കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' : [ഭാഗം 3]

കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' : [ഭാഗം 3]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''

''കത്തോലിക്കരുടെ പ്രണയങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായല്ലോ!?''

''അതെ. എങ്കിലും ബോറടിക്കുന്നില്ല കേട്ടോ.''

''ആദ്യ രണ്ടു പ്രണയങ്ങള്‍ ഓര്‍മ്മയുണ്ടോ?''

''ഉണ്ടല്ലോ! ഒന്നാം പ്രണയം യേശുക്രിസ്തു. രണ്ടാം പ്രണയം പരിശുദ്ധാത്മാവ്.''

''അതെ. കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ എന്ന ലളിതമായ ചോദ്യത്തില്‍ നിന്നാണ് കത്തോലിക്കരുടെ ദിവ്യമായ പ്രണയങ്ങള്‍ എന്ന അഗാധമായ വിഷയത്തിലേക്ക് നാം കടന്നത്. കത്തോലിക്കരുടെ ജീവിതത്തെ ദിവ്യമായ ഒരു പ്രണയമേഖലയാക്കുന്നതും അവരുടെ എല്ലാ പ്രണയങ്ങള്‍ക്കും കാരണവും കവാടവുമായിരിക്കുന്നതും യേശുക്രിസ്തു ആണെന്ന് ഒന്നാം ഭാഗത്ത് നാം കണ്ടു. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശുക്രിസ്തു നല്കുന്ന സൗജന്യവും പരമവുമായ ദാനമാണ് പരിശുദ്ധാത്മാവെന്നും നമ്മെ നിത്യമായി മുദ്രിതരാക്കി സ്വന്തമാക്കിയിരിക്കുന്നതും നമ്മുടെ ശരീരത്തെ ദേവാലയമാക്കുന്നതും ദൈവസ്‌നേഹം കൊണ്ട് നമ്മെ നിറയ്ക്കുന്നതും പിതാവിനെ നമുക്ക് വെളിപ്പെടുത്തുന്നതും നമ്മുടെ ജീവിതം ആനന്ദോത്സവമാക്കുന്നതും പരിശുദ്ധാത്മാവാണെന്നും രണ്ടാം ഭാഗത്തും നാം കണ്ടു. അങ്ങനെയെങ്കില്‍ കത്തോലിക്കരെ ആവേശിക്കുന്ന മൂന്നാം പ്രണയം എന്തായിരിക്കും?''

''പിതാവാണോ? ഇനിയിപ്പോള്‍ ബാക്കിയുള്ളത് അവിടുന്നാണല്ലോ!''

''ഊഹം ശരിയല്ലല്ലോ. പിതാവിനെ നമുക്ക് നേരെ അങ്ങനെ പ്രണയിക്കാനൊന്നും കഴിയില്ല. 'എനിക്കു ഭാവനാശക്തിയില്ല. പിതാവായ ദൈവത്തെ ചിത്രീകരിക്കാന്‍ എനിക്കു കഴിവില്ല. എനിക്ക് ആകപ്പാടെ കാണാന്‍ കഴിയുന്നത് യേശുവിനെയാണ്' എന്ന് വിശുദ്ധ മദര്‍ തെരേസ പറയുന്നുണ്ട്. യേശു വെളിപ്പെടുത്തിയതല്ലാതെ പിതാവിനെപ്പറ്റി ഒന്നും നമുക്കറിയില്ല. തന്നെയുമല്ല, യേശുവും പരിശുദ്ധാത്മാവുമൊക്കെ പിതാവിന്റേതാണുതാനും. അപ്പോള്‍ മൂന്നാം പ്രണയം പിതാവാകാന്‍ തരമില്ല.''

''തോറ്റു!''

''ക്ലൂ ചോദിക്കുന്നില്ലേ?''

''ഇല്ല. എപ്പോഴും അധ്യാപകരോട് ക്ലൂ ചോദിക്കുന്നത് കുട്ടികള്‍ക്ക് മോശമാണ്!''

''അതുകൊള്ളാമല്ലോ! ആട്ടെ; ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എന്താണ്?''

''എന്തു ചോദ്യമാണ് മാഷേ!?''

''പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി. എന്നാലും പറയൂ.''

''ബിരിയാണി, ഫ്രൈഡ് റൈസ്, കുഴിമന്തി എന്നു തുടങ്ങി ചപ്പാത്തി, പൂരി, ദോശ, ഐസ്‌ക്രീം എന്നിങ്ങനെ ചോറ് ഒഴികെയുള്ള എല്ലാം ഇഷ്ടമാണ്!''

