![കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 4]](http://media.assettype.com/sathyadeepam%2F2022-06%2Ffe2134be-57cf-43a1-b234-3f5b50b5f972%2Fcatroom24.jpg?w=480&auto=format%2Ccompress&fit=max)
''കത്തോലിക്കരുടെ പ്രണയം നാലാം മാസത്തിലേക്കു കടന്നിരിക്കുകയാണല്ലോ. ബോറടിക്കുന്നുണ്ടോ?''
''ഇല്ല. എങ്കിലും ഒന്നു ചോദിക്കട്ടെ; കത്തോലിക്കര്‍ക്ക് ആകെ എത്ര പ്രണയങ്ങളുണ്ട്?''
''എത്രയെണ്ണം പറഞ്ഞെന്ന് ഓര്‍മ്മയുണ്ടോ?''
''മൂന്നെണ്ണം പറഞ്ഞു. യേശുക്രിസ്തു, പരിശുദ്ധാത്മാവ്, പരിശുദ്ധ കുര്‍ബാന.''
''അതെ. പറഞ്ഞാല്‍ തീരാത്ത പ്രണയങ്ങളാണ് എല്ലാം. അല്ലെങ്കില്‍ത്തന്നെ ഏതു പ്രണയമാണ് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നത്? പ്രണയം ജീവിക്കാനുള്ളതാണ്. കത്തോലിക്കരുടെ പ്രണയങ്ങളും അങ്ങനെയുള്ളതാണ്. അവരുടെ ജീവിതം യേശുക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും പരിശുദ്ധ കുര്‍ബാനയോടും ഇനി പറയാനുള്ള രണ്ടു കാര്യങ്ങളോടുമുള്ള നിലയ്ക്കാത്ത പ്രണയമാണ്.''
''ഓഹോ! അപ്പോള്‍ ഇനി രണ്ടു പ്രണയങ്ങള്‍ കൂടിയുണ്ടല്ലേ?''
''അതെ. കത്തോലിക്കര്‍ക്ക് അഞ്ച് അടിസ്ഥാന പ്രണയങ്ങളുണ്ട്.''
''പക്ഷേ, ആദ്യലക്കത്തില്‍ നാല് പ്രണയങ്ങള്‍ എന്നല്ലേ പറഞ്ഞത്?!''
''നല്ല ഓര്‍മ്മയാണല്ലോ! ഒരു കത്തോലിക്കന് നാല് അടിസ്ഥാന പ്രണയങ്ങളുണ്ട് എന്ന് ആദ്യഭാഗത്ത് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഒരു പ്രണയം കൂടി പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തന്നത്.''
''ഇനി എന്തു ചെയ്യും?''
''പത്രാധിപര്‍ സമ്മതിക്കുമോ എന്ന് നോക്കാം!''
''അപ്പോള്‍ ഇന്ന് നാലാം പ്രണയം തുടങ്ങുകയാണോ?''
''അല്ല! ആര്‍ക്കും തീര്‍ത്തു പറയാനും പറഞ്ഞു തീര്‍ക്കാനും കഴിയാത്തതാണ് മൂന്നാം പ്രണയമായ പരിശുദ്ധ കുര്‍ബാന. നോക്കൂ, ഒരു മുഴുവന്‍ പേജില്‍ പറഞ്ഞിട്ടും തീര്‍ന്നില്ല. അതിനാല്‍ മൂന്നാം പ്രണയം തുടരുകയാണ്.''
''ശരി, തുടരാം.''
