ഈശോ തന്ന കിന്‍ഡര്‍ ജോയ്

വിശ്വാസ പരിശീലനാരംഭത്തോടു ചേര്‍ന്ന് കുട്ടികള്‍ക്ക് അവതരിപ്പിക്കാനുള്ള സ്‌കിറ്റ്
ഈശോ തന്ന കിന്‍ഡര്‍ ജോയ്

രചന: ടോബിന്‍ വെട്ടുതോട്ടുങ്കല്‍

  • സീന്‍ ഒന്ന് - വീട്

(അമ്മ പ്രാര്‍ത്ഥന ചൊല്ലുന്നതിനായി തിരി കത്തിക്കുന്നു.)

അമ്മ: അന്നമോളെ നീ എവിടാ? ഇങ്ങോട്ടു വാ നമുക്ക് കൊന്ത ചൊല്ലണ്ടെ?

(ഇത് കേട്ടതും പതിയെ കണ്ണും തിരുമ്മി അന്നമോള്‍ കടന്നു വരുന്നു)

അന്നമോള്‍: ഇന്ന് പ്രാര്‍ത്ഥിക്കണോ അമ്മെ? നമുക്ക് നാളെ ചൊല്ലാം, എനിക്ക് ഉറക്കം വരുന്നു.

അമ്മ: ഉറക്കമൊക്കെ പ്രാര്‍ത്ഥന കഴിഞ്ഞിട്ട്. അമ്മേടെ മോള് വേഗം വന്ന് കുരിശു വരച്ചേ.

അന്നമോള്‍: ഇല്ല, ഞാന്‍ വരില്ല എനിക്ക് ഉറങ്ങണം അമ്മേ.

(ഇതെല്ലാം കേട്ടുകൊണ്ട് അപ്പൂപ്പന്‍ കയറി വരുന്നു. കയ്യില്‍ ഒരു കൊച്ചു പെട്ടിയും ഉണ്ട്. ആരെയും കാണിക്കാതെ അത് അടുത്തുണ്ടായിരുന്ന കസേരയില്‍ വയ്ക്കുന്നു)

അപ്പൂപ്പന്‍: അപ്പൂപ്പന്റെ ചക്കരേ... അന്നമോളേ....

അന്നമോള്‍: എന്താ അപ്പൂപ്പാ

അപ്പൂപ്പന്‍: അന്നമോളേ... കുറച്ചുനേരം മുമ്പ് അപ്പൂപ്പന്റെ അടുത്ത് ഈശോ വന്നു. എന്നിട്ട് ഒരു കാര്യം പറഞ്ഞു. അന്നമോള്‍ ഇന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ കിന്‍ഡര്‍ ജോയ് കൊണ്ടുതരുമെന്ന്.

അന്നമോള്‍: ഓ, അപ്പൂപ്പന്‍ അങ്ങനെ എന്നെ പറ്റിക്കാന്‍ നോക്കണ്ട. എനിക്കറിയാം ഈശോയ്ക്ക് സംസാരിക്കാന്‍ പറ്റില്ല എന്ന്.

അപ്പൂപ്പന്‍: കള്ളം പറയുന്നതൊന്നുമല്ല വേണമെങ്കില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു നോക്കിക്കോ. ഈശോ കിന്‍ഡര്‍ ജോയ് തന്നില്ലെങ്കില്‍ പിന്നെ അപ്പൂപ്പനോട് മിണ്ടണ്ട.

(അന്നമോള്‍ പ്രാര്‍ത്ഥനയ്ക്കിരുന്നു (മാതാവിന്റെ ഒരു ഗാനം) ഉറക്കെ തന്നെ അവള്‍ പ്രാര്‍ത്ഥിച്ചു. അന്നമോളുടെ ആത്മഗതം കിട്ടുകയാണെങ്കില്‍ നന്നായിരുന്നു. ''പക്ഷേ, ദൈവം ശരിക്കും തരുവോ? അപ്പൂപ്പന്‍ കള്ളം പറഞ്ഞതാവും.'')

