രണയങ്ങള്‍ അവസാനിക്കാതിരിക്കാന്‍ ദൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. സ്‌നേഹം എന്നാണ് ദൈവത്തിന്റെ നിര്‍വ്വചനമെന്ന് അറിയാമല്ലോ (1 യോഹ. 4:8). എന്നാല്‍ ആ നിര്‍വ്വചനത്തിന്റെ അര്‍ത്ഥവ്യാപ്തി പലപ്പോഴും നാം ഉള്‍ക്കൊള്ളാറില്ല. 'സ്‌നേഹത്തിന്റെ അളവ് സ്‌നേഹത്തിന് അളവില്ലെന്നതാണ്' എന്ന് വേദപാരംഗതനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ് പഠിപ്പിക്കുന്നുണ്ട്. ''ദൈവത്തിന് നിന്നില്‍ എത്രമാത്രം താത്പര്യമുണ്ടെന്ന് ഒട്ടും സങ്കല്പിക്കാന്‍ സാധ്യമല്ല. ഭൂമിയില്‍ മറ്റൊരാളും ഇല്ലാതിരുന്നാലെന്നപോലെ അവിടുന്ന് നിന്നില്‍ താത്പര്യം കാണിക്കുന്നു'' എന്ന് ഫ്രഞ്ചുഗ്രന്ഥകാരനായ ജൂലിയന്‍ ഗ്രീന്‍ എഴുതിയിട്ടുണ്ട്. ഭൂമിയില്‍ മറ്റൊരാളും ഇല്ലാത്തതുപോലെ ദൈവം എന്നില്‍ താത്പര്യം കാണിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്നിനാല്‍, ദൈവത്തെ സ്‌നേഹിക്കാന്‍ ഭൂമിയില്‍ മറ്റൊരാളും ഇല്ലാത്തതുപോലെ ഞാന്‍ അവിടുത്തെ സ്‌നേഹിക്കുകയും അവിടുന്നില്‍ താത്പര്യം കാണിക്കുകയും ചെയ്യേണ്ടതുണ്ട്. ''നീ എന്നെ സ്‌നേഹിക്കുന്നുവെന്നു പറയുന്നതു കേള്‍ക്കാന്‍ വേണ്ടിത്തന്നെ സമസ്ത പ്രപഞ്ചത്തെയും ഞാന്‍ വീണ്ടും സൃഷ്ടിക്കും'' എന്ന് ഒരു ദര്‍ശനത്തില്‍ ആവിലായിലെ വിശുദ്ധ തെരേസയോടു യേശു പറയുന്നുണ്ട്. സത്യത്തില്‍ ദൈവത്തിന് ആകെയുള്ള 'ദാഹം' സ്‌നേഹത്തെ സംബന്ധിച്ചുള്ളതാണ്. നിരുപാധികവും അത്യഗാധവുമായ തന്റെ സ്‌നേഹം നമുക്ക് പകരാനും നമ്മുടെ ഹൃദയപൂര്‍ണ്ണവും നിര്‍മ്മലവുമായ പ്രതി സ്‌നേഹം നുകരാനും മാത്രമായാണ് ദൈവം ദാഹിക്കുന്നത്. സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമായ കുരിശിലെ മരണമുഹൂര്‍ത്തത്തില്‍ പോലും അവന്റെ അന്ത്യമൊഴികളില്‍ ഒന്ന് 'എനിക്കു ദാഹിക്കുന്നു' എന്നതാണല്ലോ (യോഹ. 19:28). ദൈവത്തിന് നമ്മോടും നമുക്ക് ദൈവത്തോടുമുള്ള സ്‌നേഹത്തിന്റെ ഈ പാരസ്പര്യമാണ് നമ്മുടെ പ്രണയങ്ങള്‍ നിലയ്ക്കാത്തതിന്റെ അടിസ്ഥാന കാരണം. ''നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല'' എന്ന് യേശു പഠിപ്പിക്കുന്നുണ്ട് (മത്താ. 13:16,17). വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഇതേ വചനം 'ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി' യേശു പറയുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത് (10:23). മറ്റു ലക്ഷ്യങ്ങളോടെ അനുഗമിക്കുന്ന ജനക്കൂട്ടത്തിനല്ല, അഗാധമായ സ്‌നേഹത്തോടെ തന്റെ ശിഷ്യത്വത്തിലേക്ക് കടന്നുവരുന്നവര്‍ക്കുള്ളതാണ് ക്രിസ്ത്വാനുഭവത്തിന്റെ സൗഭാഗ്യങ്ങള്‍ എന്നാണ് യേശു അര്‍ത്ഥമാക്കുന്നത്. പ്രവാചകന്മാരും നീതിമാന്മാരും എന്ന് വിശുദ്ധ മത്തായി എഴുതുമ്പോള്‍ പ്രവാചകന്മാരും രാജാക്കന്മാരും എന്നാണ് വിശുദ്ധ ലൂക്കാ എഴുതുന്നത്. ഒരു കത്തോലിക്കാ ക്രിസ്ത്യാനി എന്ന നിലയില്‍ നാം അനേകം പ്രവാചകന്മാര്‍, നീതിമാന്മാര്‍, രാജാക്കന്മാര്‍ എന്നിവരേക്കാളൊക്കെ ഭാഗ്യമുള്ളവരാണ് എന്ന് ചുരുക്കം. ആട്ടെ, കഴിഞ്ഞ ആറു ഭാഗങ്ങളില്‍ പറഞ്ഞത് ഒന്ന് പുനരാലോചിക്കാമോ?''