''ഏപ്രില്‍, മെയ് മാസങ്ങളില്‍ എത്രയോ കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്. എത്ര ആഘോഷമായും ആര്‍ ഭാടമായുമാണ് ആദ്യകുര്‍ബാന സ്വീകരണങ്ങള്‍ നടത്തപ്പെടുന്നത്. അര്‍ത്ഥമറിഞ്ഞാണ് ആഘോഷമെങ്കില്‍ അതില്‍ തെറ്റില്ല. 'എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ' എന്ന് പൗലോസ് അപ്പസ്‌തോലന്‍ എഫേസോസുകാര്‍ക്ക് നല്കുന്ന മനോഹരമായ ഒരു ആശംസയുണ്ട് (3:18-19). ഓരോ ആദ്യകുര്‍ബാന സ്വീകരണത്തിനു പോകുമ്പോഴും ഉള്ളിലുയരുന്നത് ഈ പ്രാര്‍ത്ഥനാശംസയാണ്. യേശുവേ, ഈ കുഞ്ഞും യഥാര്‍ത്ഥത്തില്‍ അങ്ങയെ അറിയുവാനും സ്‌നേഹിക്കുവാനും ഇടയാക്കണമേ. ഈ കുഞ്ഞും ഒരു വിശുദ്ധനോ വിശുദ്ധയോ ആയി മാറട്ടെ. എല്ലാവരും അഹത്തിന്റെ ശക്തിപ്രതാപങ്ങളുടെ നീളവും വീതിയും ഉയരവും ആഴവും അളക്കുന്ന ലോകത്തില്‍, യേശുവേ, ഈ കുഞ്ഞിന് അങ്ങയുടെ സ്‌നേഹത്തിന്റെ അളക്കാനാകാത്ത ആഴങ്ങള്‍ ഗ്രഹിക്കാന്‍ ശക്തി ലഭിക്കട്ടെ. എല്ലാവരും അറിവിനെയും ബുദ്ധിയെയും ആശ്രയിക്കുന്ന ഒരു ലോകത്തില്‍, യേശുവേ, ഈ കുഞ്ഞ് അറിവിനെ അതിശയിക്കുന്ന അങ്ങയുടെ സ്‌നേഹം ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സം പൂര്‍ണതയാല്‍ നിറയാനും ഇടയാകട്ടെ.''
''നല്ല പ്രാര്‍ത്ഥനയാണല്ലോ!''
''അങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. നാം യേശുവിനെ സ്‌നേഹിച്ചാല്‍ മാത്രം പോരാ; മറ്റുള്ളവരും യേശുവിനെ സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കുകയും വേണം. സ്‌നേഹം എല്ലാവരാലും സ്‌നേഹിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. ''ഓ! സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമേ'' എന്ന് അസ്സീസിയിലെ സ്‌നേഹഗായകന്‍ നിലവിളിച്ചില്ലേ? അത് സത്യമാണ്. സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമാണ് യേശുക്രിസ്തു. സ്‌നേഹത്തെപ്രതി സര്‍വ്വവും മറന്ന ദൈവമാണ് യേശുക്രിസ്തു. നമ്മോടുള്ള സ്‌നേഹത്തെപ്രതി താന്‍ ആരാണെന്നത് അവന്‍ മറന്നു. തന്റെ മഹത്വവും സത്തയും മറന്നു. ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തിലെ മനോഹരമായ ആരാധനാ ഗീതത്തിലേതുപോലെ (ക്രിസ്‌റ്റോളജിക്കല്‍ ഹിം), 'ദൈവവുമായുള്ള സമാനത' മറന്നാണ് അവന്‍ 'ദാസന്റെ രൂപം' സ്വീകരിച്ചത് (2:6-11). യേശുക്രിസ്തു മനുഷ്യനായി അവതരിച്ചതും കുര്‍ബാനയായതും കുരിശില്‍ മരിച്ചതുമെല്ലാം ഈ മറവി മൂലമാണ്. എന്നാല്‍ തന്റെ കരുണ അവന്‍ ഒരിക്കലും മറക്കുന്നില്ലാത്തതിനാലാണ് നമ്മുടെ പാപങ്ങള്‍ അവന്‍ മറക്കുകയും പൊറുക്കുകയും ചെയ്യുന്നത്.''
''സ്‌നേഹവും കുര്‍ബാനയും തമ്മിലുള്ള ബന്ധമെന്താണ്?''