കൊന്ത തീര്‍ന്നതും അവള്‍ ഓടി അപ്പൂപ്പന്റെ അടുത്തേക്ക് സ്തുതി കൊടുക്കുന്നതിനുമുമ്പു തന്നെ അവള്‍ ആരാഞ്ഞു.

അന്നമോള്‍: അപ്പൂപ്പാ കിന്‍ഡര്‍ ജോയ് എന്തിയെ?

അപ്പൂപ്പന്‍: നീ ആദ്യം ഞങ്ങള്‍ക്ക് സ്തുതി താ...

അന്നമോള്‍: (അവള്‍ സ്തുതികൊടുത്തു) ഇനി അപ്പൂപ്പന്‍ കിന്‍ഡര്‍ ജോയ് എവിടെ എന്ന് പറ.

(മുന്‍പേ കസേരയില്‍ വച്ച പെട്ടിയില്‍ ചൂണ്ടികൊണ്ട്)

അപ്പൂപ്പന്‍: ദാ... ആ പെട്ടിയില്‍ വയ്ക്കാമെന്നാ പറഞ്ഞത്. അതില്‍ ഉണ്ടോ എന്ന് പോയി നോക്ക്.

(അവള്‍ ഓടിച്ചെന്ന് അത് തുറന്നു. അതില്‍ കിന്‍ഡര്‍ ജോയ് കണ്ടതും സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ടു പറഞ്ഞു.)

അന്നമോള്‍: അപ്പാപ്പ ദേ കിന്‍ഡര്‍ ജോയ്... ഈശോപ്പച്ചന്‍ വാക്ക് പാലിച്ചൂട്ടോ... ഈശോപ്പെ താങ്ക്‌യൂ... നാളെയും മിഠായി തരണേ ഞാന്‍ ഉറക്കെ പ്രാര്‍ത്ഥിച്ചോളാം...

(അവള്‍ അവിടെനിന്നും തുള്ളിച്ചാടി മുറിയുടെ പുറത്തേക്കു പോയി.)

അപ്പൂപ്പന്‍: നീ കണ്ടോടി ഞാന്‍ പറഞ്ഞപ്പോള്‍ അന്നമോള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചത്.

അമ്മ: അപ്പച്ചന്‍ പറഞ്ഞതുകൊണ്ട് ഒന്നുമല്ല അവള്‍ പ്രാര്‍ത്ഥിച്ചത്. അവള്‍ക്കു കിന്‍ഡര്‍ ജോയ് കിട്ടുമെന്ന് കരുതിയിട്ടാ. വിചാരിച്ച കാര്യം സാധിച്ചു കിട്ടുമെങ്കില്‍ ആരാ അപ്പച്ചാ പ്രാര്‍ത്ഥിക്കാത്തത്?

അപ്പൂപ്പന്‍: നീയും കാര്യ സാധ്യത്തിനുവേണ്ടിയാണല്ലേ പ്രാര്‍ത്ഥിക്കുന്നത്? ആവശ്യങ്ങള്‍ മാത്രമേ നിന്റെയും പ്രാര്‍ത്ഥനയില്‍ ഉള്ളൂ. അപ്പോള്‍...

അമ്മ: എന്റെ പൊന്നപ്പച്ച എന്നെ വിട്ടേര്, ഞാനില്ല തര്‍ക്കത്തിന്. അടുക്കളയില്‍ നൂറുകൂട്ടം പണിയുണ്ട്. അപ്പച്ചന്‍ വേണേല്‍ നാളെ നോക്കിക്കോ അവള്‍ക്കു എന്തോരം ആത്മാര്‍ത്ഥത ഉണ്ടെന്ന്.

(അമ്മ അകത്തേക്കു പോകുന്നു. അപ്പൂപ്പന്‍ എന്തോ ആലോചിക്കുന്നു.)

സാവധാനം ലൈറ്റ് ഓഫ്.

  • സീന്‍ 2 - പിറ്റേദിവസം

(അമ്മ പതിവുപോലെ അന്നമോളെ കുരിശുവരയ്ക്കാന്‍ വിളിച്ചു. അപ്പൂപ്പനും അടുത്തുണ്ട്. അവള്‍ മുറിയില്‍ വന്നതും അപ്പൂപ്പനോട് സന്തോഷത്തോടെ ചോദിച്ചു)

അന്നമോള്‍: അപ്പൂപ്പ ഇന്നും ഈശോ കിന്‍ഡര്‍ ജോയ് തരുമായിരിക്കും അല്ലേ?

