സ്‌നേഹിക്കാം… വേദനിപ്പിക്കാതെ

സ്‌നേഹിക്കാം… വേദനിപ്പിക്കാതെ

Published on

വിപിന്‍ വി. റോള്‍ഡന്റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

ദേഹത്തും മനസ്സിലും കരിയാത്ത മുറിവുകളുടെ പാടുകളുമായാണ് സ്വപ്ന (പേര് യഥാര്‍ത്ഥമല്ല) എന്നെ കാണാനായി ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ എത്തിയത്. ആരെയോ ആ കുട്ടി പേടിക്കുന്നതായി ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ഇടയ്ക്കിടയ്ക്ക് പേടിയോടെ റിസെപ്ഷനിലെ ഡോറിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന ആരോ വരാനുണ്ടെന്ന് അതില്‍ നിന്നും മനസ്സിലായി. അവരുടെ കൊടുത്തിരുന്ന സമയം ആയപ്പോള്‍ അവരെ എന്റെ കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് കടത്തി വിടാനായി ഞാന്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു.
സ്വപ്ന വന്ന പാടെ ധൃതിയില്‍ അവളുടെ പേടിയുടെ കാരണം പറയാന്‍ തുടങ്ങി. സാര്‍, എന്നെ രക്ഷിക്കണം. ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലാ. എനിക്കാരോടും ഒന്നും പറയാന്‍ പറ്റില്ല. എനിക്ക് ഏട്ടനെ പേടിയാ. പുറമെ കാണുന്ന ആളല്ല രാത്രിയില്‍ ഏട്ടന്‍. അറേഞ്ച്ഡ് മാര്യേജ് തന്നെ ആണ് ഞങ്ങളുടേത്. നല്ല ജോലി നല്ല വീട്ടുകാര്‍ കാണാനും സുന്ദരന്‍. അങ്ങനെ എല്ലാവരുടെയും ഇഷ്ടത്തോടെ നല്ല ആര്‍ഭാടമായിട്ട് തന്നെയായിരുന്നു കല്യാണം. നല്ല സ്‌നേഹമായിട്ട് തന്നെയാ എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോഴും സ്‌നേഹം തന്നെയാ. പക്ഷെ ഞങ്ങള് മാത്രം ഉള്ള സമയത്ത് ആള് വേറെ ആളാ. എന്നെ ഒരുപാട് ഉപദ്രവിക്കും. കടിക്കും നുള്ളും. ആദ്യം ഒക്കെ എനിക്ക് സഹിക്കാന്‍ പറ്റുന്ന തരത്തില്‍ ആയിരുന്നു. പിന്നെ പിന്നെ വല്ലാത്ത കാടന്‍ തരത്തിലായി. സ്‌നേഹം കൂടുമ്പോഴാ ഇങ്ങനെയൊക്കെ ചെയുന്നത്. പ്രത്യേകിച്ച് സെക്‌സ് സമയത്ത്. എനിക്കിഷ്ടമല്ലാത്ത തരത്തില്‍ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. പക്ഷെ എന്നെ വേദനിപ്പിക്കും. ഞാന്‍ വേദനിച്ചു കരയുന്നത് ഭയങ്കര ഇഷ്ടാ. ഞാന്‍ ഇതേപ്പറ്റി ഗൂഗിള്‍ ചെയ്തു. അതില് പറഞ്ഞത് സാഡിസ്റ്റിക് ബിഹേവിയര്‍ ലക്ഷണങ്ങള്‍ ആണെന്ന്. ഒരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ ശരിയാകും എന്നു പറഞ്ഞു. ഏട്ടന്റെ ഈ പെരുമാറ്റം കാരണം ഞാനിപ്പോ സെക്‌സ് ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ല. പേടിച്ചിട്ടാ. ആ പേരും പറഞ്ഞ ഇപ്പൊ ഞങ്ങള്‍ കാണാന്‍ വന്നത്. ഏട്ടന് ഒരു കാള്‍ വന്നു താഴെ സംസാരിച്ചു നിക്കാ. ഏട്ടന്‍ ഉള്ളപ്പോ എനിക്കിതൊന്നും പറയാന്‍ പറ്റില്ല. സാര്‍ എങ്ങനെയെങ്കിലും ഇതൊന്ന് മാറ്റിതരണം. ഞങ്ങള്‍ സംസാരിച്ച് ഇരിക്കുന്ന സമയം സ്വപ്നയുടെ ഭര്‍ത്താവ് ദീപു കയറി വന്നു. കാണാന്‍ സുമുഖനായ ചെറുപ്പക്കാരന്‍. അയാളെ എന്റെ റൂമിലേക്ക് വിടാന്‍ ഞാന്‍ റിസെപ്ഷനില്‍ വിളിച്ചു പറഞ്ഞു.
