
ലോകത്തിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ ദേവാലയം കര്‍ത്താവിന്‍റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചു ദാവീദ് രാജാവ് സംഭരിച്ച വിഭവങ്ങള്‍ ഉപയോഗിച്ചു മകന്‍ സോളമനാണു ജെറുസലേം ദേവാലയം ആദ്യം നിര്‍മിച്ചത്.
സീനായ് മലയില്‍ വച്ചു ദൈവം മോശയ്ക്കു നല്കിയ ഉടമ്പടി പത്രിക സൂക്ഷിക്കുന്നതിന്, അവിടുത്തെ കല്പനയനുസരിച്ച് ഒരു സാക്ഷ്യപേടകം (നിയമപേടകം, വാഗ്ദാനപേടകം) നിര്‍മിക്കുകയുണ്ടായി. മോശയുടെ നിര്‍ദ്ദേശപ്രകാരം ബസാലേല്‍ എന്ന ശില്പിയാണത് പണിതീര്‍ത്തത്. സാക്ഷ്യപേടകം സൂക്ഷിക്കാന്‍ ഒരു സാക്ഷ്യകൂടാരവും നിര്‍മിച്ചു. ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായി സാക്ഷ്യപേടകം പരിഗണിക്കപ്പെട്ടു. അവരുടെ ആരാധനക്രമം അതായിരുന്നു.
മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ 40 വര്‍ഷം ഇസ്രായേല്‍ക്കാര്‍ സാക്ഷ്യപേടകം തങ്ങളുടെ ശക്തികേന്ദ്രമായി ഒപ്പം കൊണ്ടുനടന്നു. ദൈവകല്പനകള്‍ ലഭിച്ചിരുന്നത് ആ പേടകം വഴിയായിരുന്നു. യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും അടയാളങ്ങളും ആ പേടകത്തില്‍നിന്നുതന്നെ ലഭിച്ചു. കര്‍ത്താവിന്‍റെ ചൈതന്യം പകല്‍ മേഘത്തൂണായും രാത്രിയില്‍ അഗ്നിസ്തംഭമായും സാക്ഷ്യകൂടാരത്തിനു മുകളില്‍ വഴികാട്ടി നിന്നു.
കാനാന്‍ ദേശത്തെത്തി വാസമുറപ്പിച്ച ഇസ്രായേല്‍ക്കാര്‍ അവരുടെ ചരിത്രത്തിന്‍റെ സുവര്‍ണദശയിലേക്കു കടന്നു. ന്യായാധിപന്മാരും രാജാക്കന്മാരും പ്രവാചകന്മാരും അവരുടെ പ്രതാപവും ഐശ്വര്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ചു. ഈ കാലഘട്ടത്തിലാണു ദൈവം നാഥാന്‍ പ്രവാചകന്‍ വഴി സാക്ഷ്യകൂടാരം സൂക്ഷിക്കാന്‍ ഒരു ദേവാലയം നിര്‍മിക്കുക എന്ന കല്പന ദാവീദിനു നല്കിയത്.
ദാവീദിനു താന്‍ ആഗ്രഹിച്ചതുപോലെ കര്‍ത്താവിന്‍റെ ആലയം പണി തീര്‍ക്കാന്‍ കഴിഞ്ഞില്ല. പുത്രന്‍ സോളമന്‍ രാജാവായശേഷം ഏഴു വര്‍ഷംകൊണ്ടാണു ദേവാലയം പൂര്‍ത്തിയാക്കിയത്. സീയോനില്‍ സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകം ആഘോഷപൂര്‍വം ദേവാലയത്തില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. കര്‍ത്താവിന് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മിച്ചിരിക്കുന്നു എന്നു സോളമന്‍ ചാരിതാര്‍ത്ഥ്യം കൊണ്ടു (1 രാജാ. 8:13).
സോളമന്‍ രാജാവു നിര്‍മിച്ച ദേവാലയം അതിന്‍റെ വര്‍ണനകള്‍ കൊണ്ടു മഹനീയമായി തോന്നുമെങ്കിലും വലിപ്പംകൊണ്ടു അങ്ങനെയായിരുന്നില്ല. 60 മുഴം (90 അടി) നീളവും 20 മുഴം (30 അടി) വീതിയും 30 മുഴം (45 അടി) ഉയരവുമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ദേവാലയം ഏതാണ്ട് സ്വര്‍ണമയമായിരുന്നു എന്നത് അതിന്‍റെ ഭൗതികമൂല്യം വര്‍ദ്ധിപ്പിച്ചു. അതു ദേവാലയത്തിനു വിനയായിത്തീരുകയും ചെയ്തു.