''ശരി. എന്തിനാണ് ഭക്ഷണം കഴിക്കുന്നത്?''

''ആരോഗ്യവും ശക്തിയും ജീവനും ഉണ്ടാകാന്‍.''

''ശരിയാണ്. ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാനാവില്ല. പക്ഷേ, അനേകം മനുഷ്യര്‍ ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനാണ്. അന്ന വിചാരം മുന്ന വിചാരമായുള്ള ഒട്ടേറെ മനുഷ്യരുണ്ട്. പൗലോസ് അപ്പസ്‌തോലന്‍ പറയുന്നതുപോലെ 'ഉദരം ദൈവം' ആയിരിക്കുന്നവര്‍ (ഫിലി. 3:19). അതവിടെ നില്‍ക്കട്ടെ. കഴിക്കുന്ന ഭക്ഷണം എന്തായാലും അതുവഴി ആരോഗ്യവും ശക്തിയും ജീവനും ലഭിക്കുന്നത് ആര്‍ക്കും എന്തിനുമാണ്?''

''കഴിക്കുന്ന ആള്‍ക്ക്!''

''ആള്‍ എന്നു പറഞ്ഞാല്‍?''

''കഴിക്കുന്ന ആളുടെ ശരീരത്തിന്.''

''അതെ. നാം കഴിക്കുന്ന ഏത് വിശിഷ്ടവും സ്വാദിഷ്ഠവുമായ ആഹാരവും നമ്മുടെ ശരീരത്തിന് മാത്രമേ ഉപകരിക്കുകയുള്ളൂ. എന്നാല്‍, ശരീരം മാത്രമാണോ നാം?''

''അല്ല. നമുക്ക് ആത്മാവുണ്ട്.''

''അതെ. നമുക്ക് ആത്മാവുണ്ട്. 'ദൈവം അസൂയയോടെ അഭിലഷിക്കുന്ന' (യാക്കോ. 4:5) ഒരാത്മാവ് നമ്മില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 'മനുഷ്യാത്മാവിനെ ദൈവം നേരിട്ടു സൃഷ്ടിക്കുന്നു. മാതാപിതാക്കള്‍ ഉത്പാദിപ്പിക്കുന്നതല്ല' എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (നമ്പര്‍ 366). അങ്ങനെയെങ്കില്‍ ആത്മാവിനും ആരോഗ്യവും ശക്തിയും ജീവനും വേണ്ടേ? അതിനുള്ള മാര്‍ഗ്ഗം എന്താണ്?''

''ഭക്ഷണം കൊടുക്കണം!''

''അതെ! ഭക്ഷണം കൊടുക്കണം. ആ ഭക്ഷണമാണ് കത്തോലിക്കരുടെ മൂന്നാം പ്രണയം. പിടികിട്ടിയോ?''

''ഓഹോ! കിട്ടിപ്പോയി! പരിശുദ്ധ കുര്‍ബാന.''