അല്‍പനേരം ഒരുമിച്ചുള്ള സെഷന്‍ നടത്തിയതിനു ശേഷം സ്വപ്നയെ പുറത്തിരുത്തി ദീപുവുമായി ഞാന്‍ സംസാരിച്ചു. സ്വപ്ന നല്ലൊരു ഭാര്യ അല്ലെന്നും ലൈംഗികബന്ധത്തില്‍ സഹകരിക്കുന്നില്ല എന്നുമുള്ള പരിഭവങ്ങള്‍ ദീപു പങ്കുവെച്ചു. ലൈംഗികബന്ധത്തിന് ഭാര്യ സഹകരിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാകാമെന്നും അതില്‍ ചിലത് ഇതൊക്കെ ആകാം എന്നും പറഞ്ഞു കുറച്ചു കാരണങ്ങള്‍ ഞാന്‍ ദീപുവുമായി പങ്കുവെച്ചു. അതില്‍ അവ രുടെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്‌നവും ഞാന്‍ ഉള്‍ക്കൊള്ളിച്ചു. പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ദീപു കൂടുതല്‍ മനസ്സ് തുറന്നു സംസാരിക്കാന്‍ തയ്യാറായി. തുറന്നു പറച്ചിലില്‍നിന്നും ദീപുവിന് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ അനുഭവങ്ങളും അറിയാന്‍ സാധിച്ചു.
ദീപുവിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ അത്തരം ദുരനുഭവങ്ങളുടെ അനന്തരഫലം കൂടിയായിരുന്നു. ദീപുവിന്റെ ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെ എന്റെ ടീമിലെ ക്ലിനിക്കല്‍ സൈക്കോള ജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ തെറാപ്പികളിലൂടെ ദീപുവിന്റെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വളരെ വേഗം തന്നെ സാധിച്ചു.
ദീപുവിന് കുഞ്ഞുനാളില്‍ സംഭവിച്ച ദുരനുഭവങ്ങള്‍ അയാളിലെ സാഡിസ്റ്റിക് വ്യക്തിയെ വളര്‍ത്തി യെടുത്തു. ഇതുപോലെ ചെറുപ്പത്തില്‍ സംഭവിക്കുന്ന ആഘാതങ്ങള്‍ പലപ്പോഴും വ്യക്തിജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ദീപുവില്‍ ഉണ്ടായിരുന്ന സാഡിസ്റ്റിക് ബിഹേവിയര്‍ അയാളുടെ ഉള്ളില്‍ തന്നെ മൂടപ്പെട്ടു കിടക്കുകയായിരുന്നു. തനിക്ക് സ്വന്തമായ സ്ത്രീ ജീവിതത്തിലേക്ക് വന്നപ്പോള്‍ ലൈംഗികാവേശത്തിന്റെ കൂട്ടത്തില്‍ ഈ ഒരു സ്വഭാവം കൂടി പുറത്തേക്കു ചാടി. ഭാര്യ വേദനിക്കുന്നത് അയാളില്‍ സന്തോഷം ഉണര്‍ത്തുകയും ലൈംഗിക താല്പര്യം ഉണര്‍ത്തുകയും ചെയ്തു. തുടക്കത്തില്‍ ചെറുതായി മാത്രം കാണിച്ചിരുന്ന ഉപദ്രവം എന്ന സ്‌നേഹപ്രകടനം പിന്നീട് ക്രൂര വിനോദമായി മാറിയത് ഭാര്യ അതു മറ്റുള്ളവരോട് പറയുന്നില്ല എന്ന ധൈര്യത്തിന്റെ പുറത്തും കൂടിയായിരുന്നു. സാഡിസ്റ്റിക് ബിഹേവിയര്‍ ഉള്ള വ്യക്തി ശരിയായ ചികിത്സ യഥാസമയം ലഭിക്കാതെ വന്നാല്‍ മറ്റു ക്രൂര കൃത്യങ്ങളിലേക്ക് ശ്രദ്ധ കേന്ദീകരിക്കാനുള്ള സാധ്യത കൂടുതലാണ്. സീരിയല്‍ കില്ലര്‍ എന്ന ബ്രാന്‍ഡില്‍ അറിയ പ്പെട്ടിട്ടുള്ള പല കുറ്റവാളികളും സാഡിസ്റ്റിക് ബിഹേവിയറിന് അ ടിമകളാണ് എന്നുള്ളത് ഞെട്ടിക്കുന്ന സത്യം ആണ്.