''ആവാമല്ലോ. നാലു പ്രണയങ്ങളാണ് പറഞ്ഞത്. ആദ്യത്തേത് കത്തോലിക്കരുടെ അടിസ്ഥാന പ്രണയമായ യേശുക്രിസ്തു. യേശുക്രിസ്തു എന്ന നിത്യപ്രണയിയെ നമുക്കു വെളിപ്പെടുത്തുകയും ആ പ്രണയത്തില്‍ നമ്മെ വളര്‍ത്തുകയും ആ പ്രണയത്തിന്റെ ഫലങ്ങള്‍ നല്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവാണ് രണ്ടാം പ്രണയം. ദിവ്യകാരുണ്യം അഥവാ പരിശുദ്ധ കുര്‍ബാന എന്ന മൂന്നാം പ്രണയത്തെപ്പറ്റി രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. നാലാം പ്രണയം ദൈവവചനമാണ്. അതേപ്പറ്റിയും രണ്ടു ഭാഗങ്ങളില്‍ വിവരിച്ചു.''

''മിടുക്കി! എന്നാല്‍ അഞ്ചാം പ്രണയം തുടങ്ങാം. എന്തെങ്കിലും ഊഹമുണ്ടോ?''

''ഇല്ല.''

''ഒന്നു രണ്ടു സൂചനകള്‍ തരാം.''

''പറയാന്‍ ശ്രമിക്കാം.''

''ഇതുവരെ പറഞ്ഞതൊക്കെ ദൈവമോ ദൈവികമോ ആയിരുന്നു. ഇനി പറയാന്‍ പോകുന്നത് മനുഷ്യവ്യക്തിയെപ്പറ്റിയാണ്. അഥവാ കത്തോലിക്കരുടെ പ്രണയം മണ്ണിനെ തൊടുകയാണ്. പിടികിട്ടിയോ?''

''ഇല്ല.''

''ഒക്‌ടോബറിന്റെ മധുരമാണ് ഈ പ്രണയം!''

''ഒക്‌ടോബറിന്റെ മധുരമോ?''

''അതെ. പത്താം മാസത്തിലെ പത്തു ദിവസങ്ങളുടെ കൃപയും ശക്തിയും മാധുര്യവും വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്നു എന്നതാണ് സത്യം. ആ കൃപയുടെയും ശക്തിയുടെയും മാധുര്യത്തിന്റെയും ഉടമയും ഉറവിടവുമാണ് കത്തോലിക്കരുടെ അഞ്ചാം പ്രണയം.''

''ഓ! മറിയം! പരിശുദ്ധ കന്യകാമറിയം!!''

''അതെ. കത്തോലിക്കരുടെ അഞ്ചാം പ്രണയം പരിശുദ്ധ കന്യകാമറിയമാണ്. ഒരുപക്ഷേ, മുമ്പു പറഞ്ഞ എല്ലാ പ്രണയങ്ങളില്‍ നിന്നും ഊറിക്കൂടുന്നതാണ് മറിയത്തോടുള്ള പ്രണയം. ദൈവത്തിനുപോലും ഒരമ്മയെ ആവശ്യമുണ്ടായിരുന്നു! 'അമ്മ മറന്നാലും നമ്മെ മറക്കാത്ത' (ഏശയ്യ 49:15) ദൈവത്തിനും ഈ ഭൂമിയില്‍ പിറക്കാന്‍ ഒരമ്മയെ വേണമായിരുന്നു. ആ അമ്മയാണ് മറിയം. യേശുവിനെ നമുക്ക് നല്കിയ മറിയത്തെയാണ് നമ്മുടെ അമ്മയായി യേശു നമുക്ക് നല്കിയത് (യോഹ. 19:27). ''ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല'' (യോഹ. 14:18) എന്ന വാക്കുകളോടെ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്ത യേശു അന്ത്യസമ്മാനമായി തന്റെ അമ്മയെക്കൂടി നമുക്ക് നല്കുകയായിരുന്നു. ആ അന്ത്യസമ്മാനത്തിന്റെ താങ്ങിലും തണലിലുമാണ് നമ്മുടെ ആത്മീയ ജീവിതം വിടര്‍ന്നു ശോഭിക്കുന്നത്. വേദപുസ്തകത്തില്‍ ഉല്പത്തി മുതല്‍ വെളിപാട് വരെ നിഴലും നിലാവുമായി മറിയം നിറഞ്ഞു നില്‍ക്കുകയാണ്.

