ലാമെക്ക്

സിപ്പോറിം: 5
ലാമെക്ക്

തിരുവചനത്തില്‍ രണ്ട് ലാമെക്കുമാരെ നമ്മള്‍ കണ്ടുമുട്ടുന്നു. ആദ്യത്തേത് കായേന്റെ ഏഴാം തലമുറക്കാരനായ ദുഷ്ടനായ ലാമെക്കും (ഏലി. 4:17-24), രണ്ടാമത്തേത് നോഹയുടെ പിതാവായ ലാമെക്കും (5:25-31). ലാമെക്കെന്ന വാക്കിനു ഹീബ്രുവില്‍ മൂലപദങ്ങള്‍ ഒന്നുമില്ല. അതിനാല്‍ YLMK എന്ന അറബിക്ക് മൂലപദവുമായി താരതമ്യം ചെയ്താണ് ഈ പേര് പഠിക്കപ്പെടുന്നത്. അറബിയില്‍ ഇതിന് 'ശക്തനായ മനുഷ്യന്‍' എന്നാണ് അര്‍ഥം.

ആദ്യത്തെ ലാമെക്കിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു; ആദായും സില്ലായും. ആദ്യമായി ബഹു ഭാര്യത്വം കാണുന്നത് ഇയാളിലാണ്. അത് ദൈവത്തിന്റെ പദ്ധതിയുടെ എതിരായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രതികാര ദാഹിയായിട്ടും കൊലപാതകിയായിട്ടുമാണ് ലാമെക്ക് സ്വയം വിശേഷിപ്പിക്കുന്നത്. അതില്‍ അയാള്‍ക്ക് അഭിമാനമാണ് ഉള്ളത്. അവന്റെ മക്കള്‍ ലോഹപ്പണിക്കാര്‍ ആണെന്ന് പറയുന്നതിലൂടെ ലാമെക്ക് ഒരു യുദ്ധക്കൊതിയനാണെന്നാണ് അര്‍ത്ഥമാക്കുന്നത്. താന്‍ പൂര്‍വ്വപിതാവായ കായേനെക്കാളും ക്രൂരനാണെന്ന് അയാള്‍ പറയുന്നു. തന്നെ അടിച്ച ഒരു ചെറുപ്പക്കാരനെ അയാള്‍ കൊന്നുകളയുന്നു.

തന്റെ ശക്തിയും പ്രതികാരബുദ്ധിയും തന്നെ കാത്തുകൊള്ളും എന്ന് അയാള്‍ വൃഥാ വിചാരിച്ചു. എന്നാല്‍ അതൊന്നും ശാശ്വതമല്ലെന്ന് വചനം പഠിപ്പിക്കുന്നു. അയാള്‍ക്കുശേഷം പിന്നെ ഒരിക്കലും കായേന്റെ വംശാവലി പറയപ്പെടുന്നില്ല. കൊലപാതകിയായ കായേന്റെ വംശം അറ്റുപോയെന്ന സൂചനയാണ് അതിലൂടെ വചനം നല്‍കുന്നത്. ജലപ്രളയം അത് ഉറപ്പിക്കുകയും ചെയ്യുന്നു. ഏത് ദുഷ്ടതയ്ക്കും ഒരു ഒടുക്കമുണ്ടാകുമെന്ന് ആദ്യത്തെ ലാമെക്കിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ആദ്യത്തെ ലാമെക് പ്രതികാരത്തിന്റെ മനുഷ്യനായിരുന്നെങ്കില്‍ രണ്ടാമത്തെ ലാമെക്ക് പ്രത്യാശയുടെ മനുഷ്യനായിരുന്നു. ദൈവം നല്ലത് വരുത്തുമെന്ന് അയാള്‍ പ്രത്യാശിച്ചു. ദൈവത്തിന്റെ ആശ്വാസം അയാള്‍ക്കുവേണ്ടി മാത്രമല്ല ലോകത്തിലെ എല്ലാവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിച്ച നി സ്വാര്‍ത്ഥനായ മനുഷ്യനായിരുന്നു അയാള്‍. അതുകൊണ്ട് അവന്‍ അയാളുടെ മകന് വിശ്രമം എന്നര്‍ത്ഥമുള്ള നോഹ എന്ന പേര് നല്‍കിയത്. മനുഷ്യചരിത്രത്തിലെ ആദ്യത്തെ രക്ഷകന്റെ സ്ഥാനമുള്ള നോഹയുടെ അപ്പനെന്ന അനുഗ്രഹീതസ്ഥാനം രണ്ടാമത്തെ ലാമെക്ക് അലങ്കരിക്കുന്നു. ഒരുവന്റെ ശക്തി മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലായിരിക്കണം എന്ന് ലാമെക്കെന്ന പേര് നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കും നന്മവരണം എന്നാഗ്രഹിച്ചാല്‍ നീ അനു ഗ്രഹിക്കപ്പെടും എന്ന് രണ്ടാമത്തെ ലാമെക്കിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org