സ്‌നേഹിക്കാം വേദനിപ്പിക്കാതെ

സ്‌നേഹം കൂടുമ്പോള്‍ പ്രത്യേകിച്ച് ലൈംഗിക വേളകളില്‍ പങ്കാളിയെ മൃദുവായി കടിക്കുന്നതും നുള്ളുന്നതും എല്ലാം സര്‍വ സാധാരണം ആണ്. പലരും അതു പരസ്പരം ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ അത്തരം വിനോദങ്ങ ളുടെ കാഠിന്യം കൂടുമ്പോള്‍ കടിയേല്‍ക്കുന്ന വ്യക്തിക്ക് പെട്ടെന്നു തന്റെ മനസ്സിന് ആഘാതം സംഭവിക്കുന്നു. ലൈംഗിക താല്‍പര്യത്തില്‍ നിന്നും ശ്രദ്ധ വേദനയിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാതെ പോകുന്നു. അതിനാല്‍ പരസ്പരം സന്തോഷം നല്‍കുന്ന പ്രവര്‍ത്തികള്‍ മാത്രം ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.

വേദനിപ്പിക്കും ഓര്‍മകളോട് വിട

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എത്ര ശ്രമിച്ചാലും മറക്കാന്‍ സാധി ക്കാറില്ല. അത് എല്ലാ മനുഷ്യരുടെയും അവസ്ഥയാണ്. അതിനാല്‍ തന്നെ നമ്മളാല്‍ മറ്റുള്ളവര്‍ക്ക് വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നല്‍ കാതിരിക്കുക. ലൈംഗിക ബന്ധ ത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നതെങ്കില്‍ പങ്കാളിക്ക് ലൈംഗിക താല്പര്യം കുറയാനുള്ള സാധ്യത കൂടുതലാണ്. അതു പരസ്പരം പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ലൈംഗികതയില്‍ ക്രൂര വിനോദങ്ങള്‍ക്ക് നോ പറയാം.

ശ്രദ്ധിക്കാം നമ്മളുടെ മക്കളെ നമ്മുടെ ഭാവിതലമുറകളെ. 

ചെറുപ്പത്തില്‍ മനസ്സിനും ശരീരത്തിനും ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഭാവിയില്‍ വലിയ ദോഷം ചെയ്യും എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. പെട്ടെന്നുണ്ടാകുന്ന നമ്മളുടെ കുഞ്ഞുങ്ങളുടെ സ്വഭാവമാറ്റങ്ങള്‍ വളരെ ഗൗരവത്തില്‍ തന്നെ എടുക്കണം. എന്തും മാതാപിതാക്കളോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മള്‍ അവര്‍ക്ക് കൊടുക്കണം. ബാഡ് ടച്ച് ഗുഡ് ടച്ച് എന്നു തുടങ്ങി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും കുഞ്ഞുങ്ങള്‍ ക്ക് മനസ്സിലാക്കി കൊടുക്കണം. സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള മനക്കരുത്ത് അവരില്‍ ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കണം.

logo
Sathyadeepam Online
www.sathyadeepam.org