സോളമന്‍റെ പുത്രന്‍ റഹോബോവാം നാടു വാഴുന്ന കാലത്ത്, ദേവാലയം നിര്‍മിച്ചു 23 വര്‍ഷങ്ങള്‍ക്കുശേഷം ഈജിപ്ത് രാജാവ് ഷിഷാക്ക് ജെറുസലേം ആക്രമിച്ചു ദേവാലയത്തിലെ വിലപ്പെട്ടതെല്ലാം കവര്‍ന്നുകൊണ്ടു പോയി.
350 വര്‍ഷം പിന്നിട്ടപ്പോള്‍, ബി.സി. 587-ല്‍ ബാബിലോണ്‍ രാജാവു നെബുക്കദ്നാസര്‍ ജെറുസലേം ആക്രമിച്ചു കീഴടക്കുകയും ദേവാലയത്തില്‍നിന്നു ഭക്ഷണപാത്രങ്ങളുള്‍പ്പെടെ സ്വര്‍ണത്തിലും വെള്ളിയിലുമുള്ളതെല്ലാം അരിച്ചുപെറുക്കി കൊണ്ടുപോവുകയും ചെയ്തു! ദേവലയം തകര്‍ത്തുകളഞ്ഞു. ഇസ്രായേല്‍ക്കാരെ അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.
ബാബിലോണ്‍ അടിമത്തത്തില്‍നിന്ന് ബി.സി. 537-ല്‍ സൈറസ് രാജാവിന്‍റെ കല്പനപ്രകാരം മോചിതരായ യഹൂദര്‍ ജെറുസലേമില്‍ തിരിച്ചെത്തിയപ്പോള്‍ ദേവാലയപുനഃരുദ്ധാരണവും നടന്നു. ഇസ്രായേല്‍ ജനതയെ ബാബിലോണില്‍ നിന്നു തിരികെ നയിച്ച നോതാക്കളിലൊരാളായ സെരുബാബേലിന്‍റെ നേതൃത്വത്തിലാണു ദേവാലയ പുനര്‍നിര്‍മാണം നടന്നത്.
അതുകൊണ്ടു സെരുബാബേലിന്‍റെ ദേവാലയം എന്നുകൂടി പേരു വന്നു.
വീണ്ടും ബി.സി. 168-ല്‍ സിറിയന്‍ രാജാവായ അന്തയോക്കസ് എപ്പിഫാനസ് ജെറുസലേം കീഴടക്കി ദേവാലയം കൊള്ളയടിച്ചു. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കകം ഇസ്രായേല്‍ക്കാര്‍ സംഘടിച്ചു എപ്പിഫാനസിന്‍റെ ആക്രമണങ്ങള്‍ ചെറുക്കുകയും നാട്ടില്‍ നിന്നു തുരത്തുകയും ചെയ്തു. തുടര്‍ന്നു ദേവാലയം പുനരുദ്ധരിച്ചു.
യേശുവിന്‍റെ കാലത്തുണ്ടായിരുന്ന വലിയ ദേവാലയം ഹേറോദേസ് രാജാവ് പണിയിച്ചതായിരുന്നു. മര്‍ക്കോ 1:1, 2 ബി.സി. 19-ല്‍ യൂഹൂദസമൂഹത്തിന്‍റെ അനുവാദത്തോടെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഹേറോദേസ് ദേവാലയം പൊളിച്ചു പണിയാന്‍ ആരംഭിച്ചു. തെക്കു-വടക്ക് 450 മീറ്റര്‍ (1300 അടി) നീളവുംകിഴക്കു-പടിഞ്ഞാറ് 300 മീറ്റര്‍ (9000 അടി) വീതിയുമുള്ള ഒരു ചത്വരം നിര്‍മിച്ച് അതിനുള്ളിലാണു ദേവാലയം പണിതുയര്‍ത്തിയത്. ചത്വരത്തിനു ചുറ്റും കെട്ടിയ കൂറ്റന്‍ മതില്‍ തന്നെ വലിയൊരു ദൃശ്യമായിരുന്നത്രേ. ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദേവാലയം ഹേറോദേസിന്‍റേതാണ്. ഏ.ഡി. 53-ല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കി. അക്കാലത്തു ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ദേവാലയം. പക്ഷേ, 7 വര്‍ഷം കഴിഞ്ഞപ്പോള്‍ ഏ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി വേസ്പാസ്യന്‍റെ പുത്രന്‍ ടൈറ്റസിന്‍റെ നേതൃത്വത്തിലെത്തിയ റോമന്‍ സൈന്യം ജെറുസലേം നഗരവും ദേവാലയവും കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ത്തുകളഞ്ഞു! യേശുവിന്‍റെ വാക്കുകള്‍ നിറവേറി (ലൂക്കാ 21:5-6).