പിതാവായ ദൈവത്തിന്റെ പുത്രി, പുത്രനായ ദൈവത്തിന്റെ മാതാവ്, പരിശുദ്ധാത്മാവായ ദൈവത്തിന്റെ മണവാട്ടി എന്നൊക്കെ ജപമാല പ്രാര്‍ത്ഥനയുടെ ആമുഖത്തില്‍ നാം ചൊല്ലുന്നുണ്ടല്ലോ. മറിയം മാംസം ധരിച്ച വചനത്തിന്റെ മാതാവാണ്; ദിവ്യകാരുണ്യത്തിന്റെ അമ്മയാണ്; പരിശുദ്ധാത്മാവിന്റെ പ്രേയസിയാണ്. അതിനാലാണ് മുമ്പ് പറഞ്ഞ നാലു പ്രണയങ്ങളില്‍നിന്നും ഉത്ഭവിക്കുന്നതാണ് അഞ്ചാം പ്രണയമായ പരിശുദ്ധ മറിയത്തോടുള്ള പ്രണയം എന്ന് പറഞ്ഞത്. എന്നാല്‍ കത്തോലിക്കരുടെ പ്രണയങ്ങള്‍ മറിയം എന്ന പ്രണയത്തില്‍ നിശ്ചലമായി നില്‍ക്കുകയല്ല; പിന്നെയോ അവിടെ നിന്നു മറ്റെല്ലാ പ്രണയങ്ങളിലേക്കും അത് തിരിച്ചൊഴുകുകയാണ് ചെയ്യുന്നത്. ലളിതമായ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. reservoir അഥവാ ജലസംഭരണി നമുക്ക് സുപരിചിതമാണല്ലോ. പല ഉറവിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന നീര്‍ച്ചോലകളെ അണകെട്ടി സംഭരിച്ച് കൃഷിക്കും വൈദ്യുതി ഉത്പാദനത്തിനും മറ്റും ഉപയോഗിക്കാന്‍ സഹായിക്കുന്നത് ജലസംഭരണികളാണ്. reservoir എന്നതിന് a large reserve or supply of talents, creativity etc.. അഥവാ സിദ്ധികളുടെയും പ്രതിഭാവിലാസത്തിന്റെയും സംഭരണി എന്നും അര്‍ത്ഥവിശദീകരണമുണ്ട്. മറിയം വരപ്രസാദത്തിന്റെ ഒരു മഹാസംഭരണിയാണ്. ദൈവദത്തമായ സിദ്ധികളും മാനുഷികമായ പ്രതിഭാവിലാസവും അതിലാവണ്യത്തോടെ സമ്മേളിക്കുന്ന അനുപമമായൊരു ജലസംഭരണി. 'ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ'' എന്ന് (ലൂക്കാ 1:28) നസറത്തിലെ ആ ജലസംഭരണിയെ ഗബ്രിയേല്‍ ദൂതന്‍ അഭിവാദനം ചെയ്യുന്നുണ്ടല്ലോ. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പരിശുദ്ധാത്മാവില്‍ നിന്നും ഒഴുകിയെത്തുന്ന കൃപയുടെ ചോലകളെ തന്നില്‍ സംഭരിച്ച്, മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ജീവിതമണ്ഡലങ്ങളിലേക്ക് ആവശ്യാനുസരണം ഒഴുക്കി വിട്ട് അവന്റെ ആത്മരക്ഷയ്ക്ക് സഹായിക്കുന്നത് മറിയം എന്ന ജലസംഭരണിയാണ്. തന്റെ പിതാവിലേക്കും തന്റെ പ്രിയപുത്രനിലേക്കും തന്റെ പ്രിയതമനായ പരിശുദ്ധാത്മാവിലേക്കും ദിവ്യകാരുണ്യത്തിലേക്കും തന്റെ ഉള്ളില്‍ അവതരിച്ച ദൈവവചനത്തിലേക്കും നമ്മുടെ ശ്രദ്ധയെയും ഉപാസനയെയും ഏകാഗ്രമാക്കിക്കൊണ്ടാണ് മറിയം എന്ന ദൈവകൃപയുടെ ജലസംഭരണി രക്ഷാകരമായ ജലസേചനം നടത്തുന്നത്! നിശ്ചയമായും പരിശുദ്ധ ത്രിതൈ്വക ദൈവത്തിന്റെ സവിശേഷമായ സ്‌നേഹവാത്സല്യങ്ങളാണ് മറിയത്തെ ഇതിന് പ്രാപ്തയാക്കുന്നത്. അനന്യമായ ഈ സിദ്ധിയും പ്രതിഭയുമാണ് മറിയം എന്ന നാമത്തെ മധുരമുള്ളതാക്കുന്നത്. യേശു എന്ന നാമം കഴിഞ്ഞാല്‍ ഏറ്റവും കരുത്തും കാന്തിയുമുള്ള നാമം മറിയത്തിന്റേതാണ്. 'ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി' എന്ന് 'പരിശുദ്ധ രാജ്ഞീ' എന്ന പ്രാര്‍ത്ഥനയില്‍ നാം മറിയത്തെ പ്രകീര്‍ത്തിക്കുന്നുണ്ടല്ലോ.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org