''ദിവ്യകാരുണ്യമെന്നാല്‍ ദൈവത്തിന്റെ സ്‌നേഹമാണ്. കൂദാശ, വിരുന്ന്, ബലി എന്നിവയൊക്കെ കഴിഞ്ഞ ഭാഗത്തില്‍ വിശദീകരിച്ചല്ലോ. സ്‌നേഹമായതിനാലാണ് ദിവ്യകാരുണ്യം കൂദാശയും വിരുന്നും ബലിയുമൊക്കെ ആയിരിക്കുന്നത്. 'നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും' എന്ന ശ്ലൈഹിക പ്രബോധനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നത് നോക്കൂ: 'സക്രാരിയിലെ ഈശോ നിങ്ങള്‍ അവിടുത്തോടൊപ്പമായിരിക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക. അതുവഴി അവിടുത്തേക്ക് നിങ്ങളുടെ ഹൃദയങ്ങളെ തന്റെ സൗഹൃദത്തിന്റെ അനുഭവം കൊണ്ട് നിറയ്ക്കാന്‍ കഴിയും. അതു മാത്രമാണ് നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും നല്കുന്നത് (നമ്പര്‍ 30). ദൈവത്തിന്റെ സ്‌നേഹത്തിന്റെ സംപൂര്‍ണ്ണതയും സംപൂര്‍ണ്ണ സ്‌നേഹവുമാണ് ദിവ്യകാരുണ്യം. ആ സ്‌നേഹസമ്പൂര്‍ണ്ണതയാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും ആഴവും പൂര്‍ണ്ണതയും നല്കുന്നത്. നാം ദിവ്യകാരുണ്യമെന്ന സ്‌നേഹസമ്പൂര്‍ണ്ണതയെ സ്‌നേഹിക്കുകയും അതായി മാറുകയും ചെയ്യേണ്ടതുണ്ട്. ആയുര്‍വേദത്തില്‍ 'സ്‌നേഹപാനം' എന്നൊരു ചികിത്സാവിധിയുണ്ട്. രോഗശമനത്തിനും ആരോഗ്യപോഷണത്തിനുമായി എണ്ണ, നെയ്യ് മുതലായവ സേവിക്കുന്ന ക്രമമാണത്. അങ്ങനെയെങ്കില്‍ നമ്മുടെ ആത്മാവിന്റെ രോഗസൗഖ്യത്തിനും ആരോഗ്യപോഷണത്തിനും ദിവ്യകാരുണ്യത്തേക്കാള്‍ നല്ലൊരു സ്‌നേഹപാനമില്ല. വിശുദ്ധ അഗസ്റ്റിന്‍ തന്റെ മാനസാന്തരസമയത്ത് പറയുന്ന മനോഹരമായ വാക്യമുണ്ട്. ''ഉന്നതത്തില്‍നിന്ന് ഒരു ശബ്ദം കേട്ടതുപോലെയായിരുന്നു അത്: ഞാന്‍ ശക്തന്മാരുടെ ഭക്ഷണമാണ്; അതുകൊണ്ട് എന്നെ ഭക്ഷിച്ചുകൊണ്ട് വളരുക. എന്നാല്‍ ശരീരത്തിനുള്ള ഭക്ഷണമെന്ന പോലെ നീ എന്നെ നിന്നെയാക്കി രൂപാന്തരപ്പെടുത്തുകയില്ല. പിന്നെയോ, നീ എന്നിലേക്കു രൂപാന്തരപ്പെടും.'' 'നാം സ്വീകരിക്കുന്നതെന്തോ അതായി രൂപാന്തരപ്പെടുക എന്നതല്ലാതെ ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലിന് മറ്റൊരു ലക്ഷ്യവുമില്ല' എന്ന് മഹാനായ വിശുദ്ധ ലെയോ മാര്‍പാപ്പയും പഠിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ നാം ദിവ്യകാരുണ്യത്തെ സ്‌നേഹിക്കുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതുമെല്ലാം ദിവ്യകാരുണ്യമായി ജീവിക്കാനാണ്. മറ്റൊരു വാക്കില്‍, ദിവ്യകാരുണ്യം തന്നെയാണ് ദിവ്യകാരുണ്യത്തെ സ്‌നേഹിക്കാന്‍ നമ്മെ സഹായിക്കുന്നതും ദിവ്യകാരുണ്യമായി നമ്മെ മാറ്റുന്നതും.''
''അതുകൊണ്ടാണോ അനുദിനം നാം വിശുദ്ധ കര്‍ബാനയില്‍ സംബന്ധിക്കണമെന്നും ദിവ്യകാരുണ്യം സ്വീകരിക്കണമെന്നും പറയുന്നത്?''