(അപ്പൂപ്പന്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല. അമ്മ അവളെ പ്രാര്‍ത്ഥിക്കാന്‍ ഇരുത്തി. പ്രാര്‍ത്ഥന കഴിഞ്ഞതും അവള്‍ കിന്‍ഡര്‍ ജോയ് എടുക്കാനുള്ള തിടുക്കത്തില്‍ സ്തുതി പോലും കൊടുക്കാതെ ഓടി ചെന്ന് ബോക്‌സ് തുറന്നു നോക്കി. പക്ഷേ അതില്‍ ഒന്നുമുണ്ടായിരുന്നില്ല.)

അന്നമോള്‍: അപ്പാപ്പ, ദേ ഇതില്‍ കിന്‍ഡര്‍ ജോയ് ഇല്ല. ഞാന്‍ ഇന്നും ഉറക്കെ തന്നെ അല്ലെ പ്രാര്‍ത്ഥിച്ചത്. അപ്പൂപ്പാ ഈശോയോട് മാളുവിന് കിന്‍ഡര്‍ ജോയ് തരാന്‍ പറ

അപ്പൂപ്പന്‍: അയ്യോ ഇനി എനിക്ക് ചോദിക്കാന്‍ പറ്റില്ല. അന്നമോള്‍ തന്നെ ചോദിക്കണം എന്നാ ഈശോ പറഞ്ഞത്. (അപ്പൂപ്പന്‍ പതിയെ എഴുന്നേറ്റു കൊണ്ട് തുടര്‍ന്നു) അപ്പൂപ്പനു നല്ല നടുവേദന ഒന്നും കിടക്കട്ടെ...

(അപ്പൂപ്പന്‍ എഴുന്നേറ്റു പുറത്തേക്കു പോകുന്നു. അന്നമോള്‍ രൂപക്കൂടിന്റെ മുന്നിലിരുന്നു ഈശോയോട് പരിഭവം പറഞ്ഞു)

അന്നമോള്‍: എന്നാലും എന്താ ഈശോയേ കിന്‍ഡര്‍ ജോയ് തരാഞ്ഞത്? ഞാന്‍ ഉച്ചത്തില്‍ അല്ലേ പ്രാര്‍ത്ഥിച്ചത്. എന്നിട്ടും തന്നില്ല. ശരി ഞാന്‍ ഒന്നൂടെ പ്രാര്‍ത്ഥിക്കാം. അന്നമോള്‍ക്ക് കിന്‍ഡര്‍ ജോയ് തരണമേ... ഈശൊപ്പെ അന്നമോള്‍ക്ക് കിന്‍ഡര്‍ ജോയ് തരണമേ...

(അന്നമോള്‍ വീണ്ടും ചെന്നു പെട്ടി തുറന്നു നോക്കി. അതിലൊന്നുമില്ലായിരുന്നു.)

അന്നമോള്‍: ഈശോയ്ക്ക് എന്നോട് ഒരു സ്‌നേഹവുമില്ല. ഞാന്‍ എന്തോരം നേരം പ്രാര്‍ത്ഥിച്ചു. എന്നിട്ടും ഒരു കിന്‍ഡര്‍ ജോയ് പോലും അന്നമോള്‍ക്ക് തന്നില്ല. ഇനി ഞാന്‍ ഈശൊനോട് പ്രാര്‍ത്ഥിക്കൂല്ല. നമ്മള്‍ തമ്മില്‍ ഒരു കൂട്ടും ഇല്ല...

(അന്നമോള്‍ പോകുന്നു)

ലൈറ്റ് ഓഫ്

  • സീന്‍ 3

(രാവിലെ, അന്നമോള്‍ പെട്ടി തുറന്നു നോക്കുന്നു. പെട്ടി കാലിയായി തന്നെ ഇരിക്കുന്നു.)

