www.50നോമ്പ്.ഈശോ+ഞാന്‍.com

www.50നോമ്പ്.ഈശോ+ഞാന്‍.com

''എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു''

(യോഹ. 3:16)

എന്നെ സ്‌നേഹിക്കുന്ന, ഞാന്‍ സ്‌നേഹിക്കുന്ന, എന്നെ വിശ്വസിക്കുന്ന, ഞാന്‍ വിശ്വസിക്കുന്ന എന്റെ ഈ ദൈവത്തിന് എന്റെ 'I'കളാല്‍ സ്റ്റോറേജ് ഫുള്‍ ആയ എന്റെ ജീവിതത്തിന് ഒരു ''സ്‌പെയ്‌സ്'' ഉണ്ടാക്കുകയാണ് നോമ്പ് എന്ന ''ആപ്പ്.'' മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ ആത്മരക്ഷയ്ക്കും അതോടൊപ്പം മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടി ഈശോയുടെ പിഡാനുഭവവും കുരിശുമരണവും ഉത്ഥാനവും ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ആത്മാര്‍ത്ഥമായ അദ്ധ്വാനമാണ് നോമ്പിന്റെ അടിത്തറ. തിരുനാളുകളുടെ തിരുനാളായ ഉയിര്‍പ്പ് തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആചരണമാണ് ''അമ്പത് നോമ്പ്'' അഥവാ ''വലിയ നോമ്പ്.'' ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും സഭയുടെ അനുസ്മരണ - ആഘോഷ വിഷയങ്ങളാണ്.

40 ദിവസങ്ങളടങ്ങിയ ഈ പെസഹാരഹസ്യത്തിന്റെ കാലമാണ് നമ്മള്‍ നോമ്പുകാലമായി റോമന്‍ സഭയില്‍ ആചരിക്കുന്നത്്. വിഭൂതി ബുധനാഴ്ച (Ash wednesday) 40 ദിവസത്തെ നോമ്പാചരണം വിശുദ്ധവാരത്തിലെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് (46 ദിനങ്ങള്‍) റോമന്‍ സഭയുടെ ആരാധന കലണ്ടര്‍ പിന്‍തുടരുന്ന ലത്തീന്‍ റീത്തില്‍ അവസാനിക്കുന്നത്. ഞായറാഴ്ചകള്‍ പാരമ്പര്യമനുസരിച്ച് ഉപവാസദിനങ്ങളല്ല. അങ്ങനെയാണ് ലത്തീന്‍ റീത്തില്‍ വലിയ നോമ്പ് 40 ദിവസമായി കണക്കാക്കുന്നത്.

എന്നാല്‍ പൗരസ്ത്യ സഭകളില്‍ ഇത് 50 ദിവസമാണ്. ഈ കാലഘട്ടത്തിലെ ഞായറാഴ്ചകള്‍ പൗരസ്ത്യ സഭയുടെ പാരമ്പര്യമനുസരിച്ച് ഉപവാസദിനങ്ങളായി പരിഗണിക്കുന്നു. അതുകൊണ്ടാണ് പൗരസ്ത്യ സഭയില്‍ ''പേത്തൂര്‍ത്ത തിരുനാള്‍'' കഴിഞ്ഞുള്ള ദിവസംമുതല്‍ വിശുദ്ധ വാരത്തിലെ ശനിയാഴ്ച വൈകന്നേരംവരെയുള്ള 50 ദിവസം നോമ്പിന്റെ ദിനങ്ങളാണ്.

നോമ്പുകാലത്തിന്റെ രണ്ട് പ്രധാന സവിശേഷതകള്‍ 1) പരിത്യാഗ പ്രവര്‍ത്തികളുടെ കാലം. 2) ജ്ഞാനസ്‌നാന നവീകരണത്തിന്റെ കാലം.

