ഹെനോക്ക്

സിപ്പൊറിം 4
ഹെനോക്ക്

തിരുവചനത്തില്‍ രണ്ട് ഹെനോക്കുമാരെ നമുക്ക് കാണാം. ആദ്യത്തേത് കായേന്റെ മകനും രണ്ടാമത്തേത് യാരെദിന്റെ മകനും (ഏലി. 4:17; 5:18). രണ്ടാമത്തെ ഹെനോക്കാണ് ചരിത്രപ്രാധാന്യമുള്ള വ്യക്തി. രണ്ടാമത്തെ ഹെനോക്കിനെപ്പറ്റിയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. HNK എന്ന ഹീബ്രു അടിസ്ഥാന പദത്തില്‍നിന്നാണ് ഹെനോക്ക് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. 'ആരംഭിക്കുക, പരിചയപ്പെടുത്തുക' തുടങ്ങിയവയാണ് ഈ അടിസ്ഥാന പദത്തിന്റെ അര്‍ഥം. ഹനൂക്ക എന്നറിയപ്പെടുന്ന ദേവാലയ സമര്‍പ്പണത്തിരുനാളും ഇതേ പദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളതാണ്.

'ദൈവത്തിന്റെ കൂടെ നടന്നവന്‍' എന്നാണ് ഹെനോക്ക് വിശേഷിപ്പിക്കപ്പെടുന്നത്. മലയാളം POC പരിഭാഷയില്‍ ഹീബ്രുഭാഷയുടെ അര്‍ഥം മാത്രമാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ 'ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു' എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആദത്തെക്കണക്കെ ദൈവത്തോടു കൂടെ നടന്നു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു മനുഷ്യനാണ് ഹെനോക്ക്. ദൈവകല്പനകളും പ്രമാണങ്ങളും അനുസരിച്ചു ജീവിക്കുകയെന്നാല്‍ ദൈവത്തോടു കൂടെ നടക്കുകയെന്നാണ് അര്‍ത്ഥമെന്ന് ഹെനോക്കിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഹെനോക്കിന്റെ രണ്ടാമത്തെ പ്രത്യേകത അവന്‍ മരണമില്ലാത്ത ആദ്യത്തെ മനുഷ്യനാണെന്നതാണ്. ദൈവത്തോടുകൂടെ നടന്ന, ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹെനോക്കിനെ മരണം സ്പര്‍ശിച്ചില്ല. അവന്‍ നേരെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് പാരമ്പര്യം. ഹെനോക്ക് മരിക്കാഞ്ഞതു കൊണ്ട് അവനൊരു മാലാഖയാണെന്നാണ് പറയപ്പെടുന്നത്. ആദത്തില്‍നിന്നും ഏഴാം തലമുറക്കാരനായ ഹെനോക്കിന്റെ പുണ്യ ജീവിതം കായേനില്‍നിന്നുമുള്ള ഏഴാം തലമുറക്കാരനായ ലാമെക്കിന്റെ ദുഷ്ടജീവിതത്തിന്റെ നേര്‍വിപരീതമായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.

അടിയുറച്ച വിശ്വാസത്തിനാലും ദൈവത്തെ പ്രീതിപ്പെടുത്തിയതിനാലും മരണം സ്പര്‍ശിക്കാത്തവന്‍ എന്നാണ് പുതിയ നിയമം ഹെനോക്കിനെ വിളിക്കുന്നത് (ഹെബ്രാ. 11:5-6). ഹെനോക്കിന്റെ പേരില്‍ മൂന്ന് പുസ്തകങ്ങള്‍ യഹൂദപാരമ്പര്യത്തിലുണ്ട്. വെളിപാട് സാഹിത്യരൂപത്തിലുള്ള പുസ്തകങ്ങളാണ് അവ. ബൈബിളിലെ കാനോനിക പുസ്തകങ്ങളില്‍ അവ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും യഹൂദര്‍ക്ക് അവ പ്രാധാന്യമര്‍ഹിക്കുന്നതും പ്രിയപ്പെട്ടതുമായ പുസ്തകങ്ങളാണ്. മിശിഹായെപ്പറ്റി പഠിക്കുവാന്‍ ക്രിസ്ത്യാനികളും ഈ പുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യൂദാശ്ലീഹാ എഴുതിയ ലേഖനത്തിലെ 14-15 വാക്യങ്ങള്‍ ഹെനോക്കിന്റെ ആദ്യ പുസ്തകത്തിലെ 1:9-ല്‍ നിന്നും എടുത്തിട്ടുള്ളതാണ്.

ദൈവവിശ്വാസത്തിലൂടെയും ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലൂടെയും ഒരു മാലാഖയെക്കണക്കെ ജീവിച്ചാല്‍ സ്വര്‍ഗം സ്വന്തമാക്കാം എന്ന് ഹെനോക്കിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org