ഒപ്പം നടക്കാം : വിശ്വാസ പരിശീലന വര്‍ഷം 2022-23

ഒപ്പം നടക്കാം : വിശ്വാസ പരിശീലന വര്‍ഷം 2022-23

'സിനഡ്' എന്ന വാക്ക് നമുക്ക് സുപരിചിതമാണല്ലൊ. 'മെത്രാന്മാരുടെ സിനഡ്' എന്നാണ് സാധാരണയായി കേള്‍ക്കുന്നത്. എന്നാല്‍ 'സിനഡ്' എന്ന പദം ഇപ്പോള്‍ കൂടുതലായി ഉപയോഗത്തിലാകുന്നുണ്ട്: കുടുംബ സിനഡ,് ഇടവക സിനഡ്, വൈദിക സിനഡ് എന്നൊക്കെ. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിനു പല ഇടവകകളിലും കാറ്റിക്കിസം സിനഡുപോലും സംഘടിപ്പിച്ചു. ഈ വാക്കിനു ഇപ്പോള്‍ പ്രചുരപ്രചാരം ലഭിക്കുന്നതിനു കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ഒക്‌ടോബറില്‍ നടക്കാന്‍ പോകുന്ന ആഗോളമെത്രാന്‍ സിനഡിനു നല്‍കിയിരിക്കുന്ന 'ഒരു സിനഡാത്മകസഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം' എന്ന വിഷയവും അതിനോടനുബന്ധിച്ചുളള ചര്‍ച്ചകളുമാണ്.

'സിനഡ്' എന്നത് ഒരു ഗ്രീക്ക് പദമാണ്. ഇതിന്റെ അര്‍ത്ഥം 'ഒപ്പം നടക്കുക', 'ഒപ്പം യാത്ര ചെയ്യുക' എന്നതാണ്. ഈ അര്‍ത്ഥം ഉള്‍ക്കൊണ്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശ്വാസപരിശീലന വര്‍ഷത്തിന്റെ ആപ്തവാക്യമായി 'ഒപ്പം നടക്കാം' എന്ന് എടുത്തിരിക്കുന്നത്. ഒരുമിച്ചു നടക്കാന്‍ എല്ലാവരേയും ആഹ്വാനം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതാണ് 'ഒപ്പം നടക്കാം' എന്ന ആപ്തവാക്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോവിഡ് എന്ന മഹാമാരി നമ്മെയെല്ലാവരേയും ഒറ്റയ്ക്കാക്കി. ഇനി നമുക്ക് ഒരുമിച്ചു അണിചേരാം.

പ്രിയ കുഞ്ഞുമക്കളെ, ഒരു തുരുത്തിനും ഒറ്റയ്ക്കു നില്‍ക്കാനാവില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തുകള്‍ കാണാന്‍ എന്തു ഭംഗിയാണ്. പച്ചപ്പും ജീവജാലങ്ങളും നിറഞ്ഞ തുരുത്തുകള്‍ നല്‍കുന്നത് മനോഹരകാഴ്ചയാണ്. ഓരോ തുരുത്തിനും നില നില്‍ക്കാന്‍ കഴിയുന്നത് വന്‍കരയോട് ചേര്‍ന്നുനില്‍ക്കുന്നതു കൊണ്ടാണ്. ഓരോരുത്തരും കു ടുംബത്തോടും സഭയോടും സമൂഹത്തോടും ചേര്‍ന്നുനില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതം വി ജയിപ്പിക്കാനുള്ള അനുകൂലസാഹചര്യങ്ങള്‍ ലഭിക്കുന്നത്. സുന്ദരമായ, അഭിമാനകരമായ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് അളവറ്റ സന്തോഷം നല്‍കും. വന്‍കരകള്‍ക്ക് തുരുത്തിനെക്കൊണ്ടാവിശ്യമില്ല എന്നും പറയാനാവില്ല. വന്‍കരകളെ വലിയ സുനാമികളില്‍ നിന്നും സംരക്ഷിക്കുന്നത് ഈ തുരുത്തുകളാണ്. കുടുംബത്തേയും സഭയേയും സമൂഹത്തേയും നശിപ്പിക്കുന്ന തിന്മയുടെ സാഹചര്യം ഉണ്ടായാലും ഏതു പ്രതിസന്ധികളുണ്ടായാലും ആ സംവിധാനങ്ങളുടെ സംരക്ഷകരാകാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. കുടുംബത്തിന്റേയും സഭയുടേയും സമൂഹത്തിന്റേയും നില നില്പാണ് എന്റേയും നിലനില്പിനാധാരം എന്ന് തിരിച്ചറിയണം.