പേത്തൂര്‍ത്ത തിരുനാള്‍

വലിയ നോമ്പിന്റെ തലേദിവസമായ ഞായറാഴ്ചയാണ് പേത്തൂര്‍ത്ത ആചരിക്കുന്നത്. മതപരമായ ഒരു ചടങ്ങ് എന്നതിനെക്കാള്‍ വിശ്വാസപരവും സാമുദായികവുമായ ഒരു ചടങ്ങാണിത്. പേത്തൂര്‍ത്ത എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. 'തിരികെ വരിക', 'അവസാനിക്കുക', 'കടന്നുപോവുക' എന്നെല്ലാം അര്‍ത്ഥമുള്ള 'പഥര്‍' എന്നതില്‍ നിന്ന് വന്നതാകാം പേത്തൂര്‍ത്ത എന്ന വാക്ക്.

വിഭൂതി (നോമ്പുകാലത്തിന്റെ ആരംഭം)

പഴയനിയമത്തിലും വിജാതീയ കര്‍മ്മങ്ങളിലുമൊക്കെ ചാരം പൂശുന്നത് ഈ ലോകജീവിതത്തിന്റെ ക്ഷണികതയെയും സഹനങ്ങളെയും പ്രായശ്ചിത്ത പ്രവര്‍ത്തികളെയും സൂചിപ്പിച്ചിരുന്നു. ആധ്യാത്മികജീവിത വളര്‍ച്ചയ്ക്ക് വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രം ലഭിക്കുന്നതാണ് വിഭൂതിതിരുനാളും, ദുഃഖവെള്ളിയും. ഈ ദിനങ്ങളെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നവരും വൈമനസ്യത്തോടെ സ്വീകരിക്കുന്നവരുമുണ്ട്. ഏതു കാര്യവും സന്തോഷത്തോടെ ചെയ്യുമ്പോഴാണ് അതിന് ദൈവം പ്രതിഫലം നല്കുന്നത്.

ഈ ദിനങ്ങളില്‍

1) പരിത്യാഗ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയണം. നമുക്ക് ഇഷ്ടപ്പട്ട വിഭവങ്ങള്‍ ഉപേക്ഷിക്കാം. (ഇറച്ചി, മീന്‍, ഐസ് ക്രീം, ചോ ക്ലേറ്റ്....)

2) പാപകരമായ അവസ്ഥയോട് വിട പറയാം. കൂടെ കൂടെ ഞാന്‍ ചെയ്യുന്നതും കുമ്പസാരത്തില്‍ ഏറ്റു പറയുന്നതുമായ പാപങ്ങളെ കണ്ടുപിടിച്ച് ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താം (റോമാ 6:12).

3) ചില ദുശ്ശീലങ്ങളോട് വിട പറയാം (കുറ്റം പറയുക, നുണ പറയുക.)

4) പാപികളെ മാനസാന്തരത്തിലേക്ക് നയിക്കാം. (വി. ചെറുപുഷ്പം, കാര്‍ലോ അക്വിറ്റൂസ്...)

കുരിശിന്റെ വഴി (Way of the Cross)

പന്തിയോസ് പീലാത്തോസിന്റെ ശിക്ഷാവിധിമുതല്‍ യേശുവിന്റെ കല്ലറവരെ 14 സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വി. കുരിശിന്റെ വഴി. ഈശോയുടെ പീഡാനുഭവ വഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തില്‍ പരിവര്‍ത്തനത്തിന്റെയും അനുതാപത്തിന്റെയും പാതയിലൂടെ പുതിയ വ്യക്തികളായിമാറാം. അതിന്

1) അടക്കമുള്ള വസ്ത്രധാരണം നടത്താം.

2) വിനയത്തോടെ പെരുമാറാം.

3) മൊബൈല്‍, സോഷ്യല്‍ മീഡിയകളുടെ ഉപയോഗം വിവേകപൂര്‍വം കുറയ്ക്കാം.