''മിടുക്കി! പരിശുദ്ധ കുര്‍ബാന അഥവാ ദിവ്യകാരുണ്യമാണ് ഒരു കത്തോലിക്കന്റെ മൂന്നാം പ്രണയം. 'ഭക്ഷണത്താലല്ല കൃപാവരത്താല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല' എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നുണ്ടല്ലോ (ഹെബ്രാ. 13:9). വിലയേറിയ ഭക്ഷണം കഴിച്ച് ആരും കൂടുതല്‍ സത്യസന്ധരാകുന്നില്ല. സ്വാദിഷ്ഠമായ ഭക്ഷണം കൂടെക്കൂടെ കഴിച്ച് ആരും കൂടുതല്‍ സ്‌നേഹമോ സഹാനുഭൂതിയോ ഉള്ളവരാകുന്നില്ല. ആരോഗ്യവും ശക്തിയും ഓജസ്സും ജീവനും നല്കി ആത്മാവിനെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ദിവ്യഭോജനമാണ് ദിവ്യകാരുണ്യം. ചെറിയ വേദോപദേശത്തിന്റെ അവസാനഭാഗത്ത് പത്ത് ചോദ്യാത്തര പാഠങ്ങളുണ്ട്. അതില്‍ കുമ്പസാരവും കുര്‍ബാനയും എന്ന പത്താം പാഠത്തിലെ 'പരിശുദ്ധ കുര്‍ബാന എന്ന കൂദാശ എന്താണ്?' എന്ന 183-ാം ചോദ്യത്തിന്റെ മനോഹരമായ ഉത്തരം നോക്കൂ: ''നമ്മുടെ ആത്മാവിന്റെ പോഷണത്തിനായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ തിരുശരീരവും ആത്മാവും ദൈവസ്വഭാവവും അടക്കിക്കൊള്ളുന്ന കൂദാശയാകുന്നു കുര്‍ബാന.' മറ്റു കൂദാശകളിലൂടെ ദൈവത്തിന്റെ ശക്തിയും കൃപയും ജീവനും നമ്മിലേക്ക് പ്രവഹിക്കുമ്പോള്‍ ദിവ്യകാരുണ്യത്തിലൂടെ ദൈവം തന്നെ നേരിട്ട് നമ്മില്‍ വന്നു വസിക്കുന്നു. നാം ദൈവത്തോട് ഒന്നായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടാണ് 'കൂദാശകളുടെ കൂദാശ' എന്നും 'ആരാധനകളുടെ ആരാധന' എന്നുമൊക്കെ പരിശുദ്ധ കുര്‍ബാന വിശേഷിപ്പിക്കപ്പെടുന്നത്. 'ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും പരകോടിയും' എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുര്‍ ബാനയെ വിശേഷിപ്പിച്ചത് (ലൂമെന്‍ ജെന്‍സിയും 11). വാക്കുകള്‍ ശ്രദ്ധിക്കൂ - ഏതൊന്നില്‍ നിന്നാണോ ക്രൈസ്തവജീവിതം ഉത്ഭവിക്കുന്നത് അത് തന്നെയാണ് ക്രൈസ്തവജീവിതത്തിന്റെ പരകോടിയും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ദിവ്യകാരുണ്യത്തില്‍ നിന്ന് ആരംഭിച്ച് ദിവ്യകാരുണ്യത്തിലൂടെ പ്രയാണം ചെയ്ത് ദിവ്യകാരുണ്യത്തില്‍ വിലയം കൊള്ളുന്ന ഒരു ദിവ്യകാരുണ്യ ഭ്രമണമാണ് ക്രൈസ്തവജീവിതം. ആത്മാവിന്റെ അതിപൂജിതമായ ഈ ഭക്ഷണത്തെ 'നിത്യജീവന്റെ അനശ്വരമായ അപ്പം' എന്നും 'ജീവന്റെ അപ്പം' എന്നുമൊക്കെയാണ് യേശു വിശേഷിപ്പിച്ചത് (യോഹ. 6:27 & 48). ഈ അപ്പം തരുന്നത് യേശുവാണ്. ഈ അപ്പം യേശു തെന്നയാണ്. ഈ അപ്പത്തിനു വേണ്ടി നാം ആഗ്രഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ട്. ശരീരത്തിന്റെ അപ്പത്തിനായി എന്തെന്ത് അദ്ധ്വാനങ്ങളിലാണ് നാം മുഴുകുന്നത്? ജീവിക്കാന്‍ വേണ്ടി മരിച്ച് അദ്ധ്വാനിക്കുന്ന എത്രയോ മനുഷ്യര്‍ ജീവിക്കാന്‍ തന്നെ മറന്നു മരിച്ചുേപാകുന്നു! നമ്മുടെ ഹൃദയത്തെ വിശുദ്ധിയിലും ആത്മാവിനെ പ്രസാദവരത്തിലും കാത്തുസൂക്ഷിക്കാന്‍ നാം നടത്തുന്ന എല്ലാ പരിശ്രമങ്ങളും പോരാട്ടങ്ങളും ദിവ്യകാരുണ്യ അപ്പത്തിനായുള്ള അദ്ധ്വാനമാണ്. ലളിതമായി പറഞ്ഞാല്‍, നമ്മള്‍ ആത്മാവ് മാത്രമുള്ള ജീവികളല്ലെന്നും നമുക്ക് ശരീരം കൂടിയുണ്ടെന്നും അറിയാവുന്നതിനാല്‍ 'അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ' എന്നു പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മെ പഠിപ്പിച്ചു. നമ്മള്‍ ശരീരം മാത്രമുള്ള ജീവികളല്ലെന്നും നമുക്ക് ആത്മാവ് കൂടിയുണ്ടെന്നും അറിയാവുന്നതിനാല്‍ ദിവ്യകാരുണ്യത്തിലൂടെ യേശു തന്നെത്തന്നെ നമുക്ക് നല്കി. ചുരുക്കത്തില്‍ ഒന്നാമത്തെയും രണ്ടാമത്തെയും പ്രണയഭാജനങ്ങള്‍ ചേര്‍ന്നാണ് മൂന്നാമത്തെ പ്രണയമായ ദിവ്യകാരുണ്യം കത്തോലിക്കര്‍ക്ക് സമ്മാനിക്കുന്നത്. അപ്പം, വീഞ്ഞ് എന്നിവയുടെ ''സത്തകള്‍'' അഥവാ ''സാരാംശങ്ങള്‍'' പവിത്രീകരണ വാക്കുകള്‍ ഉച്ചരിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വഴിയാണല്ലോ ''സദൃശങ്ങള്‍'' മാറാതെ തന്നെ യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നത്.''