''അതെ. ദിവ്യകാരുണ്യത്തിന് 'തിരുപാഥേയം' എന്ന മനോഹരമായ ഒരു പേരുണ്ട്. പാഥേയം എന്ന വാക്കിന് 'വഴിച്ചോറ്' എന്നാണര്‍ത്ഥം. നാം ഇവിടെ തീര്‍ത്ഥാടകരാണെന്ന് അറിയാമല്ലോ. 'ഇവിടെ നമുക്ക് നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്' എന്ന് ഹെബ്രായ ലേഖനത്തില്‍ നാം വായിക്കുന്നുണ്ട് (13:14). എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു: "which is more important; the journey or the destination?" asked the Disciple. "The Company"; said the Master. അതാണ് യാഥാര്‍ത്ഥ്യം. യാത്രയോ ലക്ഷ്യസ്ഥാനമോ അല്ല അനുയാത്രയാണ് സുപ്രധാനം. ആരുടെ കൂടെ യാത്ര ചെയ്യുന്നു എന്നതാണ് യാത്രകളെ അടയാളപ്പെടുത്തുന്നത്. വഴി, യാത്ര, ലക്ഷ്യം എന്നിവ വ്യത്യസ്തമായ മൂന്നു യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ നമുക്ക് ഇതെല്ലാം ഒറ്റ യാഥാര്‍ത്ഥ്യമാണ്. വഴിയും യാത്രയും ലക്ഷ്യവുമെല്ലാം യേശുക്രിസ്തു തന്നെയാണ്! യേശുവാകുന്ന വഴിയിലൂടെ, യേശുവിലും യേശുവിനോടൊപ്പവും യാത്ര ചെയ്ത്, പിതാവിലേക്ക് പോകുന്ന സഞ്ചാരികളാണ് നാം. നമ്മെ അനുയാത്ര ചെയ്യുന്ന അപ്പമാകാനാണ് യേശു കുര്‍ബാനയായത്. കൂടെ ജീവിക്കുന്ന അപ്പമാകാനാണ് യേശു കുര്‍ബാനയായത്. അതിനു വേണ്ടിയാണ് 'അപ്പത്തിന്റെ ഭവനമായ' ബെത്‌ലെഹെമില്‍ അവന്‍ പിറന്നത്. ഉത്ഥാനദിവസം എമ്മാവൂസിലേക്ക് പോയ ക്ലെയോപാസിനെയും കൂട്ടുകാരനെയും അനുയാത്ര ചെയ്ത്, അത്താഴസമയത്ത് അവര്‍ക്ക് അപ്പമായ് സ്വയം വെളിപ്പെടുത്തിയതുപോലെ ക്രൂശിതനും ഉത്ഥിതനുമായ യേശുക്രിസ്തു നമ്മുടെ ജീവിതവഴികളിലും നമ്മെ അനുയാത്ര ചെയ്യുന്നുണ്ട്. സത്യത്തില്‍, കൂടെ നടക്കുന്ന കര്‍ത്താവിനെ കൂടുതല്‍ സ്പഷ്ടമായി അറിയാനും അഗാധമായി സ്‌നേഹിക്കാനും അടുത്തനുകരിച്ച് ജീവിക്കാനുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡാത്മകത എന്ന മഹാപ്രക്രിയയ്ക്കു തുടക്കമിട്ടിരിക്കുന്നത്. വഴിച്ചോറ് കരുതിയില്ലെങ്കില്‍ വഴിയില്‍ തളര്‍ന്നു വീഴും. അതുപോലെ, ദിവ്യകാരുണ്യമെന്ന തിരുപാഥേയത്തെ ആശ്രയിക്കാതിരുന്നാല്‍ കഠിനവും ക്ലേശപൂര്‍ണ്ണവുമായ നമ്മുടെ ജീവിതയാത്രയും നമുക്ക് പൂര്‍ത്തീകരിക്കാനാവില്ല. തിരുവത്താഴകര്‍മ്മം, ദേവപ്രസാദവിനിയോഗം, ക്രിസ്തുപ്രസാദം, കുര്‍ബാന എന്നീ അര്‍ത്ഥങ്ങളാണ് Eucharist എന്ന വാക്കിന് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു നല്കുന്നത്. നമ്മുടെ ജീവിതയാത്രയെ പ്രസാദപൂര്‍ണ്ണമാക്കുന്നത് ദിവ്യകാരുണ്യം എന്ന ക്രിസ്തുപ്രസാദമാണ്. നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കുന്നത് ദിവ്യകാരുണ്യമെന്ന പരമമായ ദേവപ്രസാദത്തിന്റെ വിനിയോഗമാണ്. 