40-ാം വെള്ളിയില്‍ നിന്ന് കൊഴുക്കൊട്ട ശനിയിലേക്ക്

കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ് 40-ാം വെള്ളി. ഇതിനുശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്റേതാണ്. കൊഴുക്കൊട്ട ശനിയും, ഓശാന ഞായറും. ഈശോ ബഥാനിയായില്‍ ലാസറിന്റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തയും മറിയവും കര്‍ത്താവിന് കൊഴുക്കൊട്ട കൊടുത്ത് സല്‍ക്കരിച്ചു എന്നതിനെ ഓര്‍മ്മിപ്പിക്കുന്ന ദിനം (മറ്റു പല പാരമ്പര്യ വിവരണങ്ങളും ഇതിനുണ്ട്.)

ഓശാന ഞായര്‍

യേശു കഴുതപ്പുറത്ത് ജറുസലേം പട്ടണവാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ ഒലിവിന്‍ ചില്ലകള്‍ വീശിയും തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ വിരിച്ച് യേശുവിന് രാജകീയ വരവേല്പ് നല്കിയ ദിനം.

ഇത് മൂന്നു കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

1) കഴുതപ്പുറത്ത് വന്നതിന്റെ രഹസ്യം (''നിന്റെ രാജാവിതാ കഴുതപ്പുറത്ത് എഴുന്നള്ളി വരുന്നു'' എന്ന വചനം നിവര്‍ത്തിയാകുന്നു.)

2) ഒലിവിന്‍ ചില്ലകള്‍: നന്മയുടെയും വിജയത്തിന്റെയും പ്രതീകമാണ് ഒലിവിന്‍ ചില്ലകള്‍.

3) ഓശാന ജയ്‌വിളി

മലയാളത്തില്‍ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങള്‍ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കില്‍ നിന്നു ഉത്ഭവിച്ചതും ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതുമാണ്. ''ഹോഷിയാ-ന'' എന്ന ഹീബ്രുവാക്കാണ് ഓശാനയായി മലയാളത്തില്‍ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്നുതന്നെയാണ്. 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല - അര്‍ത്ഥം.

പഴയ നിയമത്തില്‍ ഈ വാക്ക് അധികവും ഉപയോഗിച്ചിരിക്കുന്നത് ''കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ'' എന്ന രീതിയിലാണ് (സങ്കീ. 118:25). എന്നാല്‍ പുതിയനിയമത്തില്‍ ആഘോഷത്തിന്റെയും ആര്‍പ്പുവിളികളുടെയും അര്‍ത്ഥമാണ് ഇതിന് ലഭിച്ചിരിക്കുന്നത് (മത്താ. 21:9).

നോമ്പുകാലങ്ങളില്‍ 5 പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം.

1) എളിമപ്പെടാന്‍ അവസരം കിട്ടിയാല്‍ ഉപയോഗിക്കാം (1 രാജ. 21:28)

2) പാപം ഉപേക്ഷിക്കാം (ഏശയ. 58)

3) മ്ലേഛതകളെ കഠിനമായി വെറുത്തുപേക്ഷിക്കാം (പ്രഭാ. 17:20).

4) ദൈവഹിതം നിറവേറ്റി ജീവിക്കാം (യോഹ. 3:34)

5) ഇനിമേല്‍ പാപം ചെയ്യാതിരിക്കാം (പ്രഭാ. 21:1-2).

ഇപ്രകാരം നമ്മുടെ ജീവിതത്തില്‍ കാരുണ്യത്തോടെ നൊമ്പരങ്ങളെ സമീപിക്കുമ്പോള്‍, സന്തോഷത്തോടെ സഹനങ്ങളെ സ്വീകരിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷയെ അതിജീവിച്ചു ഈശോയെ ദൈവദൂതന്മാര്‍ അടുത്തുവന്ന് ശുശ്രൂഷിച്ചതുപോലെ എന്നെയും ശുശ്രൂഷിക്കും. ദൈവത്തോടും മനുഷ്യരോടുമുള്ള എന്റെ മനസ്സിന്റെ ഉള്ള് നിറഞ്ഞ സനേഹത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഏറ്റെടുക്കുന്ന നൊമ്പരങ്ങളാകട്ടെ ഈ നോമ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org