''വിശുദ്ധ കുര്‍ബാന മാത്രം ഭക്ഷിച്ച് ജീവിക്കാന്‍ കഴിയുമോ?''

''എല്ലാവര്‍ക്കും അതിന് കഴിയില്ലെങ്കിലും അതിന് കഴിഞ്ഞ വിശുദ്ധരുണ്ട്. അടുത്തയിടെ നമ്മില്‍നിന്ന് ദൈവസന്നിധിയിലേക്ക് പോയ അജ്‌നയുടെ ജീവിതവും ഒരര്‍ത്ഥത്തില്‍ ഉദാഹരണമാണല്ലോ. മരണകരമായ വേദനയുടെ നാളുകൡും അവളുടെ ആശ്വാസവും പ്രത്യാശയും ആനന്ദവും ദിവ്യകാരുണ്യമായിരുന്നു. കത്തോലിക്കര്‍ ദിവ്യകാരുണ്യത്തെ എപ്രകാരം പ്രണയിക്കണം എന്നതിന് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച മാതൃകയാണ് അജ്‌ന. ശരീരത്തിന്റെ വിശപ്പിനെ അതിശയിക്കുന്ന വിശുപ്പുള്ളവനാണ് മനുഷ്യന്‍ എന്നതിനാല്‍ ശരീരത്തിന്റെ ഭക്ഷണത്തെ അതിശയിക്കുന്ന ഭക്ഷണം അവന് ആവശ്യമുണ്ട് എന്നതാണ് സത്യം. ഖാദ്യം, ചൂഷ്യം, പേയം, ലേഹ്യം എന്നിവയാണ് ഭക്ഷണ ചതുഷ്ടയം. (ചതുഷ്ടയം എന്നാല്‍ നാലും കൂടിയത് എന്നര്‍ത്ഥം.) കടിച്ചു തിന്നാവുന്നതാണ് ഖാദ്യം. ഈമ്പിക്കുടിക്കാവുന്നതാണ് ചൂഷ്യം. പാനം ചെയ്യാവുന്നതാണ് പേയം. നക്കിത്തിന്നാവുന്നതാണ് ലേഹ്യം. ഏതര്‍ത്ഥത്തിലായാലും എപ്രകാരം ഭക്ഷിച്ചാലും നമ്മുടെ ആത്മാവിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ഭക്ഷണമാണ് ദിവ്യകാരുണ്യം. 'തന്നെക്കാള്‍ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനെക്കള്‍ മഹത്തായ ഒന്ന് ദൈവം നമുക്ക് തരുമായിരുന്നു' എന്ന് ദിവ്യകാരുണ്യത്തെ നോക്കി വിശുദ്ധ ജോണ്‍ വിയാനി പറയുന്നതിന്റെ കാരണമതാണ്.''

''വിശുദ്ധ കുര്‍ബാനയ്ക്ക് ഇത്രയേറെ പേരുകള്‍ വരാന്‍ കാരണമെന്താണ്?''