പ്രിയ കൂട്ടുകാരെ, നിങ്ങള്‍ തേനീച്ച കൂട്ടത്തെ കണ്ടിട്ടുണ്ടാകും. തേനീച്ചകള്‍ ഒരുമിച്ചു കൂടിനുചുറ്റും വട്ടമിട്ടു പറക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ആ കൂട്ടില്‍ തീര്‍ച്ചയായും നല്ല മധുരമുളള തേനുമുണ്ടാകും. അത് അവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഓര്‍ത്തിരിക്കണം; ഒരു തേനീച്ചയും ഒറ്റയ്ക്ക് തേന്‍ ഉണ്ടാക്കിയിട്ടില്ല. മധുരമായ തേന്‍ രൂപപ്പെടുന്നതു ഒരുമിച്ചുള്ള പരിശ്രമത്തിനൊടുവിലാണ്. നമ്മുടെ ജീവിതം തേന്‍ പോലെ മധുരിക്കണമെങ്കില്‍ ഒരുമിച്ചു ജീവിക്കണം. ഒരുമിച്ചു പരിശ്രമിക്കണം. മാതാപിതാക്കളുടെ സമര്‍പ്പണജീവിതത്തിലും, കഠിനാധ്വാനത്തിലും, അവര്‍ നല്‍കുന്ന എല്ലാക്കാര്യങ്ങളിലും മാത്രം ആശ്രയിച്ചു വളരാന്‍ പാടില്ലല്ലോ. എന്റെ ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് മാതാപിതാക്കളെ സഹായിക്കണം. അടുക്കളയില്‍, ഊട്ടുമേശയില്‍, വീടുവൃത്തിയാക്കാന്‍ പ്രായമായവരെ ശുശ്രൂഷിക്കാന്‍, താഴെയുളളവരുടെ കാര്യം നോക്കാന്‍, അങ്ങനെ പല പല കാര്യങ്ങളിലും മാതാപിതാക്കളെ സഹായിക്കണം. അങ്ങനെയാണ് കുടുംബജീവിതത്തെ മധുരമുള്ളതാക്കാന്‍ കഴിയുക.

വിശ്വാസപരിശീലകരേയും അധ്യാപകരേയും മാത്രം ആശ്രയിച്ച് കഴിയാനും പാടില്ല. അവര്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കൂടുതലായി മനസ്സിലാക്കുവാന്‍ നാമോരുത്തരും പരിശ്രമിക്കണം, കൂടുതലായി വായിക്കണം, പഠിക്കണം. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തിനു ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തരുന്നതുപോലെ, നമ്മുടെ പരിശ്രമവും സത്കര്‍മ്മങ്ങളും നന്മകളും കൊണ്ട് കുടുംബത്തെയും സഭയേയും സമൂഹത്തെയും തേന്‍പോലെ മധുരിക്കുന്നതാക്കാം.

കൂട്ടുകാരെ, ഈ ഒരു വര്‍ഷം ഒപ്പം നടക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു പഠിക്കണം. ഒപ്പം നടക്കണം. ഒറ്റയ്ക്ക് നടക്കാതിരിക്കുക. തുറവിയുളളവരാകുക.

ദൈവത്തോടൊപ്പം നടക്കാം: 'ഞാന്‍ കൂടെയുണ്ട്' എന്നാണല്ലോ ദൈവം നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം.

കുടുംബത്തോടൊപ്പം നടക്കാം: മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം നടന്നാല്‍ നമ്മള്‍ ശക്തമായ സംരക്ഷണ വലയത്തിലായിരിക്കും. തെറ്റായ വഴികളിലൂടെ, കൂട്ടുകെട്ടിലൂടെ പോകാതിരിക്കാന്‍ നമ്മെ സഹായിക്കും.