അന്നമോള്‍ : ഇപ്പോഴും കിന്‍ഡര്‍ ജോയ് വെച്ചിട്ടില്ലല്ലേ. ശരി കുഴപ്പമില്ല. ഞാന്‍ പിണക്കം മാറ്റാം. പക്ഷെ ഒരു കാര്യം ഈശാപ്പ ചെയ്യണം. എന്റെ കൂടെ കളിക്കണം. കളിക്കോ?? അങ്ങനെയാണേല്‍ അന്നമോള്‍ ഒരു കളിപ്പാട്ടം എടുത്തുകൊണ്ടു വരട്ടെ.

(അന്നമോള്‍ ഓടിപ്പോയി ഒരു ചെറിയ കാര്‍ കൊണ്ടുവരുന്നു. എന്നിട്ട് രൂപത്തിനു മുമ്പില്‍ വച്ചുകൊണ്ട് കളി തുടര്‍ന്നു.)

അന്നമോള്‍ : നമുക്ക് ഈ കാറില്‍ കയറി ടൂര്‍ പോകാം. എന്ത്, വലിയ കാര്‍ വേണമെന്നോ? ഞാന്‍ അപ്പന്‍ വരുമ്പോള്‍ പറയാം വലിയൊരു കാര്‍ വാങ്ങിത്തരാന്‍.

(പാട്ടിലൂടെ അവരുടെ സംഭാഷണവും സൗഹൃദവും കാണിക്കുന്നു. ഇത് ദൂരെ നിന്ന് കണ്ടുകൊണ്ട് അപ്പൂപ്പന്‍ മുറിയിലേക്ക് കയറി വന്നു)

അപ്പൂപ്പന്‍: അന്നമോള്‍ കളിക്കുകയാണോ? ആരുടെ കൂടെയാ കളിക്കുന്നെ...

അന്നമോള്‍: ഈശോയുടെ കൂടെ...

അപ്പൂപ്പന്‍: ആണോ... ഈശോ ഇപ്പൊ മോളുടെ ഫ്രണ്ട് ആയോ

അന്നമോള്‍: ആയല്ലോ...

അപ്പൂപ്പന്‍: അപ്പൂപ്പന്‍ മോള്‍ക്ക് ഒരു സാധനം തരട്ടെ

(അപ്പൂപ്പന്‍ ഒരു വലിയ കിന്‍ഡര്‍ ജോയ് കൊടുത്തു. പെട്ടെന്ന് പുറത്തുനിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട് അവര്‍ ചെന്ന് വാതില്‍ തുറന്നപ്പോള്‍ ഒരു ഭിക്ഷക്കാരിയും കുഞ്ഞും മുന്നില്‍ നില്‍ക്കുന്നു.)

ഭിക്ഷക്കാരി: എന്തെങ്കിലും തരണേ ഇന്ന് രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല...

(പേഴ്‌സില്‍ നിന്ന് അപ്പൂപ്പന്‍ പൈസ എടുക്കുന്ന സമയം അന്നമോള്‍ ചെറിയ കുട്ടിയുടെ അരികില്‍ ചെന്ന് അവരുടെ കയ്യില്‍ സ്‌നേഹത്തോടെ കിന്‍ഡര്‍ ജോയ് കൊടുത്തുകൊണ്ടു പറഞ്ഞു)

അന്നമോള്‍: ഇത് കഴിച്ചോട്ടോ. ഈശൊപ്പ വാവക്ക് തരാന്‍ പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ...

സ്റ്റില്‍

(പശ്ചാതലത്തില്‍ നിന്നും: പ്രാര്‍ത്ഥന അത് ദൈവവുമായുള്ള സംഭാഷണമാണ്. അത് ഒരിക്കലും അറുതി വരാത്ത ആവശ്യങ്ങള്‍ നിരത്തി വയ്ക്കുന്ന സമയത്തിന്റെ പേരല്ല. നിന്റെ പ്രാര്‍ത്ഥന ദൈവവുമായുള്ള സംഭാഷണമായിത്തീരുമ്പോള്‍ നീ നിന്റെ ആവശ്യങ്ങള്‍ മറന്ന് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കാണും. കാരണം സ്‌നേഹമാണ് ആ സംഭാഷണത്തിന് ഭാഷ.)

- ശുഭം -

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org