''വ്യത്യസ്തനാമങ്ങള്‍ ഈ ദൈ വികരഹസ്യത്തിന്റെ അളവറ്റ സമ്പന്നതയെ സൂചിപ്പിക്കുന്നു എന്ന് കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ 'യൂകാറ്റ്' പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ബലി, വിശുദ്ധ കുര്‍ബാന, ദിവ്യയാഗം, ദിവ്യപൂജ, കര്‍ത്താവിന്റെ അത്താഴം, അപ്പം മുറിക്കല്‍, സ്‌തോത്രയാഗ സമ്മേളനം, വിശുദ്ധ രഹസ്യങ്ങള്‍, വിശുദ്ധ സംസര്‍ഗം, കര്‍ത്താവിന്റെ പീഡാസഹനത്തിന്റെയും മരണത്തിെന്റയും ഉത്ഥാനത്തിന്റെയും സ്മാരകം എന്നിങ്ങനെ ഒട്ടേറെ പേരുകള്‍ ദിവ്യകാരുണ്യത്തിനുണ്ട്. കൂദാശ, വിരുന്ന്, ബലി എന്നിവയാണ് വിശുദ്ധ കുര്‍ബാനയുടെ സുപ്രധാന മാനങ്ങള്‍. കൂദാശ മുമ്പ് വിശദീകരിച്ചല്ലോ. ഓരോ കുര്‍ബാനയാഘോഷവും കര്‍ത്താവ് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ആഘോഷം തന്നെയാണ്. അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തപ്പോള്‍ യേശു പറഞ്ഞത്, ''ഇത് എന്റെ ശരീരമാണ്'' എന്നാണ്. പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്ക് കൊടുത്തപ്പോള്‍ പറഞ്ഞത്, ''എന്റെ രക്തമാണ്'' എന്നാണ്. ''ഇതെന്റെ ശരീരം എന്നതിന്റെ അര്‍ത്ഥം ഇത് ഞാന്‍ തന്നെയാണ്'' എന്ന് ദൈവശാസ്ത്രജ്ഞനായ കാള്‍റാനര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ''എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍'' എന്ന് യേശു കല്പിച്ചതിനാല്‍ വിശുദ്ധ കുര്‍ബാന യുഗാന്തം വരെ സഭ തുടരേണ്ടതുണ്ട്. 'cross-bun' എന്നത് നമുക്ക് സുപരിചിതമായ വാക്കാണ്. 'ദുഃഖവെള്ളിയാഴ്ച ദിവസം ഭക്ഷിക്കുന്ന കുരിശുറൊട്ടി' എന്നാണ് അതിനര്‍ത്ഥം. ഈ ഭൂമിയില്‍ വിശന്നു വലയുന്ന മനുഷ്യന്റെ വിശപ്പ് നിത്യമായി ശമിപ്പിക്കാന്‍ ദൈവം അപ്പമായി മാറിയത് കാല്‍വരിയിലെ കുരിശിലാണ്. 'അവിടുന്ന് വിശിഷ്ടമായ ഗോതമ്പുകൊണ്ട് നിന്നെ തൃപ്തയാക്കുന്നു' എന്ന് സങ്കീര്‍ത്തകന്‍ കുറിക്കുന്നുണ്ട് (147:14). നമ്മെ നിത്യമായി തൃപ്തിപ്പെടുത്തുന്ന ദൈവത്തിന്റെ ഗോതമ്പാണ് കാല്‍വരിയിലെ കുരിശില്‍ നാം കാണുന്നത്. നിലത്തുവീണ് അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്ന ഗോതമ്പുമണിയെപ്പറ്റി യേശു പഠിപ്പിക്കുന്നുണ്ടല്ലോ (യോഹ. 12:24). മാതാപിതാക്കളുടെ അദ്ധ്വാനവും വിയര്‍പ്പും ആഹാരമായി നിങ്ങളുടെ മുന്നില്‍ അവതരിക്കുന്ന അത്ഭുതം പോലെ ദൈവവും നന്നായി 'അദ്ധ്വാനിച്ചാണ്' നമുക്കുള്ള അപ്പമായി മാറിയത്. 'ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലുകീറി' എന്ന് ആ അദ്ധ്വാനത്തെ ഒരാള്‍ മുമ്പേ അടയാളപ്പെടുത്തിയിട്ടുണ്ട് (സങ്കീ. 129:3). കുരിശിലെ അപ്പം തന്നെയാണ് കുര്‍ബാനയിലെ അപ്പമെന്നര്‍ത്ഥം. cross-bun തന്നെയാണ് mass bread എന്ന്‌ സാരം. നമ്മുടെ ദേവാലയങ്ങളിലെ ബലിപീഠത്തില്‍ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയുണ്ട്; മാളികമുറിയിലെ അത്താഴമേശയുണ്ട്; കാല്‍വരിയിലെ കുരിശുമരമുണ്ട്; ഉത്ഥാന ഞായറിലെ ഒഴിഞ്ഞ കല്ലറയുണ്ട്; കാലത്തിന്റെ പരിപൂര്‍ത്തിയില്‍ നടക്കാനിരിക്കുന്ന മറ്റൊരു മഹാവിരുന്നിന്റെ മേശയുമുണ്ട്.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org