നമ്മുടെ ഇടവകയോടും സഭയോടും ഒപ്പം നടക്കാം: സദുപദേശങ്ങള്‍ ശ്രവിക്കാനും ആത്മീയജീവിതത്തില്‍ ശക്തിപ്പെടാനും ഒരുപാടു നല്ല കഴിവുകള്‍ സ്വന്തമാക്കാനും നമുക്ക് കഴിയും.

സമൂഹത്താടൊപ്പം നടക്കാം: നമ്മള്‍ സുരക്ഷിതരായിരിക്കും.

ഒപ്പം നടക്കലിന്റെ ആശയങ്ങള്‍ ക്രീസ്തീയ ജീവിതശൈലിയാക്കാന്‍ നമുക്ക് പരിശ്രമിക്കാം. ഒപ്പം നടക്കലിന്റെ പാഠങ്ങള്‍ പഠിക്കാം.

ജൂണ്‍ 5-ാം തീയതി മുതല്‍ വിശ്വാസപരിശീലനത്തില്‍ നമ്മള്‍ ഒരുമിച്ചു നടക്കാന്‍ പോകുകയാണല്ലൊ. കാറ്റിക്കിസം പഠിച്ചിട്ട് എന്തു കിട്ടാന്‍, സര്‍ട്ടിഫിക്കറ്റിനു എന്തുപ്രയോജനം, ഓണ്‍ലൈനില്‍ ക്‌ളാസ്സുകള്‍ കൂടിയാല്‍പോരെ എന്നൊക്കെ ചോദിക്കുന്ന മാതാപിതാക്കളും കുട്ടികളുമുണ്ട്. കാറ്റിക്കിസം ക്ലാസ്സുകള്‍ ദൈവത്തെക്കുറിച്ചും സഭയെക്കുറിച്ചും പഠിക്കാനുളള അവസരമാണെന്ന് ഓര്‍മ്മിക്കണം. വിശ്വാസപരിശീലകരും വികാരിയച്ചനും നമ്മുടെ വിശ്വാസവഴിയിലെ വഴിവിളക്കുകളാണ്. അവര്‍ നമ്മെ ഈശോയുടെ കൈപിടിച്ചു നടക്കാന്‍ സഹായിക്കുന്നവരാണ്. അവര്‍ നമ്മുടെ കൂടെയുണ്ടാകും. കാറ്റിക്കിസം പരീക്ഷയ്ക്കു ജയിക്കുക, കൂടുതല്‍ മാര്‍ക്കു വാങ്ങിക്കുക എന്നതിനേക്കാള്‍ ഈ വര്‍ഷം ലക്ഷ്യം വയ്‌ക്കേണ്ടത് എല്ലാ ക്ലാസ്സുകളിലും മുടങ്ങാതെ പങ്കെടുക്കണം എന്നുള്ളതാണ്. നമ്മുടെ ഇടവകദൈവാലയം നമ്മള്‍ ഒരുമിച്ചു കൂടേണ്ട, കണ്ടുമുട്ടേണ്ട, ദൈവത്തോടൊപ്പം വസിക്കേണ്ട വിശുദ്ധ സ്ഥലമാണല്ലൊ. ആ ദൈവാലയാങ്കണത്തില്‍, നമ്മുടെ പ്രദേശത്തുള്ള, ഇടവകയിലുള്ള, ഒരേ പ്രായത്തിലുള്ള കൂട്ടുകാരോടുചേര്‍ന്ന് കാറ്റിക്കിസം ക്ലാസ്സുകള്‍ കൂടുന്നത്, പങ്കെടുക്കുന്നത് ഒരനുഭവമാക്കുക. ഓരോ ക്ലാസ്സിലും പഠിച്ചകാര്യങ്ങള്‍ വീട്ടില്‍ പങ്കുവയ്ക്കുന്ന നല്ല കാറ്റിക്കിസം കുട്ടിയുമാകണം. കൂട്ടുകാരോടു ചേര്‍ന്ന് ഈശോയുടെ കൈപിടിച്ച് സന്തോഷത്തോടെ മുന്നേറാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org