'അമര്‍ത്ത്യതയുടെ ഔഷധം നല്കുകയും മരണത്തിനു മറുമരുന്നായിരിക്കുകയും യേശുക്രിസ്തുവില്‍ നമ്മെ എന്നെന്നും ജീവിപ്പിക്കുകയും ചെയ്യുന്ന ഒറ്റ അപ്പമാണ് നാം മുറിക്കുന്നത്' എന്ന് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് ഈ തിരുപാഥേയത്തെ വ്യാഖ്യാനിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ തിരുപാഥേയം നാം അനുദിനം സ്വന്തമാക്കേണ്ടതുണ്ട്. 'യഥാര്‍ത്ഥത്തില്‍ ''ഞായറാഴ്ചക്കടമ'' എന്ന പ്രയോഗം യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അനുചിതമായ പ്രയോഗമാണ്. യഥാര്‍ത്ഥത്തില്‍ സ്‌നേഹബന്ധത്തിലുള്ള ഒരാള്‍ 'ചുംബനക്കടമ' എന്നു പറയുന്നതു പോലെയാണത്. ക്രിസ്തു നമ്മെ കാത്തിരിക്കുന്നിടത്തേക്കു പോകാതെ, അവിടുത്തോട് സജീവബന്ധം പുലര്‍ത്താന്‍ ആര്‍ക്കും കഴിയുകയില്ല' എന്ന് 'യൂകാറ്റ്' പഠിപ്പിക്കുന്നുണ്ട്.''
''എന്റെ ദൈവമേ! എത്രയോ മഹത്തായ ദാനമാണ് ദിവ്യകാരുണ്യം!''
''അതെ. ദിവ്യകാരുണ്യത്തേക്കാള്‍ മഹത്തായ മറ്റൊന്നും ദൈവത്തിന് നല്കാനില്ല. 'ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിനെ ആരാധിക്കാത്തവര്‍ പാപം ചെയ്യുന്നു' എന്ന് പഠിപ്പിക്കാന്‍ പോലും വിശുദ്ധ അഗസ്റ്റിന്‍ മടിക്കാത്തതിന്റെ കാരണമതാണ്. ആദിമ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ ശക്തികേന്ദ്രം 'അപ്പം മുറിക്കല്‍ ശുശ്രൂഷ' ആയിരുന്നെന്ന് അറിയാമല്ലോ. തങ്ങള്‍ സ്വീകരിക്കുന്നത് യേശുവിന്റെ ശരീരവും രക്തവുമാണെന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നരബലി നടത്തുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്നവര്‍ എന്ന കുറ്റമാരോപിച്ചാണ് യഹൂദരും റോമാക്കാരും ചേര്‍ന്ന് മതപീഡനം ആരംഭിച്ചത്. മനുഷ്യരെ തിന്നുന്ന മനുഷ്യരെയാണ് 'നരഭോജികള്‍' എന്ന് വിളിച്ചിരുന്നത്. സത്യത്തില്‍ ക്രിസ്ത്യാനികള്‍ നരഭോജികളല്ല പിന്നെയോ, ദൈവഭോജികളാണ്. ''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്'' (യോഹ. 6:54) എന്ന് വാക്ക് നല്കിയ ഒരു ദൈവത്തെ ഭക്ഷിക്കുന്ന ദൈവഭോജികള്‍. ''കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ'' എന്ന് ജനക്കൂട്ടം യേശുവിനോടു പറയുന്നുണ്ട് (യോഹ. 6:34). അര്‍ത്ഥമറിയാതെ അവര്‍ നടത്തിയ അര്‍ത്ഥന അര്‍ത്ഥമറിഞ്ഞ് നമുക്ക് ആവര്‍ത്തിക്കാം. കര്‍ത്താവേ, അങ്ങാകുന്ന ജീവന്റെ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ. അപ്പമായ് എപ്പോഴും ഞങ്ങളോടൊപ്പമുള്ള അങ്ങയോടൊപ്പമായിരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ദിവ്യകാരുണ്യത്തെ പ്രണയിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.''
''ദിവ്യകാരുണ്യത്തെപ്പറ്റിയുള്ള രണ്ടു ക്ലാസ്സുകളും ഒത്തിരി ഇഷ്ടമായി കേട്ടോ! നന്ദി.''
''പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്''
''എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.''
''ആമ്മേന്‍.''
(തുടരും)